''അനിയന്‍ വളരുകയാണ്. എല്ലാ ദിവസവും അവനെ സ്കൂളില്‍ നിന്നും കൊണ്ടുവരുന്നതും മറ്റും അച്ഛന് അസൗകര്യമായേക്കാം. അച്ഛന്‍ അടുത്തില്ലാത്ത സമയം അവന് ക്ലാസുകള്‍ നഷ്ടപ്പെടും. അതുകൊണ്ടാണ് അവനെയും എന്‍റെ കൂടെത്തന്നെ സ്കൂളിലെത്തിക്കാനുള്ള വഴി ആലോചിച്ചത്. അച്ഛനോടും അമ്മയോടും അധ്യാപകരോടും പറഞ്ഞപ്പോള്‍ അവരെല്ലാം പിന്തുണച്ചു.'' മയൂരി പറയുന്നു. 

സഹോദരങ്ങള്‍ തമ്മിലുള്ള സ്നേഹം വിലമതിക്കാനാവാത്തതാണ്. ആ സ്നേഹത്തിനു മുന്നില്‍ മറ്റെല്ലാം നിഷ്ഫലമാകും. പല സിനിമകളിലും സാഹിത്യങ്ങളിലും ഇത് നമ്മള്‍ കണ്ടിട്ടുമുണ്ട്. 

പതിനാറുകാരിയായ മയൂരിയും സഹോദരനും തമ്മിലുള്ള സ്നേഹത്തിന്‍റെ കഥയാണിത്. പൂനെയിലെ ഒരു ഗ്രാമത്തിലുള്ള മയൂരിയും സഹോദരന്‍ നിഖില്‍ യാദവും തമ്മിലുള്ള സ്നേഹത്തിന്‍റെ. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള ആനന്ദ് വിദ്യാലയത്തിലാണ് ഇരുവരും പഠിക്കുന്നത്. 13 വയസുള്ള നിഖില്‍ ഭിന്നശേഷിക്കാരനാണ്. അച്ഛന്‍ എല്ലാത്തിനും കൂടെയുണ്ടാകും എന്നതുകൊണ്ടു തന്നെ അവന് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകാറില്ല. പക്ഷെ, അച്ഛന്‍ കൊണ്ടുവിടാനും കൂട്ടാനും ഇല്ലാത്ത ദിവസങ്ങളില്‍ അവന് ക്ലാസുകള്‍ നഷ്ടമാകും. 

അത് പരിഹരിക്കാനായി മയൂരി ഒരു കണ്ടുപിടിത്തം തന്നെ നടത്തി. അവളുടെ സൈക്കിള്‍ നിഖിലിന്‍റെ വീല്‍ച്ചെയറുമായി ബന്ധിപ്പിച്ചു. 

''അനിയന്‍ വളരുകയാണ്. എല്ലാ ദിവസവും അവനെ സ്കൂളില്‍ നിന്നും കൊണ്ടുവരുന്നതും മറ്റും അച്ഛന് അസൗകര്യമായേക്കാം. അച്ഛന്‍ അടുത്തില്ലാത്ത സമയം അവന് ക്ലാസുകള്‍ നഷ്ടപ്പെടും. അതുകൊണ്ടാണ് അവനെയും എന്‍റെ കൂടെത്തന്നെ സ്കൂളിലെത്തിക്കാനുള്ള വഴി ആലോചിച്ചത്. അച്ഛനോടും അമ്മയോടും അധ്യാപകരോടും പറഞ്ഞപ്പോള്‍ അവരെല്ലാം പിന്തുണച്ചു.'' മയൂരി പറയുന്നു. 

അവളുടെ സയന്‍സ് ടീച്ചര്‍ ജയ്റാം പവാര്‍, വസികര്‍ എന്നിവര്‍ കൂടി ഒപ്പം ചേര്‍ന്നതോടെ ഐഡിയ പ്രാവര്‍ത്തികമായി. സ്കൂളിലെ ടെക്നിക്കല്‍ ടീം കൂടി ചേര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ സംഗതി റെഡി. മയൂരിയുടെ സുരക്ഷയും കൂടി കണക്കിലെടുത്തായിരുന്നു ഇതിന്‍റെ പ്രവര്‍ത്തനം. ബ്രേക്ക് സിസ്റ്റവും ബെല്‍റ്റും ഉപയോഗിച്ചാണ് രണ്ട് പേരുടെയും സുരക്ഷ ഉറപ്പാക്കുന്ന തരത്തില്‍ സൈക്കിളും വീല്‍ചെയറും സജ്ജീകരിച്ചിരിക്കുന്നത്. 

സഹോദരി തനിക്കായി ഇങ്ങനെയൊരു ഐഡിയ കണ്ടെത്തിയത് തനിക്ക് സന്തോഷമുണ്ടാക്കുന്നുവെന്നും ഇതുപോലുള്ള കണ്ടുപിടിത്തങ്ങള്‍ തന്നെപ്പോലുള്ളവരുടെ ജീവിതം എളുപ്പമാക്കുന്നുവെന്നും നിഖില്‍ പറയുന്നു.