കൊടുംതണുപ്പിനെയും, ശക്തമായ തിരകളെയും മറികടന്ന് ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കുകയെന്നത് മുതിര്‍ന്നവർക്ക് പോലും പ്രയാസമുള്ള കാര്യമാണ്. എന്നാൽ, ആ സ്ഥാനത്താണ് ഒരു കൊച്ചു മിടുക്കി ഇംഗ്ലീഷ് ചാനലിലൂടെ 53 കിലോമീറ്റർ ദൂരം നീന്തൽ പൂർത്തിയാക്കിയത്. ന്യൂ ഹാംഷെയറിൽ നിന്നുള്ള വെരാ റിവാർഡ് എന്ന ആ കൊച്ചു മിടുക്കിയുടെ പ്രായം വെറും 16 വയസ്സ്. ചാനലിലുടനീളം നീന്താൻ നിയമപരമായി അനുവാദമുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അവൾ.

നീണ്ട പതിനാലു മണിക്കൂറിനൊടുവിലാണ് യുണൈറ്റഡ് കിംഗ്‍ഡത്തിൽ നിന്നാരംഭിച്ച യാത്ര ഫ്രാൻസിലെ കാലെയ്‌സിനടുത്തുള്ള ഒരു കടൽത്തീരത്ത് അവസാനിച്ചത്. 18 ഡിഗ്രി സെൽഷ്യസ് വെള്ളത്തിൽ, ജെല്ലി ഫിഷിന്റെ ആക്രമണത്തെയും, ശക്തമായ തിരകളുടെ സമ്മർദ്ദത്തെയും, കടൽജീവികളുടെ സാന്നിധ്യത്തെയും അവഗണിച്ചാണ് അവൾ നീന്തൽ പൂർത്തിയാക്കിയത്. ചാനൽ നീന്തൽ അസോസിയേഷനുമായി ബന്ധപ്പെട്ട ഒരു പൈലറ്റ് ബോട്ടും അവളെ അനുഗമിച്ചിരുന്നു. വെരായ്ക്ക് പിന്തുണയായി ബോട്ടിൽ അവളുടെ അമ്മയും അനുജത്തിയുമുണ്ടായിരുന്നു. "ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കാനായി അവൾ ഇംഗ്ലണ്ടിലെ കടൽത്തീരത്ത് നിന്ന് പുറപ്പെട്ടപ്പോൾ, എനിക്ക് വളരെ അഭിമാനം തോന്നി! അവൾ അത് പൂർത്തിയാക്കുമോ എന്നൊന്നും ഞാൻ അപ്പോൾ ആലോച്ചില്ല, ജയിക്കുക എന്നതിലല്ല മറിച്ച് അവൾ അത് ചെയ്യാൻ കാണിച്ച ധൈര്യമാണ് എന്നെ സന്തോഷിപ്പിച്ചത് ” റിവാർഡിന്റെ അമ്മ ഡാർസി ഡെബ്ലോയിസ്-റിവാർഡ് ഫേസ്ബുക്കിൽ ആദ്യം ഇങ്ങനെ കുറിച്ചു.  ഈ വർഷം ചാനൽ കടക്കുന്ന രണ്ടാമത്തെ അമേരിക്കക്കാരിയാണ് അവളെന്ന് വാലി ന്യൂസ് റിപ്പോർട്ട് ചെയ്‍തു.

പുഴയിൽ അല്ലെങ്കിൽ കുളങ്ങളിൽ നീന്തുന്ന പോലെയല്ല കടലിൽ നീന്തുന്നത്. കുറേ നീന്തിക്കഴിയുമ്പോൾ കൈകാലുകൾ തളരാം, ശ്വാസംമുട്ടനുഭവപ്പെടാം. അത്തരത്തിലുള്ള പല പരിമിതികളെയും അതിജീവിച്ചു വേണം കടലിൽ നീന്താൻ. എന്തുതന്നെയായാലും, തന്നെക്കൊണ്ടതെല്ലാം കഴിയുമെന്ന് തെളിയിച്ചിരിക്കയാണ് ഈ കൊച്ചു മിടുക്കി. ആദ്യത്തെ ഒരു മൈൽ ഓപ്പൺ വാട്ടർ നീന്തൽ വെർമോണ്ടിൽ പൂർത്തിയാക്കുമ്പോൾ റിവാർഡിന് വെറും പത്ത് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് വർഷം മുമ്പ് കനേഡിയൻ അതിർത്തി കടന്ന് 25 മൈൽ ദൂരം നീന്തിക്കടന്നു അവൾ. അതിനുശേഷം, ഇംഗ്ലീഷ് ചാനൽ നീന്താൻ ഒരു സ്ലോട്ട് ബുക്ക് ചെയ്‍തു. അന്നുമുതൽ കടുത്ത പരിശീലനത്തിലായിരുന്നു റിവാർഡ്.    

ചാനൽ നീന്തൽ അസോസിയേഷൻ നിയമങ്ങൾ പാലിച്ച്, റിവാർഡ് നീന്തുന്നതിനിടെ വെള്ളത്തിൽ നിന്ന് കയറുകയോ, ഒഴുകുന്ന ഒന്നിനെയും തൊടുകയോ ചെയ്‍തില്ല. എന്നാൽ ഓരോ 45 മിനിറ്റിലും എനർജി ജെല്ലും, എനർജി ഡ്രിങ്കും കഴിക്കാൻ അവൾ നിന്നു. ഇരുട്ടിൽ നീന്തുന്ന സമയത്ത് അവള്‍ കണ്ണടയുടെ പുറകിൽ ഒരു വെളിച്ചം ഘടിപ്പിച്ചു. ഇത് എതിരെ വരുന്ന ബോട്ടിന് എളുപ്പത്തിൽ അവളെ തിരിച്ചറിയാൻ സഹായിച്ചു. ഏതായാലും ഇനിയും അതിനേക്കാള്‍ ദൂരം നീന്തിക്കടക്കാനുള്ള ആഗ്രഹത്തിലാണ് ഇപ്പോള്‍ വെരാ.