2018 -ലെ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന യുട്യൂബ് താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. അമേരിക്കൻ ബിസിനസ് മാസികയായ ഫോബ്സ് ആണ് പത്ത് പേരടങ്ങുന്ന പട്ടിക പുറത്തുവിട്ടത്. കളിപ്പാട്ടങ്ങളെക്കുറിച്ച് വിശകലനം നടത്തുന്ന റയാൻ ടോയിസ് റിവ്യൂ എന്ന യുട്യൂബ് ചാനലിന്‍റെ കുട്ടി ഉടമയായ റയാനാണ് പട്ടികയിൽ ഒന്നാമത്. 

2018 ജൂൺ ഒന്നിന് ഒരു വർഷം തികയവെ 154.84 കോടിയാണ് ഈ ഏഴ് വയസ്സുകാരന്‍റെ വാർഷിക വരുമാനം. കഴി‍ഞ്ഞ വർഷത്തെക്കാളും ഇരട്ടിയാണ് ഇത്തവണ റയാന്‍റെ വരുമാനം. 2017 -ൽ ഫോബ്സ് പുറത്തുവിട്ട പട്ടികയിൽ റയാൻ എട്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നു. പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ യുട്യൂബ് താരമാണ് റയാൻ.    

യുട്യൂബ് താരങ്ങളായ ഡ്യൂഡ് പേർഫക്ട്, ജെക്ക്-ലോഗൻ പോൾ സഹോദരങ്ങൾ, മേക്കപ്പ് ആർട്ടിസ്റ്റ് ജെഫ്രി സ്റ്റാർ, ഡാൻടിഡിഎം ഉടമ ഡാനിയേൽ മിഡിൽടൺ, മാർക്ക്പ്ലിയർ ഉടമ മാർക്ക് ഫിഷ്ബാക്ക്, വനോസ്ഗോമിങ് ഉടമ ഇവാൻ ഫോങ്, ജാക്സെപ്റ്റിസി ഉടമ സീൻ മക്ലോഗലിൻ, പ്യൂഡീപൈ ഉടമ ഫെലിക്സ് ഷെൽബെർഗ് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ. 

ഫോബ്സിന്റെ കണക്ക് പ്രകാരം മൊത്തം 1,270.26 കോടി രൂപയുടെ വർദ്ധനവാണ് ‌പട്ടികയിലെ പത്ത് പേരുടെയും വാർഷിക വരുമാനത്തിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാളും 42 ശതമാനം വർദ്ധനവാണിത്.