വോട്ടവകാശം ശരിയായി വിനിയോഗിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. എവിടെയായിരുന്നാലും അന്നേദിവസം വോട്ട് ചെയ്യാൻ മാത്രമായി സ്ഥലത്തെത്തുന്ന നിരവധി ആളുകളുണ്ട്. വീൽചെയറിലായിട്ടും, 94 വയസ്സായിട്ടും, ആരോഗ്യപ്രശ്‍നങ്ങളുണ്ടായിരുന്നിട്ടും വോട്ട് ചെയ്യാൻ മാത്രമായി ഒരു സ്ത്രീ അമേരിക്കയിലെ ഇല്ലിനോയിസിൽ നിന്ന് 300 മൈലിലധികം സഞ്ചരിച്ച് ഡെട്രോയിറ്റിൽ എത്തിയത് വാർത്തയാവുകയാണ്. വോട്ട് ചെയ്യാതിരിക്കുന്നതിന് ഒരു ന്യായീകരണവുമില്ല എന്നാണ് അവർ പറയുന്നത്. വോട്ട് ചെയ്യാനായി മാത്രം ആ വയ്യാത്ത സ്ത്രീ ഒരുദിവസം അങ്ങോട്ടും ഇങ്ങോട്ടുമായി യാത്ര ചെയ്‍തത് 600 മൈലിലധികമാണ്. 

മിൽ‌ഡ്രഡ് മാഡിസൺ വീൽചെയറിൽ 'വോട്ട്' എന്ന് എഴുതിയ മാസ്‌കും ധരിച്ചാണ് തിങ്കളാഴ്ച ഡെട്രോയിറ്റിൽ വോട്ട് ചെയ്യാൻ എത്തിയത്. “എന്റെ വോട്ട് ഉറപ്പാക്കാൻ ഞാൻ ആഗ്രഹിച്ചു. നിങ്ങളുടെ വോട്ട് നിങ്ങൾ രേഖപ്പെടുത്തുകതന്നെ വേണം. കാരണം നിങ്ങളുടെ ജീവിതം അതിനെ ആശ്രയിച്ചിരിക്കുന്നു" അവർ പറഞ്ഞു. 21 വയസ്സുള്ളപ്പോൾ മുതൽ  മാഡിസൺ വോട്ടുചെയ്യാനുള്ള ഒരവസരവും  നഷ്ടപ്പെടുത്തിയിട്ടില്ല.  

ഡെട്രോയിറ്റിൽ താമസിച്ചിരുന്ന മാഡിസൺ, 2019 സപ്‍തംബറിൽ സുഖമില്ലാതായതിനെ തുടർന്ന് മകൻ ജൂലിയനോടൊപ്പം ഇല്ലിനോയിസിലേയ്ക്ക് താമസം മാറുകയായിരുന്നു. പിന്നീട് പകർച്ചവ്യാധി ഉണ്ടായപ്പോൾ അവിടെ തന്നെ തുടരാൻ അവർ തീരുമാനിച്ചു. ഇല്ലിനോയിസിലേക്ക് ഒരു ബാലറ്റ് അയയ്ക്കാൻ അവർ തെരഞ്ഞെടുപ്പ് വകുപ്പിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, ഡെട്രോയിറ്റ് തെരഞ്ഞെടുപ്പ് വകുപ്പിൽ നിന്ന് പ്രതികരണം ഒന്നും ലഭിക്കാത്തതിനെ തുടർന്നാണ് അവർ തന്നെ നേരിട്ട് വന്നു വോട്ട് രേഖപ്പെടുത്താൻ തീരുമാനിച്ചത്.  

വാസ്തവത്തിൽ, അവർ ഒരിക്കൽ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു. ഒരു കൗൺസിലറായി മത്സരിച്ച അവർ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. സമൂഹത്തെ മെച്ചപ്പെടുത്തുന്നതിനായി ജീവിതം ചെലവഴിച്ച ഒരു വ്യക്തിയായിരുന്നു അവർ. ചെറുപ്പത്തിൽ നിരവധി സ്ഥാനങ്ങൾ അവർ അലങ്കരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സമിതിയുടെ അദ്ധ്യക്ഷയായിരുന്നു മാഡിസൺ. പിന്നീട്, ഡെട്രോയിറ്റിലെ വനിതാ വോട്ടർമാരുടെ ലീഗിലും അവർ സേവനമനുഷ്ഠിച്ചു. ക്ലീവ്‌ലാൻഡിലെ ലീഗ് ഓഫ് വിമൻ വോട്ടേഴ്‌സിന്റെ ആദ്യ ബ്ലാക്ക് പ്രസിഡന്റായിരുന്നു അവർ. ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ് എന്ന് 72 വർഷമായി തുടർച്ചയായി മുടങ്ങാതെ വോട്ടുചെയ്യുന്ന അവർ പറയുന്നു. തങ്ങൾക്ക് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട വോട്ടാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു. മകനോടൊപ്പം കാലത്ത് ഡെട്രോയിറ്റിലേക്ക് പുറപ്പെട്ട അവർ വോട്ട് ചെയ്തതിന് ശേഷം അന്ന് തന്നെ മടങ്ങിപ്പോവുകയും ചെയ്‍തു.  

സി‌എൻ‌എൻ, എഡിസൺ റിസർച്ച്, കാറ്റലിസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള സർവേ പ്രകാരം തിങ്കളാഴ്ച വരെ 28 ദശലക്ഷത്തിലധികം പൊതുതെരഞ്ഞെടുപ്പ് ബാലറ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. മിഷിഗണിൽ തിങ്കളാഴ്ച വരെ 1.3 ദശലക്ഷത്തിലധികം ആളുകൾ ഇതിനകം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കാറ്റലിസ്റ്റ് കണക്കുകൾ വ്യക്തമാക്കുന്നത്.