മരണത്തെ കാത്ത് ശവക്കുഴിയിൽ കഴിയുകയായിരുന്ന 79 വയസുള്ള ചൈനക്കാരനായ വൃദ്ധനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. തെക്കൻ ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് സംഭവം. കാൻസർ ബാധിച്ച, എപ്പോൾ വേണമെങ്കിലും മരണം സംഭവിച്ചേക്കാമെന്ന് കരുതിയ അദ്ദേഹം തൊഴിലാളികളെ കൊണ്ട് തനിക്കുള്ള ശവക്കുഴി നിർമ്മിക്കുകയായിരുന്നു. അസുഖത്തിൽ നിന്ന് കരകയറാനുള്ള എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട അദ്ദേഹം തന്റെ ശവക്കുഴിയിൽ മരണത്തെ കാത്ത് കിടന്നു.   

രക്താർബുദം ബാധിച്ച അദ്ദേഹം നിരവധി ചികിത്സകൾ നടത്തിയെങ്കിലും ഒടുവിൽ രക്ഷപ്പെടില്ലെന്ന് ബോധ്യമായതോടെയാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിച്ചേർന്നത്. ദിനംപ്രതി ആരോഗ്യം വഷളായി കൊണ്ടിരിക്കുന്ന അദ്ദേഹം ഭാര്യക്കും കുട്ടികൾക്കും ഒരു ഭാരമാകാതിരിക്കാനാണ് ഒടുവിൽ ജീവിതം ഇങ്ങനെ അവസാനിപ്പിക്കാൻ ശ്രമിച്ചതെന്ന് അധികൃതർ ചൈനീസ് മാധ്യമങ്ങളോട് പറഞ്ഞു. കുഴിയിൽ ഇറങ്ങിയ അദ്ദേഹം ബ്ലേഡ് ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗ്രാമവാസികൾ സംഭവം അറിഞ്ഞ് പൊലീസിൽ വിവരം അറിയിക്കുകയും, ഒടുവിൽ പൊലീസ് എത്തി അദ്ദേഹത്തെ കുഴിയിൽ നിന്ന് പുറത്തെടുക്കുകയുമായിരുന്നു.

കുഴിയിൽ നിന്ന് അധികൃതർ വൃദ്ധനെ രക്ഷപ്പെടുത്തിയതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലായതോടെയാണ് പുറംലോകം ഈ സംഭവം അറിയുന്നത്. ഉദ്യോഗസ്ഥരും ഗ്രാമീണരും വന്നു നോക്കുമ്പോൾ നിലത്ത് കുഴിച്ച കുഴിയുടെ അടിയിൽ സ്ഥാപിച്ചിരുന്ന ഒരു ട്യൂബിനുള്ളിൽ അദ്ദേഹം ഇരിക്കുന്നതാണ് കണ്ടത്. പേര് വെളിപ്പെടുത്താത്ത അദ്ദേഹം കുറേകാലമായി രക്താർബുദവുമായി പോരാടുകയാണ്. നിരവധി ചികിത്സകൾക്കു ശേഷവും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായപ്പോൾ, ബെയ്ജിം​ഗിൽ നിന്ന് അദ്ദേഹവും മകനും അടുത്തിടെ അവരുടെ സ്വന്തം പട്ടണമായ വുഗാംഗിലേക്ക് വന്നു.  

 

അച്ഛനും മകനും വൃദ്ധന്റെ ശവസംസ്‌കാരം നടത്താനുള്ള സ്ഥലം പരിശോധിക്കാൻ പോയതിനെത്തുടർന്നാണ് ഈ സംഭവം അരങ്ങേറിയത്. 
വൃദ്ധൻ ശവക്കുഴിക്കുള്ളിൽ ഇറങ്ങുകയും, തിരിച്ച് കയറാൻ വിസമ്മതിക്കുകയും അവിടെ കിടന്ന് മരിക്കാൻ തീരുമാനിക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. ഭാര്യക്കും കുട്ടികൾക്കും ഒരു ഭാരമാകാതിരിക്കാൻ ജീവിതം അവസാനിപ്പിക്കാൻ ആ കാൻസർ രോഗി ആഗ്രഹിച്ചുവെന്ന് പ്രാദേശിക അധികാരികൾ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 'അദ്ദേഹം വളരെയധികം വേദനയിലായിരുന്നു. ഇനി കൂടുതൽ കാലം ജീവിക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തിന് തോന്നി' ഒരു ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

എന്നാൽ കുഴിയിലിറങ്ങിയ അച്ഛനെ കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം സ്തംഭിച്ചു പോയ മകൻ അദ്ദേഹത്തെ വീട്ടിലേയ്ക്ക് കൊണ്ടുപോകാൻ ആവതും ശ്രമിച്ചു. എന്നാൽ, അദ്ദേഹം കൂട്ടാക്കിയില്ല. ഒടുവിൽ അച്ഛന് ഭക്ഷണം കൊണ്ടുവരാൻ മകൻ വീട്ടിലേക്ക് പോയ സമയത്താണ് അദ്ദേഹം ബ്ലേഡ് ഉപയോഗിച്ച് ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ കണ്ടെത്തിയ ഗ്രാമവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. ഒരുകൂട്ടം ഉദ്യോഗസ്ഥർ എത്തി അദ്ദേഹത്തെ കുഴിയിൽ നിന്ന് ഉയർത്താൻ ശ്രമിച്ചു. അദ്ദേഹം അതിനെ ആദ്യം ചെറുത്തെങ്കിലും ഒടുവിൽ അവർ പുറത്തെടുക്കുക തന്നെ ചെയ്തു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടുവെന്നും മകനോടൊപ്പം ബെയ്ജിം​ഗിലേക്ക് മടങ്ങിയെന്നും അധികൃതർ അറിയിച്ചു.