പ്രതിദിനം ഒന്നിൽ കൂടുതൽ തവണ ടോയ്‌ലെറ്റ് ഇടവേള എടുക്കുന്ന ജീവനക്കാർക്ക് പിഴ ചുമത്തിയതിന് ഒരു ചൈനീസ് കമ്പനി വെട്ടിലായിരിക്കയാണ്. ചൈനയിലെ ഡോങ്‌ഗുവാൻ ആസ്ഥാനമായുള്ള അൻപു ഇലക്ട്രിക് സയൻസ് ആൻഡ് ടെക്‌നോളജിയാണ് ദിവസത്തിൽ ഒരിക്കൽ മാത്രം ടോയ്‌ലെറ്റിൽ പോകാമെന്നുള്ള നിയമം കൊണ്ടുവന്നത്. ഒന്നിൽ കൂടുതൽ തവണ ടോയ്‌ലെറ്റിൽ പോയാൽ ജീവനക്കാർ 20 യുവാൻ ($ 3) പിഴ അടക്കണം. ഡിസംബർ 20, 21 തീയതികളിലായി ഏഴ് സ്റ്റാഫ് അംഗങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ടെന്ന് കമ്പനി നൽകിയ നോട്ടീസുകളിൽ പറയുന്നു. ഈ നിയമം ഓൺലൈനിൽ വലിയ ഒച്ചപ്പാടുണ്ടാക്കി. അതേസമയം പല ജോലിക്കാരും മടിയന്മാരാണെന്നും, പുകവലിക്കാനും അവരുടെ ചുമതലകൾ ഒഴിവാക്കാനും ഇടക്കിടെ അവർ ടോയ്‌ലെറ്റ് ഇടവേള ഉപയോഗിക്കുന്നുവെന്നുമാണ് കമ്പനിയുടെ ന്യായീകരണം. അതിനാലാണ് ഇത്തരമൊരു തീരുമാനം മാനേജ്‍മെന്റ് കൈകൊണ്ടത് എന്ന് കമ്പനി അധികൃതർ പറഞ്ഞു. 

“ഞങ്ങൾ നിസ്സഹായരാണ്. തൊഴിലാളികൾക്ക് ജോലി ചെയ്യാൻ മടിയാണ് എന്നതാണ് വസ്തുത. മാനേജുമെന്റ് ആ തൊഴിലാളികളുമായി പലതവണ സംസാരിച്ചു, ഒരു കാര്യവുമുണ്ടായില്ല” കമ്പനി മാനേജർ കാവോ ഗുവാങ്‌ഡോംഗ് ടിവിയോട് പറഞ്ഞു. ടോയ്‌ലെറ്റ് ഇടവേള പരിമിതപ്പെടുത്തുന്ന ചട്ടം ജീവനക്കാരെ പിരിച്ചു വിടുന്നതിലും ഭേദമാണ് എന്ന് കമ്പനി വാദിക്കുന്നു. പിരിച്ചുവിട്ടാൽ പുതിയ തൊഴിലാളികളെ കണ്ടെത്തുന്നത് അതിലും ബുദ്ധിമുട്ടാണെന്നും അവർ കൂട്ടിച്ചേർത്തു. നിയമം ലംഘിക്കുന്ന ജീവനക്കാരോട് 20 യുവാൻ പിഴ നൽകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പകരം അവരുടെ പ്രതിമാസ ബോണസിൽ നിന്ന് ആ തുക കുറക്കുകയാണ് ചെയ്യുന്നതെന്നും കാവോ വ്യക്തമാക്കി.

ഈ കമ്പനിയിലെ പുതിയ നിയമനുസരിച്ച്, ഒരുദിവസം ഒന്നിൽ കൂടുതൽ തവണ ടോയ്‌ലെറ്റിൽ പോകാൻ ആഗ്രഹിക്കുന്ന തൊഴിലാളികൾ, വിശ്രമമുറി സന്ദർശിക്കുന്നതിന് മുമ്പ് അവരുടെ ബോസിന്റെ അടുത്ത് പറഞ്ഞിട്ട് വേണം പോകാൻ. ഇത് ചൈനീസ് നെറ്റിസൺമാരെ കൂടുതൽ പ്രകോപിപ്പിച്ചു. കൂടുതൽ പേരും ഇത് മനുഷ്യത്വരഹിതമായ പ്രവൃത്തിയായി കാണുമ്പോൾ, ചുരുക്കം ചിലർ കമ്പനിയോട് യഥാർത്ഥത്തിൽ സഹതാപം പ്രകടിപ്പിക്കുകയുണ്ടായി. ഈ നിയമത്തെ സംബന്ധിച്ച വാർത്ത ഡോങ്‌ഗുവാൻ മുനിസിപ്പൽ ഹ്യൂമൻ റിസോഴ്‌സസ് ആൻറ് സോഷ്യൽ സെക്യൂരിറ്റി ബ്യൂറോയുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന്, ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചിരിക്കയാണ്. ചൈനീസ് പ്രസിദ്ധീകരണമായ ദി പേപ്പറിനോട് ഈ നടപടി നിയമവിരുദ്ധമാണെന്ന് അവർ ഇതിനകം അറിയിച്ചു.