നിപ്പയ്ക്ക് ശേഷം കേരളത്തെ ബാധിച്ച ഏറ്റവും വലിയ വിപത്തായിരുന്നു കോറോണ വൈറസ്. അത് വന്നത് ചൈനയില്‍ നിന്നും. എന്നാൽ, വിദഗ്ദരുടെ സമയോചിതമായ ഇടപെടലുകൾ കാരണം അത് പെട്ടെന്നുതന്നെ നിയന്ത്രണവിധേയമാക്കാൻ നമുക്ക് കഴിഞ്ഞു. എന്നാൽ, ഇതിന്റെ ഉത്ഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ പക്ഷേ സ്ഥിതി അതല്ല. ഇപ്പോഴും ആ മാരകമായ രോഗത്തിന്റെ പിടിയിൽ നിന്ന് ചൈന മോചിതരായിട്ടില്ല. കൊറോണ വൈറസ്  ബാധിച്ച് ഇതുവരെ 2000 -ത്തിലധികം ആളുകൾ മരണപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, ഈ സാഹചര്യത്തിന് സമാനമായ ഒരു സന്ദർഭം വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ഒരു നോവലില്‍ കണ്ടെത്തിയത് ആളുകളെ ആശയകുഴപ്പത്തിലാക്കിയിരിക്കുകയാണ്.

1981 -ലെ ക്രൈം ത്രില്ലർ നോവലായ 'The Eyes of darkness' -ലാണ് ഇത്തരമൊരു സംഭവം പരാമർശിച്ചിട്ടുള്ളത്. 2020 -തിന്റെ തുടക്കത്തിൽ നടക്കുന്ന ഒരു കാര്യം എങ്ങനെയാണ് വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ഒരു നോവൽ പരാമർശിക്കപ്പെട്ടത് എന്നത് ആർക്കും മനസ്സിലാക്കാൻ കഴിയാത്ത ഒരു നിഗൂഢതയാണ്. പ്രശസ്‍ത എഴുത്തുകാരനായ ഡീൻ കൂന്റ്സ് തന്റെ നോവലിൽ ഏതാണ്ട് 40 വർഷങ്ങൾക്ക് മുമ്പ് ഒരു ജനസംഖ്യയെ മുഴുവൻ തുടച്ചുനീക്കാൻ ശേഷിയുള്ള മാരകമായ വൈറസ് 'വുഹാൻ -400' എന്ന വിപത്തിനെ കുറിച്ച് പറയുന്നുണ്ട്. അത് ഇന്നത്തെ കോറോണോ വൈറസുമായി പല രീതിയിലും സാമ്യത കല്പിക്കാവുന്നതാണ്.  
 

അതുകൂടാതെ, 'ബയോ വെപ്പണ്‍' എന്നൊരു പരാമർശവും നോവലിലുണ്ട്. ന്യൂക്ലിയർ ആയുധങ്ങൾ പോലെ തന്നെ ശത്രുരാജ്യങ്ങളെ ആക്രമിക്കാൻ ഉപയോഗിക്കുന്ന മറ്റൊരു മാർഗ്ഗമാണ് ബയോ വെപ്പണുകൾ. ആളുകളെയും മൃഗങ്ങളെയും കൊല്ലാൻ കഴിവുള്ള അപകടകാരികളായ വൈറസുകളും, ബാക്ടീരിയയെയും, ഫംഗസിനെയും ഉൽ‌പാദിപ്പിച്ച് അത് മറ്റ് രാജ്യങ്ങളിലേക്ക് കടത്തിവിടുന്ന ഒരേർപ്പാടാണ് ഇത്. ഈ അപകടകാരികളായ സൂക്ഷ്‍മജീവികളെയാണ് ബയോ വെപ്പണുകൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് പല പ്രമുഖ രാജ്യങ്ങളുടെയും ലാബുകളിൽ ഉല്പാദിക്കപ്പെടുന്നുണ്ട്. 

നോവലിലെ ചില പരാമർശങ്ങൾ തികച്ചും അദ്ഭുതകരമാണ്. ആ നോവലിൽ വുഹാൻ -400 നെ 'തികഞ്ഞ ആയുധം' എന്നാണ് വിളിക്കുന്നത്. കാരണം ഇത് "മറ്റ് ജീവജാലങ്ങളെ ബാധിക്കുന്നില്ല. മനുഷ്യരെ മാത്രമാണ് ബാധിക്കുന്നത്. ഒരു നഗരത്തെയും രാജ്യത്തെയും തുടച്ചുമാറ്റാൻ ചൈനക്കാർക്ക് വുഹാൻ -400 ഉപയോഗിക്കാം. അങ്ങനെ അവർക്ക് മറ്റ് രാജ്യങ്ങളിൽ കടന്നു കയറാനും,കീഴടക്കാനും തന്ത്രപരവും ചെലവേറിയതുമായ മറ്റ് മാർഗ്ഗങ്ങൾ തിരയേണ്ടതില്ല" എന്നും നോവലിൽ പരാമർശിക്കുന്നു. ഡാരൻ‌പ്ലൈമൗത്ത് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് നോവലിലെ ഈ സാദൃശ്യം ലോകവുമായി പങ്കുവച്ചത്. നോവലിലെ ഈ കാര്യങ്ങൾ പരാമർശിക്കുന്ന ഭാഗങ്ങൾ പോസ്റ്റിൽ അദ്ദേഹം ഉദ്ധരിക്കുകയും ചെയ്തിരുന്നു. അതിൽ അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്, "ഇത് നമ്മൾ ജീവിക്കുന്ന ഒരു വിചിത്ര ലോകമാണ്. # കൊറോണ വൈറസ് # COVID19 # വുഹാൻ."

രണ്ട് വൈറസുകളും തമ്മിലുള്ള സാമ്യതയും, രണ്ടും വൈറസുകളും പൊട്ടിപ്പുറപ്പെടുന്നതിന്റെ പ്രഭവകേന്ദ്രമായ വുഹാന്റെ പേരും നെറ്റിസൻ‌മാർക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. വൈറസിന്റെയും, ഉത്ഭവകേന്ദ്രത്തിന്റെയും സാമ്യതകൾ ഒഴിച്ചാൽ ഇതൊരു ബയോ വെപ്പൺ ആണെന്നതിന് മറ്റ് തെളിവുകൾ ഒന്നുമില്ല. വൈറസിനെ താരതമ്യം ചെയ്യുന്നത് ഒരുപക്ഷേ പകർച്ചവ്യാധി മൂലം ഉയർന്നുവന്ന ഭീതിയുടെയും, പരിഭ്രാന്തിയുടെയും ഭാഗമാകാമെന്നും ചിലർ അഭിപ്രായപ്പെട്ടു.

എന്തൊക്കെയായാലും, ചൈനയെ സംബന്ധിച്ചിടത്തോളം ഇതൊരു മാരകമായ വിപത്ത് തന്നെയാണ്. നോവലിലെ സാമ്യം വെറും യാദൃച്ഛികവുമാവാം... കൊറോണ വൈറസിന്‍റെ കെടുതികൾ അനുഭവിക്കുന്നത് സാധാരണ മനുഷ്യരാണ്. ലോകാരോഗ്യ സംഘടന വിദഗ്ധരുടെ 12 അംഗ സംഘം വൈറസ് നിയന്ത്രിക്കുന്നതിൽ ചൈനയെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. വൈറസിന്റെ വ്യാപനം മനസ്സിലാക്കാനും, അടുത്ത ഘട്ടങ്ങളെ കുറിച്ച് തീരുമാനിക്കാനും അന്താരാഷ്ട്ര വിദഗ്ധർ ഇപ്പോൾ ചൈനയിൽ എത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ പറഞ്ഞു.