Asianet News MalayalamAsianet News Malayalam

ഈ നഗരം നിര്‍മ്മിച്ചിരിക്കുന്നത് വജ്രത്തില്‍, വീടും പള്ളിയുമെല്ലാം വജ്രത്തില്‍ പണിഞ്ഞത്?

ഇതെങ്ങനെ സംഭവിച്ചു എന്ന് എല്ലാവരും അത്ഭുതപ്പെട്ടേക്കാം. സംഭവം നടന്നത് 15 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണ്. നോർഡ്‌ലിംഗൻ സ്ഥിതിചെയ്യുന്ന ബവേറിയയിൽ ഒരു വലിയ ഛിന്നഗ്രഹം പതിക്കുകയുണ്ടായി.

A city made out of diamonds
Author
Germany, First Published Apr 1, 2020, 9:24 AM IST

ഒറ്റനോട്ടത്തിൽ ഒരു ക്ലാസ്സിക് ജർമ്മൻ പട്ടണത്തിന്റെ എല്ലാ സവിശേഷതകളും ഉൾകൊള്ളുന്നതാണ് ബവേറിയയിലെ നോർഡ്‌ലിംഗെൻ എന്ന ചെറുപട്ടണം. പഴയകാല വീടുകളും, മനോഹരമായ ഇടവഴികളും, ഉയരമുള്ള ഒരു പള്ളിയും എല്ലാം ഈ പട്ടണത്തെ അതിമനോഹരമാക്കുന്നു. എന്നാൽ, ജർമ്മനിയിലെ ഈ കൊച്ചു ബവേറിയൻ നഗരം അവിശ്വസനീയമായ ഒരു രഹസ്യം സൂക്ഷിക്കുന്നു. ആ ഗ്രാമത്തിലെ കെട്ടിടങ്ങളിലും അടിത്തറയിലും ഒളിച്ചിരിക്കുന്നത് വജ്രങ്ങളാണ്. അതും ഒന്നും, രണ്ടുമല്ല, ദശലക്ഷക്കണക്കിന് വജ്രങ്ങളാണ് ആ പട്ടണത്തിൽ ഉള്ളതെന്നാണ് പറയപ്പെടുന്നത്.  

കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാമെങ്കിലും, സത്യമാണ്. നഗരത്തിന്റെ ഓരോ ഘടനയും വജ്രം ഉൾച്ചേർത്ത കല്ലുകൊണ്ട് നിർമ്മിച്ചിട്ടുള്ളതാണ്. വിദഗ്ദ്ധരുടെ ഭൂമിശാസ്ത്ര കണക്കനുസരിച്ച്, 72,000 ടൺ വജ്രം നോർഡ്‌ലിംഗൻ നഗരത്തിലുണ്ട്. സെന്റ് ജോർജ്ജ് പള്ളിയിൽ മാത്രം 5,000 കാരറ്റ് വജ്രം അടങ്ങിയിരിക്കുന്നു. ലോകത്തിലെ മറ്റ് പല സ്ഥലങ്ങളിലും വജ്രശേഖരം കണ്ടെത്തിയിട്ടുണ്ടെങ്കിലും, നോർഡ്‌ലിംഗന്റെ അത്രയും ഉയർന്ന അളവിലുള്ള വജ്രശേഖരം മറ്റൊരിടത്തുമില്ല.    

ഇതെങ്ങനെ സംഭവിച്ചു എന്ന് എല്ലാവരും അത്ഭുതപ്പെട്ടേക്കാം. സംഭവം നടന്നത് 15 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണ്. നോർഡ്‌ലിംഗൻ സ്ഥിതിചെയ്യുന്ന ബവേറിയയിൽ ഒരു വലിയ ഛിന്നഗ്രഹം പതിക്കുകയുണ്ടായി. അതിന്റെ ശക്തമായ സ്വാധീനം മൂലം നോർഡ്‌ലിംഗെൻ റൈസ് (അല്ലെങ്കിൽ റൈസ് ഗർത്തം) സൃഷ്ടിക്കപ്പെട്ടു. ഗർത്തം 24 കിലോമീറ്റർ പരന്നുകിടന്നു. അതിന്റെ ഫലമായി ഗ്ലാസ്സ്, പളുങ്ക്, വജ്രം എന്നിവ അടങ്ങിയ പാറകൾ സൃഷ്ടിക്കപ്പെട്ടു. ആ സമയത്ത് ഈ പ്രദേശത്ത് അനുഭവപ്പെട്ട സമ്മർദ്ദം പാറകളിൽ വജ്രങ്ങൾ രൂപപ്പെടാൻ കാരണമായി. എ.ഡി 898 -ൽ ആദ്യത്തെ കുടിയേറ്റക്കാർ ഇവിടെയെത്തി ഈ ഗർത്തത്തിൽ നോർഡ്‌ലിംഗൻ പട്ടണം പണിയുകയായിരുന്നു. എന്നാൽ, തുടക്കത്തിൽ  വജ്രം പതിച്ച സുവൈറ്റ് പാറകൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ പണിയുന്നത് എന്നവർ അറിഞ്ഞിരുന്നില്ല.  

നിരവധി നൂറ്റാണ്ടുകളായി, നോർഡ്‌ലിംഗനിലെ ആളുകൾ തങ്ങളുടെ പട്ടണം ഒരു അഗ്നിപർവ്വത ഗർത്തത്തിലാണ് നിർമ്മിച്ചതെന്ന് വിശ്വസിച്ചിരുന്നില്ല. എന്നാൽ, 1960-ൽ അമേരിക്കൻ ജിയോളജിസ്റ്റ് യൂജിൻ ഷൂമേക്കർ തന്റെ അമ്മയോടും ഭാര്യയോടും കൂടി ജർമ്മനിയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തി. അപ്പോൾ അദ്ദേഹം നോർഡ്‌ലിംഗന്റെ മതിലുകൾ കൗതുകത്തോടെ നോക്കിക്കണ്ടു. ക്വാർട്സ് എന്ന വകഭേദമായ മിനറൽ കോസൈറ്റിന്റെ സാന്നിധ്യം അദ്ദേഹം ഘടനയിൽ കണ്ടെത്തി. എന്നാൽ, കൂടുതൽ പഠനങ്ങൾ പിന്നീട് സ്ഥിരീകരിച്ചത് ഏകദേശം ഒരു കിലോമീറ്റർ (0.621 മൈൽ) വീതിയുള്ള ഛിന്നഗ്രഹം ആ പ്രദേശത്ത് സെക്കൻഡിൽ 21 കിലോമീറ്റർ വേഗതയിൽ (സെക്കൻഡിൽ 12.5 മൈൽ) പതിച്ചതിന്റെ ഫലമായാണ് ഇത്രയും വജ്രങ്ങൾ അവിടെ രൂപം കൊണ്ടത് എന്നാണ്. ഏകദേശം ഒരു പതിറ്റാണ്ടിനുശേഷം, പട്ടണത്തിന്റെ ഘടനയിൽ രത്‌നക്കല്ലുകൾ ഉണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.

ആ വജ്രശേഖരം ഒന്ന് പോലും നഷ്ടമാകാതെ ഇപ്പോഴും ആ മണ്ണിൽ കിടപ്പുണ്ട്. ആളുകൾ എന്തുകൊണ്ട് അത് വിറ്റ് കാശാക്കുന്നില്ല എന്ന് നമുക്ക് സംശയം തോന്നാം. അതിനൊരു കാരണമുണ്ട്. അവ തീരെ ചെറുതാണ്. മൈക്രോസ്കോപ്പിക് മുതൽ 0.3 മില്ലിമീറ്റർ വരെ വലുപ്പമുള്ള രത്‌നക്കല്ലുകളാണ് അവ. അവയ്ക്ക് സാമ്പത്തിക മൂല്യമില്ല, ശാസ്ത്രീയ മൂല്യമേയുള്ളൂ. മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് മാത്രമേ നിങ്ങൾക്ക് ആ വജ്രങ്ങളെ കാണാൻ കഴിയൂ. തിളങ്ങുന്ന ഈ നഗരത്തെ കാണാൻ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ എല്ലാ വർഷവും ഇവിടെയ്ക്ക് വരുന്നു. നോർഡ്‌ലിംഗന്റെ റൈസ് ക്രേറ്റർ മ്യൂസിയത്തിൽ, റൈസ് ഗർത്തത്തിൽ നിന്നുള്ള പാറയുടെ ഒരു സാംപിളും സന്ദർശകർക്ക് കാണാം.  

Follow Us:
Download App:
  • android
  • ios