സാൻ ഫ്രാൻസിസ്കോയിൽ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ വേമോയുടെ റോബോ ടാക്സിയില്‍ പ്രസവിച്ച് യുവതി. അതേ ടാക്സിയിൽ തന്നെ നേരെ ആശുപത്രിയിലേക്ക്. അമ്മയും കുഞ്ഞും സുരക്ഷിതം. 

വിദേശ രാജ്യങ്ങളിൽ ഇപ്പോൾ റോബോ ടാക്സിയുടെ കാലഘട്ടമാണ്. ഡ്രൈവറില്ലാത്ത ഇത്തരം വാഹനങ്ങളെ ആശ്രയിക്കാൻ യാത്രക്കാർക്ക് യാതൊരു മടിയുമില്ല. സാൻ ഫ്രാൻസിസ്കോയിലെ ഒരു യാത്രക്കാരിയുമായി ആശുപത്രിയിലേക്ക് പോയതാണ് വേമോ എന്ന കമ്പനിയുടെ ഡ്രൈവർ ഇല്ലാത്ത കാർ. തുടർന്ന് ഉണ്ടായ അപ്രതീക്ഷിത സംഭവമാണ് കമ്പനി വിശദീകരിക്കുന്നത്. റോബോ ടാക്സിയിൽ യാത്ര ചെയ്യവേ സ്ത്രീ പ്രസവിച്ചു എന്നാണ് കമ്പനി സ്ഥിരീകരിച്ചത്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സാൻ ഫ്രാൻസിസ്കോ മെഡിക്കൽ സെന്ററിലേക്ക് പോകാനാണ് ഈ യാത്ര അവർ ബുക്ക് ചെയ്തത്. എന്നാൽ യാത്രാമധ്യേ അതികഠിനമായ പ്രസവവേദന തുടങ്ങി.

എന്നാൽ വാഹനത്തിനുള്ളിൽ അസാധാരണമായി എന്തോ നടക്കുന്നുണ്ടെന്ന് വേമോയുടെ റൈഡർ സപ്പോർട്ട് ടീമിൻറെ ശ്രദ്ധയിൽപ്പെട്ടു. അവർ ആദ്യം തന്നെ ആ സ്ത്രീയെ ഫോണിൽ ബന്ധപ്പെടുകയും ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. തുടർന്ന് എമർജൻസി സർവീസുകളെ വിവരം അറിയിക്കുകയായിരുന്നു. റോബോ ടാക്സി ആശുപത്രിയിൽ എത്തിയപ്പോഴേക്കും സ്ത്രീ പ്രസവിച്ചിരുന്നു. അമ്മയും നവജാത ശിശുവും സുരക്ഷിതർ ആണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. യാത്രയ്ക്ക് ശേഷം ടാക്സി ഉടൻ തന്നെ വിശദമായ ശുചീകരണത്തിനായി സർവീസിൽ നിന്ന് മാറ്റിയതായി വേമോ അറിയിച്ചു. ഇത്തരം സംഭവങ്ങൾ അപൂർവമാണെങ്കിലും തങ്ങളുടെ റോബോ ടാക്സിയിൽ ഒരു കുഞ്ഞ് ജനിക്കുന്നത് ഇത് ആദ്യമായല്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.

എന്തായാലും തികച്ചും അപ്രതീക്ഷിതമായ ഈ നിമിഷത്തെക്കുറിച്ച് പ്രസ്താവനയിൽ വേ മോ കമ്പനി പറഞ്ഞത് ഇങ്ങനെ, 'വലുതും ചെറുതുമായ നിമിഷങ്ങളിൽ യാത്രാ സഹായിയാകാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു, സെക്കൻഡുകൾ മാത്രം പ്രായമുള്ളവർ മുതൽ വാർദ്ധക്യത്തിൽ എത്തിയവർ വരെ ഞങ്ങളുടെ സേവനം ഉപയോഗിക്കുന്നു...'