നമ്മുടെ വന്‍കിട പദ്ധതികളില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷാ സംവിധാനങ്ങള്‍ എന്തൊക്കെയാണ്? വിഴിഞ്ഞം പദ്ധതിക്കായി കടലില്‍ കല്ലിറക്കാന്‍ ചെന്ന ഒരു ഡ്രൈവറുടെ അമ്പരപ്പിക്കുന്ന അനുഭവം നവാസ് സി എം എഴുതുന്നു
നമ്മുടെ വന്കിട പദ്ധതികളില് ജോലി ചെയ്യുന്നവരുടെ സുരക്ഷാ സംവിധാനങ്ങള് എന്തൊക്കെയാണ്? വിഴിഞ്ഞം പദ്ധതിക്കായി കടലില് കല്ലിറക്കാന് ചെന്ന ഒരു ഡ്രൈവറുടെ അമ്പരപ്പിക്കുന്ന അനുഭവം. നവാസ് സി എം എഴുതുന്നു

കടലില് കല്ലിറക്കിയിട്ടുണ്ടോ? അതും തിരമാലകള് ആഞ്ഞടിക്കുന്ന കടലില്. ഏതു സമയവും ഒരു കല്ല് തിരമാലയുടെ കരുത്തില് വന്ന് കാലും കൊണ്ടുപോവുമെന്ന് ഭയന്ന് നിന്നിട്ടുണ്ടോ?
സാദ്ധ്യതയില്ല. അപൂര്വ്വമായി മാത്രം ആര്ക്കെങ്കിലും കിട്ടുന്ന ഒരു നിര്ഭാഗ്യമാണത്. അമ്പരപ്പിക്കുന്ന ഒരനുഭവം. തൊഴിലിന്റെ ഭാഗമായി ഒന്നരവര്ഷം മുമ്പ് ഞാനനുഭവിച്ചത് അതായിരുന്നു. ടിപ്പര് ലോറി ഡ്രൈവര് എന്ന നിലയില് പല ഊരാക്കുടുക്കിലും ചെന്നു പെട്ടിട്ടുണ്ട്. എന്നാല്, വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി കടലിനു നടുവില് വണ്ടിയുമായി ചെന്നു പെട്ടപ്പോള് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ സകല പരിചയക്കാരെയും ഓര്ത്തുപോയി എന്നതാണ് നേര്.
ഒരു പണിയന്വേഷിച്ച് നടക്കുമ്പോഴായിരുന്നു ആ 'പണി' വന്നു പെട്ടത്. 'വണ്ടിയേല് ചാന്സ് വല്ലോം ഉണ്ടോ' എന്ന് ചോദിച്ചു വിളിച്ചപ്പോള് ദീപു ചേട്ടനാണ് അതിലേക്ക് വഴി തുറന്നത്. ബാബുരാജ് എന്ന ചേട്ടന്റെ വണ്ടിയില് ചാന്സ് ഉണ്ടാവുമെന്ന് പുള്ളി പറഞ്ഞു. ബാബുരാജിന് കുറച്ച് ടോറസ് ടിപ്പര് ഉണ്ട്.
അങ്ങനെ ബാബുരാജ് ചേട്ടനെ വിളിച്ചു. വിളിച്ച ഉടനെ ആ ചേട്ടന് പറഞ്ഞു, നോക്കൂ, കടലില് കല്ലടിക്കലാണ് പണി. നീയത് ചെയ്തിട്ടുണ്ടോ?'
കടല് തീരത്ത് തിരമാലയുടെ ശക്തി കുറക്കാന് കല്ല് കൊണ്ടിറക്കില്ലേ, അതാണ് എന്നാണ് ഞാന് കരുതിയത്. അതെനിക്ക് കഴിയുന്ന കാര്യമേയുള്ളൂ. ഉടന് തന്നെ ഞാന് യെസ് പറഞ്ഞു. പിന്നെ ഒന്നും ആലോചിക്കേണ്ടി വന്നില്ല എന്നതാണ് സത്യം!
'പത്തനംതിട്ടയിലാണ് വണ്ടി കിടക്കുന്നത്. അവിടുന്ന് വണ്ടി എടുത്ത് നേരെ തിരുവനന്തപുരം പോവണം'-ബാബുരാജ് ചേട്ടന് പറഞ്ഞു.
പിറ്റേന്ന് ഉച്ചകഴിഞ്ഞ് ആയപ്പോള് ഞാനും അമ്മയുടെ അനിയത്തീടെ മോന് ചുട്ടുവും കൂടി നേരെ പത്തനംതിട്ടയ്ക്ക് വിട്ടു. രണ്ടു മൂന്ന് മണിക്കൂര് കഴിഞ്ഞപ്പോള് വണ്ടിവന്നു. പുതിയ ഒരു ടാറ്റാ പ്രൈമ എസി വണ്ടി. കണ്ടപ്പോള് സന്തോഷമായി. 3000 കിലോ മീറ്റര് പോലും ഓടാത്ത പുതിയ വണ്ടി!
കടലില് കല്ലടിക്കലാണ് പണി. നീയത് ചെയ്തിട്ടുണ്ടോ?'
അവിടുന്ന് വണ്ടിയും എടുത്ത് ഞങ്ങള് രണ്ടു പേരും കൂടെ നേരെ തിരുവനന്തപുരത്തിന് വിട്ടു. രാത്രി ഒരു മണി കഴിഞ്ഞപ്പോള് കല്ലെടുക്കേണ്ട പാറമടയില് ചെന്നു. അവിടെ തുടങ്ങി 'പണി'. ശരിക്കും ഒരു കാട്ടിലെത്തിലത്തിയതുപോലെ. 34 ടോറസ് വണ്ടികള് ഊഴം കാത്തു കിടപ്പുണ്ട്. മുപ്പത്തിയഞ്ചാമത്തെ വണ്ടിയാണ് എന്േറത്. അവിടെ കിടന്നു.
പിറ്റേന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണി ആയപ്പോള് എന്ൈറ ഊഴം വന്നു. ഒരു ലോഡ് കല്ല്. കല്ലെന്നു വെച്ചാല് ഒരു പെട്ടി ഓട്ടോയുടെ വലുപ്പമുള്ള കല്ലുകള്. അവിടുന്ന് പാസും ഡീസല് അടിക്കാനുള്ള ബില്ലും വാങ്ങി തയ്യാറായി.
'ഇതെങ്ങോട്ട് എത്തിക്കണം'-അവരോട് ചോദിച്ചു.
'വിഴിഞ്ഞം'-പറഞ്ഞു.
'വിഴിഞ്ഞം, കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്...'ഞാന് ചിരിച്ചു. അതൊരു മരണമാസ് ചിരിയായിരുന്നുവെന്ന് വണ്ടി എടുക്കുമ്പോള് ഞാന് അറിഞ്ഞില്ല.
വിഴിഞ്ഞം പദ്ധതിക്കുള്ള കല്ലായിരുന്നു അതെന്ന് അപ്പോഴാണ് പിടികിട്ടിയത്.

അങ്ങനെ വണ്ടി വിഴിഞ്ഞത്തേക്ക്. വഴിയൊക്കെ തപ്പി പിടിച്ച് വിഴിഞ്ഞം ചെന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിക്കുള്ള കല്ലായിരുന്നു അതെന്ന് അപ്പോഴാണ് പിടികിട്ടിയത്. അവിടെ എത്തിയ ഉടന്തന്നെ സേഫ്റ്റിി ഓഫീസര് അടുത്തു വന്നു.
'ഇനി രണ്ടുകിലോ മീറ്റര് കൂടി പോവണം. പക്ഷേ, കിളികളെ കൂടെ കൊണ്ടുപോകാന് പറ്റില്ല'-പുള്ളി പറഞ്ഞു.
ങേ, അതെന്താ അങ്ങനെ, എന്ന് അമ്പരന്നപ്പോഴേക്കും സേഫ്റ്റി ഓഫീസര് അടുത്ത കാര്യം പറഞ്ഞു. അങ്ങനൈ കൂടെ വന്ന ചുട്ടുവിനെ അവിടെ നിര്ത്തി. വണ്ടി എടുക്കും മുമ്പ് സേഫ്റ്റി ഓഫീസര് വീണ്ടും വന്നു. പുള്ളി ഒരു കവര് തന്നു. അതില്, ഒരു ഹെല്മെറ്റ്, റോഡ് പണിക്കാര് ഇടുന്ന ചുമന്ന റിഫ്ളക്ടര് വെച്ചാരു കോട്ട്.
പിന്നേം ഞെട്ടി. ഇതെന്തിനാ ഇതൊക്കെ? കല്ലിറക്കാന് വന്നവന് കോട്ടോ?
ആ (ഞെട്ടല് ഗൗനിക്കാതെ സേഫ്റ്റി ഓഫീസര് തിരിഞ്ഞുനടന്നു. വണ്ടിയുടെ ലോഡ് കൂട്ടിയുള്ള തൂക്കവും എടുത്ത് ഞാന് നേരെ സൈറ്റിലേക്ക് വണ്ടി വിട്ടു.
സൈറ്റ് കണ്ടപ്പോള് ഞെട്ടിപ്പോയി. ഒന്നര കിലോ മീറ്റര് കടലില് കൂടെ റിവേഴ്സ് പോകണം!
പടച്ചോനേ, പെട്ടോ എന്ന് കുതിരവട്ടം പപ്പു സ്റ്റൈലില് ഒന്ന് വിളിച്ചുപോയി.
കടലെങ്കില് കടല്. അതല്ലാതെ വഴിയില്ല. കടലിലേക്ക് കല്ലിറക്കി വഴി ഉണ്ടാക്കിയിട്ടുണ്ട്. ഒരു വണ്ടിക്ക് കഷ്ടിച്ച് പോകാം. പടുത ഒക്കെ അഴിച്ചു ഗ്ലാസ് ഒക്കെ താഴ്ത്തി
പതിയെ റിവേഴ്സ് എടുക്കാന് തുടങ്ങി. 40 ടണ് ഉണ്ട് ലോഡ്.
രണ്ട് വശത്തും ഇളകിമറിയുന്ന കടലാണ്. കൂറ്റന് തിരമാലകള്
റിവേഴ്സ് എടുക്കാന് തുടങ്ങിയപ്പോള് വേറെ ഒരു സേഫ്റ്റി ഓഫീസര് അടുത്തു വന്ന് പറഞ്ഞു: 'ഒരു 50 മീറ്റര് വഴി കടലെടുത്തിട്ടുണ്ട്. സൂക്ഷിച്ചൊക്കെ പോകണം'
സത്യം പറഞ്ഞാല് അതെന്താ എന്ന് എനിക്ക് മനസിലായില്ല. ഞാന് തലയാട്ടിയ ശേഷം റിവേഴ്സ് എടുത്തു. ഒരു 100 മീറ്റര് എത്തിയപ്പോള് നേരത്തെ സംശയിച്ച കാര്യത്തിന് ഉത്തരം കിട്ടി. തിരമാലകള് വണ്ടിക്കകത്തും ഗ്ലാസിലും ഒക്കെ കയറാന് തുടങ്ങി. ഞാന് ബ്രേക്ക് ചവിട്ടി വണ്ടി നിര്ത്തി. വണ്ടീടെ ഗ്ലാസ് ഒക്കെ പൊക്കി വെച്ച് കുറച്ച് സമയം ആലോചിച്ചു- മുന്നോട്ടു പോകണോ, വേണ്ടയോ? (മറ്റൊന്നുമല്ല പേടിച്ചിട്ടാ)
രണ്ട് വശത്തും ഇളകിമറിയുന്ന കടലാണ്. കൂറ്റന് തിരമാലകള്. മിററില് നോക്കി പതിയെ റിവേഴ്സ് എടുക്കാന് തുടങ്ങി. കുറച്ച് ചെന്നപ്പോള് പുറകിലും കടല്!
'വഴി തീര്ന്നോ പടച്ചോനെ'-ആകെ ഭയന്നു.
വണ്ടിയില് നിന്നും ഇറങ്ങി വണ്ടിയില് അള്ളിപ്പിടിച്ചു പുറകില് പോയി നോക്കി. അപ്പോളേക്കും തിരമാല അടിച്ച് ഞാന് മുഴുവനും നനഞ്ഞിരുന്നു. അപ്പോഴാണ് സേഫ്റ്റി ഓഫീസര് എന്താണ് 50 മീറ്ററിന്റെ കാര്യം പറഞ്ഞതെന്ന് മനസ്സിലായത്.
സംഗതി സിംപിളാണ്. കല്ലിട്ട് വഴി ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ, അതിന്റെ മുകളിലത്തെ കല്ല് മുഴുവനും തിരമാലകള് കൊണ്ടുപോയിരിക്കുന്നു. അവിടെയിപ്പോള് കുഴി പോലെ കിടക്കുകയാണ്.
നിവൃത്തിയില്ല. ഇനി പോയേ പറ്റു. വീണ്ടും വണ്ടിയില് കയറി. ഒരുദ്ദ്യേശം വെച്ച് റിവേഴ്സ് എടുത്ത് ഒരു വിധത്തില് അതിന് അപ്പുറത്തെത്തി. അപ്പോഴേക്കും പടച്ചോനെ എന്നല്ലാതെ മറ്റൊരു വാക്കും നാവില് വന്നില്ല.
വീണ്ടും റിവേഴ്സ്. എങ്ങനെയോ അവസാനം കല്ല് ഇറക്കേണ്ട സ്ഥലത്ത് എത്തി. അവിടെ കുറച്ച് കല്ല് അടുക്കിവെച്ചിട്ടുണ്ട്. അതിന്റെ മുകളില് ഒരു ഹിറ്റാച്ചിയും അതിന്റെ ഓപ്പറേറ്ററും ഒരു സേഫ്റ്റി ഓഫീസറും ഉണ്ട്. ഞാന് വണ്ടി ഹാന്ഡ് ബ്രേക്ക് ഒക്കെ ഇട്ട് പുറകിലത്തെ ഡോര് തുറക്കാന് ഇറങ്ങി ചെന്നു.
അപ്പോള് അവിടത്തെ സേഫ്റ്റി ഓഫീസര് എന്നോട് ഒരു കാര്യം വിളിച്ചു പറഞ്ഞു. ഇപ്പോഴും എന്നെ പേടിപ്പിക്കുന്ന ആ വാചകം ഇതായിരുന്നു: 'ദേ, തിരമാല വരും. അപ്പോള് പെട്ടെന്ന് വണ്ടിയുടെ മുകളില് കയറിക്കോണം. അല്ലെങ്കില് തിരിച്ചു പോകാന് കാലു കാണില്ല!'
ഇനിയെന്ത് കാല്! ജീവന് ബാക്കിയുണ്ടായിട്ടു വേണ്ടേ കാല്, ഞാന് മനസ്സില് കരുതി. പതുക്കെ ഡോര് തുറക്കാനുള്ള ശ്രമം ആരംഭിച്ചു. തിരമാല വരുമ്പോള് എങ്ങനെയോ വണ്ടിടെ മുകളില് കയറും. അന്നേരം ഞാന് അവിടെ കൊണ്ടിറക്കുന്ന കല്ലുകളില് ചെറിയ കല്ലുകള് എല്ലാം തിരമാലകളുടെ കൂടെ കയറി വരും. അതെങ്ങാന് കാലില് വന്നടിച്ചാല് കാല് പിന്നെ ആ വഴിക്ക് പോകും!
പെട്ടെന്ന് വണ്ടിയുടെ മുകളില് കയറിക്കോണം. അല്ലെങ്കില് തിരിച്ചു പോകാന് കാലു കാണില്ല!'
കുറെ സമയം ഞാനും ഹിറ്റാച്ചിയും ചേര്ന്ന് പരിശ്രമിച്ചാണ് ആ ഡോര് ഒന്ന് തുറന്നത് തന്നെ. സാധാരണ ടോറസ് ഡോര് പോലെയല്ല, കടല് കല്ലും കൊണ്ട് പോകുന്ന ടോറസിന്. അത് തുറന്നിട്ട് ഞാന് ഓടി വണ്ടിയില് കയറി.
ടിപ്പ് പൊക്കാന് കുറച്ച് പൊങ്ങിയപ്പോള് വണ്ടി ചെരിയാന് തുടങ്ങി. ഭാഗ്യം, പെട്ടെന്ന് ഹിറ്റാച്ചി കൊണ്ട് വണ്ടി നേരെയാക്കി നിര്ത്തി.
എങ്ങനെയോ കല്ലൊക്കെ ഇറക്കി. ഡോര് പോലും അടക്കാന് നില്ക്കാതെ ഞാന് പോകാന് തുടങ്ങിയപ്പോള് ഹിറ്റാച്ചി ഓടിക്കുന്ന ആള് പറഞ്ഞു, 'അതേയ്, ടിപ്പ് മൊത്തമായി താഴ്ത്തി പോകരുത്, ഇനിയും പണി കിട്ടും!'
ിപ്പും പൊക്കി വെച്ച് ഒരു വിധത്തില് കരയില് വന്നു.
ആദ്യം കണ്ട ആ സേഫ്റ്റി ഓഫീസറെ ആണ് അവിടെ കണ്ടത്. ഞാന് അയാളോട് അതുവരെ മനസ്സില് തങ്ങിനിന്ന ആ സംശയം ചോദിച്ചു-'കാര്യമൊക്കെ ശരി, ഇത്രയും ദുരിതം പിടിച്ച റിവേഴ്സ് പോക്കില് ഒരു കിളിയെ കൂടെ കൊണ്ടുപോകാന് സമ്മതിച്ചാല് എന്താ?'
അയാളുടെ മറുപടി അതിമനോഹരമായിരുന്നു! അതു കേട്ടാല് ആരും ജീവനും കൊണ്ടോടും!
ഇതായിരുന്നു പുള്ളിയുടെ ആ ക്ലാസിക് മറുപടി: 'നിങ്ങളും വണ്ടിയും കടലില് പോയാല് നിങ്ങളെ മാത്രം തപ്പിയാല് മതിയല്ലോ, കിട്ടുമെന്ന് ഉറപ്പൊന്നും ഇല്ല. കിളിയെ കൂടെ കൊണ്ടുപോയാല് അവനെയും തപ്പി സമയം കളയണ്ടേ!'
