ആയിരക്കണക്കിന് കർഷകരാണ് തലസ്ഥാനത്ത് സമരത്തിലുള്ളത്. സമരത്തിൽ പങ്കെടുക്കുന്ന കർഷകരിൽ ഒരാളാണ് സുഭാഷ് ചീമ. സ്വന്തം മകളുടെ വിവാഹത്തിന് പോലും പോകാതെയാണ് അദ്ദേഹം സമരം ചെയ്യുന്നത്. ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ മകളുടെ വിവാഹം. ആറ് ദിവസമായി അദ്ദേഹം ദില്ലിയിലെ ഗാസിപ്പൂർ അതിർത്തിയിൽ പ്രതിഷേധിക്കുന്നു. എന്നാൽ, ഇന്നലെ അദ്ദേഹം അവിടെ രാജ്യത്തെ കർഷകർക്കായി സമരം ചെയ്യുമ്പോൾ 111 കിലോമീറ്റർ അകലെയുള്ള അമ്രോഹയിൽ അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന്റെ ഷെഹ്നായി മുഴങ്ങിയിരുന്നു. മകളുടെ വിവാഹാഘോഷത്തിൽ ആ പിതാവിന് പങ്കെടുക്കാനായില്ല. “എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഒരു കൃഷിക്കാരനായിരുന്നു. ഇന്ന് എനിക്കുള്ളതെല്ലാം കൃഷിയിൽ നിന്നാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ ഡൽഹി ചലോ മുദ്രാവാക്യങ്ങൾ എനിക്ക് അവഗണിക്കാൻ കഴിയില്ല. എന്റെ മകളുടെ വിവാഹസമയത്ത് ഞാൻ ഇവിടെ ഇരിക്കുന്നതിന്റെ കാരണവും അതുതന്നെയാണ്” ചീമ പറഞ്ഞു. 

ഭാരതീയ കിസാൻ യൂണിയനുമായി (BKU) ചേർന്ന് പ്രവർത്തിക്കുന്ന 58 -കാരനായ കർഷകൻ പറഞ്ഞു, “ഞാൻ എല്ലാ ദിവസവും എന്റെ മകളുമായി ഫോണിൽ സംസാരിക്കും. തിരികെ വരാൻ അവൾ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, എനിക്ക് ഇത് ഉപേക്ഷിക്കാൻ കഴിയില്ല." കല്യാണത്തിനായി തന്റെ ഗ്രാമത്തിലേക്ക് മടങ്ങാൻ സുഹൃത്തുക്കൾ പോലും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എങ്കിലും ഈ പോരാട്ടം ഉപേക്ഷിക്കാൻ അദ്ദേഹത്തിന് മനസ്സ് വന്നില്ല. ഗ്രാമത്തിലെ കർഷകനായ സഞ്ജൻ സിംഗ് പറഞ്ഞു, “അമ്രോഹയിൽ നിന്നുള്ള ബി‌കെ‌യുവിന്റെ ഭാരവാഹിയാണ് അദ്ദേഹം, പ്രതിഷേധത്തിന്റെ ഭാഗമാകേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം കരുതുന്നു. മറ്റുള്ളവർക്ക് ഒരു നല്ല മാതൃകയാകാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ഈ സമയത്ത് സ്വന്തം കാര്യം നോക്കി പോകാൻ അദ്ദേഹത്തിന് മനസ്സ് വന്നില്ല."  

എന്നിരുന്നാലും മകളുടെ വിവാഹം കാണാൻ അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ചടങ്ങ് മുഴുവൻ ഒരു വീഡിയോയിലൂടെ കാണിക്കാൻ അദ്ദേഹം മക്കളോട് ആവശ്യപ്പെടുകയായിരുന്നു. വ്യാഴാഴ്ചയോടെ ഒരു തീരുമാനം ഉണ്ടാകുമെന്നും അതിന് ശേഷം നാട്ടിലേയ്ക്ക് പോകാമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു അദ്ദേഹം. എന്നാൽ, അതിന് കഴിയാതെ വരികയായിരുന്നു. അദ്ദേഹത്തെ പോലെ കഷ്ടതകൾ സഹിച്ച് പോരാടുന്ന മറ്റൊരു കർഷകനാണ് സോളൻ സിംഗ്. ഖുർജയിൽ നിന്നുള്ള 97 -കാരനായ അദ്ദേഹത്തിന് നടക്കാൻ പ്രയാസമാണ്. ഒരു വടിയുടെ സഹായത്തോടെയാണ് അദ്ദേഹം നടക്കുന്നത്. എന്നിരുന്നാലും പ്രായവും, കഠിനമായ കാലാവസ്ഥയും മറന്ന് മറ്റ് കർഷകർക്കൊപ്പം അദ്ദേഹവും ഇരിക്കുന്നു. "ഞാൻ മുമ്പ് നിരവധി കർഷക പ്രക്ഷോഭങ്ങളുടെ ഭാഗമായിരുന്നു. പക്ഷേ, ഈ പോരാട്ടം നമ്മുടെ ഭാവിയിലെ തലമുറകൾക്കുള്ളതാണ്. ഇതിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു” അദ്ദേഹം പറഞ്ഞു.