അഡോൾഫ് ഹിറ്റ്ലർ എന്ന വ്യക്തി വീണ്ടും അധികാരത്തിലേറിയിരിക്കുന്നു. അത് പക്ഷേ ജർമ്മനിയിലല്ല, അങ്ങ് നമീബിയയിലാണെന്ന് മാത്രം. അഡോൾഫ് ഹിറ്റ്ലർ യുനോന എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. തെരഞ്ഞെടുപ്പിൽ 85% വോട്ടുകൾ ലഭിച്ച അദ്ദേഹം Ompundja എന്ന ചെറുപട്ടണത്തിന്റെ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. പേര് മുൻ ജർമ്മൻ നേതാവായ അഡോൾഫ് ഹിറ്റ്ലറിന്റേതാണെങ്കിലും, സ്വഭാവം പക്ഷേ അങ്ങനെയായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജർമ്മൻ പത്രമായ ബിൽഡിന് നൽകിയ അഭിമുഖത്തിൽ, നാസി പ്രത്യയശാസ്ത്രവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

കൊളോണിയൽ, വെളുത്ത ഭരണത്തിനെതിരായ പ്രചാരണത്തിന് നേതൃത്വം നൽകിയ ഭരണകക്ഷിയായ സ്വാപ്പോ പാർട്ടിയുടെ സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. തന്റെ പിതാവാണ് നാസി നേതാവിന്റെ പേര് തനിക്കിട്ടതെങ്കിലും, അഡോൾഫ് ഹിറ്റ്ലർ എന്തിനുവേണ്ടിയാണ് നിലകൊണ്ടത് എന്നത് അച്ഛന് അറിയില്ലായിരുന്നുവെന്ന് യുനോന പറഞ്ഞു. താനും വളർന്നു കഴിഞ്ഞപ്പോഴാണ് ലോകത്തെ മുഴുവൻ കീഴ്പ്പെടുത്താൻ ആഗ്രഹിച്ചിരുന്ന ഒരാളുടെ പേരാണ് തനിക്ക് ലഭിച്ചതെന്ന് മനസ്സിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഇതുമായി ഒന്നും തനിക്ക് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോകം കീഴടക്കാനോ യുദ്ധത്തിനോ തനിക്ക് യാതൊരു താൽപര്യവുമില്ലെന്നും അദ്ദേഹം പറയുന്നു.

അഡോൾഫ് തന്റെ സോഷ്യൽ മീഡിയയിലെല്ലാം ഹിറ്റ്ലർ എന്ന് പേര് മനഃപൂർവം ഉപയോഗിക്കാറില്ല. എന്നാൽ, ഔദ്യോഗിക രേഖകളിൽ എല്ലാം ആ പേരാണ് ഉപയോഗിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് മുമ്പ് പേര് മാറ്റാതിരുന്നത് എന്ന് ചോദിച്ചപ്പോൾ, വൈകിപ്പോയി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഭാര്യ തന്നെ അഡോൾഫ് എന്നാണ് വിളിക്കുന്നതെന്നും ഇനി ഇപ്പൊ ഈ പേര് മാറ്റാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും യുനോന പറഞ്ഞു.

മുൻപ് ജർമ്മൻ സൗത്ത് വെസ്റ്റ് ആഫ്രിക്ക എന്ന് വിളിക്കപ്പെട്ടിരുന്ന നമീബിയ 1884 മുതൽ ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനം വരെ ഒരു ജർമ്മൻ കോളനിയായിരുന്നു. 1904 -ൽ അവിടത്തെ ജനത ജർമ്മൻ കൊളോണിയൽ ഭരണത്തിനെതിരെ പ്രതിഷേധിക്കാൻ തുടങ്ങിയപ്പോൾ നമീബിയ സംഘർഷത്തിൽ മുങ്ങി. കൂട്ടക്കൊലകൾ, നിർബന്ധിത നാടുകടത്തൽ, നിർബന്ധിത തൊഴിൽ എന്നിവ ഉൾപ്പടെയുള്ള ക്രൂരമായ അടിച്ചമർത്തലുകളിലൂടെ ജർമ്മനി പ്രതികരിച്ചു. ചിലർ അയൽരാജ്യമായ ബോട്സ്വാനയിലേക്ക് പലായനം ചെയ്തുവെങ്കിലും, ലക്ഷക്കണക്കിന് ആളുകളാണ് അന്ന് ജർമ്മനിയുടെ കീഴിൽ കൊല്ലപ്പെട്ടത്. ആദ്യമൊക്കെ കുറ്റം ഏറ്റെടുക്കാൻ ജർമ്മനി വിസമ്മതിച്ചു. പിന്നീട് 2004 -ലെ കൂട്ടക്കൊലയുടെ നൂറാം വാർഷികത്തിൽ ആ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.