മഹാമാരി മൂലം ഇന്ന് മിക്കവാറും ആളുകൾ വെളിയിൽ പോയി സാധങ്ങൾ വാങ്ങാൻ ഭയക്കുന്നു. അതുകൊണ്ട് തന്നെ ഓൺലൈനിനെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. ഉടുപ്പുകൾ മുതൽ വജ്രങ്ങൾ വരെ അക്ഷരാർത്ഥത്തിൽ എല്ലാം ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്. അത് ഇനി ഒരു കുപ്പി വായുവാണെങ്കിൽ കൂടി!  

കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും, സംഭവം സത്യമാണ്. യുണൈറ്റഡ് കിംഗ്ഡം ആസ്ഥാനമായുള്ള ഒരു കമ്പനി ഇംഗ്ലണ്ട്, അയർലൻഡ്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിന്ന് ‘ശുദ്ധവായു’ കുപ്പികളിലാക്കി വിൽക്കുന്നുണ്ടെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. വിദേശത്ത് താമസിക്കുന്ന, സ്വന്തം നാടിനെ മിസ്സ് ചെയ്യുന്ന ബ്രിട്ടീഷുകാർക്കായിട്ടാണ് ഈ ഉൽപ്പന്നം വിപണിയിൽ എത്തിയിരിക്കുന്നത്. 2500 രൂപയാണ് ഒരു കുപ്പിയുടെ വില. ലണ്ടൻ അണ്ടർഗ്രൗണ്ടിലെ വായുവും, നോർഫോക്കിലെ മത്സ്യത്തിന്റെയും ചിപ്പ്സിന്റെയും മണവും, സ്നോഡോണിയയുടെ കൊടുമുടിയിൽ നിന്നുള്ള മൂടൽമഞ്ഞുമാണ് കുപ്പികളിൽ ഉള്ളത്.  

ഓരോ 500 മില്ലി കുപ്പിയും ഒരു കോർക്ക് സ്റ്റോപ്പർ വച്ച് അടച്ചിരിക്കുന്നു. "അതിനാൽ ഉപയോഗിക്കുന്നവർക്ക് ഒരു നിമിഷം അടപ്പ് തുറക്കാനും വായു ശ്വസിക്കാനും വേഗത്തിൽ വീണ്ടും അടയ്ക്കാനും സാധിക്കുന്നു. ഇത് മാസങ്ങളോളം നീണ്ടുനിൽക്കും" ആശയത്തിന് പിന്നിൽ പ്രവർത്തിച്ച കമ്പനി മൈ ബാഗേജ് വിശദീകരിച്ചു. ഇനി ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന പക്ഷം 'യുകെയിലുള്ള ഏത് സ്ഥലത്തുനിന്നും' വായു കുപ്പികളിൽ ശേഖരിച്ചു കൊടുക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു. വൈകാരിക ഓർമ്മകളുമായി ഗന്ധങ്ങൾ ബന്ധിപ്പെട്ടിരിക്കുന്നു എന്ന ഗവേഷണത്തെത്തുടർന്നാണ് ഇത്തരമൊരു ആശയം തോന്നിയത് എന്ന് കമ്പനി പറഞ്ഞു.  

ചില മാതാപിതാക്കൾ വിദേശത്തുള്ള മക്കൾക്കായി ഇത് ഓർഡർ ചെയ്യുന്നു. 'പല ബ്രിട്ടീഷുകാർക്കും വിദേശത്തേക്ക് പോകാനുള്ള ആഗ്രഹമുണ്ട്. എന്നാൽ, വിദേശത്തേക്ക് മാറുന്ന മിക്കവർക്കും ഗൃഹാതുരത ഉണ്ടാകുന്നത് സ്വാഭാവികമാണ്. അവരെ വീടുമായി വീണ്ടും ബന്ധിപ്പിക്കാൻ ഞങ്ങൾ സഹായിക്കുന്നു" കമ്പനിയുടെ ഒരു വക്താവ് പറഞ്ഞു.  ലണ്ടൻ അണ്ടർഗ്രൗണ്ട് വായുവാണ് ഏറ്റവും കൂടുതൽ വിറ്റുപോകുന്നത് എന്ന് കമ്പനി പറഞ്ഞു.  അതേസമയം ശുദ്ധവായു മാർക്കറ്റ് ചെയ്യുന്ന ആദ്യത്തെ കമ്പനിയല്ല മൈ ബാഗേജ്. 2018 -ൽ സ്വിസ്ബ്രീസ് എന്ന കമ്പനി സ്വിസ് പർവതത്തിലെ വായു കുപ്പികളിലാക്കി വിപണിയിൽ എത്തിച്ചിരുന്നു.