കർശനമായ നിയമവ്യവസ്ഥകൾ ഉണ്ടായിട്ടുപോലും ഇന്ത്യയുടെ പല ഭാഗങ്ങളിലും പെൺശിശുഹത്യയും ഭ്രൂണഹത്യയും ഇപ്പോഴും നടക്കുന്നു. പ്രത്യേകിച്ച് രാജസ്ഥാനിലും ബിഹാറിലുമൊക്കെ സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരുന്നത് കൊടിയ പീഡനങ്ങളാണ്. പെൺകുഞ്ഞുങ്ങളെ ഒരു ശാപമായി കാണുന്ന രാജസ്ഥാനിൽ പക്ഷേ ഒരുകൂട്ടം ഗ്രാമവാസികൾ മാറ്റത്തിന്‍റെ പുതിയ വെളിച്ചമാവുകയാണ്.

 

മുൻപ് രാജസ്ഥാനിലെ പിപ്ലാൻത്രി എന്ന ഗ്രാമത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പെൺകുഞ്ഞിന്‍റെ ജനനം നാണക്കേടുളവാക്കുന്ന ഒന്നായിരുന്നു. പെൺ ഭ്രൂണഹത്യയും ശിശുഹത്യയും വളരെയധികം നടന്നിരുന്നു അവിടെ. ഇതിന് പ്രധാന കാരണം ഗ്രാമത്തിൽ നിലനിന്നിരുന്ന സ്ത്രീധന സമ്പ്രദായമായിരുന്നു. എന്നാൽ, ഗ്രാമത്തിലെ മുൻ സർപഞ്ചായ ശ്യാം സുന്ദർ ഇതിനെതിരെ പോരാടാൻ തന്നെ തീരുമാനിച്ചു. അതിന് പിന്നിൽ ഒരു കരണമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മകളുടെ വേർപാടായിരുന്നു അതിന് പിന്നിൽ. അവളുടെ മരണം അദ്ദേഹത്തെ വല്ലാതെ തളർത്തി. ഓമനിച്ച് വളർത്തിയ മകളെ നഷ്ടപ്പെട്ട അദ്ദേഹത്തിന് പെൺകുഞ്ഞുങ്ങളെ ഈ വിധം കൊലക്ക് കൊടുക്കുന്നത് കണ്ടുനിൽക്കാനായില്ല. ഇതിനെതിരെ എന്തെങ്കിലും ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ പെൺകുഞ്ഞുങ്ങൾക്കായി അദ്ദേഹം ഒരുപാട് പദ്ധതികൾ ഗ്രാമത്തിൽ കൊണ്ടുവന്നു. അതിലൊരു പദ്ധതി ആ ഗ്രാമത്തെ തന്നെ മാറ്റി കളഞ്ഞു എന്നതാണ് വാസ്‍തവം. ഇന്ന് രാജസ്ഥാനിലെ ഏക ഇക്കോ ഫെമിനിസ്റ്റ് ഗ്രാമമാണ് ഇത്.  

 

ഒരു പെൺകുഞ്ഞു ജനിച്ചാൽ അവളുടെ മാതാപിതാക്കളും ബന്ധുക്കളും 111 വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നട്ടാൽ മാത്രം പോരാ അവയെ 18 വർഷത്തോളം പരിപാലിക്കുകയും വേണം. അത് കൂടാതെ, ഓരോ പെൺകുട്ടി ജനിക്കുമ്പോഴും അവളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ, മാതാപിതാക്കളിൽ നിന്ന് 10,000 രൂപയും, ഗ്രാമീണരിൽ നിന്ന് സംഭാവനയായി 21,000 രൂപയും ശേഖരിച്ച്  ഒരു സ്ഥിരനിക്ഷേപം അവളുടെ പേരിൽ തുടങ്ങും. അവൾക്ക് 20 വയസ്സ് തികയുമ്പോൾ വിവാഹത്തിനായി ഈ തുക വിനിയോഗിക്കും.    

ഇത് കൂടാതെ, പെൺകുട്ടിക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ഗ്രാമീണർ മാതാപിതാക്കളെ ഒരു സത്യവാങ്മൂലത്തിൽ ഒപ്പിടാൻ നിർബന്ധിക്കുന്നു. മകളെ ചെറുപ്രായത്തിൽ വിവാഹം കഴിപ്പിച്ചു കൊടുക്കില്ലെന്നും, അവൾക്ക് ആവശ്യമായ വിദ്യാഭ്യാസം നൽകുമെന്നും മാതാപിതാക്കൾ ആ രേഖയിൽ ഒപ്പിട്ടു നൽകണം.  

ഈ പദ്ധതികൾ വലിയൊരു മാറ്റമാണ് ആ ഗ്രാമത്തിന് സമ്മാനിച്ചത്. മരങ്ങളിൽ കീടങ്ങൾ വരാതിരിക്കാൻ, കൂടുതൽ ആളുകളും കറ്റാർ വാഴയാണ് നട്ടത്. ഇപ്പോൾ ഗ്രാമത്തിന് ചുറ്റും 25 ദശലക്ഷത്തിലധികം കറ്റാർവാഴച്ചെടികളുണ്ട്. ക്രമേണ, ഈ കറ്റാർ വാഴകൾ വിവിധ രീതികളിൽ സംസ്‍കരിച്ച് വിപണനം ചെയ്യാമെന്ന് ഗ്രാമവാസികൾ മനസ്സിലാക്കി. നഗരങ്ങളിൽ അവയ്ക്ക് വലിയ വിപണന സാധ്യതയുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു. ഇതിനെത്തുർടർന്ന് ഗ്രാമീണർ ഇപ്പോൾ കറ്റാർ വാഴയിൽ നിന്ന് ജ്യൂസ്, ജെൽ തുടങ്ങിയ വിവിധയിനം ഉൽപ്പനങ്ങൾ ഉണ്ടാക്കി വിൽക്കുന്നു.  

 

രാജസ്ഥാൻ മരുഭൂമിയിലെ തീർത്തും തരിശായിക്കിടന്ന ആ ഗ്രാമം ഇപ്പോൾ ലക്ഷക്കണക്കിന് വൃക്ഷങ്ങളാൽ സമൃദ്ധമാണ്. ഇത് മികച്ച വായുവും, ജൈവവൈവിധ്യവും പ്രദാനം ചെയ്യുന്നു. മാത്രമല്ല, ജലനിരപ്പ് 800 അടി താഴേക്ക് പോയിരുന്നിടത്ത് ഇപ്പോൾ ജലത്തെ ഭൂനിരപ്പിലേക്ക് തിരികെ കൊണ്ടുവരാനും ഇതുവഴി സാധിച്ചു. ഗ്രാമത്തെ ഹരിതവൽക്കരിക്കാനും, വനനശീകരണം തടയാനും, ശുദ്ധജലലഭ്യത ഉറപ്പാക്കാനും അവർക്ക് കഴിഞ്ഞു. അത് മാത്രവുമല്ല, ഈ പദ്ധതി വഴി നിരവധി പേർക്ക് തൊഴിൽ ലഭിക്കുകയും, കുടുംബങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും ചെയ്‍തു. ഗ്രാമത്തിൽ  ഇപ്പോൾ കുറ്റകൃത്യങ്ങൾ ഗണ്യമായി കുറഞ്ഞു എന്നാണ് പറയപ്പെടുന്നത്. ഇപ്പോഴും മകന്റെ ജനനത്തെ മാത്രം ആഘോഷിക്കുന്ന ഒരു രാജ്യത്ത്, രാജസ്ഥാനിലെ പിപ്ലാൻത്രി ഗ്രാമം പെണ്മക്കളെ ഇരുകൈയും നീട്ടി സ്വീകരിക്കുക മാത്രമല്ല, പ്രദേശവാസികൾക്കും ഭൂമിക്കും ഗുണമുള്ള ഒരു പാരമ്പര്യം തന്നെ ഉണ്ടാക്കി എടുത്തിരിക്കുകയാണ്.