ഈ കൊവിഡ് കാലം കുറേപ്പേരെ സംബന്ധിച്ചിടത്തോളം പ്രകൃതിയിലേക്കുള്ള ഒരു മടങ്ങിപ്പോക്കായിരുന്നു. ഒന്നിനും സമയം കിട്ടാതെ നമ്മൾ എന്തിനൊക്കെയോ വേണ്ടിയുള്ള ഓട്ടപ്പാച്ചിലിലായിരുന്നു മുൻപ്. എന്നാൽ, ഈ ലോക്ക്ഡൗൺ കാലത്ത് കൂടുതൽ സമയവും വീടുകളിൽ കഴിയുന്ന നമുക്ക് പ്രകൃതിയുമായി അടുക്കാൻ ഒരവസരം ലഭിച്ചിരിക്കുന്നു. മരങ്ങളും, കിളികളും എല്ലാം നമ്മുടെ കൂട്ടുകാരാവുകയായിരുന്നു. പലരും വീടുകളിലും ബാൽക്കണികളിലും പക്ഷികൾക്ക് കുടിക്കാൻ വെള്ളം വരെ കരുതിവച്ചു. എന്നാൽ, തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ പോത്തകുടി ഗ്രാമം ഒരുപടി കൂടി മുന്നോട്ട് പോയിരിക്കയാണ്. ഒരു അമ്മ പക്ഷിയുടെയും അതിന്റെ കുഞ്ഞുങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ അവർ ദിവസങ്ങളോളം തെരുവുവിളക്കുകൾ അണച്ച് ഇരുട്ടിൽ കഴിയുകയാണ് അവിടെ.  

പോത്തകുടി നിവാസിയായ കറുപ്പുരാജക്കാണ് തെരുവ് വിളക്കുകൾ പ്രവർത്തിപ്പിക്കുന്നതിന്റെ ചുമതല. ഒരുദിവസം അദ്ദേഹം പതിവ് പോലെ ലൈറ്റുകൾ തെളിയിക്കാനായി വന്നപ്പോൾ പ്രധാന സ്വിച്ച്ബോർഡിൽ നിന്ന് ഒരു ചെറിയ പക്ഷി പറന്നു പോകുന്നത് കണ്ടു. "എന്റെ വീടിന്റെ അടുത്താണ് 35 തെരുവ് വിളക്കുകൾക്കായുള്ള പ്രധാന സ്വിച്ച്ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. കുട്ടിക്കാലം മുതൽ ഞാൻ വൈകുന്നേരം ആറ് മണിക്ക് അവ ഓണാക്കുകയും രാവിലെ അഞ്ച് മണിക്ക് ഓഫാക്കുകയും ചെയ്യുന്നത് ഞാൻ തന്നെയാണ്. ഒരുദിവസം ഉച്ചതിരിഞ്ഞ് ഞാൻ എന്റെ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ, സ്വിച്ച്ബോർഡിനകത്തുനിന്നും ഒരു ചെറിയ നീലപ്പക്ഷി പറന്നുപോകുന്നത് കണ്ടു. നോക്കിയപ്പോൾ അതിനകത്ത് അത് കൂടുണ്ടാക്കുകയായിരുന്നു”കറുപ്പുരാജ പറയുന്നു. കുറച്ച് ദിവസം കഴിഞ്ഞു നോക്കിയപ്പോൾ കൂട്ടിൽ പച്ചയും നീലയും കലർന്ന മൂന്ന്‌ ചെറിയ മുട്ടകൾ‌ കാണാൻ ഇടയായി. തുടർന്ന് കൂട് സംരക്ഷിക്കാനായി അദ്ദേഹവും സുഹൃത്തുക്കളും വീട് തോറും കയറി ഇറഞ്ഞി മുട്ട വിരിയും വരെ തെരുവിളക്കുകൾ അണക്കുന്നതിന് അനുവാദം തേടി. ആദ്യമൊക്കെ പലരും മടിച്ചെങ്കിലും താമസിയാതെ എല്ലാവരും സമ്മതിച്ചു. അങ്ങനെ മുട്ടകൾ വിരിയും വരെ തെരുവ് വിളക്കുകൾ കത്തിക്കേണ്ടെന്ന് ഗ്രാമീണർ തീരുമാനിച്ചു.

കൂടാതെ, സ്വിച്ച് ബോർഡിൽ നിന്ന് അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും ഷോക്ക് ഏൽക്കുമോ എന്ന ഭയത്താൽ വൈദ്യതി ബന്ധം വിച്ഛേദിക്കാൻ പഞ്ചായത്തിനെ സമീപിച്ചു. ഗ്രാമീണരുടെ ഈ ആവശ്യം അധികൃതർ ആദ്യം ചിരിച്ചു തള്ളിയെങ്കിലും പിന്നീട് അവർ അതിന് സമ്മതിക്കുകയായിരുന്നു. "ലോക്ക്ഡൗൺ സമയത്ത്, താമസിക്കാൻ സ്ഥലമില്ലാതെ നിരവധി ആളുകൾ തെരുവുകളിൽ കഷ്ടപ്പെടുന്നത് ഞാൻ കണ്ടു. പക്ഷിക്ക് ഇതേ അവസ്ഥ വരാൻ ഞാൻ ആഗ്രഹിച്ചില്ല, വൈദ്യുതി ലൈൻ മുറിക്കാമെന്ന് ഞാൻ സമ്മതിച്ചു” പഞ്ചായത്ത് തലവൻ അർസുനൻ പറയുന്നു. പിന്നീട് സ്വിച്ച്ബോർഡിന്റെ പ്രധാന വയർ ഒരു ടേപ്പ് കൊണ്ട് ഗ്രാമീണർ കെട്ടി. കൂടാതെ, പഞ്ചായത്ത് അധികൃതർ വീടുതോറും പോയി ഇരുട്ടിൽ ജാഗ്രത പാലിക്കാൻ ഗ്രാമീണരെ ഉപദേശിക്കുകയും ചെയ്‌തു. ഇപ്പോൾ 40 ദിവസമായി അവർ ഇങ്ങനെ ഇരുട്ടിൽ കഴിയാൻ തുടങ്ങിയിട്ട്. ഫ്ലാഷ്‌ലൈറ്റുകളും മൊബൈൽ ഫോണുകളും ഉപയോഗിച്ചാണ് ഗ്രാമം ഇപ്പോൾ ഇരുട്ടിൽ വെളിച്ചം തെളിയിക്കുന്നത്.  

“ഒരു പക്ഷിയ്ക്ക് വേണ്ടി, ഗ്രാമത്തലവൻ തെരുവുവിളക്കുകൾ അണക്കുന്നുവെന്ന് കേട്ടപ്പോൾ, ഒരു തമാശയാണെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ, പക്ഷിയെ കണ്ടശേഷം എന്റെ ഹൃദയം അലിഞ്ഞു. ആ ദിവസം മുതൽ, കുഞ്ഞുങ്ങളെ ഞാൻ എല്ലാ ദിവസവും അവിടെ പോകും” പോത്തകുടിയിലെ മറ്റൊരു നിവാസിയായ മൂർത്തി പറഞ്ഞു. ഇപ്പോൾ ആ കൂട്ടിൽ കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കാം. ആരോഗ്യമുള്ള മൂന്ന് കുഞ്ഞുങ്ങൾ. അവയ്ക്ക് ചെറിയ ചിറകുകളും, തൂവലുകളും വന്നു തുടങ്ങി. പക്ഷികൾ കൂടുപേക്ഷിച്ചതിനുശേഷം മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കുകയുള്ളൂവെന്ന് പഞ്ചായത്ത് മേധാവികൾ പറഞ്ഞു. നന്മയുടെയും, കരുതലിന്റെയും പ്രതീകമായി മാറിയ പോത്തകുടി ഗ്രാമം, ആ പക്ഷി കുഞ്ഞുങ്ങൾ പറന്നുയരുന്നത് കാണാൻ കാത്തിരിക്കയാണ്.