Asianet News MalayalamAsianet News Malayalam

സംസ്‌കൃതം സംസാരിക്കുന്ന ഒരു ഗ്രാമം;  വീടു തോറും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍!

മാത്തൂരിലെ ചെറുപ്പക്കാരിൽ പലരും എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെഡിസിൻ പഠിക്കാൻ വിദേശത്തേക്ക് പോയിട്ടുണ്ട്. മാത്രമല്ല ഓരോ കുടുംബത്തിലും കുറഞ്ഞത് ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറെങ്കിലും ഉണ്ടെന്നത് ഗ്രാമത്തിന് അഭിമാനിക്കാവുന്ന കാര്യമാണ്. 

A  village where everyone speaks Sanskrit
Author
Karnataka, First Published Feb 25, 2020, 7:23 PM IST

നിങ്ങളോട് ഒരാള്‍ സംസ്‌കൃതത്തില്‍ സംസാരിച്ചാല്‍ നിങ്ങള്‍ എന്ത് പറയും? ഏത് നൂറ്റാണ്ടില്‍ നിന്നാ വരുന്നേ എന്നായിരിക്കും ആദ്യം മനസ്സില്‍ ഓര്‍ക്കുക. എന്നാല്‍ കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മാത്തൂര്‍ എന്ന ഗ്രാമത്തില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് സംസ്‌കൃതമല്ലാതെ മറ്റൊന്നും കേള്‍ക്കാന്‍ കഴിയില്ല. തുംഗ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ആ ഗ്രാമത്തില്‍ പച്ചക്കറി കച്ചവടക്കാരന്‍ മുതല്‍ ബ്രാഹ്മണര്‍ വരെ സംസാരിക്കുന്നത് സംസ്‌കൃതത്തിലാണ്. നമ്മുടെ രാജ്യം നാഗരികതയിലേയ്ക്കും, സാങ്കേതിക മികവിലേയ്ക്കും കുതിക്കുമ്പോള്‍ ഇവിടത്തുകാര്‍ പക്ഷേ ആധുനികതയോടൊപ്പം വേദകാലത്തിന്റെ തുടിപ്പുകളും അണയാതെ സൂക്ഷിക്കുന്നു. പൗരാണിക ഭാഷകളില്‍ ഏറ്റവും മഹത്തരമായ ഭാഷകളില്‍ ഒന്നാണ് സംസ്‌കൃതം. ദേവ ഭാഷയെന്നും ഇതിനെ പറയുന്നു. വേദങ്ങളും, പുരാണങ്ങളും, ഇതിഹാസങ്ങളും എല്ലാം രചിക്കപ്പെട്ടിട്ടുള്ളത് ഈ ഭാഷയിലാണ്. എന്നാല്‍ കാലം കടന്നു പോയപ്പോള്‍ ഈ ഭാഷയും നാമാവശേഷമാകാന്‍ തുടങ്ങി. ഇപ്പോള്‍ അത് വളരെ ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. എന്നാല്‍ മാത്തൂര്‍ മണ്മറഞ്ഞു പോയ ആ ഭാഷയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ്. വൈദിക ജീവിതശൈലി നയിക്കുന്ന പുരാതന ഗ്രന്ഥങ്ങള്‍ ചൊല്ലുകയും സംസ്‌കൃതത്തില്‍ സംസാരിക്കുകയും ചെയ്യുന്ന മാട്ടൂരിലെ ഗ്രാമീണര്‍ സംസ്‌കൃതത്തെ അളവറ്റ് സ്‌നേഹിക്കുന്നവരാണ്.

സംസ്‌കൃത ഭാഷയെ പ്രോത്സാഹിപ്പിക്കുന്ന സംസ്‌കൃത ഭാരതി എന്ന സംഘടന 1981 ല്‍ മാത്തൂരില്‍ 10 ദിവസത്തെ സംസ്‌കൃത വര്‍ക്ക്ഷോപ്പ് നടത്തിയപ്പോഴാണ് ഈ ഭാഷയോടുള്ള ഗ്രാമത്തിന്റെ പ്രണയം ആരംഭിച്ചത്. അക്കൂട്ടത്തില്‍ അടുത്തുള്ള ഉഡുപ്പിയിലെ പെജാവര്‍ മഠത്തിലെ സാധുവും പങ്കെടുക്കുകയുണ്ടായി. സംസ്‌കൃതം പഠിക്കാനുള്ള ആളുകളുടെ താല്പര്യം കണ്ട സാധു അത്ഭുതപ്പെട്ടു പോയി. വ്യക്തികളില്‍നിന്ന്, വീടുകളിലേക്ക്..അവിടെ നിന്ന് ഒരു ജനതയിലേയ്ക്ക്... ഒടുവില്‍ ഒരു ഗ്രാമം മുഴുവന്‍ സംസ്‌കൃതം സംസാരിക്കുന്ന ഒരു കാലം. അതായിരുന്നു മാത്തൂരിന്റെ സ്വപ്നം. മാത്തൂരിലെ നിവാസികള്‍ പൂര്‍ണഹൃദയത്തോടെ ആ വെല്ലുവിളി സ്വീകരിച്ചു. അങ്ങനെ ആ ഗ്രാമത്തിന്റെ പ്രാഥമിക ഭാഷ സംസ്‌കൃതമായി മാറുകയായിരുന്നു.

പരിപ്പും നെല്ലും ഒക്കെ കൃഷി ചെയ്യുന്ന ഒരു കാര്‍ഷിക ഗ്രാമമാണ് മാത്തൂര്‍. കേരളത്തില്‍ നിന്ന് കുടിയേറുകയും ഏകദേശം 600 വര്‍ഷം മുമ്പ് മാത്തൂരില്‍ സ്ഥിരതാമസമാക്കുകയും ചെയ്ത പുരാതന ബ്രാഹ്മണ സമൂഹമായ സങ്കേതികള്‍ ഇവിടെയാണ് താമസിക്കുന്നത്. സംസ്‌കൃതം കൂടാതെ, തമിഴ്, കന്നഡ, തെലുങ്കു എന്നിവയുടെ മിശ്രിതമായ സങ്കേതം എന്ന അപൂര്‍വ ഭാഷയും ഇവിടത്തുകാര്‍ സംസാരിക്കുന്നു. ഒരു സാധാരണ അഗ്രഹാരം പോലെ, മാത്തൂര്‍ ഗ്രാമം ചതുരാകൃതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിന് നടുക്ക് ഒരു ക്ഷേത്രവും, പാഠശാലയുമുണ്ട്. ഈ പാഠശാലയില്‍ വേദങ്ങള്‍ പഠിപ്പിക്കുന്നു. ഗ്രാമത്തിലെ മുതിര്‍ന്നവരുടെ ശ്രദ്ധാപൂര്‍വ്വമായ മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ അഞ്ചുവര്‍ഷത്തെ കോഴ്സ് അവിടെ പൂര്‍ത്തിയാക്കുന്നു.

ഇതെല്ലം കാണുമ്പോള്‍ അവര്‍ വെറും പഴഞ്ചരാണ് എന്ന് ചിന്തിക്കാന്‍ വരട്ടെ. ആധുനികതയും പൗരാണികതയും ഒരുപോലെ ഇഴപാകിയതാണ് അവരുടെ ജീവിതം. പാഠശാലയിലെ കുട്ടികള്‍ പഴയ സംസ്‌കൃത പനയോലകള്‍ ശേഖരിക്കുകയും കമ്പ്യൂട്ടറുകളില്‍ സ്‌ക്രിപ്റ്റ് വിപുലീകരിക്കുകയും ചെയ്യുന്നു. കേടായ പാഠ ഭാഗം ഇന്നത്തെ സംസ്‌കൃതത്തില്‍ മാറ്റിയെഴുതുകയും സാധാരണക്കാര്‍ക്ക് പ്രസിദ്ധീകരണങ്ങളുടെ രൂപത്തില്‍ ലഭ്യമാക്കുകയും ചെയ്യുന്നു. കാലങ്ങളായി, വിദേശത്തുനിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ ഭാഷ പഠിക്കുന്നതിനായി പാഠശാലയില്‍ താമസിക്കുകയും ക്രാഷ് കോഴ്‌സുകള്‍ക്ക് വിധേയരാകുകയും ചെയ്തു. പ്രായമായവര്‍ നദീതീരത്ത് വേദങ്ങള്‍ ഉച്ചരിക്കുന്നത് ഒരുപക്ഷേ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ഒരു അസാധാരണ കാഴ്ചയല്ല. എന്നാല്‍ ബൈക്കുകളില്‍ റേസ് ചെയ്ത് കൈയിലുള്ള മൊബൈല്‍ ഫോണില്‍ സുഹൃത്തിനോട് സംസ്‌കൃതത്തില്‍ സംസാരിക്കുന്ന യുവാക്കളെ ഇവിടെ മാത്രമായിരിക്കും കാണാന്‍ സാധിക്കുക. മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്ന ചെറിയ കുട്ടികള്‍ പോലും സംസാരിക്കുന്നത് സംസ്‌കൃതത്തിലാണ്. 

മറ്റൊരു രസകരമായ കാഴ്ച മത്തൂരിലെ വീടുകളിലെ ചുമരുകളില്‍ കാണുന്ന സംസ്‌കൃത ഗ്രാഫിറ്റിയാണ്. സംസ്‌കൃതത്തിലെ പുരാതന ഉദ്ധരണികള്‍ അവര്‍ വീടുകളിലെ ചുവരുകളില്‍ എഴുതി വയ്ക്കുന്നു. ''നിങ്ങള്‍ക്ക് ഈ വീട്ടില്‍ സംസ്‌കൃതം സംസാരിക്കാം'' എന്ന വാചകങ്ങള്‍ അവിടത്തെ ചില വീടുകളില്‍ അഭിമാനപൂര്‍വ്വം തൂക്കിയിട്ടിരിക്കുന്നതും കാണാം.

മാത്തൂരിലെ സ്‌കൂളുകള്‍ക്ക് ജില്ലയിലെ മികച്ച അക്കാദമിക് റെക്കോര്‍ഡുകള്‍ ഉണ്ട്. അധ്യാപകര്‍ പറയുന്നതനുസരിച്ച്, സംസ്‌കൃതം വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതത്തിലും യുക്തിയിലും അഭിരുചി വളര്‍ത്താന്‍ സഹായകമാണ്. മാത്തൂരിലെ ചെറുപ്പക്കാരില്‍ പലരും എഞ്ചിനീയറിംഗ് അല്ലെങ്കില്‍ മെഡിസിന്‍ പഠിക്കാന്‍ വിദേശത്തേക്ക് പോയിട്ടുണ്ട്. മാത്രമല്ല ഓരോ കുടുംബത്തിലും കുറഞ്ഞത് ഒരു സോഫ്്റ്റ് വെയര്‍ എഞ്ചിനീയറെങ്കിലും ഉണ്ടെന്നത് ഗ്രാമത്തിന് അഭിമാനിക്കാവുന്ന കാര്യമാണ്. കുവേംപു, ബെംഗളൂരു, മൈസൂര്‍, മംഗലാപുരം സര്‍വകലാശാലകളില്‍ പഠിപ്പിക്കുന്ന മുപ്പതിലധികം സംസ്‌കൃത പ്രൊഫസര്‍മാര്‍ മാത്തൂരിന്റെ സംഭാവനയാണ്. 

നമ്മുടെ രാജ്യത്ത് ആകെ ജനസംഖ്യയുടെ 1% ല്‍ താഴെ മാത്രമാണ് ആളുകള്‍ സംസ്‌കൃതം സംസാരിക്കുന്നത്. എന്നാല്‍ മാത്തൂരിലെ ഗ്രാമീണര്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ സംസ്‌കൃതം ഉപയോഗിക്കുന്നു എന്ന് മാത്രമല്ല, അത് പഠിക്കാന്‍ താല്‍പ്പര്യമുള്ള ആര്‍ക്കും അത് പഠിപ്പിക്കാന്‍ അവര്‍ തയ്യാറാറുമാണ് എന്നതാണ് അവരെ ഇത്രമാത്രം സവിശേഷമാക്കുന്നത്. അവരുടെ പ്രശംസനീയമായ ശ്രമം വരും വര്‍ഷങ്ങളില്‍ ഈ പുരാതന ഭാഷയെക്കുറിച്ചുള്ള അറിവ് സജീവമായി നിലനിര്‍ത്താന്‍ സഹായിക്കും എന്ന് പ്രതീക്ഷിക്കാം. 


 

Follow Us:
Download App:
  • android
  • ios