Asianet News MalayalamAsianet News Malayalam

അങ്ങനെയാണ് അവര്‍ണ്ണ സ്ത്രീകള്‍ പന്തളത്ത് മൂക്കുത്തി ധരിച്ചുതുടങ്ങിയത്

1858 - ലാണ് 'അച്ചിപ്പുടവ' വിപ്ലവം നടക്കുന്നത്. കല്ലിശ്ശേരി വേലായുധൻ സവർണ മേധാവികളുടെ പേടിസ്വപ്നം ആവുന്നത് അക്കാലത്താണ്. അന്നത്തെ കാലത്ത് താഴ്ന്ന ജാതിയിൽ പെട്ട സ്ത്രീകൾ വസ്ത്രം ധരിക്കുമ്പോൾ മുട്ടിനു കീഴെ മറയാൻ പാടില്ലായിരുന്നുവത്രെ.

about kallissery velayudha chekavar
Author
Thiruvananthapuram, First Published Oct 8, 2018, 6:20 PM IST

ഇടപ്പള്ളി രാജാവിന്‍റെ പുത്രൻ വഴിനടക്കുന്ന സമയത്ത് അയിത്ത ജാതിക്കാർ തീണ്ടാപ്പാടകലെ മാറണമെന്നും അതിനായി 'ഹോയ്' വിളിച്ചുകൊണ്ട് ഒരു സേവകൻ മുന്നേ പോകുമെന്നും ഒരു രീതിയുണ്ടായിരുന്നു. ഇത് തെറ്റിക്കുന്നവർക്ക് ഭീകരമായ മർദന മുറയാണ് നേരിടേണ്ടി വന്നിരുന്നത്. ഒരിക്കൽ രാജപുത്രനായ രാമന്‍ മേനോൻ ഹോയ് വിളികളോടെ വഴി സഞ്ചാരം ചെയ്യുന്ന സമയത്തു പണിക്കരും കൂട്ടരും എതിർ ദിശയിൽ വരുന്നുണ്ടായിരുന്നു. തന്റെ കൂട്ടുകാരോട് അതിലുമുച്ചത്തിൽ 'ഹോയ്' വിളിക്കാൻ പണിക്കർ ആവശ്യപ്പെട്ടു. തുടർന്ന് ഇരുസംഘവും തമ്മിൽ സംഘട്ടനമുണ്ടാവുകയും രാമൻ മേനോനെയും കൂട്ടരെയും വയലിൽ തള്ളി പണിക്കരും കൂട്ടരും കടന്നു പോകയും ചെയ്തു. അജിത്. ആര്‍ എഴുതുന്നു. 

about kallissery velayudha chekavar

കല്ലിശ്ശേരി വേലായുധചേകവർ അഥവാ ആറാട്ടുപുഴ വേലായുധപ്പണിക്കരെ, അദ്ദേഹത്തെ പോലുള്ള അനേകരെ മറക്കരുത്!
ഹൈന്ദവ ഐക്യത്തിന്‍റെ പുകമറയിൽ ആര്യമേധാവിത്വം ശബരിമലയിൽ സ്ഥാപിച്ചെടുക്കാൻ പാടുപെടുന്ന ആളുകളെ കണ്ടപ്പോൾ ആ പഴയകാലം ഓർക്കാതിരിക്കാൻ ആവില്ല. ഒരു തുണ്ടു തുണിയും, ഒരു കൊച്ചു മൂക്കൂത്തിയും സവർണർക്ക് മാത്രമാവകാശപ്പെട്ട ആ പഴയകാലം. അവിടെയൊരു വെള്ളിവെളിച്ചം പോലെ സവർണ മേധാവിത്വത്തിനെതിരെ ഗർജ്ജിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കരെന്ന ധീര സേനാനിയുടെ വിപ്ലവഗാഥ. ഇന്നും, കൃത്യമായ പഠനങ്ങളോ സമാഹരണങ്ങളോ ഇല്ലാതെ പോയ ഒരു മനുഷ്യസ്നേഹിയുടെ കഥ. 

ആ പെൺകുട്ടിയുടെ മൂക്കുത്തി മാംസത്തോടോപ്പം ബലമായി പറിച്ചെടുത്തു

ആയിരത്തി എണ്ണൂറ്റി അറുപതു കാലത്താണ് പന്തളത്തു 'മൂക്കുത്തി വിപ്ലവം' അരങ്ങേറുന്നത്. അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയനുസരിച്ച് ഓരോ ജാതിയിൽ പെട്ട ജനവിഭാഗത്തിനും ധരിക്കാവുന്ന വസ്ത്രത്തിനും ആഭരണങ്ങൾക്കും ഒക്കെ നിബന്ധനകൾ ഉണ്ടായിരുന്നു. അതിൽ മൂക്കൂത്തി ധരിക്കാനുള്ള അവകാശം സവർണരായ ഹൈന്ദവ സ്ത്രീകൾക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു. എന്നാൽ, ഒരു ഈഴവ പെൺകുട്ടി മൂക്കൂത്തി ധരിക്കുകയും അതുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുകയും ചെയ്തു.

സവർണ മേധാവികൾ ഇക്കാരണത്താൽ പ്രകോപിതരാവുകയും ആ പെൺകുട്ടിയുടെ മൂക്കുത്തി മാംസത്തോടോപ്പം ബലമായി പറിച്ചെടുത്തു നിലത്തിട്ടു ചവിട്ടിയരക്കപ്പെടുകയും ചെയ്തു. എന്നാൽ, ആ തെമ്മാടിക്കൂട്ടത്തിന്‍റെ നിലതെറ്റിച്ച സംഭവങ്ങളാണ് പിന്നീട് അവിടെ അരങ്ങേറിയത്. ആജാനബാഹുവായ ഒരു യുവ യോദ്ധാവും അയാളുടെ കൂട്ടരും പന്തളത്തെത്തിയതും ആ ദേശത്തെ സവർണർ അല്ലാത്ത സ്ത്രീകളെയെല്ലാം യോദ്ധാക്കൾ ഒപ്പം കൊണ്ടുവന്ന ഒരു വലിയ കിഴി നിറയെ ഉണ്ടായിരുന്ന സ്വർണ മൂക്കൂത്തിയണിയിച്ചു. ആദ്യം, പ്രത്യാക്രമണം നടത്താൻ തുനിഞ്ഞ തെമ്മാടിക്കൂട്ടം ആ യോദ്ധാവിന്‍റെ പേര് കേട്ട മാത്രയിൽ പിന്നിലേക്ക് വലിഞ്ഞുവെന്നാണ് വാമൊഴി പഴക്കം. കുറച്ചു ദിവസം പന്തളത്തു തന്നെ തങ്ങി ഇനിയാരും മൂക്കുത്തി ധരിച്ചവരെ ഉപദ്രവിക്കില്ല എന്നുറപ്പ് വരുത്തിയിട്ട് മാത്രമേ അവർ മടങ്ങിയുള്ളൂ. 

ആരായിരുന്നു അയാൾ?
ആറാട്ട്പുഴ വേലായുധപ്പണിക്കർ എന്ന പ്രശസ്തനായ കല്ലിശ്ശേരി വേലായുധ ചേകവർ ആയിരുന്നു അത്. അദ്ദേഹത്തിന്റെ പശ്ചാത്തലം ഒന്നു നോക്കാം.

ആറാട്ടുപുഴ വലിയക്കടവ് കുടുംബത്തിലെ ഇളമുറക്കാരനായിരുന്നു വേലായുധ ചേകവർ എന്ന വേലായുധ പണിക്കർ. ഇരുപത്തിരണ്ടാം വയസിൽ തറവാടും സ്വത്തും അടക്കം ഭരണമേറ്റെടുക്കുമ്പോൾ പണിക്കരുടെ കുടുംബം ആ ദേശത്തെ ഏറ്റവും ധനാഢ്യരായ കുടുംബവുമായിരുന്നു. പക്ഷെ, പണിക്കർ ഒരു മാടമ്പി തമ്പുരാനായി വാഴാനല്ല മറിച്ച് തന്റെ ചുറ്റുവട്ടത്ത് കണ്ട അനീതിയും, അക്രമവും, അസമത്വവും ചോദ്യം ചെയ്യാനാണ് ശ്രമിച്ചതെന്നത് കൊണ്ടാണ് അദ്ദേഹം വ്യത്യസ്തനാകുന്നത്. നന്നേ ചെറുപ്പത്തിലേ മലയാളം തമിഴ് സംസ്കൃത ഭാഷകളും കായിക അഭ്യാസമുറകളും അഭ്യസിച്ച പണിക്കർ അറിയപ്പെടുന്ന അഭ്യാസിയായി വളർന്നതും പെട്ടെന്നായിരുന്നു. തന്‍റെ സന്തത സഹചാരികളായ കുറച്ചു ചെറുപ്പക്കാരെ കൂടി അഭ്യാസികളായി വളർത്തിയെടുത്തു കൊണ്ട് ചോദ്യം ചെയ്യപ്പെടാൻ ആവാത്ത ഒരു ശക്തിയായി പണിക്കർ ആറാട്ട് പുഴയിൽ മാറിയിരുന്നു.

സവർണര്‍ ആ സ്ത്രീയെ ആക്രമിച്ചു, വസ്ത്രം വലിച്ചു കീറി

1858 - ലാണ് 'അച്ചിപ്പുടവ' വിപ്ലവം നടക്കുന്നത്. കല്ലിശ്ശേരി വേലായുധൻ സവർണ മേധാവികളുടെ പേടിസ്വപ്നം ആവുന്നത് അക്കാലത്താണ്. അന്നത്തെ കാലത്ത് താഴ്ന്ന ജാതിയിൽ പെട്ട സ്ത്രീകൾ വസ്ത്രം ധരിക്കുമ്പോൾ മുട്ടിനു കീഴെ മറയാൻ പാടില്ലായിരുന്നുവത്രെ. '' അച്ചിപ്പുടവ '' അഥവാ മാറു മുതൽ കണങ്കാല് വരെ എത്തുന്ന ഇരട്ട വസ്ത്രത്തിനു സവർണ സ്ത്രീകൾക്ക് മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ. സവർണയല്ലാത്ത ഒരു സ്ത്രീ അച്ചിപ്പുടവ ധരിച്ചു കുമ്പളം ചന്തയിലെത്തിയതോടെ ആണ് 'അച്ചിപ്പുടവ വിപ്ലവം' ആരംഭിക്കുന്നത്. സവർണര്‍ ആ സ്ത്രീയെ ആക്രമിക്കുകയും അവരുടെ വസ്ത്രം വലിച്ചു കീറി കുമ്പളം ചന്തയിൽ അവരെ പരസ്യമായി പ്രദർശിപ്പിച്ച് അപമാനിക്കുകയും ചെയ്തു. നിരാശ്രയരും നിരായുധരുമായ അവർണർക്ക് പ്രതികരിക്കാൻ പോലുമായില്ല. 

കല്ലിശ്ശേരി തറവാട്ടിലും വിവരമെത്തി. ചെറുപ്പക്കാരനായ കല്ലിശ്ശേരി കാരണവർ വേലായുധചേകവരുടെ രോഷം അണപൊട്ടിയൊഴുകി അദ്ദേഹവും കൂട്ടരും  കുമ്പളത്തേക്ക് തിരിച്ചു. കിട്ടാവുന്നത്ര മേൽമുണ്ടുകൾ സംഭരിച്ചു കുമ്പളത്തെത്തിയ വേലായുധപ്പണിക്കർ ആ സ്ത്രീയെ അക്രമിച്ചവരെയും കൂട്ടുനിന്നവരെയും കായികമായി തന്നെ ആക്രമിക്കുകയും തങ്ങൾ കൊണ്ടുവന്ന മേൽമുണ്ടുകൾ അവിടെ വിതരണം ചെയ്യുകയും ചെയ്തു. കുമ്പളത്തെ സകല അവർണ സ്ത്രീകൾക്കും മേലിൽ മേൽവസ്ത്രം ധരിക്കാതെ പൊതു സ്ഥലത്തു പ്രത്യക്ഷപ്പെടരുതെന്ന് ഉത്തരവിറക്കാനും പണിക്കർ തയാറായി. പണിക്കരുടെ ആജ്ഞ ചോദ്യം ചെയ്യാനുള്ള തന്റേടവും ചങ്കുറപ്പും അന്നത്തെ സവർണ മേധാവികൾക്ക് ഇല്ലായിരുന്നു.

ഇത് തെറ്റിക്കുന്നവർക്ക് ഭീകരമായ മർദന മുറയാണ് നേരിടേണ്ടി വന്നിരുന്നത്

താഴ്ന്ന സമുദായക്കാർക്ക് ക്ഷേത്രപ്രവേശനം സാധ്യമല്ലാതിരുന്ന അക്കാലത്താണ് അവർക്കായി ഒരു ക്ഷേത്രം വേണ്ടതുണ്ട് എന്ന് പണിക്കർ തീരുമാനമെടുക്കുന്നത്. വേഷം മാറി വൈക്കത്തമ്പലത്തിൽ പോയി താമസിച്ച് ക്ഷേത്രങ്ങളുടെ നിർമാണവും നടത്തിപ്പ് രീതിയും പഠിച്ചു തിരികെ വന്ന പണിക്കർ സ്ഥാപിച്ച ക്ഷേത്രമാണ് മംഗലത്ത് ഇടയ്ക്കാട് ശിവക്ഷേത്രം. അങ്ങനെ സവർണ മേധാവിത്വത്തെ സകല രീതിയിലും ചോദ്യം ചെയ്തുകൊണ്ട് പണിക്കർ സാമൂഹിക സമത്വത്തിലേക്ക് ആറാട്ടുപുഴയേയും പരിസരത്തെയും നയിച്ചത്. അരുവിപ്പുറത്തു ശ്രീനാരായണഗുരു ഈഴവ ശിവ പ്രതിഷ്ഠ നടത്തുന്നത് അതിനും മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടാണെന്നത് ശ്രദ്ധേയമാണ്.

അന്നത്തെ ആ തൊഴിലാളി സമരം

കേരളത്തിലെ ആദ്യത്തെ തൊഴിലാളി സമരവും പണിക്കരുടെ നേതൃത്വത്തിൽ ആയിരുന്നു എന്നത് മറ്റൊരു വിസ്മയിപ്പിക്കുന്ന സത്യമാണ്. 1866 ആണ് അതിനു നിദാനമായ സംഭവമുണ്ടാകുന്നത്. കായംകുളം പത്തിയൂരിൽ മേൽമുണ്ട് ധരിച്ചു വയൽവരമ്പിലൂടെ ഒരു അവർണ സ്ത്രീ നടന്നത് സവർണ പ്രഭുക്കളെ കുപിതരാക്കി. അവർ ആ സ്ത്രീയെ അധിക്ഷേപിക്കുകയും അവരുടെ വസ്ത്രത്തിൽ മുറുക്കി തുപ്പുകയും ചെയ്തു. ഈ വിവരം പണിക്കരെ പ്രകോപിതനാക്കി എന്ന് മാത്രമല്ല ഇനി അവർത്തിക്കാത്ത വിധം ഇതവസാനിപ്പിക്കണം എന്നും അദ്ദേഹം തീരുമാനിച്ചു. ആ ദേശത്തെ തൊഴിലാളികളോട് ഇനിയൊരു സന്ധി ഉണ്ടാകും വരെ തൊഴിലിൽ നിന്ന് വിട്ടു നിൽക്കാൻ പണിക്കർ ആഹ്വനം ചെയ്തു. അത്രയും കാലത്തെ അവരുടെ ഭക്ഷണത്തിനും മറ്റുമുള്ള വക അദ്ദേഹം തന്നെ അവർക്ക് നൽകാമെന്നും ഉറപ്പ് നൽകി. തൊഴിലാളികൾ ഒന്നടങ്കം തൊഴിലിൽ നിന്ന് വിട്ടു നിൽക്കുകയും അതോടെ ജന്മിമാരായ സവർണർക്ക് വരുമാനം ഇല്ലാതാവുകയും ചെയ്തു. പുറത്തു നിന്നും ആളുകളെ സംഘടിപ്പിക്കാൻ നടത്തിയ ശ്രമവും പണിക്കർ തടഞ്ഞതോടെ ജന്മിമാർ നിവൃത്തികെട്ടു. ഒരുവിൽ പരസ്യമായി മാപ്പു പറഞ്ഞ് അവർ തടിയൂരി. അങ്ങനെ ആദ്യത്തെ പണിമുടക്ക് സമരവും വിജയിപ്പിച്ചെടുക്കാൻ പണിക്കർക്ക് കഴിഞ്ഞു. 

ഇടപ്പള്ളി രാജാവിന്‍റെ പുത്രൻ വഴിനടക്കുന്ന സമയത്ത് അയിത്ത ജാതിക്കാർ തീണ്ടാപ്പാടകലെ മാറണമെന്നും അതിനായി 'ഹോയ്' വിളിച്ചുകൊണ്ട് ഒരു സേവകൻ മുന്നേ പോകുമെന്നും ഒരു രീതിയുണ്ടായിരുന്നു. ഇത് തെറ്റിക്കുന്നവർക്ക് ഭീകരമായ മർദന മുറയാണ് നേരിടേണ്ടി വന്നിരുന്നത്. ഒരിക്കൽ രാജപുത്രനായ രാമന്‍ മേനോൻ ഹോയ് വിളികളോടെ വഴി സഞ്ചാരം ചെയ്യുന്ന സമയത്തു പണിക്കരും കൂട്ടരും എതിർ ദിശയിൽ വരുന്നുണ്ടായിരുന്നു. തന്റെ കൂട്ടുകാരോട് അതിലുമുച്ചത്തിൽ 'ഹോയ്' വിളിക്കാൻ പണിക്കർ ആവശ്യപ്പെട്ടു. തുടർന്ന് ഇരുസംഘവും തമ്മിൽ സംഘട്ടനമുണ്ടാവുകയും രാമൻ മേനോനെയും കൂട്ടരെയും വയലിൽ തള്ളി പണിക്കരും കൂട്ടരും കടന്നു പോകയും ചെയ്തു.

എന്നാൽ, ഇക്കാര്യം കോടതിയും വ്യവഹാരമാവുകയും പണിക്കാർക്കും കൂട്ടർക്കും ഒരു വർഷം തടവ് ലഭിക്കയും ചെയ്തു. കോടതി ഉത്തരവ് മാനിച്ച പണിക്കർ കൊല്ലത്തെ ജയിലിൽ ഒരു വർഷം തടവ് അനുഭവിച്ചു. പക്ഷെ, സവര്‍ണ മേധാവികളെ ഞെട്ടിച്ചു കൊണ്ട് മുത്തുക്കുടയും മേളവുമായി പതിനായിരക്കണക്കിന് വരുന്ന നാട്ടുകാർ അതിലേറെയും, അച്ചിപ്പുടവ ധരിച്ച മൂക്കൂത്തിയിട്ട സ്ത്രീകൾ തന്നെ അദ്ദേഹത്തെ സ്വീകരിക്കുകയും ഘോഷയാത്രയായി നാട്ടിലേക്ക് തിരികെ ആനയിക്കയും ചെയ്തു. ഇക്കാര്യം സവർണ മേധാവികളെ ഞെട്ടിച്ചു. പണിക്കരോട് നേരിടാൻ അവർക്ക് നേരത്തെ ഉണ്ടായിരുന്ന ഭയം ഈ ജനസമ്മതി കണ്ടു ഇരട്ടിയാവുകയാണുണ്ടായത്. 

തന്റെ സഹോദരിയെ തന്നെ അന്യജാതിക്കാരന് വിവാഹം ചെയ്തു കൊടുത്ത പണിക്കർ മിശ്രവിവാഹവും പ്രചരിപ്പിക്കാൻ ശ്രമിച്ചു. അർഹതപ്പെട്ടവർക്ക് എന്ത് സഹായവും ഏതു സമയവും കല്ലിശ്ശേരി തറവാട്ടിൽ നിന്ന് ലഭ്യക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പണിക്കർ ശക്തിമാനായി വാഴുമ്പോഴും എതിരാളികൾ തക്കം പാർത്തിരിക്കുകയായിരുന്നു

ഒരിക്കൽ ജയിൽ വിധിച്ച തിരുവിതാംകൂർ മഹാരാജാവിൽ നിന്നും വീരശൃംഖല വാങ്ങിക്കൊണ്ടാണ് പിന്നീട് പണിക്കർ ശ്രദ്ധേയനായത്. മുറജപത്തിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ സാളഗ്രാമം തട്ടിയെടുത്തുകൊണ്ടു കായംകുളത്തെ കായലിൽ കൊള്ളക്കാർ രാജാവിനെ വെല്ലുവിളിച്ച സമയത്തു അവരെ കണ്ടെത്താനോ സാളഗ്രാമം തിരികെ നേടാനോ കഴിയാതെ പോയ രാജാവിന് ഒടുവിൽ പണിക്കരെ തന്നെ ആ ദൗത്യം ഏൽപ്പിക്കേണ്ടി വന്നു. കൊള്ളക്കാരെ കണ്ടെത്തി സാളഗ്രാമം പിടിച്ചെടുത്തു കുറ്റവാളികൾക്കൊപ്പം രാജസന്നിധിയിൽ എത്തിച്ചു പണിക്കർ കരുത്തുകാട്ടി. രാജാവ് സ്വന്തം കൈകൾ കൊണ്ട് വീര ശൃംഖലയും തലമുറകൾക്ക് പണിക്കർ സ്ഥാനം ഉപയോഗിക്കാനുള്ള അനുവാദവും നൽകി പണിക്കരെ ബഹുമാനിച്ചു തിരിച്ചയച്ചു എന്നാണ് പറയുന്നത്!

ഇങ്ങനെ പണിക്കർ ശക്തിമാനായി വാഴുമ്പോഴും എതിരാളികൾ തക്കം പാർത്തിരിക്കുകയായിരുന്നു. 1874 ൽ തണ്ടുവള്ളത്തിൽ കൊല്ലത്തേക്ക് പോയ പണിക്കരെ ഉറക്കത്തിൽ ആക്രമിച്ചു കൊലപ്പെടുത്തി അവർ പ്രതികാരം നിർവഹിക്കുക തന്നെ ചെയ്തു. ചതിയിൽ ആ കൃത്യം ചെയ്തവരിൽ ചിലരെ ആറാട്ടുപള്ളിയിലെ ജനങ്ങൾ തന്നെ പിന്നീട് കൊലപ്പെടുത്തിയെന്നും അവരുടെ കുടുംബങ്ങളെ ഒറ്റപ്പെടുത്തിയെന്നും വാമൊഴിപ്പഴക്കം.

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം തന്നെ തെല്ലൊന്നുമല്ല പ്രചോദിപ്പിച്ചതെന്ന് ശ്രീനാരായണ ഗുരു തന്നെ പറഞ്ഞിട്ടുണ്ട്. പണിക്കരുടെ മക്കളും ശ്രീനാരായണ ഗുരുവും വരണപ്പള്ളിയിൽ സംസ്കൃത ഉപരിപഠന കാലത്തു സതീർഥ്യരുമായിരുന്നു.

അങ്ങനെ അറിയപ്പെടുന്നവരും, അറിയപ്പെടാത്തവരുമായ അനേകമനേകം മനുഷ്യസ്നേഹികളുടെയും, പുരോഗമനവാദികളുടെയും ജീവൻ പകരം കൊടുത്ത് നേടിയെടുത്ത സാമൂഹ്യപുരോഗതികൾ ഒറ്റയടിക്ക് നിഷേധിച്ചു കൊണ്ട് ഞങ്ങൾക്ക് അടിമത്തം മതിയെന്നും പാരമ്പര്യത്തിനെ മുറുകെ പിടിക്കുന്നു എന്ന് വാശിപിടിക്കുകയും ചെയ്യുന്നവരോട് ഒരു വാക്ക്,

നിങ്ങൾ ധരിച്ചിരിക്കുന്ന ഈ വസ്ത്രത്തിനും നിങ്ങളുടെ ആഭരണങ്ങൾക്കും അതണിയാനുള്ള അവകാശത്തിനും വേലായുധപ്പണിക്കരെ പോലെ അനേകമനേകം ആളുകളുടെ ചോരയുടെ, ജീവന്‍റെ, ത്യാഗത്തിന്റെ കഥകളുണ്ട്. അടിച്ചൊതുക്കാൻ ശ്രമിച്ച സവർണ്ണ മാടമ്പിമാർ ഇന്ന് അവരുടെ അജണ്ടകൾ നടപ്പാക്കാൻ നിങ്ങളെ ആയുധമാക്കുമ്പോൾ നാണംകെട്ട അടിമത്തത്തിലേക്ക് വഴിമാറി നടക്കാതെ അതൊക്കെ തിരിച്ചറിഞ്ഞു അവരെ ചോദ്യം ചെയ്യാൻ നിങ്ങൾക്കാവില്ലെങ്കിൽ ആ നന്ദികേടിന് കാലം നിങ്ങളോടു കണക്ക് ചോദിച്ചിരിക്കും.


(റെഫറന്‍സ്: 'ആറാട്ടുപുഴ വേലായുധപ്പണിക്കർ' - വേലായുധൻ പണിക്കശ്ശേരി - പ്രസാധകർ, കറന്റ് ബുക്ക്സ് ,
'ആറാട്ടുപുഴ വേലായുധപ്പണിക്കർ ചരിത്രത്തിലെ വിപ്ലവപ്രതിഷ്ഠ' - സതീഷ് ഗോപി ദേശാഭിമാനി ഡോട്ട് കോം 
മറ്റു പല ചരിത്ര പുസ്തകങ്ങളും ഓൺലൈൻ ബ്ലോഗുകളും )

 

വര: ഗോപികൃഷ്ണന്‍

Follow Us:
Download App:
  • android
  • ios