'വേവിക്കാറുണ്ടെരുതിനെ
മൂവഞ്ചി,രൂപതൊപ്പം മേ
തിന്നുമതു; തടിക്കും ഞാ
നെന്നുടെ രണ്ടു ഭരവും' 

(ഋഗ്വേദം, മണ്ഡലം 10, സൂക്തം 86, വള്ളത്തോള്‍ വിവര്‍ത്തനം, ശ്രേയസ് ഡിജിറ്റല്‍ ലൈബ്രറി)

യാഗങ്ങളില്‍ വേവിച്ച് വെക്കാറുള്ള പതിനഞ്ചും ഇരുപതും കാളകള്‍ തിന്ന് ഇരു വയറുകളും നിറയ്ക്കാറുണ്ടെന്ന് ഇന്ദ്രന്‍ പറയുന്നതാണ് ഋഗ്വേദത്തിലെ രംഗം.  

എന്നാല്‍ പത്ത് രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷം വേദങ്ങളും ബ്രാഹ്മണങ്ങളും അധികരിച്ച് ഇതേ കാര്യം സൂചിപ്പിച്ച ഒരു യൂണിവേഴ്‌സിറ്റി പ്രഫസര്‍ക്കെതിരെ ദിനംപ്രതി വധഭീഷണികളായിരുന്നു. അധികമാരും കേട്ടിട്ടില്ലാത്ത ദില്ലിയിലെ സി ബി പബ്ലിഷേര്‍സ് 2001ല്‍  പുറത്തിറക്കിയ 'ദി മിത്ത് ഓഫ് ദി ഹോളി കൗ' എന്ന പുസ്തകത്തിന്റെ രചയിതാവായ ഡി എന്‍ ഝായ്‌ക്കെതിരെയായിരുന്നു സംഘപരിവാറിന്റെ പോര്‍വിളി. എഴുത്തുകാരനെയും പ്രസാധകനെയും അറസ്റ്റ് ചെയ്യണം എന്ന് പറഞ്ഞ ബി ജെ പിയും രംഗത്ത് വന്നു. ഝായ്ക്ക് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലേക്ക് പോകാന്‍ പൊലീസ് അകമ്പടി വേണ്ടിവന്നു. 

മതാത്മകതയിലൂന്നിയ പച്ചക്കറി രാഷ്ട്രീയത്തിന്റെ പ്രശ്‌നം ഇതാണ്. പുഴുവും വിസര്‍ജ്യവും ജലവും വായും സൂര്യനും മണ്ണുമൊക്കെ ചേര്‍ന്ന് ഒരു പടവലം ഉണ്ടായിക്കഴിയുമ്പോഴേക്കും, പടവലം മാത്രം മതി എന്നാവും. അതിന്റെ ചരിത്രം വേണ്ട. അത് ഇച്ചീച്ചിയാവും. പിന്നെ പടവലത്തില്‍ പിടിച്ച് ഒരു പിന്നോക്ക ചരിത്ര നിര്‍മിതിയാണ്. 

ബീഫ് ഫെസ്റ്റിവല്‍ അടുത്തകാലത്തു നടന്ന ഏറ്റവും സാംഗത്യമുള്ള ഇടതുപക്ഷ ഇടപെടല്‍ ആണ്

ബീഫ് ഫെസ്റ്റിവല്‍ എന്ന ഇടപെടല്‍ 
കാളയിറച്ചിയുടെ ഭൂതഭാവിവര്‍ത്തമാനങ്ങള്‍ എത്തിനില്‍ക്കുന്ന സന്ധി ഇതാണ്. പ്രഭുല്‍ ബിദ്വായിയുടെ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്. ഇന്ത്യയില്‍ ഒരു വര്‍ഷം അറുക്കുന്ന ഒരു കോടി കന്നുകാലികള്‍ അഞ്ച് വര്‍ഷം കൂടി ജീവിക്കുന്നു എന്നിരിക്കട്ടെ, രാജ്യത്തിന് നിലവിലുള്ളതിനെക്കാളും ഇരട്ടി സ്ഥലം ഇവയ്ക്ക് മേയാനായി വേണം. കറവയ്ക്ക് യോഗ്യമല്ലാത്ത പശുക്കളെ പോറ്റാന്‍ സാധാരണ കര്‍ഷകര്‍ നിര്‍ബന്ധിതമാവുന്നതോടെ പാല്‍ വില വര്‍ദ്ധിക്കും. തോല്‍ ഉല്‍പാദനം നിലയ്ക്കുന്നതില്‍ നിന്നുള്ള വാര്‍ഷിക നഷ്ടം നൂറ് കോടിയോളം. കന്നുകാലി കൃഷി, വിപണി, തോലുല്‍പ്പാദനം എന്നീ മേഖലകളിലുള്ള 15 ലക്ഷത്തോളം ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാവും. അതുകൊണ്ട് തന്നെ ബീഫ് ഫെസ്റ്റിവല്‍ അടുത്തകാലത്തു നടന്ന ഏറ്റവും സാംഗത്യമുള്ള ഇടതുപക്ഷ ഇടപെടല്‍ ആണ്. ഇതൊരു തീന്‍മേശ സമരം മാത്രമല്ല, വ്യക്തി സ്വാതന്ത്ര്യം, തൊഴില്‍ സ്വാതന്ത്ര്യം, ഇഷടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയ്ക്കുവേണ്ടിയുള്ള ഒരു സമരം കൂടിയാണ്. 

നുണകളുടെ മറുവശം
ഗുജറാത്ത് അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ എടുത്ത ഗോവധനിരോധന നിയമം മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഒരു മാതൃക രേഖയായി സ്വീകരിക്കാമോ എന്ന് അന്വേഷിച്ച് മോദി സര്‍ക്കാര്‍ നേരത്തെ നിയമമന്ത്രാലയത്തിന് അയച്ച കത്തില്‍ ഭരണഘടനയുടെ 48ാം ആര്‍ട്ടിക്കിള്‍ സൂചിപ്പിച്ചിരുന്നു. 'ശാസ്ത്രീയമായരീതിയില്‍ കൃഷിയും കന്നുകാലി വളര്‍ത്തലും നടത്തുക; അവയുടെ വംശശുദ്ധി പരിപോഷിപ്പിക്കുക; ഗോവധം നിരോധിക്കുക; അതോടൊപ്പംതന്നെ ഉഴവു മാടുകളുടെയും മറ്റു കിടാരികളുടെയും വധവും നിരോധിക്കുക'. 

ഈ ഭാഗം, ഗോവധനിരോധനം ഡോ അംബേദ്കറുടെ സ്വപ്നമായിരുന്നു എന്ന രീതിയില്‍ സംഘപരിവാര്‍ കുറേ നാളായി പ്രചരിപ്പിക്കുന്നതാണ്. എന്നാല്‍ 1949 നവംബറില്‍ നടന്ന ഈ അസംബ്ലി ചര്‍ച്ച ഗോവധനിരോധനത്തിന്റെ സാമ്പത്തികവശത്തെയാണ് ഊന്നിയത്. പ്രധാനമായും, പാലുല്‍പാദനത്തില്‍ കുറവുവരും എന്ന ആശങ്കയായിരുന്നു. അസംബ്ലി അംഗമായ സേത് ഗോവിന്ദ ദാസ്, ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായതിനാല്‍ ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, നെഹ്രു രാജിഭീഷണി മുഴക്കിയാണ് അതിനെ എതിര്‍ത്തത്. മതസ്വഭാവമുള്ള ഒരു വാക്കുപോലും ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്ന് വാദത്തില്‍ ഡോ അംബേദ്കറും ഉറച്ചുനിന്നു. 

എന്നാല്‍ പിന്നീട്, ഗുജറാത്തുമുതല്‍ മഹാരാഷ്ട്ര വരെയുള്ള സംസ്ഥാനങ്ങള്‍ ഗോവധവുമായി നടത്തിയിട്ടുള്ള എല്ലാ നിയമനിര്‍മ്മാണങ്ങളും വളരെ മതാത്മകമായിരുന്നു. ഈ ചര്‍ച്ചകളൊന്നും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളായുള്ള കന്നുകാലി കര്‍ഷകരുടെ ഭാവി കണക്കിലെടുക്കുന്നില്ല എന്നതാണ് രസകരം. കറവ വറ്റിയാല്‍ അവയെ അറവുകാരന് കൊടുക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ അവരുടെ മുന്നില്‍ ഇല്ല. അതിനാല്‍ തന്നെ, ഹിന്ദുസംരക്ഷണം എന്ന സംഘപരിവാര്‍ രാഷ്ട്രീയത്തെ തന്നെ നിരാകരിക്കുന്ന ഒരു നീക്കമാവും ഗോവധനിരോധനം.  1527ല്‍ ബാബര്‍ 'ഹിന്ദു വികാരത്തെ' മാനിച്ച് ഗോവധനിരോധനം കൊണ്ടുവരുന്നുണ്ട് എന്ന വസ്തുത ബാബറി മസജിദ് ചര്‍ച്ചയില്‍ ആരും ഉന്നയിക്കാത്തത്, സംഘിന്റെ ചരിത്രനിരാകരണ രാഷ്ട്രീയ തമാശയാവാം. 

നൂറുകണക്കിന് കാളക്കുട്ടികളെയും മറ്റ് മൃഗങ്ങളെയും ബലികൊടുക്കുകയും ഭക്ഷിക്കുകയും ചെയ്തിരുന്ന ഒരു വൈദിക സംസ്‌കാരത്തിലേക്കാണ് ഗൗതമബുദ്ധന്റെ അഹിംസാ പദ്ധതി കടന്നുവരുന്നത്. അപ്പോഴേക്കും കൃഷിയിലേക്കും, അതിനെതുടര്‍ന്ന് സ്വകാര്യസ്വത്ത് എന്ന സങ്കല്‍പ്പത്തിലേക്കും കടന്ന ജനതയ്ക്ക്, ബുദ്ധിസം ഇക്കണോമിക്ക് സെന്‍സ് കൂടിയായിരുന്നു. കറവയുള്ള പശുക്കളെയും ആരോഗ്യമുള്ള മൂരികളെയും എന്തിന് കൊല്ലണം എന്ന ചിന്ത, കരുണ മാത്രമായിരുന്നില്ല. കാര്‍ഷികവൃത്തിയുടെ നിലനില്‍പ്പിന് കന്നുകാലി സംരക്ഷണം ആവശ്യമായിരുന്നു. അതൊരു പ്രത്യയശാസ്ത്ര ആവശ്യമായിരുന്നില്ല. 

ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, നെഹ്രു രാജിഭീഷണി മുഴക്കിയാണ് അതിനെ എതിര്‍ത്തത്

പച്ചക്കറി രാഷ്ട്രീയത്തിന്റെ സാധ്യതകള്‍
ബ്രാഹ്മണ്യം ബുദ്ധിസത്തെ തകര്‍ത്തെറിഞ്ഞു, സന്യാസിമാരെ കൊന്നുതള്ളി, പക്ഷേ അഹിംസ എന്ന രാഷ്ട്രീയ ആയുധം കൈയ്യില്‍ കരുതി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഈ ആയുധം മറ്റ് മതസ്ഥര്‍ക്കെതിരെ 'ഗോസംരക്ഷണം' എന്ന പേരില്‍ ദയാനന്ദ സരസ്വതി ഉപയോഗിച്ചു. 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്, അടല്‍ ബിഹാരി വാജ്പേയി ബീഫ് കഴിക്കാറുണ്ടെന്നു സുചിപ്പിക്കുന്ന പോസ്റ്ററുകള്‍ മദ്ധ്യപ്രദേശിലെ യുത്ത് കോണ്‍ഗ്രസുകാര്‍ അടിച്ചിറക്കി. വളരെ വികാരഭരിതമായിട്ടായിരുന്നു വാജ്പേയിയുടെ പ്രതികരണം. 'ഗോമാതാവിനെ ഭക്ഷിക്കുന്നതിലും ഭേദം മരിക്കുന്നതാണ', എന്ന് പറഞ്ഞ് അദ്ദേഹം പ്രതികരിച്ചത് ഇന്ത്യയിലെ പച്ചക്കറി രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ അറിഞ്ഞുതന്നെയാണ്. 

ഇവിടെ ചരിത്രത്തിന് സ്ഥാനമില്ല. ഇളം കാളയാണെനിക്കിഷ്ടം എന്നു പറഞ്ഞ യാജ്ഞവല്‍ക്യനും സ്ഥാനമില്ല. ഹൈന്ദവപാരമ്പര്യത്തിലെ പ്രധാനിയായ മുനി ഇതുപറഞ്ഞത്, മാംസാഹാരത്തോടുള്ള ആര്‍ത്തി കുറയ്ക്കണം എന്നൊരു കാംപെയിന്‍ ഉയര്‍ന്നപ്പോഴാണ്. കാള എന്നു കേള്‍ക്കുമ്പോള്‍ മുസ്‌ലിംകളെയും ദലിതരെയും കേരളത്തിലെ നസ്രാണികളെയും നോക്കി കയറെടുക്കുന്നവര്‍ അതുകൊണ്ട് തന്നെയാണ് ചരിത്രത്തെ ഭയപ്പെടുന്നത്, സെലക്ടീവ് മെമറി ഇഷ്ടപ്പെടുന്നത്. 

ഇവിടെ ചരിത്രത്തിന് സ്ഥാനമില്ല. ഇളം കാളയാണെനിക്കിഷ്ടം എന്നു പറഞ്ഞ യാജ്ഞവല്‍ക്യനും സ്ഥാനമില്ല.

ഒ വി വിജയന്‍ പറയുന്നത് 
1987 നവംബറില്‍ പ്രസിദ്ധീകരിച്ച ഒ വി വിജയന്റെ 'ഹൈന്ദവനും അതിഹൈന്ദവനും' എന്ന ലേഖനത്തില്‍ നിന്ന് ഒരു ഭാഗം ഇവിടെ ഉദ്ധരിക്കുന്നത് പ്രസക്തമാണെന്ന് തോന്നുന്നു. *വര്‍ഷങ്ങള്‍ക്കുമുമ്പ് എന്റെ അതിഥിയായി വീട്ടില്‍ അന്തിയുറങ്ങി യാത്രതിരിക്കുന്ന രാജഗോപാലനോട് (ഒ രാജഗോപാല്‍) ചോദിച്ചതോര്‍ക്കുന്നു, 'ജനസംഘത്തിന്റെ വിഭാഗീയ രാഷ്ട്രീയം എവിടെ എത്തും? നിങ്ങള്‍ക്ക് സമകാലികമായ ഒരു സാമ്പത്തിക വീക്ഷണമില്ല. ഇന്ത്യയുടെ ഭാഷാപരവും പ്രാന്തീയവുമായ വൈരുദ്ധ്യങ്ങള്‍ക്ക് ജനാധിപത്യപരമായ ഒരു പ്രതിവിധി നിങ്ങള്‍ക്കില്ല'.

'അഖിലഭാരതതലത്തില്‍ ഞങ്ങള്‍ സ്വീകരിക്കപ്പെടും', അദ്ദേഹം പറഞ്ഞു.
'
എങ്ങനെ?' 

എന്റെ സുഹൃത്ത് എന്റെ മൗഢ്യത്തില്‍ അനുകമ്പപൂണ്ട് കാരുണ്യപൂര്‍വ്വം ചിരിച്ചു. അയാള്‍ പറഞ്ഞു, 'സിന്ധുഗംഗാതടത്തില്‍ പിറവിയെടുത്ത ഏതു പ്രസ്ഥാനവും വിജയിച്ചേ തീരൂ'.

വികലമായ ഈ മിസ്റ്റിസിസത്തിന്റെ മുമ്പില്‍ ഞാന്‍ അമ്പരന്നു... 

സംഘം കൈയാളുന്ന പ്രശ്‌നം ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയുടെ അപചയമല്ല...രാഷ്ട്രീയത്തിന്റെ ആനുകാലികതയില്‍ നാം അറിയുന്ന ഒരു പ്രശ്‌നവുമല്ല. സംഘത്തിന്റെപ്രശ്‌നം മിഥോളജിയാണ്, ദേവാസുരയുദ്ധമാണ്. '

ദലൈ ലാമയും ബീഫും
ചൈന ടിബറ്റ് പിടിച്ചടക്കിയതോടെ ഇന്ത്യയിലേക്ക് പലായനം ചെയ്ത ദലൈ ലാമ ഈ പച്ചക്കറി മിത്തോളജിയില്‍ പെട്ടുപോയതായി സമ്മതിക്കുന്നുണ്ട്. തണുത്ത കാറ്റും മഞ്ഞും മാത്രമുള്ള ടിബറ്റിലെ മരുവില്‍ ബീഫ് കഴിച്ച് ജീവിച്ച ദലൈ ലാമയ്ക്ക് താന്‍ പ്രതിനിധാനം ചെയ്യുന്ന ബുദ്ധമതം ഉത്ഭവിച്ച രാജ്യത്തെത്തിയപ്പോള്‍ സസ്യഭുക്കാവാന്‍ മോഹം. ചോറും ചെടികളും പാലും നെയ്യും മാത്രം കഴിച്ച് ഒരു മാസം കടന്നു. അദ്ദേഹത്തിന്റെ തന്നെ സരസമായ ഭാഷയില്‍, 'ഞാനൊരു ബൂദ്ധപ്രതിമയായി, മുഖം മുതല്‍ നഖം വരെ മഞ്ഞ'. ആരോഗ്യകാരണങ്ങളാല്‍ ദലൈ ലാമ മാംസാഹാരത്തിലേക്ക് തിരിച്ചുപോയി. ഇതിന്റെ പേരില്‍ പല ബുദ്ധിസ്റ്റ് ഹിപ്പികളും അദ്ദേഹത്തെ കളിയാക്കാറുണ്ട്. എന്നാല്‍ ജീവിച്ചിരിക്കാന്‍ ബീഫ് കഴിക്കണമെങ്കില്‍ അതാവാം എന്നായിരുന്നു ലാമയുടെ പക്ഷം.

ബുദ്ധമതത്തിലെ പ്രധാന ധാരകളായ ഹീനയാനവും (തേരവദ) മഹായാനവും മാംസാഹാരത്തിന് എതിരല്ല. ആര്‍ത്തിയോട് മാത്രമാണ് എതിര്‍പ്പ്. ബുദ്ധ ഭിക്ഷുക്കള്‍ നാടും വീടും നടന്ന് യാചിച്ചിരുന്നപ്പോള്‍, അവര്‍ക്ക് കിട്ടിയ ഭക്ഷണം ആദരവോടെ ഭക്ഷിച്ചിരുന്നു. എന്നാല്‍ ഒരു പ്രധാനിയായ ഭിക്ഷു തങ്ങളുടെ വീട്ടിലേക്ക് വരുന്നു എന്നറിഞ്ഞ് മാംസാഹാരം തയ്യാറാക്കുന്നതിനോട് അവര്‍ താല്‍പര്യം കാട്ടിയിരുന്നില്ല. ലഡാക്ക്, സിക്കിം, അരുണാചല്‍, ഭൂട്ടാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പാലിക്കുന്ന മഹായാന ബുദ്ധിസത്തില്‍ മാംസം പ്രാര്‍ത്ഥനകളില്‍ ഉപയോഗിക്കാറുണ്ട്. പാകം ചെയ്ത  മാംസവും മറ്റും ആദ്യം പരാശക്തികള്‍ക്കും ദേവതകള്‍ക്കും അര്‍പ്പിച്ച ശേഷമാണ് ഭക്ഷണത്തിനായി എടുക്കുക. 

പശ്ചിമേഷ്യയിലും ഭൂട്ടാനിലും നിരവധി ആശ്രമങ്ങളുള്ള ഒരു ബുദ്ധമത റിംപോച്ചെ സുഹൃത്തിന്റെ വീട്ടില്‍ ഒരിക്കല്‍ ചെന്നു.  കന്നുകാലികളെ മേച്ചു നടന്ന ഒരു ദരിദ്ര ബാലനായിരുന്ന അദ്ദേഹത്തെ മരിച്ചുപോയ ഒരു ജ്ഞാനിയുടെ അഞ്ചാമത്തെ അവതാരമായി കണ്ടെത്തുകയായിരുന്നു. ചോറും ഉണക്കിയ ബീഫ് കറിയുമായിരുന്നു ഞങ്ങളുടെ അന്നത്തെ ഭക്ഷണം. ചൈനയിലും തായ്‌ലാന്‍ഡിലും ഉള്ള റിംപോച്ചെയുടെ ശിഷ്യര്‍ കര്‍മ്മ ശുദ്ധിക്കുവേണ്ടി അറക്കാന്‍ കൊണ്ടുപോവുന്ന മാടുകളെ പണം കൊടുത്തുവാങ്ങി സ്വതന്ത്രരാക്കുന്ന ആളുകളാണ്. ഇതില്‍ വൈരുദ്ധ്യമില്ലേ എന്ന ചോദിച്ചപ്പോള്‍, 'എന്ത് വൈരുദ്ധ്യം, ഞാന്‍ ഭക്ഷിക്കുന്നതുപോലെ ഞാനും ഭക്ഷിക്കപ്പെടും'-എന്നായിരുന്നു റിംപോച്ചെയുടെ മറുപടി.  നിര്‍വാണം, സംസാരം എന്നീ ദ്വന്ദ്വങ്ങള്‍ പോലും നിലനില്‍ക്കുന്നില്ല എന്ന താന്ത്രിക പാഠമായിരുന്നു ആ മറുപടിയുടെ കാതല്‍  ബ്രഹ്മത്തില്‍ ലയിക്കുന്നതില്‍ നിന്ന് നിങ്ങളെ എന്തെങ്കിലും തടസ്സപ്പെടുത്തുന്നുണ്ടോ, ആ വസ്തുവിനെ സാധനയാക്കുക.

മതരാഷ്ട്രീയ ആയുധമായി എത്രനാള്‍?
മഹായാന ബുദ്ധിസം പ്രചരിച്ച ഹിമാലയസാനുക്കളില്‍ മാംസം ഭക്ഷിക്കുന്നതിന് മറ്റുകാരണങ്ങളുമുണ്ട്. വര്‍ഷത്തില്‍ പകുതി സമയവും മഞ്ഞുമുടിയ, വരണ്ട പ്രദേശത്ത് എന്ത് വളരാന്‍? അതുകൊണ്ട് ഈ പ്രദേശത്തുള്ളവര്‍ എല്ലാം ഉണക്കും, ചീര മുതല്‍ കാള ഇറച്ചി വരെ. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മനുഷ്യാവാസ കേന്ദ്രങ്ങളിലൊന്നായ ഭൂട്ടാനിലെ ലയ എന്ന ഗ്രാമത്തിലേക്ക്  ഒരിക്കല്‍ യാത്രപോയി. മൂന്ന് ദിവസം നടന്ന് കാടും കാട്ടാറുകളും കടന്ന് സമുദ്രനിരപ്പില്‍ നിന്ന് 4000മീറ്റര്‍ അകലെയാണ് ലയ.  കുത്തനെ നടന്നു കറയുന്നതിനാല്‍ പരമാവധി കുറച്ച് ലഗേജ് മാത്രമേയുള്ളൂ. ഞങ്ങള്‍ നാല് പേര്‍ക്കുകൂടി അര കിലോ ഉണക്ക ബീഫും, രണ്ട് കിലോ ഉരുളന്‍ കിഴങ്ങും, കുറച്ച് ഉണക്കമുളകും, കാല്‍ കിലോ ചീസും പിന്നെ ഒരു കിലോ അരിയും ഉപ്പ് പാകത്തിനും. 

യാത്രാ മദ്ധ്യേയുള്ള രാത്രികളില്‍ വിറക് ശേഖരിച്ച്, അടുപ്പുകൂടി, ചോറും ബീഫ് കിഴങ്ങ് കറിയും വെയ്ക്കും. ഒരാള്‍ക്ക് രണ്ട് ചെറിയ കഷ്ണം ഇറച്ചിയേ കിട്ടു. ആര്‍ത്തിയുടെ ഉപഭോഗ രാഷ്ട്രീയത്തിനെതിരെയുള്ള ഒരു പോര് പോലെ തോന്നിച്ച യാത്രയായിരുന്നു അത്  ഉള്ള ഭക്ഷണം ഉള്ളതുപോലെ. ഏറ്റവും സാധാരണമായതിനെ ഏറ്റവും സുന്ദരമായ ധ്യാനവസ്തുവായി കണക്കാക്കുക എന്ന  മഹായാന ബുദ്ധ തന്ത്രവിദ്യ ഹിമാലയത്തിന്റെ ഇല്ലായ്മകളില്‍ നിന്ന് ഉത്ഭവിച്ചതില്‍ അത്ഭുതപ്പെടാനില്ല. അതില്‍ മഞ്ഞുമലകളില്‍ തപസ്സുചെയ്യുന്ന മഹാമുനിമാരുടെ റൊമാന്റിസിസമൊന്നുമില്ല, അഹന്തകളെ പൂവിട്ടുവാഴുന്ന ആചാര സിംബോളിസമില്ല, മതനിര്‍ബന്ധങ്ങളുടെ ഏകശിലാ പോഷണങ്ങളില്ല. ഓരോ ജീവിതസാഹചര്യങ്ങള്‍ ഒരുക്കുന്ന ഭക്ഷണ സാമ്പത്തികസാമൂഹികദൈവിക ഭാവങ്ങള്‍ മാത്രം.  

ബീഫിനെ ഒരു മതരാഷ്ട്രീയ ആയുധമായി എത്രനാള്‍ കൊണ്ടുനടക്കാനാവും എന്ന് സംശയമാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യയില്‍ നിന്നുള്ള ബീഫ് കയറ്റുമതിയെ പരിഹസിച്ച്  ഏപ്രില്‍ 2014ല്‍ നരേന്ദ്ര മോഡി ബിഹാറിലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ ചെയ്ത പ്രസംഗം ഇതായിരുന്നു. 'നമുക്ക് വേണ്ടിയിരുന്നത് ഹരിതവിപ്ലവമാണ്, എന്നാല്‍ ഈ സര്‍ക്കാര്‍ നമുക്ക് നല്‍കിയത് പടലവര്‍ണ്ണ വിപ്ലവമാണ്'. മാംസം അറക്കുമ്പോഴുള്ള രക്തത്തെ സുചിപ്പിക്കുകയായിരുന്നു മോദി. 

എന്നാല്‍, ഏറ്റവും പുതിയ കണക്കനുസരിച്ച്, മോദി ഭരണം തുടങ്ങിയതിന് ശേഷം മാംസകയറ്റുമതി 16 ശതമാനമാണ് വര്‍ദ്ധിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അകത്ത് കത്തിയും പുറത്ത് പത്തിയും.