Asianet News MalayalamAsianet News Malayalam

ഗായിക അദിതി സിങ് ശര്‍മ്മ പറയുന്നു, അന്നെന്നെ അംഗീകരിക്കാത്തവരാണ് എനിക്ക് കരുത്തായത്

പിന്നീട്, അച്ഛന്‍ ഹൃദയാഘാതം വന്ന് മരിച്ചു. അപ്പോഴും ചുറ്റുമുള്ളവര്‍ പറഞ്ഞത്, 'നീയാണ് ഇനി ഈ വീട് നോക്കേണ്ടത്. അതുകൊണ്ട് പാട്ടും പാടി നടക്കരുത്. അത് വെറുമൊരു ഹോബി മാത്രമാണ്, ജീവിതമാര്‍ഗമല്ല' എന്നൊക്കെയാണ്. ഞാനവരെ അവഗണിച്ചു. 

adithi sing sarma about her struggle in life
Author
Mumbai, First Published Sep 26, 2018, 1:00 PM IST

മുംബൈ: സ്വന്തം സ്വപ്നത്തിനു പിന്നാലെ ആത്മാര്‍ത്ഥമായി നടന്നവര്‍ എന്തെങ്കിലും നേടിയിട്ടുണ്ട്. അതിനായി ഒരുപാട് കല്ലും മുള്ളും താണ്ടേണ്ടി വന്നാലും പിന്തിരിയാന്‍ കൂട്ടാക്കാത്തവരായിരിക്കും അവര്‍. ഗായിക അദിതി സിങ് ശര്‍മ്മയും സ്വന്തം ജീവിതത്തില്‍ നിന്നും പറയുന്നത് അതാണ്. സ്കൂളിലും, കോളേജിലും, ബന്ധുക്കളുടെ ഇടയിലുമെല്ലാം പാടുന്നതിന്‍റെ പേരില്‍ ഒരുപാട് പഴികേട്ടവളാണ് താന്‍. അവസരത്തിനായി പല വാതിലുകളും മുട്ടി. അതിനിടയില്‍ അച്ഛന്‍റെ മരണവും, അമ്മയുടെ അസുഖവും. എന്നിട്ടും തോറ്റുകൊടുക്കാന്‍ തയ്യാറായില്ലെന്നും അദിതി പറയുന്നു. 

ഹ്യുമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജിലാണ് അദിതി തന്‍റെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്: സംഗീതം എന്നു മുതലാണ് എന്‍റെ ജീവിതത്തിന്‍റെ ഭാഗമായത് എന്നറിയില്ല. അതെപ്പോഴും അവിടെ ഉണ്ടായിരുന്നു. എന്‍റെ അമ്മ കവിതകളെഴുതുകയും, ഭജന പാടുകയും ചെയ്തിരുന്നു. അച്ഛന്‍ ധോലക്കും വായിക്കും.

ഞാന്‍ മോസ്കോയിലേക്ക് പോയപ്പോള്‍ അവിടെ ജനങ്ങള്‍ക്ക് എന്നെ അംഗീകരിക്കാനായില്ല. എന്‍റെ നിറത്തെ കുറിച്ചും മറ്റുമുള്ള വംശീയമായ കമന്‍റുകളെനിക്ക് കേള്‍ക്കേണ്ടി വന്നു. പക്ഷെ, അതെല്ലാം എങ്ങനെ കരുത്താക്കാം എന്ന് ഞാന്‍ ചിന്തിച്ചു. 

ഞാനെന്‍റെ വിദ്യാഭ്യാസം തുടര്‍ന്നു. ദില്ലിയിലെ കോളേജില്‍ ഞാനൊരു ഓള്‍ റൌണ്ടറായി. ഞാന്‍ ട്രോഫികള്‍ വാങ്ങിക്കൂട്ടിയിട്ടും എന്‍റെ അധ്യാപകര്‍ എന്‍റെ പാട്ടിനെ അംഗീകരിച്ചില്ല. 

പിന്നീട് അച്ഛന്‍ ഹൃദയാഘാതം വന്ന് മരിച്ചു. അപ്പോഴും ചുറ്റുമുള്ളവര്‍ പറഞ്ഞത്, 'നീയാണ് ഇനി ഈ വീട് നോക്കേണ്ടത്. അതുകൊണ്ട് പാട്ടും പാടി നടക്കരുത്. അത് വെറുമൊരു ഹോബി മാത്രമാണ്, ജീവിതമാര്‍ഗമല്ല' എന്നൊക്കെയാണ്. ഞാനവരെ അവഗണിച്ചു. എന്‍റെ അമ്മ മാത്രമാണ് എനിക്കൊപ്പം നിന്നത്. പക്ഷെ, സംഗീതത്തിന്‍റെ വഴിയിലേക്ക് തിരിയുന്നതിനു മുമ്പ് ബിരുദമെടുക്കണം എന്നെനിക്ക് നിര്‍ബന്ധമായിരുന്നു. ആ സമയത്താണ് ഒരു മ്യൂസിക് കംപോസര്‍ എന്നെ പിന്നണി ഗായികയായി വിളിക്കുന്നത്. അതാണ് എന്‍റെ വഴി എന്നെനിക്ക് തോന്നി ഞാന്‍ ബോംബെയിലെത്തി. 

ഞാന്‍ ഓരോരുത്തര്‍ക്കും എന്‍റെ പാട്ടിന്‍റെ സിഡി നല്‍കി. എപ്പോഴെങ്കിലും ചാന്‍സ് കിട്ടുമെന്ന പ്രതീക്ഷയാണ് എന്നെ നയിച്ചത്. ആ ദിവസങ്ങള്‍ കഠിനമായിരുന്നു. ജോലിയില്ല, ഒന്നുമില്ല. പക്ഷെ, വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. എനിക്കും അമ്മക്കും  ജീവിച്ചു കാണിച്ചു കൊടുക്കണമായിരുന്നു. 

അങ്ങനെ ഒരു ദിവസം എന്നെ ഒരു പ്രൊഡ്യൂസര്‍ വിളിച്ചു. അതായിരുന്നു തുടക്കം. അങ്ങനെ ഞാന്‍ ആദ്യമായി സിനിമയില്‍ പാടി Dev.D എന്ന സിനിമയായിരുന്നു അത്. എന്നിട്ടും ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ തുടര്‍ന്നു. അമ്മയ്ക്ക് കാന്‍സര്‍ തിരിച്ചറിഞ്ഞു. എനിക്ക് പാടാനുള്ള അവസരങ്ങളൊരുപാട് കിട്ടുന്നുണ്ടായിരുന്നു, ജോലിക്കായുള്ള യാത്രകളും അമ്മയുടെ പരിചരണവും എല്ലാം ഞാന്‍ നോക്കേണ്ടി വന്നു. അമ്മ പക്ഷെ ധൈര്യമുള്ളൊരു സ്ത്രീ ആയിരുന്നു. അവരെന്നെ പ്രോത്സാഹിപ്പിച്ചു. 

അമ്മയിപ്പോള്‍ സുഖപ്പെട്ടുവരുന്നു. പക്ഷെ, ഈ എല്ലാ പ്രതിസന്ധികളും എന്നെ കരുത്തുറ്റവളാവാന്‍ പഠിപ്പിച്ചു. ജീവിതം നമ്മളെ പലപ്പോഴും തളര്‍ത്തും. പക്ഷെ, തളര്‍ന്നു കിടക്കണോ, അവിടെ നിന്ന് എഴുന്നേല്‍ക്കണോ എന്നുള്ളത് നമ്മുടെ ചോയ്സാണ്. അമ്പതിലധികം പാട്ടുകള്‍ ഞാന്‍ പാടി. നിങ്ങളുടെ കരുത്ത് മുഴുവന്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ടതിനായി നല്‍കുക. തിരികെ പൊരുതുക. ഈ പ്രപഞ്ചം വാശിയുള്ളൊരു ഹൃദയത്തെയാണ് ഇഷ്ടപ്പെടുന്നത്. 

Follow Us:
Download App:
  • android
  • ios