കൗമാരക്കാരിയായ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്‍ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഒരുകൂട്ടം ഗ്രാമവാസികൾ കുറ്റക്കാരെന്ന് സംശയിക്കുന്ന രണ്ടാളുകളെ ചുട്ടുകൊന്നു. കെനിയയിലെ നോർത്ത് കൗണ്ടിയിലാണ് സംഭവം. ഒക്ടോബർ 13 -ന്  17 -കാരിയായ മേഴ്‌സി സിലാവു പരിയേയോയെ രണ്ടുപേർ ചേർന്ന് അതിക്രൂരമായി പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം അവളെ പ്രതികൾ അഞ്ച് തവണ കുത്തിപ്പരിക്കേല്പിക്കുകയും, ഒരു മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് തല അടിച്ച് പൊട്ടിക്കുകയും, ഒരു കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്തു.       

ഒടുവിൽ അവളുടെ മൃതദേഹം അടുത്തുള്ള ഒരു വനത്തിൽ കൊണ്ടുപോയി തള്ളുകയായിരുന്നു. നിഷ്ഠൂരമായ ഈ ബലാത്സംഗവും കൊലപാതകവും അവളുടെ ഗ്രാമത്തിൽ വലിയ പ്രകോപനം സൃഷ്ടിച്ചു. മേഴ്‌സിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയുണ്ടായി. തുടർന്നാണ് എഗേർട്ടൺ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മോർച്ചറിയിൽ ഒരു മൃതദേഹം കിട്ടിയിട്ടുണ്ടെന്നും അത് തിരിച്ചറിയാൻ വരണമെന്നും ഉദ്യോഗസ്ഥർ വീട്ടുകാരോട് ആവശ്യപ്പെട്ടത്. “അവളാണ് കൊലചെയ്യപ്പെട്ടതെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി” മിസ്റ്റർ പരിയോ പറഞ്ഞു. 

ഏതച്ഛനുമമ്മയും ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു മിടുക്കിയായ മകളായിരുന്നു മേഴ്‌സിയെന്ന് അവളുടെ അച്ഛൻ പറഞ്ഞു. “കുട്ടിക്കാലത്ത് ഒരു രക്ഷകർത്താവ് ആഗ്രഹിക്കുന്നതെല്ലാം അവളിലുണ്ടായിരുന്നു. നല്ല അനുസരണയും, വിനയവുമുള്ള അവൾ പഠിക്കാൻ മിടുക്കിയുമായിരുന്നു. വലുതാവുമ്പോൾ ഒരു ഡോക്ടറാകാനായിരുന്നു അവളുടെ ആഗ്രഹം. എന്നാൽ, എല്ലാം നശിപ്പിച്ചു ആ ദുഷ്ടന്മാർ! ” അവളുടെ അച്ഛൻ മിസ്റ്റർ പാരിയോ കെനിയയിലെ നാഷണൽ ഓൺലൈൻ പത്രത്തോട് പറഞ്ഞു. അതേസമയം ഈ ക്രൂരതയിൽ പ്രകോപിതരായ അവളുടെ നാട്ടുകാർ കാര്യങ്ങൾ സ്വയം കൈകാര്യം ചെയ്യാൻ തീരുമാനിച്ചു. 

പ്രതിയെന്ന് സംശയിക്കുന്ന തൊഴിലാളിയായ ഡെന്നിസ് കിറുവിന്റെ വീട് നാട്ടുകാർ വളയുകയും, അയാളുടെ കൂട്ടുപ്രതിയുടെ പേര് വെളിപ്പെടുത്താൻ നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് അയാളെയും കൊണ്ട് കുറഞ്ഞത് 30 ഗ്രാമീണരടങ്ങുന്ന സംഘം റോബർട്ട് എൻ‌ഗാംഗ എന്ന് പേരുള്ള മറ്റൊരാളുടെ വീട്ടിലേയ്ക്ക് പോവുകയും അയാളുടെ വീടിന്റെ ഇരുമ്പ് മേൽക്കൂര മുറിച്ച് അയാളെ പുറത്തെത്തിക്കുകയും ചെയ്‍തു. "ഇരുമ്പ്‌ ഷീറ്റ്‌ മേൽക്കൂര മുറിച്ചുകൊണ്ട് മുപ്പതോളം വരുന്ന ആൾക്കൂട്ടം അയാളുടെ വീട്ടിൽ അതിക്രമിച്ച് കയറി” പൊലീസ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. നാട്ടുകാർ ആ രണ്ടുപേരെയും പിടികൂടി അടുത്തുള്ള പ്രദേശത്തേക്ക് കൊണ്ടുപോയി, അടിച്ചുകൊല്ലുകയും, ശേഷം അവരുടെ ശരീരം കത്തിക്കുകയും ചെയ്യുകയായിരുന്നു.  

മെഴ്‌സിയുടെ സോഷ്യൽ മീഡിയ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ അവൾ മവാങ്കി എന്ന ഒരു വ്യക്തിയുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായും, “കൊല്ലപ്പെട്ട ദിവസം അവർ തമ്മിൽ കണ്ടുമുട്ടാൻ നിശ്ചയിച്ചിരുന്നതായും എൻ‌ജോറോ പട്ടണത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റിലെ പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഡെന്നിസ് കിറുവിനെ നാട്ടിൽ അറിയപ്പെടുന്നത് മവാങ്കി എന്ന പേരിലായിരുന്നു. “എന്നാൽ പെൺകുട്ടിയെ കൊലപ്പെടുത്തിയത് ഇവരാണെന്ന് ഇതിനർത്ഥമില്ല. അതാണ് ഞങ്ങൾ ഇപ്പോഴും അന്വേഷിക്കുന്നത്” ഉദ്യോഗസ്ഥർ പറഞ്ഞു.

അടുത്തുള്ള പട്ടണമായ എൻ‌ജോറോയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരു വ്യക്തിയാണ് മേഴ്‌സിയെ സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ടതെന്നാണ് അവളുടെ പിതാവ് പറയുന്നത്. അവൾ ഒളിച്ചോടിയതായിരുന്നോ എന്നും താൻ സംശയിക്കുന്നെന്നും അച്ഛൻ കൂട്ടിച്ചേർത്തു. പീഡിപ്പിച്ച പ്രതികളെ കണ്ടെത്തിയാലും ഇല്ലെങ്കിലും, കുറ്റമാരോപിച്ച് രണ്ട് വ്യക്തികളെ തല്ലിക്കൊന്ന കേസിൽ നാട്ടുകാരെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയാണ് ഇപ്പോൾ. കേസുമായി ബന്ധപ്പെട്ട് മൂന്ന് പുരുഷന്മാരെയും ഒരു സ്ത്രീയെയും വാരാന്ത്യത്തിൽ അറസ്റ്റ് ചെയ്തതായി നരോക് കൗണ്ടി കമാൻഡർ കിസിറ്റോ മുട്ടോറോ പറഞ്ഞു. ബാക്കി ജനക്കൂട്ടത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ഉദ്യോഗസ്ഥർ.  

ചിത്രം പ്രതീകാത്മകം