അഭിപ്രായവോട്ടടുപ്പിനോട് ആര്‍ക്കും താല്‍പര്യമില്ല. ഐക്യരാഷ്ട്ര സംഘടനയുടെ പ്രസ്താവനയാണ് ആദ്യം വന്നത്. മേഖല അസ്ഥിരമാകും എന്നായിരുന്നു പ്രസ്താവന. ഇറാഖും തുര്‍ക്കിയും സംയുക്ത സൈനികാഭ്യാസം നടത്തി. ഇറാന്‍ കുര്‍ദ്ദിസ്ഥാനില്‍നിന്നെത്തുന്ന വിമാനങ്ങളെ ഇറങ്ങാന്‍ അനുവദിച്ചില്ല. 80 ലക്ഷം കുര്‍ദുകളുള്ള ഇറാന് ആശങ്ക സ്വാഭാവികം. മാത്രമല്ല, സ്വന്തം കുര്‍ദ്ദുകളുമായി ദീര്‍ഘകാലത്തെ സംഘര്‍ഷത്തിന്റെ പാരമ്പര്യമുള്ള തുര്‍ക്കിക്ക് തീരെയും താല്‍പര്യമില്ല. 

ഇറാഖിലെ കുര്‍ദ്ദ് ഭൂരിപക്ഷം പ്രദേശമാണ് കുര്‍ദ്ദിസ്ഥാന്‍. സ്വയംഭരണാധികാരമുണ്ട്, പക്ഷേ അതുപോര എന്നാണ് കുര്‍ദ്ദുകളുടെ പക്ഷം. അങ്ങനെയാണ് അഭിപ്രായവോട്ടെടുപ്പ് നടന്നത്. ഇറാഖ് കടുത്ത എതിര്‍പ്പറിയിച്ചു. പക്ഷേ കുര്‍ദ്ദുകള്‍ വിട്ടുകൊടുത്തില്ല. 92 ശതമാനം പേരും സ്വാതന്ത്ര്യത്തെ അനുകൂലിച്ചു. എന്നാല്‍ പ്രശ്‌നങ്ങള്‍ തുടങ്ങാന്‍ പോകുന്നേയുള്ളു എന്നാണ് മുന്നറിയിപ്പ്

കുര്‍ദ്ദുകളുടെ ആവശ്യം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.  ഒരു നൂറ്റാണ്ടിനും മുമ്പ് ഓട്ടോമെന്‍ സാമ്രാജ്യം തകരുകയും അതിന്റെ സ്ഥാനത്ത് പുതിയ രാജ്യങ്ങള്‍ രൂപപ്പെടുകയും ചെയ്തപ്പോള്‍ രാജ്യമില്ലാതെ പലയിടങ്ങളിലായി ചിതറിപ്പോയതാണ് കുര്‍ദ്ദുകള്‍. ഇറാഖ്, സിറിയ, തുര്‍ക്കി, ഇറാന്‍ എന്നിവിടങ്ങളിലായി ഇവര്‍ താമസമുറപ്പിച്ചു. ഭൂരിഭാഗവും ഇറാഖിലാണ്. അതാണ് കുര്‍ദ്ദിസ്ഥാന്‍. 

ഇറാഖിന്റെ വടക്കുഭാഗത്തുള്ള കുര്‍ദ്ദിസ്ഥാനില്‍ പ്രാദേശിക സര്‍ക്കാരാണ് ഭരണം. സ്വന്തം പാര്‍ലമെന്റും പ്രസിഡന്റുമുണ്ട്. ഇര്‍ബിലാണ് തലസ്ഥാനം. സ്വതന്ത്രരാജ്യമെന്ന ആവശ്യത്തിന് ഒരുപാട് പഴക്കമുണ്ട്. 1970ലെ യുദ്ധംതന്നെ അതിനായിരുന്നു. അന്നത്തെ കരാര്‍ പക്ഷേ നടപ്പായില്ല. 74ല്‍ രണ്ടാമത്തെ യുദ്ധം. 1991ലെ ഗള്‍ഫ് യുദ്ധത്തോടെ ഇറാഖി സേന കുര്‍ദ്ദിസ്ഥാനില്‍ നിന്ന് പുറത്തായി.  സ്വയം ഭരണാധികാരം നിലവില്‍വന്നു. പക്ഷേ ഇറാഖിന്റെ പുതിയ ഭരണഘടന അനുസരിച്ച് കുര്‍ദ്ദിസ്ഥാന്‍ ഇറാഖിന്റെ ഭാഗമാണ്. എന്നാല്‍, സ്വയംഭരണാധികാരമുണ്ടെന്ന് മാത്രം. 

വോട്ടെടുപ്പിലേക്ക് നയിച്ച കാര്യങ്ങള്‍ ഒരുപാടുണ്ട്. 2003ല്‍ സദ്ദാംഹുസൈന്‍ സര്‍ക്കാരിനെ അമേരിക്ക പുറത്താക്കിയപ്പോള്‍ മുതല്‍ കുര്‍ദ്ദിസ്ഥാന് വലിയൊരു പരിധിവരെ സ്വയംഭരണാധികാരമുണ്ട്. എണ്ണയില്‍ നിന്നുള്ള വരുമാനംകൂടിയായപ്പോള്‍  അടിസ്ഥാന സൗകര്യങ്ങളും കൂടി. അതുമാത്രമല്ല, ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായി അമേരിക്കക്കൊപ്പം കുര്‍ദ് പഷ്‌മെര്‍ഗകളും യുദ്ധം ചെയ്തു. സംഘര്‍ഷത്തില്‍ സ്വന്തം നാട്ടുകാരെപ്പോലും സംരക്ഷിക്കാനാവാത്ത അബാദി സര്‍ക്കാരാണ് ഇറാഖില്‍. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് സ്വന്തം രാജ്യം എന്ന ആശയത്തില്‍ ഇപ്പോള്‍ വോട്ടെടുപ്പ നടത്താന്‍ കുര്‍ദ്ദ് പ്രസിഡന്റ് മസൂദ് ബര്‍സാനി തീരുമാനിച്ചത്. 
   
വോട്ടെടുപ്പിന് നിയമപരമായ ബാധ്യതയില്ല.  പക്ഷേ ഇറാഖി സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിച്ച് നടത്തിയ വോട്ടെടുപ്പ് ഇറാഖ് -കുര്‍ദ്ദ് സംഘര്‍ഷത്തിന് പുതിയൊരു മുഖം നല്‍കുകയാണ്. 

അഭിപ്രായവോട്ടടുപ്പിനോട് ആര്‍ക്കും താല്‍പര്യമില്ല. ഐക്യരാഷ്ട്ര സംഘടനയുടെ പ്രസ്താവനയാണ് ആദ്യം വന്നത്. മേഖല അസ്ഥിരമാകും എന്നായിരുന്നു പ്രസ്താവന. ഇറാഖും തുര്‍ക്കിയും സംയുക്ത സൈനികാഭ്യാസം നടത്തി. ഇറാന്‍ കുര്‍ദ്ദിസ്ഥാനില്‍നിന്നെത്തുന്ന വിമാനങ്ങളെ ഇറങ്ങാന്‍ അനുവദിച്ചില്ല. 80 ലക്ഷം കുര്‍ദുകളുള്ള ഇറാന് ആശങ്ക സ്വാഭാവികം. മാത്രമല്ല, സ്വന്തം കുര്‍ദ്ദുകളുമായി ദീര്‍ഘകാലത്തെ സംഘര്‍ഷത്തിന്റെ പാരമ്പര്യമുള്ള തുര്‍ക്കിക്ക് തീരെയും താല്‍പര്യമില്ല. 

ആ ഇഷ്ടക്കേട് കുര്‍ദിസ്ഥാനെ ബാധിക്കും. കാരണം തുര്‍ക്കി വഴിയാണ് കുര്‍ദ്ദിസ്ഥാന്‍ എണ്ണ അന്തരാഷ്ട്രവിപണിയില്‍ എത്തിക്കുന്നത്. പോരാട്ടം കിര്‍ക്കുക്കിനു വേണ്ടി കൂടിയാണ്. കുര്‍ദ്ദുകളുടെ ജറുസലേം എന്നാണ് കിര്‍കുക്ക് അറിയപ്പെടുന്നത്. സദ്ദാം ഹുസൈന്‍ പുറത്താക്കിയെങ്കിലും 2003ല്‍ കുര്‍ദ്ദുകള്‍ കിര്‍കുക്ക് കൈയടക്കി. ഇറാഖിന്റെ പ്രശ്‌നം എണ്ണയാണ്. ഇറാഖിന്റെ 40 ശതമാനവും ലോകത്തിന്റെ 6 ശതമാനവും ഉത്പാദനശേഷിയുള്ള എണ്ണഖനിയാണ് കിര്‍കുക്കിന്റെ അതിര്‍ത്തിയില്‍, ദിവസം 10 ലക്ഷം ബാരല്‍ എന്ന് കണക്ക്. 

അടുത്തകാലം വരെ ബാഗ്ദാദിനായിരുന്നു വരുമാനം. പക്ഷേ ഇസ്ലാമിക് സ്‌റ്റേറ്റ് ബഗ്ദാദിന്റെ എണ്ണ പൈപ്പ് ലൈന്‍ നശിപ്പിച്ചു, അതോടെ പഷ്‌മെര്‍ഗുകള്‍ കിര്‍ക്കുക്ക് ഖനികള്‍ കൈയടക്കി. 2016ലെ കരാറോടുകൂടിയാണ് ബാഗ്ദാദിന് ഒരംശം കിട്ടിത്തുടങ്ങിയത്. പക്ഷേ മുഴുവന്‍ വേണമെന്നാണ് ബാഗ്ദാദിന്റെ ആഗ്രഹം.

അഭിപ്രായ വോട്ടെടുപ്പിലൂടെ കിര്‍കുക്ക് നഷ്ടപ്പെട്ടാല്‍ അതിന് ക്രെക്‌സിറ്റ് എന്നാവും പേരുവീഴുക. നഷ്ടം ബാഗ്ദാദിനാവും. ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന കാരണമുന്നയിച്ച് ഐക്യം നഷ്ടപ്പെടുത്താതെ നോക്കാനാണ് അമേരിക്കയുടേയും ശ്രമം. നിയമപരമായി വിലയില്ലാത്തതുകൊണ്ട് അന്താരാഷ്ട്ര തലത്തിലെ സ്വാധീനം കൊണ്ടുമാത്രമേ ആവശ്യം നേടിയെടുക്കാന്‍ കുര്‍ദ്ദിസ്ഥാന് കഴിയൂ. അത് പെട്ടെന്നൊന്നും ഉണ്ടാവുകയുമില്ല. കുര്‍ദ്ദിസ്ഥാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.