പസഫിക് സമുദ്രത്തിലെ midway atoll എന്ന ദ്വീപ് മാത്രം മതി ദുരന്തത്തിന്റെ വ്യാപ്തി അറിയാന്‍. പക്ഷികളുടെ വാസസ്ഥലമാണിവിടെ. അവ ചത്തുവീഴുന്നതിന്റെ ഗന്ധം തങ്ങിനില്‍ക്കുന്നു ഇവിടെ. അത് പക്ഷേ സ്വാഭാവികമാണ്, അത്രയേറെ പക്ഷികളുണ്ടാവുമ്പോള്‍ മരണവും ഉണ്ടാവും. എന്നാല്‍ ഇപ്പോള്‍ ചത്തുവീഴുന്ന പക്ഷികളുടെ ശരീരത്തില്‍നിന്ന് പ്ലാസ്റ്റിക്കാണ് പുറത്തുവരുന്നത്. സമുദ്രത്തില്‍നിന്ന് കരയ്ക്കടിയുന്ന പ്ലാസ്റ്റിക്കാണ് പലപ്പോഴും ഇവയുടെ ഭക്ഷണം. നിറം കണ്ട് ഭക്ഷണമെന്ന് തെറ്റിദ്ധരിച്ച് അകത്താക്കുന്ന പ്ലാസ്റ്റിക് തുണ്ടുകള്‍ ദഹിക്കില്ല, വേറെയൊന്നും കഴിക്കാനും പറ്റാതെയാവും, പിന്നെ പതുക്കെപതുക്കെ മരണം. പക്ഷികള്‍ ചത്തൊടുങ്ങിയാലും അവയുടെ വയറില്‍നിന്ന് പുറത്തുവരുന്ന പ്ലാസ്റ്റിക് ശേഷിക്കും. 

ആഗോളതാപനം, പരിസ്ഥിതി സംരക്ഷണം. ഇതൊക്കെ പറഞ്ഞ് മുറവിളി കൂട്ടുന്നവര്‍ ഒരുപാട് പേരുണ്ട്. പക്ഷേ അതിന്റെയെല്ലാം മൂലകാരണമായ വസ്തുക്കള്‍ ഉപേക്ഷിക്കാന്‍ എത്രപേര്‍ തയ്യാറാകുന്നുണ്ട്? കരയിലും വെള്ളത്തിലും അടിഞ്ഞുകൂടുന്ന മാലിന്യം കണ്ടാല്‍ അത്തരം ശ്രമങ്ങള്‍ നടക്കുന്നു എന്നുപോലും പറയാന്‍ തോന്നില്ല.  പ്ലാസ്റ്റിക് മാലിന്യമാണ്  ഭൂമി നേരിടുന്ന ഏറ്റവും വലിയ ഭീഷണി. സംസ്‌കരിക്കുന്നത് ഒരു പരിഹാരമേയല്ല, കാരണം, പ്ലാസ്റ്റിക്കിന് രൂപമാറ്റമേ സംഭവിക്കുന്നുള്ളു, ഒരിക്കലും അത് നശിക്കുന്നില്ല, കടല്‍ത്തീരത്തെ മണല്‍ത്തരികളില്‍പോലും പ്ലാസ്റ്റിക് തരികള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നു. 

കരയിലെ മാത്രമല്ല, കടലിലേയും ആവാസവ്യവസ്ഥയെ തകര്‍ക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്ന് രക്ഷനേടാന്‍ കഴിയാതെ ശ്വാസംമുട്ടുകയാണ് ഭൂമി. എത്ര ടണ്‍ പ്ലാസ്റ്റിക്കാണ് മനുഷ്യര്‍ ഒരു മണിക്കൂറില്‍ മാലിന്യമായി പുറന്തള്ളുന്നത് എന്ന കണക്കറിഞ്ഞാല്‍ തലകറങ്ങും.

സിന്തറ്റിക് പ്ലാസ്റ്റിക്കിന്റെ ജനനം ന്യൂയോര്‍ക്കിലാണ്, 1907ല്‍,  LEO BAEKELAND ആണ് രൂപപ്പെടുത്തിയത്. പിന്നീടതിന് പല രൂപഭാവ മാറ്റങ്ങളുണ്ടായി. കൂടുതല്‍ പ്രീതി നേടി, കൂടുതല്‍ അപകടകാരിയായി. അന്ന് ലോകം അത് തിരിച്ചറിഞ്ഞില്ല. പക്ഷേ അതിനുവളരെ മുമ്പ് പ്ലാസ്റ്റിക്കിന്റെ ആദ്യരൂപങ്ങള്‍ പിറവിയെടുത്തിരുന്നു. റബ്ബര്‍, സെല്ലുലോയ്ഡ്, ഒക്കെ 1907നു മുമ്പേയുണ്ടായതാണ്.  1907ലെ പുതുരൂപത്തെ പല വിപണികളും മുതലെടുത്തു, യുദ്ധകാലത്ത് സൈസികവാഹനങ്ങളടക്കം പ്ലാസ്റ്റിക് ഉപയോഗിച്ചുതുടങ്ങി. ക്രൂഡ് ഓയിലില്‍നിന്ന് പ്ലാസ്റ്റിക് ഉല്‍പാദിപ്പിക്കാന്‍ അന്ന് കെട്ടിയുയര്‍ത്തിയ ഫാക്ടറികള്‍ക്ക് യുദ്ധം കഴിഞ്ഞതോടെ പണിയില്ലാതായി. അപ്പോഴാണ് മറ്റ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങളിലേക്ക് വ്യവസായികളുടെ ശ്രദ്ധ തിരിഞ്ഞത്. അങ്ങനെ 1948ല്‍ ടപ്പര്‍വേര്‍ പിറന്നു. പിന്നെ പുതിയ പുതിയ ഉപയോഗങ്ങള്‍ കണ്ടെത്തി, പ്ലാസ്റ്റിക്കിന്.  

20ാം നൂറ്റാണ്ടിലാണ് പ്ലാസ്റ്റിക് ഒരു ദുരന്തമാണെന്ന് തിരിച്ചറിയുന്നത്. പക്ഷേ അപ്പോഴേക്കും പ്ലാസ്റ്റിക് ഒഴിച്ചുകൂടാനാവാത്തതായിക്കഴിഞ്ഞിരുന്നു. പ്ലാസ്റ്റിക്  ഒരിക്കലും നശിക്കില്ല, ഇന്നുവരെ ഉല്‍പാദിപ്പിച്ചിട്ടുള്ള പ്ലാസ്റ്റിക്കൊന്നും നശിച്ചിട്ടില്ല. പല രൂപത്തില്‍ എവിടെയെങ്കിലുമൊക്കെ അടിഞ്ഞുകിടക്കുകയാണ്.  5 ട്രില്യനാണ് ഇന്ന് സമുദ്രത്തിലുള്ള പ്ലാസ്റ്റിക്. 2050 ഓടെ സമുദ്രങ്ങളില്‍ മീനിനേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക്കാവും.  ഒരു വര്‍ഷം സമുദ്രത്തിലേക്ക് ഒഴുകിയെത്തുന്നത് 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണ്. അമേരിക്കയില്‍ ഒരു ദിവസം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണം 25 ലക്ഷം. 

പക്ഷികള്‍ ചത്തൊടുങ്ങിയാലും അവയുടെ വയറില്‍നിന്ന് പുറത്തുവരുന്ന പ്ലാസ്റ്റിക് ശേഷിക്കും. 

പസഫിക് സമുദ്രത്തിലെ midway atoll എന്ന ദ്വീപ് മാത്രം മതി ദുരന്തത്തിന്റെ വ്യാപ്തി അറിയാന്‍. പക്ഷികളുടെ വാസസ്ഥലമാണിവിടെ. അവ ചത്തുവീഴുന്നതിന്റെ ഗന്ധം തങ്ങിനില്‍ക്കുന്നു ഇവിടെ. അത് പക്ഷേ സ്വാഭാവികമാണ്, അത്രയേറെ പക്ഷികളുണ്ടാവുമ്പോള്‍ മരണവും ഉണ്ടാവും. എന്നാല്‍ ഇപ്പോള്‍ ചത്തുവീഴുന്ന പക്ഷികളുടെ ശരീരത്തില്‍നിന്ന് പ്ലാസ്റ്റിക്കാണ് പുറത്തുവരുന്നത്. സമുദ്രത്തില്‍നിന്ന് കരയ്ക്കടിയുന്ന പ്ലാസ്റ്റിക്കാണ് പലപ്പോഴും ഇവയുടെ ഭക്ഷണം. നിറം കണ്ട് ഭക്ഷണമെന്ന് തെറ്റിദ്ധരിച്ച് അകത്താക്കുന്ന പ്ലാസ്റ്റിക് തുണ്ടുകള്‍ ദഹിക്കില്ല, വേറെയൊന്നും കഴിക്കാനും പറ്റാതെയാവും, പിന്നെ പതുക്കെപതുക്കെ മരണം. പക്ഷികള്‍ ചത്തൊടുങ്ങിയാലും അവയുടെ വയറില്‍നിന്ന് പുറത്തുവരുന്ന പ്ലാസ്റ്റിക് ശേഷിക്കും. 

ദുരന്തം അതാണ്. ദ്വീപ് വൃത്തിയാക്കാന്‍ ശ്രമിക്കുകയാണ് പരിസ്ഥിതി പ്രവര്‍ത്തകരും ഗവേഷണവിദ്യാര്‍ത്ഥികളും. പക്ഷേ ദിവസം പ്രതി ടണ്‍കണക്കിന് പ്ലാസ്റ്റിക്ക് അടിയുമ്പോള്‍ അതും ഏതാണ്ട് അസാധ്യമാണ്. തീരത്തെ മണലിന് ഇപ്പോള്‍ ഗവേഷകരിട്ടിരിക്കുന്ന പേര് പുതിയ മണ്ണ് എന്നാണ്, പ്ലാസ്റ്റിക് ചെറിയ തുണ്ടുകളായി മണലില്‍ കലര്‍ന്നിരിക്കുന്നു ഇവിടെ. വേര്‍തിരിച്ചറിയാന്‍ പറ്റാത്ത വണ്ണം. നാനോ പ്ലാസ്റ്റിക് എന്നറിയപ്പെടുന്ന ചെറിയ തുണ്ടുകള്‍ സമുദ്രത്തില്‍ അടിഞ്ഞ് plankton നില്‍ ചെന്നെത്തും. മാക്രോ പ്ലാസ്റ്റിക് എന്ന വലിയ തുണ്ടുകള്‍ മത്സ്യങ്ങള്‍ അകത്താക്കും.മത്സ്യങ്ങള്‍ വഴി ഇതെല്ലാം മനുഷ്യരിലേക്കെത്തുന്നു.അവിടേക്ക് യാത്രചെയ്ത സിഎന്‍എന്‍ സംഘം സ്‌റ്റൈറോഫോമിന്റെ ഓരു വലിയ ഗോളം തന്നെ കണ്ടെത്തി.  കാഴ്ചകള്‍ കണ്ടശേഷം അവര്‍ എഴുതിയത് ദുരന്തം തടയാന്‍ കഴിയാത്ത നിസ്സഹായതയെക്കുറിച്ചാണ്. 

7 ബില്യന്‍ ജനങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തിയാലേ ഈ ദുരന്തത്തിന്റെ തോത് കുറക്കാന്‍ കഴിയൂ.  ഫിലിപ്പീന്‍സ്, ചൈന. വിയറ്റ്‌നാം ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് എറ്റവും കൂടുതല്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്. അതില്‍ ചൈന പ്ലാസ്റ്റിക് ഇറക്കുമതി ചെയ്തിരുന്നു.  പക്ഷേ ഇപ്പോള്‍ അത് മതിയാക്കിയിരിക്കയാണ് ചൈന. 

ലോകം വലിച്ചെറിയുന്ന പാഴ് വസ്തുക്കള്‍ ഇനിയെടുക്കില്ലെന്ന് ചൈന പ്രഖ്യാപിച്ചിരിക്കുന്നു. പാഴ് വസ്തുക്കള്‍ എന്നാല്‍ പ്ലാസ്റ്റിക്. ഇറക്കുമതി ചെയ്യുന്ന പ്ലാസ്റ്റിക്  എല്ലാം റീസൈക്കിള്‍ ചെയ്ത് വീണ്ടും ഉപയോഗിക്കുകയും കയറ്റുമതി ചെയ്യുകയുമായിരുന്നു ചൈനയുടെ പതിവ്. ഇനി പ്രതിസന്ധിയിലാകുന്നത് പല രാജ്യങ്ങളാണ്. ബ്രിട്ടനാണ് കടുത്ത പ്രതിസന്ധി. ഇന്‍സിനറേറ്ററുകള്‍ പരിഹാരമല്ല, അത് പുറപ്പെടുവിക്കുന്നത് കാന്‍സറിന് കാരണമായ വാതകങ്ങളാണ്. നിലംനികത്താനാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്നത്. പക്ഷേ അതും മണ്ണിന്റെ ഭാഗമാവുകയാണ്. ഒരിക്കലും നശിക്കാതെ.  

എന്താണ് ചെയ്യാനാവുക?

ചെയ്യാം. ഒരിക്കല്‍ ഉപയോഗിച്ച് വലിച്ചെറിയാവുന്ന തരത്തിലുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കുക, ഗ്ലാസുകളും ഫോര്‍ക്കുകളും കുപ്പികളും കൊണ്ടുനടക്കുക, എന്തിനും പ്രകൃതിതന്നെ പരിഹാരം കണ്ടെത്തുമെന്ന ചിന്ത ഉപേക്ഷിക്കുക, അവനവന് കഴിയുന്നത് ചെയ്യുക. ഓരോരുത്തരുടേയും ജീവിതശൈലി മാറിയാലേ ചെറിയ തോതിലെങ്കിലും മാറ്റങ്ങള്‍ ഉണ്ടാവൂ. ഒരോ അഞ്ച് സെക്കന്റിലും  ആയിരം കിലോഗ്രാം എന്ന കണക്കിലാണ് പ്ലാസ്റ്റിക് സമുദ്രത്തിലേക്കെത്തുന്നത്. അരമണിക്കൂറിനുള്ളില്‍ സമുദ്രത്തിലേക്ക് നമ്മള്‍ ഒഴുക്കിവിട്ടത് ഏതാണ്ട് നാലുലക്ഷം കിലോഗ്രാം പ്ലാസ്റ്റിക്. 

തിമിംഗലവും ഡോള്‍ഫിനുമടക്കം സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യം കഴിച്ച് ചത്തൊടുങ്ങുന്നു. സമുദ്രത്തിലെ gyre എന്നറിയപ്പെടുന്ന അഞ്ച് ചുഴികളില്‍ വടക്കുപസഫിക് ജയറില്‍ great pacific garbage patch എന്നറിയപ്പെടുന്ന ഒരു പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരമുണ്ട്. നഗ്‌നനേത്രങ്ങള്‍ക്ക് കാണാനാവാത്ത ചെറിയ പ്ലാസ്റ്റിക് തുണ്ടുകള്‍ ചുറ്റിക്കൊണ്ടേയിരിക്കയാണിവിടെ. ടെക്‌സസിന്റെ ഇരട്ടി വലിപ്പമുണ്ടീ പ്ലാസ്റ്റിക് വലയത്തിന്. 70 ലക്ഷം ടണ്‍ ഭാരവും 9 അടി ആഴവുമെന്ന് വിദഗ്ധരുടെ നിഗമനം. അമേരിക്കയില്‍നിന്ന് 6 വര്‍ഷമെടുക്കും ഇതിലേക്ക് പ്ലാസ്റ്റിക് ഒഴുകിയെത്താന്‍, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് 1 വര്‍ഷവും. വര്‍ഷംതോറും അതിന്റെ ആഴവും പരപ്പും കൂടിവരികയാണ്.  വെട്ടിപ്പിടിക്കുന്നതില്‍മാത്രം ശ്രദ്ധ ചെലുത്തുന്ന മനുഷ്യന്  പക്ഷേ അതൊന്നും ചിന്തിക്കാന്‍ സമയം കിട്ടുന്നില്ല.

മാറ്റം കൂടിയേ തീരൂ!