അതേ മോനെ, രാത്രി 12 മണിക്കാണ് ബോട്ട് വിടണം എന്നു തീരുമാനിക്കുന്നത്. 25 ബോട്ടുകൾ, തൊഴിലാളികളും പോലീസും ലോറിയിൽ കയറ്റി കൊണ്ട് പോയി. എല്ലാം കഴിയുമ്പോഴേക്കും രാവിലെ ആയി. കൂടെ പോയവന്മാരുടെ വീടുകളിലേക്ക് കുറച്ച് അരിയും സാധനവും മേടിക്കണം. 

ഈ പ്രളയക്കെടുതിയില്‍ ഹീറോ അവരാണ്, നമ്മുടെ മത്സ്യത്തൊഴിലാളികള്‍... അവരുടെ ധൈര്യവും അര്‍പ്പണബോധവുമാണ് ഓരോ ജീവനുകളും ഇത്രയെളുപ്പം കരയിലെത്തിച്ചത്. ഇത്ര അടുത്തുനില്‍ക്കുന്നവര്‍ കൂട്ടത്തിലൊരാളെങ്ങനെ ആയിരിക്കും. അവര്‍ പരസ്പരം ചേര്‍ത്തുനിര്‍ത്തും. അത്തരമൊരനുഭവമാണ് ബാങ്ക് ജീവനക്കാരനായ അമല്‍ രവി ഫേസ്ബുക്കിലൂടെ പങ്ക് വയ്ക്കുന്നത്. ആകെയുണ്ടായിരുന്ന പെന്‍ഷന്‍ പണം പിന്‍വലിക്കാന്‍ അമല്‍ ജോലി ചെയ്യുന്ന ബാങ്കില്‍ എത്തിയതായിരുന്നു അദ്ദേഹം. ആ പണം അദ്ദേഹം പിന്‍വലിച്ചത്, രക്ഷാപ്രവര്‍ത്തകരായി നാട്ടില്‍ നിന്നും പോയ മത്സ്യത്തൊഴിലാളികളുടെ വീട്ടിലേക്ക് അരിയും സാധനങ്ങളും വാങ്ങാനും. ബാങ്കിങ് പ്രയോറിറ്റിയും ടോക്കനും ഒന്നും നോക്കാതെ വിത്ത്ഡ്രാവൽ ഫോമും എഴുതികൊടുത്ത്, അദ്ദേഹത്തിന് വിറക്കുന്ന വിരലുകളോടെ എണ്ണിക്കൊടുത്ത അഞ്ഞൂറിന്‍റെ എട്ട് നോട്ടുകൾ ഉണ്ടല്ലോ. അതിനെക്കാളും വലിയ ഒരു ബാങ്കിങ് സേവനവും ഞാൻ ചെയ്തിട്ടില്ല എന്നും അമല്‍ എഴുതുന്നു. 

ഫേസ്ബുക്ക് പോസ്റ്റ്: എഴുതേണ്ട എന്നു പലവട്ടം കരുതിയതാണ്, പക്ഷെ...
ആഗസ്റ്റ് 17 രാവിലെ ബാങ്കിൽ എത്തുമ്പോൾ പുറത്തു 70 വയസ്സിനു മുകളിൽ പ്രായം ഉള്ള ഒരു വൃദ്ധൻ നിൽക്കുന്നു. മൽസ്യ തൊഴിലാളി ആണ്. ക്ഷേമ പെൻഷനുകൾ വാങ്ങിക്കാൻ ബ്രാഞ്ചിൽ വന്നു കണ്ടിട്ടുണ്ട്. പരിചയം ഒന്നുമില്ല. എന്തേ ഇത്ര നേരത്തെ എന്നു ചോദിച്ചപ്പോൾ കുറച്ചു പണം എടുക്കണം എന്നു പറഞ്ഞു.

ലോഗിൻ ചെയ്ത് ഇടപാടുകൾ തുടങ്ങുമ്പോഴേക്കും നാല് പേർ കൗണ്ടറിൽ നിൽക്കുന്നുണ്ട്. കണ്ണൂർ അഴിക്കോട് ഭാഗത്തുനിന്നും ഇന്നലെ കുറച്ചു ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് പോയല്ലോ എന്നു അദ്ദേഹത്തോട് അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി, ' അതേ മോനെ, രാത്രി 12 മണിക്കാണ് ബോട്ട് വിടണം എന്നു തീരുമാനിക്കുന്നത്. 25 ബോട്ടുകൾ, തൊഴിലാളികളും പോലീസും ലോറിയിൽ കയറ്റി കൊണ്ട് പോയി. എല്ലാം കഴിയുമ്പോഴേക്കും രാവിലെ ആയി. കൂടെ പോയവന്മാരുടെ വീടുകളിലേക്ക് കുറച്ച് അരിയും സാധനവും മേടിക്കണം. 4000 രൂപ പാസ്സ്ബുക്കിൽ ഉണ്ട്. അത് വേണം... ''

മനസ്സ് മരവിച്ചുപോകുന്ന സന്ദർഭങ്ങൾ ഉണ്ടല്ലോ... ബാങ്കിങ് പ്രയോറിറ്റിയും ടോക്കനും ഒന്നും നോക്കാതെ വിത്ത്ഡ്രാവൽ ഫോമും എഴുതികൊടുത്ത്, അങ്ങേർക്ക് വിറക്കുന്ന വിരലുകളോടെ എണ്ണിക്കൊടുത്ത അഞ്ഞൂറിന്‍റെ എട്ട് നോട്ടുകൾ ഉണ്ടല്ലോ. അതിനെക്കാളും വലിയ ഒരു ബാങ്കിങ് സേവനവും ഞാൻ ചെയ്തിട്ടില്ല.

ഇവർ ആരെന്നു അറിയാമോ..??

മിനിമം ബാലൻസ് ഇല്ലാത്തതിന്‍റെ പേരിൽ നാം പിടിച്ചു പറിക്കുന്നവർ. ലാഭകരമല്ലാത്ത ഇടപാടുകാർ എന്നു പറഞ്ഞു നമ്മളിൽ ചിലർ ഒഴിവാക്കാൻ ശ്രമിക്കുന്നവർ..
ഫോം പൂരിപ്പിക്കാൻ കഴിയാതെ വിഷമിക്കുമ്പോൾ നമ്മളിൽ പലരും അവഗണിക്കുന്നവർ. പെന്‍ഷൻ വന്നോ എന്ന് അന്വേഷിക്കുമ്പോൾ, മനസിൽ അവജ്ഞയോടെയെങ്കിലും ഒരു പക്ഷെ നമ്മൾ സമീപിച്ചവർ. 

മത്സ്യത്തൊഴിലാളികൾ ആണ്. മഴയാണ്, പേമാരിയാണ്, പ്രളയമാണ്, ട്രോളിങ് നിരോധനമാണ്, വറുതിയാണ്, പട്ടിണിയാണ്, പലരുടെയും കുടുംബങ്ങൾ ക്യാമ്പുകളിൽ ആണ്... രണ്ടു ലക്ഷത്തിലധികം നമ്മളെ ജീവിതത്തിലേക്കു തിരികെകൊണ്ടുവന്നവർ ആണ്..
മനുഷ്യർ ❤
എത്ര മനോഹരമാണവർ ❤

നബി : ലാഭനഷ്ട കണക്കും കോസ്റ്റ് പ്രോഫിറ്റ് സങ്കൽപ്പവും ഉത്തരാധുനിക മാനേജ്‌മെന്‍റ് തിയറിയുമായി ഒരു മോനും ഈ വഴിക്ക് വരേണ്ടതില്ല.
 അമൽ രവി