ഇതിനകത്തെ, ഇരുട്ടു നിറഞ്ഞ ഗുഹകളുടെ ഉള്ളില്‍ നിറയെ, ചുണ്ണാമ്പുകല്ലുകളില്‍ രൂപം കൊണ്ട ശിലകളാണ്. കടലിലൂടെ ഒന്നര കിലോമീറ്റര്‍ നീളുന്ന സ്പീഡ് ബോട്ട് യാത്രയും, വനത്തിലൂടെയുള്ള ട്രെക്കിങ്ങുമൊക്കെ കഴിഞ്ഞാണ് ഈ ഗുഹകളിലെത്തുക

ബറാടങ്: വളരെ ഇടുങ്ങിയ, ഇരുട്ട് നിറഞ്ഞ ഗുഹ. പക്ഷെ, ഉള്ളില്‍ കാത്തിരിക്കുന്നത് കാഴ്ചകളുടെ ഉത്സവമാണ്. 

മനോഹരമായ ആന്‍ഡമാന്‍ ദ്വീപുകള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. എന്നാല്‍, അതിനേക്കാള്‍ മനോഹരമായ മറ്റൊരു അനുഭവം കൂടി ആന്‍ഡമാന്‍ കാത്തുവയ്ക്കുന്നുണ്ട്. ആ കാഴ്ചകളൊരുക്കുന്നത് ബറാടങ് ദ്വീപാണ്. ചുണ്ണാമ്പുകല്ലുകള്‍ നിറഞ്ഞ പുരാതന ഗുഹകളാണത്. പോര്‍ട്ട്‌ബ്ലെയറില്‍നിന്നു 100 കിലോമീറ്റര്‍ വടക്കുമാറി, ഇന്ത്യയില്‍നിന്ന് ഏകദേശം 1300 കിലോമീറ്റര്‍ അപ്പുറത്താണ് ബറാടങ് ദ്വീപ്. 

ഇതിനകത്തെ, ഇരുട്ടു നിറഞ്ഞ ഗുഹകളുടെ ഉള്ളില്‍ നിറയെ, ചുണ്ണാമ്പുകല്ലുകളില്‍ രൂപം കൊണ്ട ശിലകളാണ്. കടലിലൂടെ ഒന്നര കിലോമീറ്റര്‍ നീളുന്ന സ്പീഡ് ബോട്ട് യാത്രയും, വനത്തിലൂടെയുള്ള ട്രെക്കിങ്ങുമൊക്കെ കഴിഞ്ഞാണ് ഈ ഗുഹകളിലെത്തുക. അങ്ങോട്ടുള്ള യാത്രയും കുറച്ച് ദുഷ്കരമാണ്. യാത്രയ്ക്കിടെ വാഹനം നിര്‍ത്തുകയോ ചിത്രങ്ങള്‍ പകര്‍ത്തുകയോ ചെയ്യരുത്. 

ബറാടങ്ങ് ജെട്ടിയിലെത്തിക്കഴിഞ്ഞാല്‍ പിന്നെയുള്ള യാത്ര സ്പീഡ് ബോട്ടിലാണ്. കണ്ടല്‍ക്കാടുകള്‍ക്കു നടുവിലൂടെ. ഭയക്കേണ്ടതുണ്ട്, മുതലകളുടെ അധിവാസ കേന്ദ്രത്തിലൂടെയാണ് ബോട്ടിന്‍റെ പോക്ക്. അതുകൊണ്ട്, ആ യാത്രയില്‍ ജലത്തില്‍ തൊട്ടുപോകരുതെന്നും സൂക്ഷിക്കണമെന്നും ബോട്ട് ഡ്രൈവര്‍മാര്‍ നിരന്തരം മുന്നറിയിപ്പു നല്‍കിക്കൊണ്ടിരിക്കും. അതുനേരെ, നയാഡെര ജെട്ടിയിലെത്തി നില്‍ക്കും. തുടര്‍ന്നങ്ങോട്ട് ഒട്ടും നിരപ്പല്ലാത്ത, ഉയരമുള്ള കുന്നിന്‍ മുകളിലേക്ക്, വനത്തിലൂടെയുള്ള ട്രെക്കിങ്ങാണ്. ആ യാത്ര അവസാനിക്കുന്നത് നമ്മുടെ ഗുഹാമുഖത്താണ്.

അകത്തേക്കു പോകുന്തോറും ഇടുങ്ങുകയും ഗുഹയിലാകെ ഇരുട്ടു നിറയുകയും ചെയ്യും. ഗുഹയ്ക്കുള്ളില്‍ നിന്നുകൊണ്ട് മുകളിലേക്കു നോക്കിയാല്‍ രണ്ടു ദ്വാരങ്ങളുണ്ട്. അതുമാത്രമാണ് ഗുഹയ്ക്കകത്തേക്കുള്ള വെളിച്ചത്തിന്‍റെയും, വായുവിന്‍റെയും വാതില്‍. കടലിന്‍റെ അടിയില്‍ നിന്നു ഭൂകമ്പത്തില്‍ ഉയര്‍ന്നു വന്നതാണ് ഈ ഗുഹയെന്നു പറയപ്പെടുന്നു. കാര്‍ബണ്‍ ഡൈ ഓക്സൈഡ് ചുണ്ണാമ്പുകല്ലുമായി പ്രതിപ്രവര്‍ത്തിച്ചതിന്റെ ഫലമായി ഉണ്ടായ രാസപ്രവര്‍ത്തനങ്ങള്‍ ഈ ഗുഹയുടെ ഉള്‍വശങ്ങളില്‍ കാണാം. ശാസ്ത്രത്തിന്‍റെ തെളിവുകള്‍.

കഠിനമായതും അപകടം നിറഞ്ഞതുമായ യാത്രയാണ് പിന്നീടങ്ങോട്ട്. ഇരുട്ടും വഴുക്കലുമുണ്ട്. പക്ഷെ, ഗുഹയ്ക്കകത്തെ കാഴ്ചകള്‍ ഭയത്തെ ഇല്ലാതാക്കും. മനോഹരമായ പൂക്കളുടെയും പൂക്കൂടയുടെയും ആകൃതി പ്രാപിച്ച ശിലകളും ആനത്തലയെന്നു തോന്നുന്ന ശിലകളുമൊക്കെയുണ്ട്. വേറെ ഒരു ലോകത്തെന്ന പോലെ സഞ്ചരിച്ച്, തിരിച്ചെത്താം.