Asianet News MalayalamAsianet News Malayalam

കേരളമേ, അവര്‍ മാലാഖമാരാണ്,  അവഗണിക്കരുത്!

  • അനില്‍ കിഴക്കടുത്ത് എഴുതുന്നു
Anil Kizhakaduth on nurses life

ഇതിനിടയില്‍ കിതച്ചു കൊണ്ട് ഓടി പുറത്തേക്ക് പോയ സൂസന്‍ കുറെ മരുന്ന് കെട്ടുകളുമായി  പാഞ്ഞെത്തി. അവള്‍ നന്നായി വിയര്‍ക്കുകയും, ക്ഷീണിതയായി കാണപ്പെടുകയും ചെയ്തു. പാവം രാവിലെ പോലും ഒന്നും കഴിച്ചിട്ടില്ല. ഞാന്‍ ഓടി അവള്‍ക്കടുത്തേക്കു ചെന്ന് കയ്യിലുണ്ടായിരുന്ന വെള്ളക്കുപ്പി നീട്ടി. പേഷ്യന്റ് കുറച്ച് സീരിയസ് ആണ്. ഇത് കഴിയട്ടെ എന്ന് പറഞ്ഞവള്‍ അത് നിരസിച്ചു.

Anil Kizhakaduth on nurses life

ഉച്ചയ്ക്ക് രണ്ടു മണിയോട്  അടുപ്പിച്ചാണ് കൊല്ലത്തെ ഒരു ആശുപത്രിയില്‍  ഞാന്‍ എത്തിയത്. അസഹ്യമായ ശരീരവേദന കൊണ്ട് ബുദ്ധിമുട്ടിയ എനിക്ക് വേദനസംഹാരി ഇന്‍ജക്ഷന്‍ കൊടുക്കാനുള്ള ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച്, ഭൂമിയിലെ മാലാഖമാരിലൊരാള്‍  എന്റെ രണ്ടു നടുവിനും ഓരോ കുത്തുകുത്തി.ഒറ്റക്കായിരുന്ന എന്നെ അവര്‍ സ്‌നേഹപൂര്‍വം പരിചരിച്ചു.

നന്ദി പറയാന്‍ അവരുടെ മുഖത്തേക്ക് നോക്കിയ ഞാന്‍ അത്ഭുതപ്പെട്ടു !

സൂസന്‍ ജോണ്‍..

എന്റെ പഴയ സഹപാഠി. ഒന്നാം ക്ലാസ്സ് മുതല്‍  പത്തു വര്‍ഷം എന്റെ ക്ലാസ്സ് മുറി പങ്കിട്ടവള്‍. എന്റെ ബാല്യകാല  സുഹൃത്തും വഴികാട്ടിയുമായിരുന്നവള്‍. എന്നെ തിരിച്ചറിഞ്ഞപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ടുപോയ സ്‌നേഹിതനെ കണ്ടെത്തിയപ്പോഴുള്ള അത്ഭുതവും  ആകാംക്ഷയും സ്‌നേഹവും ആ കണ്ണുകളില്‍  കണ്ടു. 

പിന്നെ ഞങ്ങള്‍  പഴയ സ്‌കൂള്‍ മുറ്റത്ത് പിച്ച വെച്ച് നടന്ന കുട്ടികളുടെ നിഷ്‌കളങ്കതയോടെ ഒരുപാട് വിശേഷങ്ങള്‍ പങ്കുവെച്ചു. അവള്‍ക്ക് രണ്ട് കുട്ടികളാണ്. ഭര്‍ത്താവ് വിദേശത്തു ജോലിചെയ്യുന്നു. വലിയ പ്രാരബ്ധങ്ങള്‍ ഉള്ള ജീവിതം. 

ഇതിനിടയില്‍ അവള്‍ എന്നെ ഭക്ഷണം കഴിക്കാന്‍ വിളിച്ചു. കുട്ടികളെ സ്‌കൂളില്‍ വിട്ടു വന്നപ്പോഴേക്കും താമസിച്ച് പോയതുകൊണ്ടു  രാവിലെ ഒന്നും കഴിച്ചില്ലത്രെ. എനിക്കും നല്ല വിശപ്പുള്ളതുകൊണ്ടു അവളുടെ ക്ഷണം ഞാന്‍ സ്വീകരിച്ചു.

കാന്റീനിലേക്ക് പോകാന്‍ കാഷ്വാലിറ്റിയുടെ വാതില്‍ എത്തിയപ്പോള്‍ ഒരു ആംബുലന്‍സ്  അലാറം മുഴക്കി  ഞങ്ങള്‍ക്ക് മുന്നില്‍ നിന്നു. ഡോര്‍ തുറന്നപ്പോള്‍ കുറെ സ്ത്രീകളുടെ നിലവിളികള്‍ കൊണ്ട് ആശുപത്രി പരിസരം ഭയാനകമായി.

ജീവനക്കാര്‍ സ്ട്രെച്ചറില്‍  രോഗിയെ പുറത്തേക്കെടുത്തു. കണ്ടാല്‍ ഇരുപത് ഇരുപത്തിരണ്ടു പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി. അവളുടെ കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു. ഞാന്‍ സൂസനെ നോക്കി. ഇല്ല, അവളെന്റെ കൂടെയില്ല!

നോക്കിയപ്പോള്‍ അവള്‍ കാഷ്വാലിറ്റിയിലേക്ക് ഓടുകയായിരുന്നു. പിന്നെ എന്തൊക്കയോ മെഡിക്കല്‍ ഉപകരണങ്ങളുമായി അങ്ങോട്ടുമിങ്ങോട്ടും പായുന്നു. അവള്‍ മാത്രമല്ല കുറെ നഴ്സുമാര്‍ രണ്ടോ മൂന്നോ ഡോക്‌ടേഴ്‌സ്, അവരെല്ലാം വളരെ പെട്ടന്ന് തയ്യാറെടുപ്പുകള്‍ നടത്തുന്നു.

ആംബുലന്‍സ് റെഡിയായി. സൂസനും മറ്റു നഴ്സുമാരും കൂടി പെണ്‍കുട്ടിയെ അതില്‍ കയറ്റി.

രോഗിയുമായി  അകത്തു കയറിയപ്പോള്‍ ജീവനക്കാര്‍ പാതി കര്‍ട്ടന്‍ കൊണ്ട് മറച്ചു. പിന്നെ  കാണുന്നത് കുറെ വെള്ളക്കാലുകളും കറുത്ത കാലുകളും കര്‍ട്ടന് പിന്നില്‍ അതിവേഗം ചലിക്കുന്നതാണ്.

ഇതിനിടയില്‍ കിതച്ചു കൊണ്ട് ഓടി പുറത്തേക്ക് പോയ സൂസന്‍ കുറെ മരുന്ന് കെട്ടുകളുമായി  പാഞ്ഞെത്തി. അവള്‍ നന്നായി വിയര്‍ക്കുകയും, ക്ഷീണിതയായി കാണപ്പെടുകയും ചെയ്തു. പാവം രാവിലെ പോലും ഒന്നും കഴിച്ചിട്ടില്ല. ഞാന്‍ ഓടി അവള്‍ക്കടുത്തേക്കു ചെന്ന് കയ്യിലുണ്ടായിരുന്ന വെള്ളക്കുപ്പി നീട്ടി. പേഷ്യന്റ് കുറച്ച് സീരിയസ് ആണ്. ഇത് കഴിയട്ടെ എന്ന് പറഞ്ഞവള്‍ അത് നിരസിച്ചു.

തിരികെ കസേരയില്‍ വന്നിരുന്ന ഞാന്‍ ഒരു പ്രായമുള്ള സ്ത്രീയുടെ കൈയിലിരിക്കുന്ന ചോരക്കുഞ്ഞിനെ ശ്രദ്ധിച്ചു. അത് കരയുന്നുണ്ടായിരുന്നു. ആ സ്ത്രീയുടെ കയ്യില്‍ ഇരുന്ന കുരിശുമാല നെഞ്ചിനോട് ചേര്‍ത്ത് അവര്‍ പ്രാര്‍ത്ഥിച്ചു. എന്റെ മോള്‍ക്ക് ജീവന്‍ കൊടുക്കണേ ഈശോ... എന്നവര്‍ ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരുന്നു. 

അവര്‍ ശരിക്കും ദൈവത്തിന്റെ മാലാഖമാര്‍ തന്നെയാണ്.

അടുത്തിരുന്ന ആളോട് വിവരം തിരക്കി. പ്രസവം കഴിഞ്ഞു മൂന്ന് ദിവസമേ ആയുള്ളൂ. പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. പാവങ്ങളാണ്. ഭര്‍ത്താവ് കൂലിപ്പണി ചെയ്യുന്നു. ഗവ. ആശുപത്രിയില്‍ നിന്നും തഴഞ്ഞു. അതാണ് ഇവിടേക്ക് വന്നത്. 

പ്രായമായ സ്ത്രീയുടെ പ്രാര്‍ത്ഥനയിലും  നിലവിളിയിലും ദുഃഖപൂര്‍ണമായ അന്തരീക്ഷത്തേക്കാള്‍ ഏറെ മനസ്സിനെ നോവിച്ചത് ആ കുഞ്ഞിന്റെ കരച്ചിലായിരുന്നു. അതിനു വിശക്കുന്നുണ്ടാവും. മുലപ്പാലിന്റെ രുചി അറിഞ്ഞു പോലും കാണില്ല , പാവം. ഇനിയുള്ള കാലം അമ്മയുടെ ചൂടേല്‍ക്കാതെ പശുവിന്‍ പാല്‍ കുടിച്ച്  വളരേണ്ടി വരുമോ ആ കുഞ്ഞിന്. 

അസ്വസ്ഥമായ മനസ്സോടെ കണ്ണടച്ചിരുന്ന ഞാന്‍ ആ പെണ്‍കുട്ടിയുടെ ജീവന് വേണ്ടി പ്രാര്‍ത്ഥിച്ചു പോയി.

പുറത്തേക്കു വന്ന സൂസനോട് ചോദിച്ചപ്പോള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണെന്ന് പറഞ്ഞു. 

ആംബുലന്‍സ് റെഡിയായി. സൂസനും മറ്റു നഴ്സുമാരും കൂടി പെണ്‍കുട്ടിയെ അതില്‍ കയറ്റി. പ്രായമായ സ്ത്രീ കുഞ്ഞിനെ അവളുടെ അരികില്‍ കിടത്തി. ഡോറടച്ച് ഭയാനകമായ ശബ്ദം മുഴക്കി ആംബുലന്‍സ് ചീറിപ്പാഞ്ഞു. ഇനിയുള്ള ഒരു മണിക്കൂര്‍ അവള്‍ക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ, ജീവനോടെ അവള്‍ മെഡിക്കല്‍ കോളേജില്‍ എത്തട്ടെ.  അവിടെ സൂസനെപ്പോലെ ദൈവത്തിന്റെ മാലാഖമാരുടെ കയ്യിലേക്ക് അവള്‍ സുരക്ഷിതമായി എത്തട്ടെ. ഞാന്‍ പ്രാര്‍ത്ഥിച്ചു.

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിന്നും മുക്തനായി സൂസനെ തേടി ഞാന്‍ അകത്തേക്ക് കയറി. അവിടെ ഒരു കസേരയില്‍ അവള്‍ ക്ഷീണിതയായി ഇരിക്കുന്നു. സമയം അഞ്ചുമണി ആയിരിക്കുന്നു.. ഇനിയെങ്കിലും എന്തെങ്കിലും കഴിക്കൂ.. എന്ന എന്റെ ആവശ്യം അവള്‍ സ്‌നേഹപൂര്‍വം നിരസിച്ചു. ഞങ്ങള്‍ക്ക് ഇതൊക്കെ ശീലമായി. ഇനി വീട്ടില്‍ ചെന്നിട്ടു കഴിക്കാം എന്ന് പറഞ്ഞ് അവള്‍ അടുത്ത രോഗിയുടെ അടുത്തേക്ക് പോയി. പോകാനായി ആശുപത്രിയുടെ ഗേറ്റിലേക്കെത്തിയപ്പോള്‍ അവിടെ ഒരാള്‍ പോസ്റ്റര്‍ പതിക്കുന്നു. 

നാളെ മുതല്‍ നഴ്സുമാര്‍ പണിമുടക്കുന്നു. ജോലി ഭാരം കുറക്കുക, മിനിമം വേതനം ഉറപ്പാക്കുക അങ്ങനെ കുറച്ചാവശ്യങ്ങള്‍. 

അവരുടെ കഷ്ടപ്പാട് കണ്ടപ്പോള്‍, ഇതവരുടെ ആവശ്യങ്ങള്‍ അല്ല, അവകാശങ്ങളാണെന്നു തോന്നി പോയി.

അവര്‍ ശരിക്കും ദൈവത്തിന്റെ മാലാഖമാര്‍ തന്നെയാണ്. സ്വന്തം വിശപ്പിനേക്കാള്‍ നമ്മുടെ ജീവന്  വില നല്‍കുന്നവര്‍. അവരെ അവഗണിക്കാതിരുന്നെങ്കില്‍...

Follow Us:
Download App:
  • android
  • ios