അന്‍റാർട്ടിക്കയിൽ വലിയ ഹിമാനികൾ സമുദ്രത്തിലേക്ക് വീഴുന്നതും, സമുദ്രനിരപ്പ് ഉയരുന്നതും തടയാൻ സഹായിക്കുന്നത് അവിടെയുള്ള ഐസ് ഷെൽഫുകളാണ്. എന്നാൽ, കാലാവസ്ഥാ വ്യതിയാനം മൂലം പകുതിയിലധികം ഐസ് ഷെൽഫുകൾ തകരാൻ സാധ്യതയുണ്ടെന്നാണ് ഈ പുതിയ പഠനം പറയുന്നത്. ചൂട് കൂടുന്നതുമൂലം ഐസ് ഷെൽഫുകളിലെ വിള്ളലുകളിലേക്ക് വെള്ളം ഇരച്ചുകയറുമെന്നും, ഇത് ഈ പ്രകൃതിദത്ത തടയണകളെ ദുർബലപ്പെടുത്തുമെന്നാണ് ഗവേഷണ സംഘം മുന്നറിയിപ്പ് നൽകുന്നത്. അങ്ങനെ സംഭവിച്ചാൽ സമുദ്രനിരപ്പ് പെട്ടെന്ന് ഉയരുമെന്നും, തീരദേശ മേഖലകളിൽ താമസിക്കുന്ന ജനങ്ങളുടെ ജീവിതത്തെ ഇത് സാരമായി ബാധിക്കുമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു. 

കൊളംബിയ യൂണിവേഴ്‍സിറ്റിയുടെ നേതൃത്വത്തിലുള്ള അന്തർദേശീയ ജിയോസയന്‍റിസ്റ്റുകളാണ് ഈ പഠനം നടത്തിയത്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് അവർ അന്‍റാർട്ടിക്കയിലുടനീളമുള്ള ഉപരിതല വിള്ളലുകള്‍ കണ്ടെത്തിയത്. ഈ ഹിമപാളികളിൽ 60 ശതമാനവും അപകടത്തിലാണെന്നാണ് ഗവേഷണ സംഘം വിലയിരുത്തുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായി ഉപരിതലത്തിലെ വിള്ളലുകൾ വെള്ളത്തിൽ മുങ്ങിയാൽ 350,000 ചതുരശ്ര മൈലിൽ കൂടുതൽ ഫ്ലോട്ടിംഗ് ഐസ് ഷെൽഫുകൾ പിളരുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇത് ലോകമെമ്പാടുമുള്ള സമുദ്രനിരപ്പ് ഉയരാൻ ഇടയാകുമെന്നും പറയപ്പെടുന്നു. 2100 ആകുമ്പോഴേക്കും സമുദ്ര നിരപ്പ് മൂന്നടിയോളം ഉയരുമെന്നത്  മുൻപഠനങ്ങൾ സൂചിപ്പിച്ചിട്ടുള്ള കാര്യമാണ്. ഇതിൽ അപകടകരമായ കാര്യം ഇത്തരത്തിൽ സമുദ്രനിരപ്പ് ഉയരുന്നത് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുകയും, ദ്വീപുകൾ മുഴുവൻ വെള്ളത്തിൽ മുങ്ങാൻ കാരണമാവുകയും ചെയ്യുമെന്നതാണ്. ഈ പ്രബന്ധം നേച്ചർ ജേണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.    

ഉപരിതലത്തിൽ രൂപം കൊള്ളുന്ന വിള്ളലുകൾ പതിനായിരം അടി ആഴത്തിൽ വരെ പോകാം. ഈ വലിയ വിള്ളലുകള്‍ ഐസ് ഷെൽഫുകളുടെ ഉറപ്പിനെ ഇല്ലാതാക്കും. കാലാവസ്ഥാ മോഡലുകൾ സൂചിപ്പിക്കുന്നത് ഈ നൂറ്റാണ്ടിലെ  ഏറ്റവും  വ്യാപകമായ ആഗോളതാപനത്തിനെയാണ് നമ്മുടെ ഭൂമി നേരിടുന്നത് എന്നാണ്. അതേസമയം സൂക്ഷ്‍മമായ താപനിലാ വ്യതിയാനങ്ങൾ പോലും വ്യാപകമായ മഞ്ഞുരുക്കത്തിന് കാരണമാകുമെന്ന് നിലവിലുള്ള ഗവേഷണങ്ങൾ പറയുന്നു. 

“ഇത് ഉരുകുന്നു എന്നതല്ല, എവിടെ ഉരുകുന്നു എന്നതാണ് പ്രശ്‌നം” പഠനത്തിന്റെ പ്രധാന രചയിതാവ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ലാമോണ്ട്-ഡോഹെർട്ടി എർത്ത് ഒബ്സർവേറ്ററിയിലെ പോസ്റ്റ്ഡോക്‌ടറൽ ഗവേഷകനായ ചിംഗ്-യാവോ ലായ് പറഞ്ഞു. “ഐസ് ഷെൽഫുകൾ ഹിമവും സമുദ്രവും പരസ്‍പരം ഇടപഴകുന്ന ദുർബലമായ സ്ഥലമാണ്. അവിടെ ഉരുകിയ ജലം നിറഞ്ഞാൽ, സമുദ്രനിരപ്പ് ഉയരുന്നത് വളരെ വേഗത്തിൽ സംഭവിക്കാം. ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും” ലാമോണ്ട്-ഡോഹെർട്ടിയിലെ ഗ്ലേസിയോളജിസ്റ്റായ ജോനാഥൻ കിംഗ്‍സിലേക്ക് പറഞ്ഞു. ഹിമം ഉരുകുന്നത് എത്ര വേഗത്തിൽ നടക്കുമെന്നത് അറിയാൻ കൂടുതൽ ആഴത്തിലുള്ള പഠനം ആവശ്യമാണ് എന്ന് ഗവേഷണ സംഘം സൂചിപ്പിക്കുന്നു. എന്നിരുന്നാലും, നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രനിരപ്പ് ഒരു മീറ്ററിലധികം കൂടുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.