Asianet News MalayalamAsianet News Malayalam

നെഹ്റു, കോൺഗ്രസ് സംവിധാനത്തിന് അനുകരിക്കാനാവാതെ നില്‍ക്കുന്നതിന് കാരണം ഇതാണ്!

നെഹ്റുവിനെ, അദ്ദേഹത്തിന്‍റെ ഇടപെടലുകളെ പലമട്ടിൽ അന്വേഷിക്കേണ്ടതുണ്ട്. നെഹ്റുവെന്ന സ്വാതന്ത്ര്യസമര സേനാനിയെ, കോൺഗ്രസ് നേതാവിനെ, പ്രധാനമന്ത്രിയെ, ഭരണാധികാരിയെ, ആസൂത്രകനെ, ലോകനേതാവിനെ, ശാസ്ത്രവാദിയെ ഒക്കെ പരാമർശിച്ചാലെ അദ്ദേഹത്തെപ്പറ്റി എഴുതാനാകൂ.

article on nehru and congress
Author
Thiruvananthapuram, First Published Nov 14, 2018, 3:44 PM IST

നെഹ്റുവിനെ, അദ്ദേഹത്തിന്‍റെ ഇടപെടലുകളെ പലമട്ടിൽ അന്വേഷിക്കേണ്ടതുണ്ട്. നെഹ്റുവെന്ന സ്വാതന്ത്ര്യസമര സേനാനിയെ, കോൺഗ്രസ് നേതാവിനെ, പ്രധാനമന്ത്രിയെ, ഭരണാധികാരിയെ, ആസൂത്രകനെ, ലോകനേതാവിനെ, ശാസ്ത്രവാദിയെ ഒക്കെ പരാമർശിച്ചാലെ അദ്ദേഹത്തെപ്പറ്റി എഴുതാനാകൂ. എന്നാൽ ഇന്ത്യയെന്ന ആശയത്തെ തകർക്കാൻ ശ്രമിക്കുന്ന വർത്തമാനകാലത്ത് നെഹ്റുവെന്ന സംഘപരിവാർ വിരുദ്ധനെ വായിക്കുന്നത് അതിലേറെ പ്രധാനപ്പെട്ടതാണെന്ന് കരുതുന്നു. 

article on nehru and congress

സ്വാതന്ത്ര്യാനന്തരം അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രയാസമെന്തായിരുന്നുവെന്ന് ഫ്രഞ്ച് എഴുത്തുകാരൻ ആന്ദ്രെ മൽറോ ഒരിക്കൽ ജവാഹർലാൽ നെഹ്റുവിനോട് ചോദിക്കുന്നുണ്ട്. നെഹ്റുവിന്റെ മറുപടി ഇപ്രകാരമായിരുന്നു: 'നീതിപൂർവകമായ വഴികളിലൂടെ നീതി അധിഷ്ഠിതമായ ഒരു ഭരണകൂടം സൃഷ്ടിക്കുക. ഒരു പക്ഷേ, ഒരു ബുദ്ധിമുട്ടുകൂടി പറയാം: ഒരു മതാത്മക രാജ്യത്ത് മതേതര ഭരണകൂടം സൃഷ്ടിക്കുക.'

ഒരുപക്ഷേ, ഇന്ത്യയെക്കുറിച്ചുള്ള ഏറ്റവും ജനാധിപത്യപരമായ സ്വപ്നമാണ് നെഹ്റുവിന്‍റെ ഈ മറുപടി. 2018-ൽ രാജ്യത്തെ മതാധിഷ്ഠിതമായി ചുരുക്കിയെടുക്കാൻ ശ്രമിക്കുന്ന പ്രത്യയശാസ്ത്രം രാജ്യം ഭരിക്കുമ്പോൾ, നെഹ്റുവിന്‍റെ പാർട്ടി (കേരളത്തിലെങ്കിലും) മുമ്പെങ്ങുമില്ലാത്തവിധം സംഘപരിവാർ താത്പര്യങ്ങൾക്കായി കലാപങ്ങളുണ്ടാക്കാൻ ശ്രമിക്കുമ്പോൾ ഈ നെഹ്റുവിനെ ആവർത്തിച്ച് വായിക്കുകയും പ്രയോഗിക്കുകയും ചെയ്യേണ്ടത് പ്രധാനപ്പെട്ടതാണ്.

നെഹ്റുവിനെ, അദ്ദേഹത്തിന്‍റെ ഇടപെടലുകളെ പലമട്ടിൽ അന്വേഷിക്കേണ്ടതുണ്ട്. നെഹ്റുവെന്ന സ്വാതന്ത്ര്യസമര സേനാനിയെ, കോൺഗ്രസ് നേതാവിനെ, പ്രധാനമന്ത്രിയെ, ഭരണാധികാരിയെ, ആസൂത്രകനെ, ലോകനേതാവിനെ, ശാസ്ത്രവാദിയെ ഒക്കെ പരാമർശിച്ചാലെ അദ്ദേഹത്തെപ്പറ്റി എഴുതാനാകൂ. എന്നാൽ ഇന്ത്യയെന്ന ആശയത്തെ തകർക്കാൻ ശ്രമിക്കുന്ന വർത്തമാനകാലത്ത് നെഹ്റുവെന്ന സംഘപരിവാർ വിരുദ്ധനെ വായിക്കുന്നത് അതിലേറെ പ്രധാനപ്പെട്ടതാണെന്ന് കരുതുന്നു.

1947 ഒക്ടോബർ മുതൽ 1963 ഡിസംബർ വരെ നെഹ്റു ഈ പതിവ് തുടർന്നു 

ഹിന്ദുത്വ തീവ്രവാദമാണ് ഇന്ത്യ നേരിടാൻ പോകുന്ന വലിയ പ്രശ്‌നമെന്ന് എഴുപത് വർഷം മുമ്പ് തന്നെ അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ എഴുത്തുകൾ അത് ബോധ്യപ്പെടുത്തുന്നുണ്ട്.

നെഹ്റുവിന്‍റെ രചനകളിൽ ഏറ്റവും പ്രധാനം മുഖ്യമന്ത്രിമാർക്കുള്ള കത്തുകളാണ്. സ്വാതന്ത്ര്യാനന്തരം ഓരോ ആഴ്ച ഇടവിട്ട് 1947 ഒക്ടോബർ മുതൽ 1963 ഡിസംബർ വരെ നെഹ്റു ഈ പതിവ് തുടർന്നു.1980-ൽ അഞ്ച് ഭാഗങ്ങളായി ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു. വർഗീയത, രാഷ്ട്രീയം, സാമ്പത്തികം, ഭരണനൈതികത, സാഹിത്യം, ഭാഷ തുടങ്ങി രാജ്യവുമായി ബന്ധപ്പെട്ട വിവിധ ആലോചനകളാണ് ഇവയിൽ പങ്കുവയ്ക്കുന്നത്.

1947 ഡിസംബർ 7-ന് നെഹ്റു എഴുതിയ കത്ത് സംഘപരിവാർ തീവ്രദേശീയതാകാലത്ത്/അനാചാരസംരക്ഷണകാലത്ത് ഏറെ പ്രധാനപ്പെട്ടതാണ്.

"ചില പ്രവിശ്യകളിൽ ആർ.എസ്.എസ്. വമ്പിച്ച പ്രകടനങ്ങൾ സംഘടിപ്പിച്ചതിന്‍റെ റിപ്പോർട്ടുകൾ എനിക്ക് കിട്ടിയിട്ടുണ്ട്. പലപ്പോഴും ഈ പ്രകടനങ്ങൾ നിരോധനാജ്ഞ ലംഘിച്ചാണ് നടന്നിട്ടുള്ളത്. ചില പ്രവിശ്യാ ഭരണാധികാരികൾ ഇക്കാര്യത്തിൽ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. അവർ ഈ ആജ്ഞാലംഘനത്തെ അംഗീകരിച്ച മട്ടാണ്. ഈ കാര്യത്തിൽ നിങ്ങളുടെ വിവേചനാധികാരത്തിൽ ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ആജ്ഞാലംഘനത്തിന് ചൂട്ടുപിടിക്കുന്ന ഈ നിലപാട് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും എന്ന വസ്തുത ഞാൻ നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ്.

ന്യായമായ പ്രവർത്തനത്തിനുള്ള അവകാശം അവർക്കുണ്ട്

ആർ.എസ്.എസ്. ഒരു സ്വകാര്യ സൈനിക സ്വഭാവമുള്ള സംഘടനയാണ് എന്നും അത് പിന്തുടരുന്നത് നാസി പാതയാണെന്നും കാണിക്കുന്ന ധാരാളം തെളിവുകൾ നമുക്ക് ലഭ്യമാണ്. നാസി സംഘടനാരീതി പോലും അത് അനുവർത്തിക്കുന്നതായി കാണാം. പൗരസ്വാതന്ത്ര്യത്തിൽ കൈകടത്താൻ നാം ആഗ്രഹിക്കുന്നില്ല. പക്ഷേ, ഉപയോഗിക്കാൻ വേണ്ടിത്തന്നെ ആയുധങ്ങൾ നൽകുകയും അവ ഉപയോഗിക്കാനുള്ള പരിശീലനം നൽകുകയും ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാവുന്ന ഒരേർപ്പാടല്ല. ആർ.എസ്.എസ്. ഇപ്പോഴത്തെ കേന്ദ്ര-പ്രവിശ്യാ സർക്കാരുകൾക്ക് എതിരാണ്, ഈ എതിർപ്പ് നിശ്ചിതവും ബോധപൂർവവുമാണ്. ഈ വസ്തുതമാത്രം കണക്കിലെടുത്ത് അവർക്കെതിരേ നടപടിയൊന്നും കൈക്കൊള്ളണമെന്നില്ല. ന്യായമായ പ്രവർത്തനത്തിനുള്ള അവകാശം അവർക്കുണ്ട്. പക്ഷേ, അവരുടെ പ്രവർത്തനം ഏതാണ്ട് അതിരുകവിഞ്ഞിരിക്കുന്നു. പ്രവിശ്യാ സർക്കാരുകൾ ആ പ്രവർത്തനത്തിനുമേൽ കണ്ണുവയ്ക്കുന്നത് നന്നായിരിക്കും. ഉചിതമെന്ന് തോന്നുന്ന നടപടി അവർക്ക് കൈക്കൊള്ളാം. 

ജർമനിയിൽ നാസിപ്രസ്ഥാനം എങ്ങനെയാണ് വികാസം പ്രാപിച്ചതെന്നതിനെ സംബന്ധിച്ച് കുറച്ചൊക്കെ എനിക്കറിയാം. ഉപരിപ്ലവമായ ധാടികൊണ്ടും കർശനമായ അച്ചടക്കം കൊണ്ടും ഏറെ, ബുദ്ധിയൊന്നുമില്ലാത്ത, ജീവിതത്തിൽ ആകർഷണീയമായി യാതൊന്നുമില്ലാത്ത കീഴ്മധ്യവർഗത്തിൽപ്പെട്ട യുവാക്കളേയും യുവതികളേയും അതിനോടടുപ്പിച്ചു. അങ്ങനെയവർ നാസിപാർട്ടിയിലേക്ക് അടുത്തു. അതിന്റെ നയവും പരിപാടിയും ലളിതവും നിഷേധാത്മകവും ഏറെ മാനസികാഭ്യാസം ആവശ്യമില്ലാത്തതുമായിരുന്നു. നാസിപാർട്ടി ജർമനിയെ നശിപ്പിച്ചു. ഈ പ്രവണതകൾ ഇന്ത്യയിൽ പടരാനും വർധിക്കാനും അനുവദിച്ചാൽ ഇന്ത്യയ്ക്ക് അവ വമ്പിച്ച നാശം വരുത്തിവെക്കുമെന്ന് എനിക്കുറപ്പാണ്. തീർച്ചയായും ഇന്ത്യ അതിജീവിക്കും. പക്ഷേ, അവൾക്ക് ഗുരുതരമായ  പരിക്കേൽക്കും, ആ പരിക്ക് മാറാൻ ഏറെക്കാലമെടുക്കും.''
(രാമചന്ദ്ര ഗുഹ, ആധുനിക ഇന്ത്യയുടെ ശില്പികൾ, പുറം 356-357)

എഴുപത് വർഷങ്ങൾക്ക് മുമ്പാണ് ഈ വാക്കുകളെന്ന് അറിയുമ്പോഴാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജാഗ്രത എത്ര വലുതായിരുന്നെന്ന് ബോധ്യപ്പെടുന്നത്.

പക്ഷേ, പിന്നീടിതിനെതിരായി ജനവികാരം ആഞ്ഞടിക്കാനാണ് സാധ്യത

കശ്മീരിനെക്കുറിച്ച് നെഹ്റു 1947-ൽ ഇങ്ങനെയെഴുതി:-

'ഇന്ത്യൻ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, കാശ്മീർ ഇന്ത്യൻ യൂണിയനായി തന്നെ നിൽക്കണം എന്നത് അങ്ങേയറ്റം പ്രധാനമാണ്... പക്ഷേ, നാം അതെത്ര ആഗ്രഹിച്ചാലും ബഹുജനങ്ങളുടെ പിന്തുണയില്ലാതെ അതു നടക്കില്ല. പട്ടാള ശക്തി കൊണ്ട് കുറച്ചു നാൾ കാശ്മീർ കൈവശംവയ്ക്കാൻ കഴിഞ്ഞേക്കാം. പക്ഷേ, പിന്നീടിതിനെതിരായി ജനവികാരം ആഞ്ഞടിക്കാനാണ് സാധ്യത. അതു കൊണ്ട് അടിസ്ഥാനപരമായും ബഹുജനങ്ങളോട് മന:ശാസ്ത്രപരമായ ഒരു സമീപനമാണ് ഇക്കാര്യത്തിൽ കൈക്കൊള്ളേണ്ടിവരിക. ഇന്ത്യൻ യൂണിയനിൽ ചേരുന്നത് തങ്ങൾക്ക് ഗുണകരമാകും എന്നു ജനങ്ങൾക്ക് ബോധ്യം വരുത്തണം. യൂണിയനിൽ താൻ സുരക്ഷിതനല്ല എന്ന് ഒരു ശരാശരി മുസ്ലീമിന് തോന്നിയാൽ പിന്നെ അവൻ മറ്റെവിടെയാണ് സുരക്ഷിതം എന്ന് അന്വേഷിക്കും; അത് സ്വാഭാവികം. ഇതു മനസ്സിൽവച്ചു വേണം നാം മുന്നോട്ടു നീങ്ങാൻ; ഇല്ലെങ്കിൽ നാം പരാജയപ്പെടും.'

നോക്കൂ, ആ പ്രശ്നം പരിഹരിക്കാൻ അദ്ദേഹത്തിനായില്ലെങ്കിലും അശാന്തിയുടെ താഴ്‌വരയായി ഇപ്പോഴും തുടരുന്ന കശ്മീരിനെപ്പറ്റി, അവിടുത്തെ ജനതയെപ്പറ്റി എത്രമേൽ ജനാധിപത്യപൂർണമായ കാഴ്ചപ്പാടായിരുന്നു നെഹ്റു സൂക്ഷിച്ചിരുന്നത്. ഒരു പക്ഷേ, മറ്റൊരാൾക്കും ചിന്തിക്കാൻപോലുമാകാത്ത വിധം. ന്യൂനപക്ഷങ്ങളുടെ കാര്യത്തിലും സമാനമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പൊതുസേവനരംഗത്തെ വർഗീയ രാഷ്ട്രീയത്തിന്റെ രോഗാണുവിൽ നിന്ന് സംരക്ഷിക്കേണ്ടത് പരമപ്രധാനമാണെന്ന് നെഹ്റു കരുതി. 

സമകാലിക കേരളത്തിൽ സ്വന്തം രാഷ്ട്രീയ ചരിത്രത്തെ ഒറ്റുകൊടുത്ത് അയിത്തം സൂക്ഷിക്കുന്ന കോൺഗ്രസുകാരോട്  നെഹ്റുവിനെക്കുറിച്ച് മാത്രമേ പറയാനുള്ളൂ. അദ്ദേഹത്തെ ഒരിക്കലെങ്കിലും വായിക്കൂ എന്നേ ആവശ്യപ്പെടാനുള്ളൂ.  ഇന്ത്യയെന്ന ജനാധിപത്യ ആശയത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് ഹിന്ദുതീവ്രവാദികളാണെന്ന് എഴുപത് വർഷങ്ങൾക്ക് മുമ്പേ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിക്ക് (കോൺഗ്രസിന്‍റേം) അറിയാമായിരുന്നു; കോൺഗ്രസിന് ഇപ്പോഴുമത് തിരിഞ്ഞിട്ടില്ലെങ്കിലും.

കോൺഗ്രസ് സംവിധാനത്തിന് അനുകരിക്കാനാവാതെയും സംഘപരിവാറിന് അപഹരിക്കാനാവാതെയും ആ ശിരസ് ഉയർന്നുനിൽക്കുന്നതും അതുകൊണ്ടാണ്. അതിനാൽ സംഘപരിവാർ കാലത്ത് ശിശുദിനമായല്ല ജനാധിപത്യ ഇന്ത്യയുടെ അതിജീവനോപാധികളിൽ ഒരാളായിവേണം ജവാഹർലാൽ നെഹ്റുവിനെ മനസ്സിലാക്കാൻ.

1. രാമചന്ദ്രഗുഹ, 2010, ഇന്ത്യ ഗാന്ധിക്കു ശേഷം, ഡി.സി. ബുക്സ്, കോട്ടയം.
2. രാമചന്ദ ഗുഹ, 2017, ആധുനിക ഇന്ത്യയുടെ ശില്ലികൾ, ഡി.സി. ബുക്സ്, കോട്ടയം.

Follow Us:
Download App:
  • android
  • ios