വാടക വീട്ടിന്റെ മുകൾ നിലയിലേക്കുള്ള പടവുകൾ കയറുമ്പോഴേ നീണ്ട കരച്ചിൽ കേൾക്കാമായിരുന്നു. ഞാനും റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രനും മടിച്ചു മടിച്ചാണ് അകത്തേക്ക് കയറിയത്.കലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് അമ്മ ആര്യയുടെ മുറി കാണിച്ചു തന്നു.അതേ നിസഹായത അച്ഛന്റെ മുഖത്തും കാണാമായിരുന്നു. ആദ്യം അകത്ത് കയറിയ ധനേഷ് ഒറ്റ നോട്ടം കോണ്ടവസാനിപ്പിച്ച് കണ്ണു നിറച്ച് പുറത്തേക്ക് വന്നത് എന്റെ നെഞ്ചിടിപ്പു കൂട്ടി. ധൈര്യം സംഭരിച്ച് ഞാൻ ക്യാമറയിലൂടെ ആര്യയേ നോക്കി. വേദനകൾ പുളയിച്ച മുറിവുകളിൽ ഫോക്കസ് കിട്ടാനാകാതെ ക്യാമറക്കൊപ്പം എന്റെ കൈകളും വിറയ്ക്കുന്നുണ്ടായിരുന്നു. ദൈവമേ എന്തൊരു പരീക്ഷണമാണിത്. കണ്ണൂരിലെ ക്യാമറ കാണാത്ത കാഴ്ചകളുണ്ടോ?.ആര്യയുടെ ജീവിതം ക്യാമറയില്‍ പകര്‍ത്തിയ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വിപിന്‍ മുരളി എഴുതുന്നു.

ആര്യ പഴന്തുണി കണക്കേ ചുരുണ്ട് , തലകുനിച്ച് വാവിട്ടു കരയുകയാണ്. മുറിവിന്റെ വേദന ചെവിയിൽ തുളച്ചു കയറുന്നതിനിടയിൽ ഞങ്ങൾ കരച്ചിലൊപ്പിയെടുത്തു. ലോകം ആ കരച്ചിൽ കേൾക്കണം ഞങ്ങൾ അപ്പോഴെ ഉറപ്പിച്ചു.അധിക നേരം അവിടെ ചിലവിടാൻ ഞങ്ങൾക്കാവില്ലായിരുന്നു.എത്രയോ വാർത്തകൾക്ക് പുറകേ ഓടുമ്പോഴും അതിലൊന്നും തോന്നാത്ത എന്തോ ഒന്ന് ഞങ്ങളെ പിടിച്ചു വലിക്കുന്നതായിത്തോന്നി. കയ്യിലുണ്ടായിരുന്ന തുച്ചമായ പണം അമ്മയുടെ കയ്യിലേൽപിച്ച് ആര്യക്ക് ഫ്ലൈയ്യിങ്ങ് കിസ്സും കൊടുത്ത് മടങ്ങുമ്പോൾ ഞങ്ങൾക്കറിയില്ലായിരുന്നു ആ വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുക്കുമെന്ന്.

ആ കരച്ചിൽ ആളുകളുടെ മനസ്സ് പൊള്ളിച്ചു. പലരും ആര്യയേ സ്വന്തം മകളായി അനുജത്തിയായി ഒക്കെ കണ്ട് സഹായവുമായെത്തി. വാര്‍ത്ത ചാനലില്‍ വന്നതിന് ശേഷമുള്ള അടുത്ത മൂന്ന് ദിവസങ്ങളില്‍ ധനേഷ് രവീന്ദ്രന്റെ ഫോണ്‍ നിര്‍ത്താതെ അടിച്ചു കൊണ്ടിരുന്നു.

ഞങ്ങൾ പറയാതേ പോയ കാഴ്ചകൾ വേറെയുമുണ്ടായിരുന്നു. മുറിവു തേടി എത്തുന്ന ഉറുമ്പുകളെ പേടിച്ച് കട്ടിലിന്റെ കാലുകളെല്ലാം വെള്ളം നിറച്ച സ്റ്റീൽ പാത്രങ്ങളിലാണ് ഉണ്ടായിരുന്നത്.

വ്രണങ്ങളിൽ പൊതിഞ്ഞ തുണിക്കഷ്ണങ്ങൾ ഇടക്ക് ഒട്ടിപ്പിടിക്കുമ്പോഴാണ് ആര്യ പ്രാണ വേദനയിൽ കരയുന്നത്. ക്യാൻസറാണെന്ന് കരുതി പത്തിലധികം തവണ നടത്തിയ കീമോയും മരുന്നുകളും ആര്യയെ പകുതി കൊല്ലാതെ കൊന്നിരുന്നു. വെറും മുപ്പതിനായിരം രൂപ ഇല്ലാത്തതു കൊണ്ടാണ് വെല്ലൂരിലെ ചികിത്സ മുടങ്ങിയതും രോഗ നിർണ്ണയം വൈകിപ്പിച്ചതും.

ഏഷ്യാനെറ്റ് വാർത്ത പുറത്ത് വന്ന് മൂന്നു ദിവസങ്ങൾക്കിപ്പുറം ലോകത്തിന്റെ പല ഭാഗത്തു നിന്നും സഹായമെത്തി. ഇതിനിടെ ചില ചാരിറ്റി പ്രവർത്തകർ അവരുടെ അക്കൌണ്ടുകളിലേക്ക് പണപ്പിരിവു നടത്തി. ഞങ്ങൾ അതിൽ ഇടപെടുകയും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്ന്‌ അവർ സ്വരുക്കൂട്ടിയ മുഴുവൻ തുകയും ആര്യയുടെ വീട്ടിലെത്തിച്ചു. ഇതിനിടെ വാർത്തക്കൊപ്പം നൽകിയ ആര്യയുടെ അക്കൗണ്ട് സാങ്കേതിക കാരണങ്ങളാൽ ഡി ആകടീവ് ആയിരുന്നു. അത് ഇന്നത്തോടെ ആക്ടീവായിട്ടുണ്ട്.

ഏറെ സങ്കടകരമായ ഒരു കാര്യം ആര്യയുടെ അച്ഛനേ തേടിയെത്തുന്ന ഫോൺ കോളുകളാണ്. ഈ ഓട്ടപ്പാച്ചിലിനിടയിലും പലരും വിളിച്ച് അദ്ദേഹത്തിന് ഉപദേശങ്ങളും ശകാരങ്ങളും നൽകുകയാണ്.

ചിലർക്ക് വാർത്ത സത്യമാണോ എന്നറിയാൻ ആര്യയുടെ ശബ്ദം കേൾക്കണം പോലും. ആളുകൾ പലവിധമാണല്ലോ. ആവശ്യം ഞങ്ങളുടെ ആയതുകൊണ്ട് സഹിക്കുകയാണെന്നാണ് അച്ഛൻ ഇതേപ്പറ്റി പറഞ്ഞത്.

ഇന്നലെയാണ് ആര്യയേ അവസാനമായി കണ്ടത്. നാട്ടുകാർ അവളോടൊപ്പം കൂടെയുണ്ട്. അമ്മക്കും അച്ഛനും ഉണർവ്വ് വന്നിരിക്കുന്നു. ആര്യ ഞങ്ങളേ നോക്കി ചിരിച്ചു. അവൾക്കിഷ്ടമുള്ള ചപ്പാത്തിയും ചിക്കൻ കറിയും അമ്മ മുറിവുപറ്റിയ ചുണ്ടുകളിൽ വച്ചുകൊടുക്കുന്നുണ്ടായിരുന്നു. രാത്രിയോടെ തുടർ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ഇന്ന് ഉച്ചയോടെ വാർത്ത ശ്രദ്ധയിൽപെട്ട ആരോഗ്യമന്ത്രി തുടർ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

ഏല്ലാവരും ആര്യക്കൊപ്പമുണ്ട്, എങ്കിലും ആ കരച്ചില്‍ ഞങ്ങളുടെ വാര്‍ത്താമുറികളില്‍ ഇപ്പോഴും മുഴങ്ങുന്നതായി തോന്നാറുണ്ട്. ആര്യ ചിരിച്ചുകൊണ്ട് പൂര്‍ണ്ണ ആരോഗ്യവതിയായി തിരിച്ചു വരട്ടെ. ഞങ്ങള്‍ ചെയ്ത വാര്‍ത്ത ഒന്നു കാണൂ എന്നു പറഞ്ഞ് ഞങ്ങള്‍ക്കു തന്നെ പലരും അയച്ചു തരുന്നുണ്ട്. ആ സുമനസ്സുകളോടാണ് സ്‌നേഹം, മനുഷ്യത്വം വറ്റാത്ത ആളുകളുണ്ടെന്ന് ഞങ്ങളെ പഠിപ്പിച്ചതിന് നന്ദി.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് ആര്യയെ സഹായിക്കാന്‍ സുമനസ് കാണിച്ച എല്ലാവര്‍ക്കും നന്ദി. നേരത്തെ നല്‍കിയ അക്കൗണ്ട് നമ്പര്‍ വളരെ കാലങ്ങളായി ഉപയോഗിക്കാതിരുന്നതിനാല്‍ ബാങ്ക് ഡീ ആക്ടിവേറ്റ് ചെയ്തിരിക്കുകയായിരുന്നു. അത് ഇപ്പോള്‍ ശരിയായിട്ടുണ്ട്. അതിലേക്ക് പണം അയച്ച പലര്‍ക്കും പണം തിരികെ വന്ന അനുഭവമുണ്ടായതായി അറിയിച്ചതിനാലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

K Valsaraj
Kunnaruvathe
Punnakapara
Azhikode Post
kannur Dt.
Phone : 9447955216

Name:K.Valsaraj
Ac No: 33634245685
State Bank Of India
Azhikode Branch
IFSC CODE: SBIN0011921

Name: arya .k
A/c no: 67341308566
Branch: SBI ALAVIL , azhikode
IFSC Code: SBIN0071207