കന്യാചര്‍മ്മം;  നമ്മുടെ വിശ്വാസങ്ങള്‍ ശരിയാണോ?

First Published 3, Mar 2018, 7:21 PM IST
Ashish Jose Ambatt on virginity
Highlights
  • കന്യാചര്‍മ്മം; എന്തൊരു അന്ധവിശ്വാസം!
  • ആശിഷ് ജോസ് അമ്പാട്ട് എഴുതുന്നു

ഒരു പെണ്‍കുട്ടി മുമ്പ് ആരോടെങ്കിലും ആയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടോ എന്ന് കന്യാചര്‍മ്മം നോക്കി ഉറപ്പിച്ചു പറയാന്‍ പറ്റില്ല. അവള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും ഇല്ലായെങ്കിലും അത് അവളുടെ മെറിറ്റിന്റെ സൂചകമല്ല.

മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രബലമായ അന്ധവിശ്വാസങ്ങളില്‍ ഒന്നാണ് കന്യകാത്വം. ഇന്നും അനേകം പെണ്‍കുട്ടികളുടെ ലൈംഗിക സ്വാതന്ത്ര്യത്തെയും, പെരുമാറ്റ സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന ഈ തെറ്റിദ്ധാരണയുടെ സത്യാവസ്ഥയെന്താണ്? 

പെണ്‍കുട്ടികളില്‍ യോനിനാളത്തിന്റെ ബാഹ്യദ്വാരവും ആയി ബന്ധപ്പെട്ട് കാണാവുന്ന ചര്‍മ്മഭാഗമാണ് കന്യാചര്‍മ്മം അഥവാ ഹൈമെന്‍. ജീവിതത്തില്‍ ആദ്യമായി സംഭവിക്കുന്ന ലൈംഗിക ബന്ധത്തില്‍ സ്ത്രീയുടെ കന്യാചര്‍മ്മം പൊട്ടിമാറുകയും, രക്തം വരുകയും ചെയ്യും എന്നാണ് പൊതുവേയുള്ള ധാരണ.

ഇതിനെ അടിസ്ഥാനമാക്കി പെണ്‍കുട്ടികളുടെ കന്യാകാത്വം പരിശോധിക്കാന്‍ പര്യാപ്തമായ തെളിവായി കന്യാചര്‍മ്മം കണക്കാക്കുകയും ചെയ്തു പോരുന്നു.

നവവധുവരന്മാരുടെ ആദ്യരാത്രിയുടെ പിറ്റേ ദിവസം ബെഡ്ഷീറ്റില്‍ രക്തക്കറ ഉണ്ടോ എന്ന് പരിശോധിക്കുകയും അങ്ങനെ ഒന്ന് കണ്ടില്ല എങ്കില്‍ വധുവിനു ഇതിനു മുമ്പ് ലൈംഗിക ബന്ധം ഉണ്ടായിരുന്നുവന്നു കല്‍പിക്കുകയും ചെയ്യുന്ന പതിവ് പല സംസ്‌കാരങ്ങളിലും ഉണ്ട്. ഉദാഹരണത്തിന്  ബൈബിള്‍ പ്രഴയ നിയമപകാരം (Deuteronomy 22) പുതിയ ഭാര്യയും ആയിയുള്ള ബന്ധത്തില്‍ രക്തക്കറ കണ്ടില്ല എങ്കില്‍ അവളെ പിതാവിന്റെ  ഭവനത്തില്‍ കൊണ്ടുവന്നു 'വേശ്യാദോഷം' ചെയ്തു എന്ന കാരണം ചാര്‍ത്തി കല്ലെറിഞ്ഞു കൊല്ലുകയാണ്. ഇതിനു സാമാന്യമായ ക്രൂര ആചാരങ്ങള്‍ മറ്റുള്ള പ്രാചീന സംസ്‌കാരങ്ങളിലും ദര്‍ശിക്കാവുന്നതാണ്. ഇന്നും അനവധി യാഥാസ്ഥിതിക കുടുംബങ്ങളില്‍ ആദ്യരാത്രിയുടെ പിറ്റേദിവസം രക്തക്കറ കണ്ടില്ല എങ്കില്‍ അവള്‍ പലവിധത്തില്‍ ഉള്ള ഗാര്‍ഹികപീഡനങ്ങള്‍ക്കും, അധിക്ഷേപങ്ങള്‍ക്കും ചില അവസരങ്ങളില്‍ അഭിമാന കൊലപാതകങ്ങള്‍ക്കും ഇര ആവാറുണ്ട്. ആദ്യരാത്രിയില്‍ വെളുത്ത ബെഡ്ഷീറ്റ് ഉപയോഗിക്കുന്നതിന്റെ ഒരു കാരണം രക്തക്കറ ഉണ്ടോയെന്നു വേഗം കണ്ടു പിടിക്കാന്‍ ആണത്രേ 

'ഡാ, ഞാന്‍ ഇത് വരെ ഒരു പെണ്ണിന്റെ കൂടെയും കിടന്നിട്ടില്ല. അതോണ്ട് തന്നെ കെട്ടുകയാണെങ്കില്‍ അവള്‍ സീല്‍ പൊട്ടിയത് ആയിരിക്കരുത്'

കഴിഞ്ഞ ആഴ്ച കാന്റീനിലിരുന്നു രണ്ടു പേര്‍ പറയുന്നത് കേട്ടതാണ്. ഇതിനു സാമാന്യമായ സംഭാഷണങ്ങള്‍ നിങ്ങളില്‍ പലരും കേട്ടിരിക്കയോ, അങ്ങനെ ഉള്ളവയുടെ ഭാഗമാക്കുകയോ ചെയ്തിട്ടില്ലേ ?

യോനിനാളത്തിന്റെ ബാഹ്യദ്വാരവും ആയി ബന്ധപ്പെട്ട് കാണാവുന്ന ചര്‍മ്മഭാഗമാണ് കന്യാചര്‍മ്മം അഥവാ ഹൈമെന്‍.

തെറ്റുധാരണകള്‍

കന്യാചര്‍മ്മവും ആയി ബന്ധപ്പെട്ട തെറ്റുധാരണങ്ങള്‍ പ്രധാനമായി മൂന്നെണ്ണമാണ്.

1) യോനിയെ കവചം ചെയ്യുന്ന സീല്‍ പോലെയൊരു പാളിയാണ് കന്യാചര്‍മ്മം.
2) യോനിയില്‍ ലിംഗം പ്രവേശിക്കുന്ന വിധത്തിലുള്ള ലൈംഗിക ബന്ധം ഒരിക്കല്‍ നടന്നാല്‍ കാന്യാചര്‍മ്മം പൊട്ടി നശിച്ചുപോകും.
3) യോനിയില്‍ ലിംഗം പ്രവേശിക്കുന്ന വിധത്തിലുള്ള ലൈംഗിക ബന്ധം ആദ്യം നടക്കുമ്പോള്‍ കന്യാചര്‍മ്മം പൊട്ടി രക്തം വരും

യോനിയെ കവചം ചെയ്യുന്ന സീല്‍ പോലെയൊരു പാളിയാണ് കന്യാചര്‍മ്മമെങ്കില്‍ ഒരിക്കലും ആര്‍ത്തവരക്തം ശരീരത്തിന്റെ വെളിയില്‍ പോകുകയില്ല. കന്യാചര്‍മ്മം യഥാര്‍ത്ഥത്തില്‍ ഇങ്ങനെയല്ല കാണുന്നത്. കന്യാചര്‍മ്മം വിവിധ രൂപത്തിലും ഭാവത്തിലും കാണാം. പെണ്കുട്ടികള്‍ ജനിക്കുന്ന അവസ്ഥയയില്‍ യോനിനാളത്തിന്റെ ബാഹ്യദ്വാരവും ആയി ബന്ധപ്പെട്ട് ചന്ദ്രക്കല ആകൃതിയില്‍ തടിച്ച ചര്‍മ്മം ആയിട്ടാണ് ചിലരില്‍ ഇത് കാണുന്നത്, ചിലരില്‍ ജന്മനാ കന്യാചര്‍മ്മം കാണുകയില്ല. കൗമാരത്തോട് അടുക്കും തോറും ഇസ്ട്രജന്‍ പോലെയുള്ള ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാല്‍ ഈ ഭാഗം കൂടുതല്‍ നേര്‍ത്തതും, ഇലാസ്റ്റിക് സ്വഭാവം ഉള്ളതുമായി മാറുന്നു.

പെണ്‍കുട്ടികളില്‍ കന്യാചര്‍മ്മം വ്യത്യസ്തമായ അസംഖ്യം രൂപത്തിലും ഭാവത്തിലും രീതിയിലും കാണാവുന്നതാണ്. കന്യാചര്‍മ്മത്തിന്റെ നടുവില്‍ ഒരു വലിയ ദ്വാരമായി കാണുന്ന annular hymen, നടുവില്‍ ഒരു നേര്‍ത്ത വര പോലെ യോനി നാളത്തെ രണ്ടായി എന്നവിധം കാണിക്കുന്ന septate hymen, കന്യാചര്‍മ്മത്തില്‍ ധാരാളം ചെറു ദ്വാരങ്ങളുള്ള cribriform hymen തുടങ്ങിയവ പൊതുവേ കാണുന്ന ചില അവസ്ഥകളാണ്. കന്യാചര്‍മ്മത്തില്‍ ദ്വാരങ്ങള്‍ ഒന്നും ഇല്ലാതെ വരുന്ന ഒരു അവസ്ഥയുണ്ട് imperforate hymen എന്നാണ് അതിനെ വിളിക്കുന്നത്. അങ്ങനെ ഉള്ള അവസ്ഥകളില്‍ ആര്‍ത്തവ രക്തം സ്വാഭാവികമായി പുറത്തോട്ടു പോകാതെ ഇരിക്കയും ഉള്ളില്‍ കെട്ടി കിടക്കാനും സാധ്യതയുണ്ട്, ഇത് ശസ്ത്രക്രിയ വഴി ശരിയാക്കാവുന്നതാണ്. 

ലൈംഗിക ബന്ധത്തില്‍ കന്യാചര്‍മ്മം പൊട്ടി നശിക്കുകയല്ല

അവ അന്ധവിശ്വാസങ്ങള്‍
1906യില്‍ മേരി ജീന്‍സെറ്റ് എന്ന ഡോക്ടര്‍ മധ്യവയസ്സുള്ള ഒരു ലൈംഗിക തൊഴിലാളിയുടെ കന്യാചര്‍മ്മം പരിശോധിച്ചതില്‍ നിന്നും അത് കന്യകയായ ഒരു കൗമാരക്കാരിയുടേതിന് സമാനമായിരുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ( Brochmann & Dahl ).  പിഡീയാട്രിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില്‍ 36 ഗര്‍ഭിണികളായ സ്ത്രീകളുടെ കന്യാചര്‍മ്മം നിരിക്ഷിച്ചപ്പോള്‍, അതില്‍ രണ്ടു പേരുടെ ഒഴികെ ബാക്കി 32 പേരുടെയും കന്യാചര്‍മ്മം മറ്റു കന്യകമാര്‍ ആയവരുടേത് പോലെ തന്നെയായിരുന്നുവെന്ന് പറയുന്നു. ( Kellogg et al., 2004) 

ഈ രണ്ടു ഉദാഹരണങ്ങള്‍ പറഞ്ഞത് ലൈംഗിക ബന്ധത്തില്‍ കന്യാചര്‍മ്മം പൊട്ടി നശിക്കുകയല്ല എന്ന് കാണിക്കാന്‍ വേണ്ടിയാണു. സത്യത്തില്‍ കന്യാചര്‍മ്മം ഒരു ഇലാസ്റ്റിക് ബാന്റ് പോലെയാണ്. അത് ലിംഗത്തെയോ യോനിയില്‍ പ്രവേശിക്കുന്ന മറ്റു വസ്തുക്കളെയോ ഉള്ളില്‍ പ്രവേശിപ്പിക്കുന്നത് സ്വയം വലിഞ്ഞു മാറിയാണ്. കന്യാചര്‍മ്മത്തിന്റെ ദ്വാരം ചെറിയത് ആണെങ്കില്‍ അതിന്റെ അറ്റം അല്‍പം മുറിക്കുകയും ശേഷം വലിഞ്ഞു മാറുകയും ചെയ്യും. ആദ്യമായുള്ള ലൈംഗിക ബന്ധത്തില്‍ നിന്നും കന്യാചര്‍മ്മം പൊട്ടി നശിക്കുന്നില്ല. സ്വാഭാവികമായ പ്രസവത്തിനു ശേഷവും കന്യാചര്‍മ്മം സ്ത്രീകളില്‍ അവശേഷിക്കാവുന്നതാണ്.

ആദ്യമായി ലൈംഗിക ബന്ധം ഉണ്ടാവുമ്പോള്‍ പല സ്ത്രീകളുടെയും കന്യാചര്‍മ്മത്തില്‍ മുറിവ് ഒന്നും സംഭവിക്കുന്നില്ല. അതിനാല്‍, രക്തം വരില്ല. ഇനി മുറിവ് സംഭവിക്കുന്നു എങ്കില്‍ അല്പം രക്തം വരാം. ഇങ്ങനെ അല്ലാതെ രക്തം വരുന്നതിനു കാരണം ശരിയായ ലൂബ്രിക്കേഷന്‍ നടക്കാതെ കൊണ്ട് ഉണ്ടാക്കുന്ന വജൈനല്‍ മുറിവുകള്‍ കൊണ്ടായിരിക്കും, ലൈംഗികതയെ പറ്റിയുള്ള പല തെറ്റുധാരണങ്ങളും ഭയങ്ങളും മറ്റു നാനാവിധത്തില്‍ ഉള്ള മാനസിക സമ്മര്‍ദ്ദം മൂലവും ബ്ലീഡിംഗ് ഉണ്ടാകാവുന്നതാണ്. stress induced vaginal bleeding എന്ന് പറയാം. ഇങ്ങനെയുള്ള ബ്ലീഡിംഗ് ആദ്യമായല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരിലും വരാം. വേറെ കാരണങ്ങളും ആകാം.

ജീവശാസ്ത്രപരമായി നോക്കിയാല്‍ മനുഷ്യരില്‍ മാത്രമല്ല കുതിര, ചിമ്പാന്‍സി, തിമിംഗലം തുടങ്ങി മറ്റുള്ള സസ്തിനികളിലും കന്യാചര്‍മ്മം കാണാവുന്നതാണ്.

ലൈംഗിക ബന്ധം ചെയ്യുമ്പോള്‍ രക്തം വരുത്തുന്ന കൃത്രിമ-കന്യാചര്‍മ്മങ്ങളും കോസ്മറ്റിക് മാര്‍ക്കറ്റില്‍ ലഭ്യമാണ്.

എന്താണ് കന്യാചര്‍മ്മം?
ഭ്രൂണാവസ്ഥയില്‍ urogenital sinus എന്ന ഭാഗത്തില്‍ നിന്നാണ് കന്യാചര്‍മ്മം രൂപപ്പെടുന്നത്. സസ്തനി -ഇതര കശേരുമൃഗങ്ങളില്‍ ക്ലോയെക്ക എന്ന ഭാഗത്തിനു തുല്യമാണ് ഇത്. പ്രത്യുല്പാദന ഘടകവും മൂത്രനാളിയും ഒന്നിച്ചു തുറക്കുന്നത് ക്ലോയെക്കയിലേക്കാണ്. എന്നാല്‍ സസ്തനികളില്‍ ഭ്രൂണ വളര്‍ച്ചയില്‍ ഇവ വേര്‍പ്പെടുന്നു.

സസ്തനികളില്‍ യോനിയുടെ എപിതീലിയം ടിഷ്യൂവും കന്യാചര്‍മ്മത്തിന്റെ എപിതീലിയം ടിഷ്യൂവും രൂപപ്പെടുന്നത് വ്യത്യസ്തമായ ഇടങ്ങളില്‍ നിന്നാണ്. ഗര്‍ഭപാത്രവും യോനിയുടെ ഏറ്റവും മേലെ ഉള്ള മൂന്നിലൊന്നു ഭാഗവും വരുന്നത് മൂലെറിയന്‍ സിസ്റ്റത്തില്‍ നിന്നും കന്യാചര്‍മ്മത്തിന്റെ മുമ്പ് പറഞ്ഞ യൂറോജെനിറ്റല്‍ സൈനസില്‍ നിന്നുമാണ്. ആയതിനാല്‍ യോനി ഇല്ലാതെ ജനിക്കുന്ന ചില ജനന വൈകല്യം ഉള്ള കുട്ടികളിലും കന്യാചര്‍മ്മം കാണാവുന്നതാണ്. സങ്കീര്‍ണ്ണമായ സസ്തനികളുടെ സ്‌ത്രൈണ ലൈംഗിക അവയങ്ങളുടെ രൂപപ്പെടല്‍ ഭ്രൂണവസ്ഥയില്‍ സംഭവിക്കുന്നതിന്റെ ഫലമായി ഉണ്ടാക്കുന്ന ഒരു വെസ്റ്റിജീല്‍ ടിഷ്യൂവാണ് കന്യാചര്‍മ്മം. കന്യകാത്വം സംരക്ഷിക്കുക എന്നൊരു ലക്ഷ്യം ഇതിനില്ല. ( Shaw et al., 1983 )

ഞാന്‍ അഞ്ചിലോ ആറിലോ പഠിക്കുന്ന സമയത്ത് സ്‌കൂളില്‍ നിന്ന് ഊട്ടിയില്‍ ടൂര്‍ പോയി. അവിടെ പത്ത് രൂപ കൊടുത്താല്‍ ഒരു റൗണ്ട് ചുറ്റും കുതിര പുറത്ത് സഞ്ചരിക്കാം. ആണ്‍ടുട്ടികളില്‍ മിക്കവരും അന്ന് കുതിര സവാരി നടത്തിയെങ്കിലും പെണ്‍കുട്ടികളില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് കുതിരപ്പുറത്ത് കയറിയത്. അതിനു കാരണമായി പിന്നിട്ട് ഒരു കുട്ടുകാരി പറഞ്ഞത്, ഇപ്പോള്‍ കുതിരപ്പുറത്ത് കയറിയാല്‍ വിവാഹ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം എന്ന് അധ്യാപകര്‍ മുന്നറിയിപ്പ് കൊടുത്തിരുന്നു എന്നാണ്. 

ശാസ്ത്രീയമായി യാതൊരുവിധ അടിസ്ഥാനവും ഇല്ലെങ്കിലും പെണ്‍കുട്ടികളുടെ ലൈംഗിക സ്വാതന്ത്ര്യത്തെയും, പെരുമാറ്റ സ്വാതന്ത്ര്യത്തെയും ചരിത്രാതീത കാലം മുതല്‍ നിയന്ത്രിക്കാന്‍ കന്യാചര്‍മ്മം ഉപയോഗിച്ച് വരുന്നു. കുതിരപ്പുറത്ത് കയറുന്നതും , ബൈക്ക് ഓടിക്കുന്നതും, കായികവിനോദങ്ങളില്‍ പങ്കെടുക്കുന്നതും , ആര്‍ത്തവദിവസങ്ങളില്‍ tampoons, menstural cups എന്നിവ ഉപയോഗിക്കുന്നതും തുടങ്ങി പല വിധ നിയന്ത്രങ്ങളാണ് അവള്‍ക്ക്. ഇന്തോനേഷ്യ പോലെയുള്ള രാജ്യങ്ങളില്‍ സ്ത്രീകളെ പോലീസില്‍ എടുക്കും മുമ്പ്് അവരുടെ കന്യാചര്‍മ്മം പരിശോധിക്കാറുണ്ട്. അധ്യാപകര്‍, മാതാപിതാക്കള്‍, ബന്ധുക്കള്‍ തുടങ്ങിയ ചില അവസരങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വരെ ഈ ക്രൂരമായ അന്ധവിശ്വാസത്തെ പിന്തുണയ്ക്കുന്നത് കണ്ടിട്ടുണ്ട്.

ലൈംഗിക ബന്ധം ചെയ്യുമ്പോള്‍ രക്തം വരുത്തുന്ന കൃത്രിമ-കന്യാചര്‍മ്മങ്ങളും കോസ്മറ്റിക് മാര്‍ക്കറ്റില്‍ ലഭ്യമാണ്.

ഒരു പെണ്‍കുട്ടി മുമ്പ് ആരോടെങ്കിലും ആയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടോ എന്ന് കന്യാചര്‍മ്മം നോക്കി ഉറപ്പിച്ചു പറയാന്‍ പറ്റില്ല. അവള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും ഇല്ലായെങ്കിലും അത് അവളുടെ മെറിറ്റിന്റെ സൂചകമല്ല.

Her sexual status ins't a sign of her merit and essentially not your business. 
 

loader