Asianet News MalayalamAsianet News Malayalam

'അശോക് ഗെഹ്‌ലോട്ട്, രാജസ്ഥാൻ കോൺഗ്രസ്സിലെ ഇന്ദ്രജാലക്കാരൻ'

ഇന്ദ്രജാലക്കാരുടെ കുടുംബത്തിൽ നിന്നും വരുന്ന ഗെഹ്‌ലോട്ട്, ആദ്യമൊക്കെ നെഹ്‌റു കുടുംബവൃത്തങ്ങളിൽ അറിയപ്പെട്ടിരുന്നത് 'ഗില്ലിബില്ലി' (മിണ്ടാപ്പൂച്ച ) എന്നായിരുന്നു. പരമ സാത്വികനായൊരു ഗാന്ധിയൻ ജന്മം. 

ashok gehlot magician in congress
Author
Rajasthan, First Published Dec 11, 2018, 4:18 PM IST

കോൺഗ്രസ്സിന്റെ അന്തഃപുരങ്ങളിൽ ഇന്ന് പരക്കെയുള്ള സംസാരം, രാജസ്ഥാനിൽ കോൺഗ്രസ്സിന് ഭൂരിപക്ഷം കിട്ടിയാൽ, മുഖ്യമന്ത്രിയാര് എന്നകാര്യത്തിൽ രാഹുലിന് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ലെന്നാണ്.

രാജസ്ഥാൻ രാഷ്ട്രീയത്തിലേക്ക് അശോക് ഗെഹ്‌ലോട്ട് കാലെടുത്തുവെക്കുന്നത് ഒരു യാദൃച്ഛികതയുടെ പുറത്തായിരുന്നു. എഴുപതുകളിൽ ഇന്ത്യയിലെ കോൺഗ്രസ്സ് ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ വിരൽത്തുമ്പിൽ ചലിച്ചുകൊണ്ടിരുന്ന കാലം. അന്ന് സഞ്ജയ്, 1972-ൽ  സാക്ഷാൽ ഭൈരോണ്‍ സിംഗ് ശെഖാവത്തിനെ ജയ്‌പൂരിലെ ഗാന്ധിനഗറിൽ മലർത്തിയടിച്ച ജനാർദ്ദനൻ ഗെഹ്‌ലോട്ടിനെ വളർത്തിക്കൊണ്ടു വരികയായിരുന്നു.  അവിചാരിതമായി ഒരുദിവസം സഞ്ജയും ജനാർദ്ദനും തമ്മിൽ തെറ്റുന്നു. സഞ്ജയിന്‍റെ ഗൂഢസംഘം ഞൊടിയിടകൊണ്ട് മാലി (തോട്ടപ്പണിക്കാരൻ) സമുദായത്തിൽ നിന്നുള്ള മറ്റൊരു ഗെഹ്‌ലോട്ടിനെ കൊണ്ടുവന്ന് പകരം സഞ്ജയിന്‍റെ മുന്നിൽ നിർത്തുന്നു. അശോകിന് സഞ്ജയ് ആദ്യമായി ഒരു പദവി കൊടുത്തതും അതി നിഗൂഢമായിട്ടായിരുന്നു. അദ്ദേഹത്തിന്‍റെ വിശ്വസ്തൻ മോട്ടോർ സൈക്കിളിൽ ദില്ലിയിൽ നിന്നും ജയ്പൂരിൽ ചെന്ന് കത്ത് നേരിട്ട് കൈമാറുകയായിരുന്നു.

ഇന്ദ്രജാലക്കാരുടെ കുടുംബത്തിൽ നിന്നും വരുന്ന ഗെഹ്‌ലോട്ട്, ആദ്യമൊക്കെ നെഹ്‌റു കുടുംബവൃത്തങ്ങളിൽ അറിയപ്പെട്ടിരുന്നത് 'ഗില്ലിബില്ലി' (മിണ്ടാപ്പൂച്ച ) എന്നായിരുന്നു. പരമ സാത്വികനായൊരു ഗാന്ധിയൻ ജന്മം. മൃദുഭാഷിയും തികഞ്ഞ ദൈവവിശ്വാസിയുമായിരുന്നു അദ്ദേഹം. യാതൊരുവിധത്തിലുള്ള ദുശ്ശീലവുമില്ലാത്ത ഒരു പഞ്ചപാവം. സസ്യാഹാരം മാത്രമേ അദ്ദേഹം കഴിച്ചിരുന്നുള്ളൂ, അതും സൂര്യാസ്തമനത്തിനു മുമ്പ്.

ഇന്ന് രാജസ്ഥാൻ കോൺഗ്രസ്സിലെ രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ ഗെഹ്‌ലോട്ടിനെപ്പറ്റി, അങ്ങനെ അധികമൊന്നും ആർക്കും അറിയില്ല. അദ്ദേഹത്തിന്‍റെ അച്ഛൻ ലക്ഷ്മൺ സിങ്ങ് ഗെഹ്‌ലോട്ട് ഇന്ത്യയൊട്ടുക്കും പ്രസിദ്ധനായിരുന്ന ഒരു ഇന്ദ്രജാലക്കാരനായിരുന്നു എന്നതൊഴിച്ചാൽ. ദേശദേശാന്തരങ്ങളിൽ ചുറ്റിനടന്ന് മാന്ത്രികവിദ്യകൾ കൊണ്ട് ആളുകളുടെ കണ്ണഞ്ചിച്ചിരുന്നയാൾ. തന്‍റെ കുട്ടിക്കാലത്ത് അശോകും തന്‍റെ അച്ഛനോടൊപ്പം ചുറ്റിനടന്ന് മാന്ത്രികവിദ്യകൾ കാട്ടി ആളുകളെ മയക്കിയിരുന്നു.  ഒരിക്കൽ ഗെഹ്‌ലോട്ട് പറഞ്ഞത്രേ," ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങിയില്ലായിരുന്നു എങ്കിൽ, ഒരു മാജിക്കുകാരനായിരുന്നേനെ... എനിക്കെന്നും കമ്പം  രാഷ്ട്രീയത്തിലും മാജിക്കിലും മാത്രമായിരുന്നു. എനിക്കുചിലപ്പോൾ ഒരിക്കലുമൊരു പ്രൊഫഷണൽ മാജിക്കുകാരനാവാൻ അവസരം കിട്ടില്ലായിരിക്കും. എന്നാലും ഇന്ദ്രജാലം എന്നും എന്‍റെ ആത്മാവിന്‍റെ ഭാഗമായിരിക്കും... "

മേൽപ്പറഞ്ഞ ഉദ്ധരണി ഗെഹ്‌ലോട്ട് പിന്നീടങ്ങോട്ടേക്ക്  നിഷേധിക്കുന്നുണ്ടെങ്കിലും, ഇന്ദിരാജിയുടെ വീട്ടിൽ കുഞ്ഞു രാഹുലിന്‍റെയും പ്രിയങ്കയുടെയും മുന്നിൽ ഗെഹ്‌ലോട്ട് പലവുരു മാന്ത്രിക വിദ്യകൾ കട്ടി അവരെ  ആനന്ദിപ്പിച്ചിട്ടുണ്ടെന്നത് ഒരു അരമനരഹസ്യമാണ്. ശരിക്കും ഗെഹ്‌ലോട്ടിനെ കണ്ടെടുത്തതിന്‍റെ ക്രെഡിറ്റ് ഇന്ദിരാ ഗാന്ധിക്കുള്ളതാണ്. നോർത്ത്-ഈസ്റ്റിലെ അഭയാർഥിപ്രശ്നങ്ങൾ  കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്ത് ഇന്ദിരാഗാന്ധിയാണ് ഗെഹ്‌ലോട്ടിനെ ആദ്യമായി ശ്രദ്ധിക്കുന്നത്. അന്ന് വെറും ഇരുപതുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഗെഹ്‌ലോട്ടിനെ രാഷ്ട്രീയത്തിലിറങ്ങാനും, കോൺഗ്രസ്സിൽ ചേരാനും പ്രചോദിപ്പിക്കുന്നത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന സാക്ഷാൽ ഇന്ദിരാ ഗാന്ധി തന്നെയാണ്. അന്ന് ഇൻഡോറിൽ വെച്ച് നടന്ന NSUIയുടെ സമ്മേളനത്തിൽ വെച്ച് അദ്ദേഹം സഞ്ജയ് ഗാന്ധിയെയും ഇന്ദിരാ ഗാന്ധിയെയും കണ്ടുമുട്ടുന്നു. പിന്നീടങ്ങോട്ട് ഗെഹ്‌ലോട്ടിന് ഒരിക്കൽപ്പോലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

അന്നത്തെ ആ ഇൻഡോർ സമ്മേളനത്തിലാണ് പ്രിയരഞ്ജൻ ദാസ് മുൻഷി  കോൺഗ്രസ്സിന്‍റെ ദേശീയ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുന്നത്. യൂത്ത് കോൺഗ്രസ്സിന്‍റെ ചരിത്രത്തിൽ, 'തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്‍റായ ഏക വ്യക്തി. അത് ജനസംഘത്തെയും അവരുടെ കൂട്ടുകക്ഷികളെയും കായികമായിത്തന്നെ നേരിടാൻ സഞ്ജയും ഇന്ദിരയും യൂത്ത്കോൺഗ്രസിനെ വളർത്തിക്കൊണ്ടു വന്നിരുന്ന കാലമായിരുന്നു. കോൺഗ്രസ്സിൽ യുവനേതാക്കൾ വളർന്നു വന്ന സുവർണ്ണകാലമായിരുന്നു അത്. ഗെഹ്‌ലോട്ട്, കമൽനാഥ്, വയലാർ രവി, ദിഗ്‌വിജയ് സിംഗ്, അംബികാ സോണി, മുകുൾ വാസ്നിക് അങ്ങനെ  ഇന്ന് അറിയപ്പെടുന്ന പല നേതാക്കളും അന്ന് ഈ സംഘത്തിലെ യൂത്ത് കോൺഗ്രസ്സ് പുലിക്കുട്ടികളായിരുന്നു.

സഞ്ജയ് ഗാന്ധി ഇവരെ പല കനത്ത ചുമതലകളും ഏൽപ്പിച്ചു. ചേരി നിർമ്മാർജ്ജനം, ഗർഭനിയന്ത്രണം, വയോജന വിദ്യാഭാസം,  വനം വെച്ചുപിടിക്കൽ, അങ്ങനെ പല പല ക്രിയാത്മകമായ പ്രോജക്ടുകളും. കാര്യങ്ങൾ കർക്കശമായി നടപ്പിലാക്കുന്നതിൽ ശ്രദ്ധവെച്ചിരുന്ന സഞ്ജയ് തന്‍റെ കേഡറുകൾക്ക് എല്ലാവിധ അധികാരങ്ങളും നൽകിയിരുന്നു. അനുസരിക്കാത്ത അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ ചെരുപ്പൂരി തല്ലാൻ വരെ യൂത്ത് കോൺഗ്രസുകാരെ പ്രോത്സാഹിപ്പിച്ചുപോന്നു.

പക്ഷേ, ഗെഹ്‌ലോട്ടിന്‍റെ വഴിയൊരിക്കലും അക്രമത്തിന്‍റേതായിരുന്നില്ല. അദ്ദേഹം രാജസ്ഥാൻ-ദില്ലി ബെൽറ്റിൽ അത്യന്തം ശാന്തസ്വരൂപനായി കഴിഞ്ഞുപോന്നു. തികച്ചും ലോ പ്രൊഫൈൽ ആയ ഒരു ജീവിതം. സഞ്ജയ് ഗാന്ധിയുടെ മരണ ശേഷം രാജീവ് ഗാന്ധി കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കും വരെ ഗെഹ്‌ലോട്ട് അത് തുടർന്നു. രാജീവാണ് ഗെഹ്‌ലോട്ടിനെ ആദ്യമായി മന്ത്രിയാക്കുന്നത്. ഹരിദേവ് ജോഷിയുമായും ശിവ് ചരൺ മാഥുറുമായുമൊക്കെ മുട്ടി നിന്ന് അദ്ദേഹം അധികം താമസിയാതെ രാഹുലിന്‍റെ വിശ്വസ്തനായ അനുയായിയായി മാറി. അക്കാലത്ത് രാജസ്ഥാൻ മുഖ്യമന്ത്രി പദത്തിൽ നിന്നും ജോഷിയെ തെറിപ്പിച്ചതിനു പിന്നിൽ ഗെഹ്‌ലോട്ടിന്‍റെ സൂക്ഷ്മഹസ്തങ്ങളുണ്ടായിരുന്നു എന്നൊരു അപശ്രുതിയുണ്ട്. വരൾച്ചകൊണ്ട് വലഞ്ഞിരുന്ന രാജസ്ഥാനിൽ രാജീവ് കുചേലയോഗം പ്രഖ്യാപിച്ചിരുന്ന കാലം. മന്ത്രിമാർ വിലയേറിയ വാഹനവൃന്ദങ്ങളിൽ ചുറ്റുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നകാലം. രാജീവ് പോലും സ്വയം ഓടിച്ചിരുന്ന ഒരു SUV ജീപ്പിലായിരുന്നു സഞ്ചാരം.  

ഒരു ട്രാഫിക് പോലീസുകാരൻ അബദ്ധവശാൽ വലത്തോട്ട് തിരിയേണ്ടിയിരുന്ന രാജീവിനെ നേരെ പറഞ്ഞുവിട്ടു. രാജീവ് നേരെ ചെന്നുകേറിയത് മന്ത്രിമാരുടെ ലക്ഷ്വറി വാഹനവൃന്ദങ്ങൾ പാർക്കുചെയ്തിട്ടിരുന്ന ഒരു ഗ്രൗണ്ടിലേക്കായിരുന്നു.  യാദൃച്ഛികം എന്ന് തോന്നാവുന്ന ഈ അബദ്ധത്തിന്‍റെ പേരിൽ തുടങ്ങിവെച്ച തർക്കങ്ങൾക്കൊടുവിൽ ജോഷിക്ക് നഷ്ടപ്പെട്ടത് പിന്നീട് അദ്ദേഹത്തിന്‍റെ മുഖ്യമന്ത്രി പദം  തന്നെയായിരുന്നു. പോലീസുകാരന്‍റെ ഈ കൈയബദ്ധത്തിനു പിന്നിൽ ഗെഹ്‌ലോട്ടിന്‍റെ കൈയുണ്ടായിരുന്നു എന്നാണ് അന്നുകേട്ടിരുന്ന ആരോപണം.

പിന്നീട് ടൂറിസം വകുപ്പ് കൈകാര്യം ചെയ്ത ഗെഹ്‌ലോട്ട്, തലസ്ഥാനത്തെ ഹാൻഡിക്രാഫ്റ്റ്/ആർട്ട് കേന്ദ്രമായ 'ദില്ലി ഹാട്ട്' അടക്കമുള്ള  രാജീവ് ഗാന്ധിയുടെ പല സ്വപ്നങ്ങളെയും തികഞ്ഞ അർപ്പണബോധത്തോടെ നടപ്പിലാക്കി. രാജീവ് ഗാന്ധിയുമായി അന്നുമുതലേയുണ്ടായിരുന്ന അടുപ്പമാവും ഗെഹ്‌ലോട്ടിനെ പിന്നീട് സോണിയയുടെയും, തുടർന്ന് രാഹുലിന്‍റെയുമൊക്കെ വിശ്വസ്തനാക്കി മാറ്റിയത്. രാജസ്ഥാനിലെ പുത്തൻകൂറ്റുകാരനായ സച്ചിൻ പൈലറ്റും രാഹുൽ ഗാന്ധിയും തമ്മിൽ നല്ല ബന്ധമാണുള്ളത്. ഇരുവർക്കും ഗെഹ്‌ലോട്ട് മാതുലതുല്യനും. രാഹുൽ ഗാന്ധിയുടെ സാന്നിധ്യം, ഗെഹ്‌ലോട്ട് മിണ്ടാപ്പൂച്ച കളിച്ച്, സച്ചിൻ പൈലറ്റിന്‍റെ കലങ്ങളൊന്നും ഉടയ്ക്കുന്നില്ല എന്നുറപ്പാക്കുന്നു. അതേസമയം രണ്ടുവട്ടം മുഖ്യമന്ത്രിയായിരുന്ന ഗെഹ്‌ലോട്ടിനെ സച്ചിൻ ബഹുമാനിക്കുന്നു എന്നതും രാഹുൽ ഉറപ്പുവരുത്തുന്നുണ്ട്. രാജസ്ഥാനിൽ കോൺഗ്രസ്സ് മന്ത്രിസഭ രൂപീകരിക്കുന്ന സാഹചര്യം വരുന്ന പക്ഷം, മുഖ്യമന്ത്രി പദത്തിന് രാഹുൽ ആദ്യം പരിഗണിക്കുന്നത് ഗെഹ്‌ലോട്ടിനെയായിരിക്കും എന്ന് കരുതുന്നവർ ന്യൂനപക്ഷമല്ല...

അത് പക്ഷേ വെറുതെയല്ല.  ക്ഷത്രിയന്മാരും ബ്രാഹ്മണന്മാരും ജാട്ടുകളും ഒക്കെ മുഷ്കുകാട്ടുന്ന ഈ  നാട്ടിൽ ഗെഹ്‌ലോട്ട് ഇതിനു മുമ്പും രണ്ടുവട്ടം മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. ഒരു ഡോക്ടറാവണം എന്ന് ഒരുകാലത്ത് ആഗ്രഹിച്ചിരുന്ന ഗെഹ്‌ലോട്ട്, സംസ്ഥാനത്തും രാജ്യത്തു തന്നെയും, വളരെ മോശപ്പെട്ട ഒരു ആരോഗ്യം തന്റെ പാർട്ടിക്ക് നിലനിന്നിരുന്ന ഒരു സമയത്ത്, വിധിപ്രകാരം അതിനുള്ള ചികിത്സ ചെയ്തയാളാണ്. 'കോൺഗ്രസ്സ് മുക്ത ഭാരതം' എന്ന മുദ്രാവാക്യം ഏറെ ഹുങ്കോടെ തന്നെ മോദിയും അനുചരന്മാരും ഉറക്കെ വിളിച്ചുപറഞ്ഞപ്പോൾ അതിനെ നേരിടാൻ മുന്നിൽ നിന്നവരിൽ പ്രധാനി ഗെഹ്‌ലോട്ട് തന്നെയാണ്. വ്യക്തിപരമായ ആക്രമണങ്ങളിൽ മനംമടുത്ത് ആത്മവിശ്വാസം തകർന്നടിഞ്ഞു കിടന്നേടത്തുനിന്നും രാഹുൽ ഗാന്ധിയെ പ്രചോദിപ്പിച്ച് ഇന്നുകാണുന്ന ലീഡർ ഫിഗർ ആയി വളർത്തിയെടുത്തതും ഗെഹ്‌ലോട്ടാണ്.  

തന്‍റെ രാഷ്ട്രീയ ജീവിതത്തിൽ എന്നും ഗെഹ്‌ലോട്ട് സ്വീകരിച്ചുപോന്നിരുന്ന ലാളിത്യവും വിനയവുമാണ് അദ്ദേഹത്തിന് ഗുണം ചെയ്തിരിക്കുന്നത് എന്ന് പറയപ്പെടുന്നു. അഹമ്മദ് പട്ടേലിന്‍റെയും ഗുലാം നബി ആസാദിന്‍റെയും ഒന്നും മുന്നിൽ ഗെഹ്‌ലോട്ട് പലപ്പോഴും ഇരിക്കുകപോലും ഇല്ലായിരുന്നു ഒരുകാലത്ത്  എന്നു കേട്ടിട്ടുണ്ട്. സാധാരണക്കാരായ വോട്ടർമാർക്ക് മുന്നിൽ രാഷ്ട്രീയക്കാരന്‍റെ ഒരു ജാഡകളുമില്ലാതെ വളരെ സരസമായി സംസാരിക്കാനുള്ള, അവനവനെപ്പറ്റിയുള്ള തമാശകളെപ്പോലും പൊട്ടിച്ചിരികളോടെ വരവേൽക്കുന്ന അതേ ലാഘവത്തോടെ സാധാരണക്കാരുടെ ഈ നേതാവിന് മൂന്നാമതൊരു വട്ടം കൂടി അക്ബർ റോഡിലെ ഇരുപത്തിനാലാം നമ്പർ ഓഫീസിൽ വളരെ പരിപക്വമായ ഒരു ഔദ്യോഗികജീവിതവും നയിക്കാനാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios