Asianet News MalayalamAsianet News Malayalam

നെല്ലിക്കാപ്പൊടി, ച്യവനപ്രാശം, വെളുത്തുള്ളി, ഗോമൂത്രം; കൊറോണയെ തടയുമെന്ന് ഇന്ത്യക്കാര്‍ കരുതുന്നത്

കൂടാതെ, സർവേയിൽ 12.5 ശതമാനം പേർ കൊറോണ വൈറസ് 60 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ സംഭവിക്കൂ എന്നും വിശ്വസിക്കുന്നു. കൊറോണ വൈറസിനെക്കുറിച്ചുള്ള ഏറ്റവും സാധാരണ തെറ്റിദ്ധാരണകളിലൊന്നാണിത്. 

Attitude towards corona in India
Author
India, First Published Mar 21, 2020, 2:30 PM IST

നാം വിചാരിക്കുന്നതിലും വേഗത്തിലാണ് കൊറോണ വൈറസ് ഇന്ത്യയിലാകെ പടർന്ന് കയറുന്നത്. പകർച്ചവ്യാധി തടയാനുള്ള സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പലരും വേണ്ടരീതിയിൽ പാലിക്കുന്നില്ല എന്നതും ഈ വൈറസ് പടരുന്നതിന് ഒരു കാരണമാണ്. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്‍ടിക്കുന്നതിനായി ഇന്ത്യൻ സർക്കാർ, ആരോഗ്യ വിദഗ്‍ദര്‍, സെലിബ്രിറ്റികൾ എന്നിവർ ആവതും ശ്രമിക്കുന്നു. എന്നിട്ടും പലപ്പോഴും ജനങ്ങൾക്ക് അതിന്റെ ഗൗരവം വേണ്ട രീതിയിൽ മനസ്സിലാവുന്നില്ല. സാമൂഹിക അകലം പാലിക്കണമെന്നും, കൈകൾ കഴുകണമെന്നും, ഒത്തുകൂടലുകൾ ഒഴിവാക്കണമെന്നുമുള്ള നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് വളരെ ചുരുക്കം ആളുകളെങ്കിലും ഇതിനോട് സഹകരിക്കാതെ മുന്നോട്ട് പോകുന്നത് സങ്കടകരമായ ഒരു കാര്യമാണ്. എന്തായിരിക്കും ആളുകളുടെ ഈ നിസ്സംഗതയ്ക്ക് കാരണം? ഈ അടുത്ത കാലത്ത് നടത്തിയ ഒരു സർവേയിൽ വൈറസ് ബാധയെ കുറിച്ച് പല തെറ്റായ അറിവുകളും ജനങ്ങൾ പങ്കുവയ്ക്കുകയുണ്ടായി.  

ആളുകളുടെ അവബോധവും, കൊറോണ വൈറസിനെ നേരിടാനുള്ള തയ്യാറെടുപ്പും എത്രത്തോളമാണ് എന്നറിയാൻ വേണ്ടിയാണ് ജോഷ് ടോക്സ് ഇത്തരമൊരു സർവ്വേ നടത്തിയത്. ഗുഡ്‍ഗാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ മാധ്യമ പ്ലാറ്റ്‍ഫോമാണ് ജോഷ് ടോക്സ്. സർവ്വേയുടെ ഭാഗമായി ഇവർ ആളുകളെ 45,000, 40,700 വീതമുള്ള രണ്ടു ഗ്രൂപ്പുകളായി തിരിക്കുകയുണ്ടായി. രണ്ട് ചോദ്യങ്ങളാണ് സർവേയിൽ ആളുകളോട് ചോദിച്ചത്. ഹിന്ദി, ബംഗ്ലാ, തെലുഗു, തമിഴ്, മലയാളം, പഞ്ചാബി തുടങ്ങിയ ആറ് ഭാഷകളിലാണ് ചോദ്യങ്ങൾ തയ്യാറാക്കിയത്. 

രോഗത്തെ കുറിച്ച് ആളുകളുടെ അവബോധം അളക്കുന്നതായിരുന്നു ആദ്യത്തെ ചോദ്യം. ഇന്ത്യ ഒരു ഊഷ്മള രാജ്യമായതിനാൽ കൊറോണ വൈറസ് ബാധിക്കില്ല എന്നാണ് ആദ്യ ഗ്രൂപ്പിൽ പെട്ട 65.1 ശതമാനം പേരും അഭിപ്രായപ്പെട്ടത്. എന്നാൽ സത്യത്തിൽ ഇത് വെറും കെട്ടുകഥയാണ്. COVID-19 എന്നത് തികച്ചും പുതിയൊരു വൈറസായതിനാൽ മനുഷ്യർക്ക് ഇതിനെ കുറിച്ച് കാര്യമായ അറിവില്ല. മാത്രവുമല്ല, ശാസ്ത്രജ്ഞർ അതിന്റെ പ്രവർത്തനങ്ങളും ഉത്ഭവവും മനസ്സിലാക്കി വരുന്നതേ ഉള്ളൂ. അതുകൊണ്ട് തന്നെ അത്തരമൊരു വാദത്തിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല എന്നതാണ് സത്യം. 

കൂടാതെ, സർവേയിൽ 12.5 ശതമാനം പേർ കൊറോണ വൈറസ് 60 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ സംഭവിക്കൂ എന്നും വിശ്വസിക്കുന്നു. കൊറോണ വൈറസിനെക്കുറിച്ചുള്ള ഏറ്റവും സാധാരണ തെറ്റിദ്ധാരണകളിലൊന്നാണിത്. കാരണം നിരവധി ചെറുപ്പക്കാരെയും കൊറോണ വൈറസ് ബാധിക്കുന്നുവെന്നത് നമ്മൾ കാണുന്ന കാര്യമാണ്. അതു മാത്രവുമല്ല, പ്രതികരിച്ചവരിൽ 6.1 ശതമാനം പേരും മുട്ടയോ ചിക്കനോ കഴിച്ചാൽ കോവിഡ് -19 ബാധിക്കാൻ സാധ്യതയുണ്ടെന്ന് കരുതുന്നു. 5.7 ശതമാനം പേർ ഗോമൂത്രം അല്ലെങ്കിൽ വെളുത്തുള്ളി കഴിച്ചാൽ രോഗം ഭേദമാക്കുമെന്നും വിശ്വസിക്കുന്നു. എന്നാൽ, ഇതെല്ലാം തെറ്റായ വിശ്വാസങ്ങൾ മാത്രമാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്.

കൊറോണ വൈറസ് ബാധിക്കാതിരിക്കാൻ എന്തെല്ലാം മുൻകരുതൽ എടുക്കണം എന്നതിനെ സംബന്ധിച്ചായിരുന്നു സർവേയുടെ രണ്ടാമത്തെ ചോദ്യം. ഇന്ത്യയിലുടനീളമുള്ള 40,700 പേരിൽ 76 ശതമാനം പേരും ശരിയായ ശുചിത്വം പാലിക്കുകയും ശുദ്ധമായ അന്തരീക്ഷം ഉറപ്പാക്കുകയും തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുകയും യാത്രയ്ക്കിടെ ഫെയ്‌സ് മാസ്ക് ഉപയോഗിക്കുകയും ചെയ്തുവെന്ന് അഭിപ്രായപ്പെട്ടു. ചുമ ബാധിച്ചാൽ അല്ലെങ്കിൽ കൂടുതൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ഡോക്ടറെ കാണുമെന്നും അവർ പറഞ്ഞു. 

എന്നിരുന്നാലും, വൈറസിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളും അവർ പങ്കുവച്ചു. ചവനപ്രാശം അല്ലെങ്കിൽ നെല്ലിക്ക കഴിക്കുന്നതും മാംസം ഒഴിവാക്കുന്നതും വൈറസിനെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ചിലർ അഭിപ്രായപ്പെട്ടു. രാവിലെയും രാത്രിയും ഒരു ടീസ്‍പൂണ്‍ നെല്ലിക്കാപ്പൊടി കഴിക്കുന്നതും വൈറസിനെ തുരത്താൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നവരും അക്കൂട്ടത്തിൽ കുറവല്ല. മറ്റുചിലർ രോഗം ബാധികാതിരിക്കാൻ പൊതിഞ്ഞ വസ്ത്രങ്ങൾ ധരിക്കാനും സൂര്യപ്രകാശം കൊള്ളാനും നിർദ്ദേശിച്ചു. എന്നാൽ ഈ കണ്ടെത്തലുകൾക്കൊന്നും ശാസ്ത്രീയ അടിത്തറയില്ലായെന്നതാണ് വാസ്‍തവം.  

ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, മഹാരാഷ്ട്ര പോലുള്ള നിരവധി സംസ്ഥാന സർക്കാരുകൾ അഞ്ചിലധികം ആളുകളുടെ കൂട്ടത്തെ നിരോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കുകയും, അതിർത്തികൾ അടക്കുകയും ചെയ്യുന്നു. മാത്രമല്ല വൈറസ് പടരാനുള്ള വേഗത കുറയ്ക്കുന്നതിനായി സർക്കാർ സാമൂഹിക അകലവും സ്വയം ഒറ്റപ്പെടലും പരിശീലിക്കാൻ ആളുകളോട് നിർദ്ദേശിക്കുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ വിശ്വസിക്കാതെ, സർക്കാരും, ആരോഗ്യപ്രവർത്തകരും പറയുന്നത് മാത്രം അനുസരിക്കുക.  
 

Follow Us:
Download App:
  • android
  • ios