വൃദ്ധർക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ വാർത്തകൾ ഇന്ന് നമ്മൾ ഒരുപാട് കേൾക്കുന്നുണ്ട്. വൃദ്ധസദനങ്ങളിൽ പോലും അവർ സുരക്ഷിതരല്ല. അത്തരം സ്ഥലങ്ങളിൽ പീഡനം ഏറ്റുവാങ്ങുന്ന പ്രായമായവരുടെ എണ്ണം അനുദിനം കൂടിവരികയാണ്. ഓസ്‌ട്രേലിയയിലെ വൃദ്ധസദനങ്ങളിൽ ഓരോ ആഴ്ചയും അമ്പതോളം പേരാണ് ലൈംഗികാതിക്രമത്തിന് ഇരയാകുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ബിബിസി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തിട്ടുണ്ട്.

വൃദ്ധസദനങ്ങളുടെ നിലവാരത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ 2018 -ൽ നിയമിച്ച റോയൽ കമ്മീഷനാണ് വിവരങ്ങൾ കൈമാറിയത്. 2018 മുതലുള്ള അവരുടെ അന്വേഷണത്തിൽ വൃദ്ധസദനങ്ങളിൽ വ്യാപകമായ പീഡനവും, മോശം പെരുമാറ്റവും നടക്കുന്നതായി റോയൽ കമ്മീഷൻ  കണ്ടെത്തി. 2018-2019 -ൽ റെസിഡൻഷ്യൽ നഴ്സിംഗ് ഹോമുകളിൽ 2,520 ലൈംഗികാതിക്രമങ്ങൾ നടന്നതായി റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇത് രാജ്യത്തിന് തന്നെ നാണക്കേടാണ് എന്ന് റോയൽ കമ്മീഷനെ സഹായിക്കുന്ന മുതിർന്ന അഭിഭാഷകൻ പീറ്റർ റോസൻ പറഞ്ഞു. “ഈ കണക്കുകൾ വളരെ അസ്വസ്ഥതയുളവാക്കുന്നു. റിപ്പോർട്ടുകൾ സ്വീകരിക്കുന്ന ഓസ്ട്രേലിയൻ സർക്കാർ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള തുടര്‍നടപടികളുടെ അഭാവവും കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു" അദ്ദേഹം പറഞ്ഞു. അത് മാത്രവുമല്ല, രാജ്യത്ത് നടന്ന 903 കൊറോണ വൈറസ് മരണങ്ങളിൽ 75 ശതമാനത്തിലധികവും വൃദ്ധസദനത്തിലെ അന്തേവാസികളാണ് എന്നതും ഞെട്ടിക്കുന്ന ഒരു വസ്തുതയാണ്.  

വൃദ്ധർക്കെതിരെയുള്ള ലൈംഗികാതിക്രമം വളരെക്കാലമായി ഇവിടെ തുടർന്നു വന്നിരുന്ന ഒന്നാണെന്നും, ഇത് 13 മുതൽ 18 ശതമാനം വരെയുള്ള  പ്രായമായവരെ ബാധിക്കുന്നുവെന്നും അനുമാനിക്കപ്പെടുന്നു. പലരും തങ്ങളുടെ മാതാപിതാക്കളെയും, ബന്ധുക്കളെയും ഇത്തരം വൃദ്ധസദനങ്ങളിൽ കൊണ്ടാക്കുന്നത് അവർ സുരക്ഷിതരാകുമെന്ന വിശ്വാസത്തിലാണ്. എന്നാൽ, ഇവിടെയെത്തുന്നവര്‍ ആക്രമിക്കപ്പെടാൻ സാധ്യത വളരെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സർക്കാർ സബ്‌സിഡിയോടെ നടത്തുന്ന ആതുരാലയങ്ങളിൽ നിരവധി ആക്രമണങ്ങൾ നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് 2018 -ലാണ് റോയൽ കമ്മീഷൻ സ്ഥാപിതമായത്. താമസക്കാരുടെ പ്രശ്നങ്ങൾ, പരിചരണകാര്യങ്ങളിലെ അപര്യാപ്‍തത, മറ്റ് കാര്യങ്ങൾ എന്നിവ ഉൾപ്പടെ പതിനായിരത്തിലധികം പരാതികൾ അവർക്ക് ലഭിക്കുകയുണ്ടായി.

കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറക്കിയ 'നെഗ്ലെക്ട്' (Neglect) എന്ന തലക്കെട്ടിലുള്ള ഒരു ഇടക്കാല റിപ്പോർട്ടിൽ, 'രാജ്യത്തെ ദുർബലരായ പൗരന്മാരെ' പരിപാലിക്കുന്നതിൽ സംവിധാനം പരാജയപ്പെട്ടുവെന്ന് പറയുന്നു. "പല ആതുരാലയങ്ങളിലും പ്രായമായവർക്ക് സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ പരിചരണം ലഭിക്കുന്നില്ല. ദയയും പരിഗണനയുമില്ലാത്ത പെരുമാറ്റമാണ് അവിടെ അവർ നേരിടുന്നത്. നിരവധി സന്ദർഭങ്ങളിൽ അവർ അവഗണിക്കപ്പെടുന്നു" കമ്മീഷണർമാരായ റിച്ചാർഡ് ട്രേസിയും, ലിനെലെ ബ്രിഗ്‌സും അതിൽ എഴുതി.

മഹാമാരി ഈ പ്രശ്‌നങ്ങളെ കൂടുതൽ ഗുരുതരമാക്കി എന്നും അന്വേഷണത്തിൽ കണ്ടെത്തി. നിരവധി പേരാണ് ഈ അസുഖം വന്ന് വൃദ്ധസദനകളിൽ മരണപ്പെടുന്നതെന്നും അതിൽ പറയുന്നു. സർക്കാർ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയില്ലെന്നും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കമ്മിഷൻ ശുപാർശ ചെയ്‌തു. കമ്മീഷന്റെ അന്തിമ റിപ്പോർട്ട് 2021 ഫെബ്രുവരിയിലാണ് പുറത്തിറങ്ങുക.