Asianet News MalayalamAsianet News Malayalam

രുദാലിയുടെ ഹൃദയമിടിപ്പുകൾക്ക് ഈണം പകർന്ന ഭൂപേൻ

വടക്കുകിഴക്കൻ ഇന്ത്യയിലെ അസം എന്ന കൊച്ചു സംസ്ഥാനത്തെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തിൽ അടയാളപ്പെടുത്തിയതിൽ ഹസാരികയ്ക്കുള്ള പങ്ക് ചെറുതല്ല.  രാഷ്ട്രം ഇന്നലെ ഡോ. ഭൂപേൻ ഹസാരിക എന്ന ബഹുമുഖ പ്രതിഭയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകി അദ്ദേഹത്തെ ആദരിച്ചു. 

Bhupen Hazarika, The man who tuned  Rudali's heartbeats
Author
Trivandrum, First Published Jan 26, 2019, 12:40 PM IST

1990ൽ പുറത്തിറങ്ങിയ രുദാലി എന്ന ചിത്രത്തിന് വേണ്ടി ഡോ. ഭൂപേൻ ഹസാരിക ഈണമിട്ട 'ദിൽ ഹൂം ഹൂം കരേ...' എന്ന പാട്ട് ഹിന്ദിയിലെ ക്‌ളാസ്സിക് പാട്ടുകളിൽ ഒന്നാണ്. രാജസ്ഥാനിലെ ഉൾഗ്രാമങ്ങളിലൊന്നിൽ മേൽ ജാതിക്കാരുടെ മരിപ്പിന് ഒപ്പാരിയിടാൻ വാടകയ്‌ക്കെടുക്കുന്ന കീഴ്ജാതിയിൽ പെട്ട ശനീചരി എന്ന രുദാലിയുടെ മനോവ്യഥകളെ ഉള്ളിൽ ആവാഹിച്ച ആ പാട്ട് പലരെയും കരയിച്ചു. ആ മനോഹരമായ യുഗ്മ ഗാനത്തിന് അദ്ദേഹം തന്റെ മനോഹരമായ ശബ്ദവും പകർന്നു. 

Bhupen Hazarika, The man who tuned  Rudali's heartbeats

അറിയപ്പെട്ടിരുന്നത് ഒരു പാട്ടുകാരനായിട്ടായിരുന്നെങ്കിലും ഭൂപേൻ കൈവെക്കാത്ത മേഖലകൾ കുറവാണ്. വടക്കുകിഴക്കൻ ഇന്ത്യയിലെ അസം എന്ന കൊച്ചു സംസ്ഥാനത്തെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തിൽ അടയാളപ്പെടുത്തിയതിൽ ഹസാരികയ്ക്കുള്ള പങ്ക് ചെറുതല്ല. അദ്ദേഹം സംവിധാനം ചെയ്ത 'ഗ്ലിം‌പ്‌സസ് ഓഫ് ദി മിസ്റ്റി ഈസ്റ്റ്' എന്ന ഡോക്യൂമെന്ററി 1947  മുതൽ 1997  വരെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃകത്തിന്റെ നേർക്കാഴ്ചയാണ്.   

1926ൽ ആസ്സാമിലെ സാദിയയിൽ ജനിച്ച ഭുപേൻ തന്റെ പത്താമത്തെ വയസ്സിൽ തന്നെ ആദ്യമായി പാടി. 1939ൽ തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ അസമിലെ അറിയപ്പെടുന്ന തിരക്കഥാകൃത്തും സംവിധായകനും ചലച്ചിത്രഗാനരചയിതാവുമായിരുന്ന അഗർവാലയുടെ 'ഇന്ദ്രമാലതി' എന്ന സിനിമയ്ക്കുവേണ്ടി ഭുപേൻ പിന്നണി പാടി. അടുത്തവർഷം 'അഗ്നിജുഗോർ ഫിരിംഗോതി മോയി; എന്ന ഗാനം ചിട്ടപ്പെടുത്തിക്കൊണ്ട് ഭുപേൻ സംഗീത സംവിധായകനുമായി. സംഗീതത്തിൽ തത്പരയായിരുന്ന അമ്മ പാടിക്കൊടുത്ത  താരാട്ടുപാട്ടുകൾ കേട്ടാണ് അവരുടെ പത്തുമക്കളിൽ മൂത്തവനായ ഭൂപേന് ആദ്യമായി സംഗീതത്തിൽ താല്പര്യം ജനിക്കുന്നത്. തന്റെ കുട്ടിക്കാലത്തെപ്പറ്റി ഭൂപേൻ പങ്കുവെക്കുന്ന രസകരമായൊരു കഥയുണ്ട്. അദ്ദേഹത്തിന്റെ 'അമ്മ, തന്റെ പത്താമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച് നിറവയറുമായി നിൽക്കുന്ന കാലം. പ്രസവത്തിന്റെ തീയതി അടുത്തുവന്നു. ഭൂപേൻ കുളിമുറിയിൽ കേറിയ നേരത്തായിരുന്നു പ്രസവം. കുഞ്ഞിനെ കയ്യിലെടുത്ത് അച്ഛൻ കുളിമുറിക്കരികിൽ വന്ന് അവനോട് ചോദിച്ചു.. " ഭൂപേൻ, നിന്റെ അനിയന് എന്ത് പേരാ ഇടേണ്ട..? " അച്ഛനോട് ഭയഭക്തിബഹുമാനങ്ങൾ ഉള്ളിലുണ്ടായിരുന്നിട്ടും അന്ന് ഭൂപേൻ പറഞ്ഞത്രേ.. " അച്ഛാ.. അവന് ഫുൾസ്റ്റോപ്പ്.. എന്ന് പേരിട്ടോ.. ' എന്ന്.

അക്കാദമിക് വിദ്യാഭ്യാസത്തിലും കഴിവ് തെളിയിച്ചിരുന്നു ഭൂപേൻ. 1942ൽ അസമിലെ കോട്ടൺ കോളേജിൽ നിന്നും ആർട്സിൽ ഇന്റർമീഡിയേറ്റ് കഴിഞ്ഞ അദ്ദേഹം ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്നും 44ൽ ബിഎയും 46ൽ എംഎയും നേടി. 1954ൽ ന്യൂയോർക്കിലെ കൊളംബിയാ സർവകലാശാലയിൽ നിന്നും  ‘Proposals for Preparing India’s Basic Education to use Audio-Visual Techniques in Adult Education' എന്ന വിഷയത്തെ അധികരിച്ചുകൊണ്ട് ഒരു ഡോക്ടറൽ ബിരുദവും അദ്ദേഹം നേടി. ഇക്കാലത്താണ്    ഇപ്റ്റ ( ‘Indian People’s Theatre Association’) എന്ന ഇടത് ആഭിമുഖ്യമുള്ള നാടക സംഘത്തിൽ അംഗമാവുന്നതും ആകാശവാണിയോട് സഹകരിച്ച് പ്രവർത്തിക്കുന്നതും. അസമിയ  ഫോക്ക് സംഗീതത്തിൽ ആഴത്തിലുള്ള ഗവേഷണം നടത്തിയ അദ്ദേഹം ഒരുപാട് പാട്ടുകൾ എഴുതി ചിട്ടപ്പെടുത്തി പാടുകയുണ്ടായി. 

അമേരിക്കയിലെ പഠനകാലത്ത് അദ്ദേഹം അവിടത്തെ മനുഷ്യാവകാശ പ്രവർത്തകനായിരുന്ന പോൾ റോബിൻസന്റെ ആശയങ്ങളിൽ  ആകൃഷ്ടനായിരുന്നു.  പിന്നീട് ഭുപേൻ ചിട്ടപ്പെടുത്തിയ 'ഗംഗാ തൂ ബഹ്‌തി ക്യൂം..' എന്ന ഗാനം റോബിൻസന്റെ ‘Ol’ Man’s River’.എന്ന പാട്ടിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ളതായിരുന്നു. മാനവസ്നേഹത്തിന്റെയും സഹജീവനത്തിന്റെയും ഭാവഗീതങ്ങളായിരുന്നു അദ്ദേഹത്തിന്റെ പാട്ടുകളേറെയും. അദ്ദേഹത്തിന്റെ  'മാനുഷ് മാനുഷേർ ജോന്നോ..'( മനുഷ്യർ മനുഷ്യർക്കുവേണ്ടി ) എന്ന ഗാനം ബംഗ്ളാദേശിൽ ദേശീയ ഗാനത്തിനുശേഷം ഏറ്റവും ജനപ്രിയമായ ഗാനമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അസമിയ ഭാഷയിൽ എണ്ണൂറോളം പാട്ടുകൾ എഴുതി ചിട്ടപ്പെടുത്തിയിട്ടുണ്ട് ഭൂപേൻ. 

ഭുപേൻ വിവാഹം കഴിച്ചത് പ്രസിദ്ധ സംവിധായിക കല്പനാ ലാജ്മിയെ ആയിരുന്നു. തന്റെ പതിനഞ്ചാമത്തെ വയസ്സിലായിരുന്നു തന്റെ ഇരട്ടിയിലധികം പ്രായമുള്ള ഭൂപേനെ കല്പന ആദ്യമായി കാണുന്നത്. പ്രഥമദർശനത്തിൽ തന്നെ ഭുപേന്റെ മാസ്മരികമായ വ്യക്തിത്വത്തിൽ അനുരക്തയായ കല്പന, തന്റെ പോക്കറ്റ് മണി സ്വരുക്കൂട്ടിവെച്ച് ഭുപേന്റെ എൽ.പി. റെക്കോർഡുകൾ വാങ്ങിക്കൂട്ടി. ബോംബെയിലെ റിഥം ഹൌസിൽ നിന്നും ആദ്യമായി വാങ്ങിയ  എൽ.പി. റെക്കോർഡ് മാറോടടക്കിപ്പിടിച്ചപ്പോൾ കല്പനക്ക് താൻ ഭൂപേനെ നെഞ്ചോടുചേർക്കുംപോലെ തോന്നി. 1971ൽ കല്പനയുടെ അമ്മാവൻ ആത്മാറാം തന്റെ ഹിന്ദി സിനിമയായ ആരോപിന്  സംഗീതം പകരാൻ വേണ്ടി ഭുപേൻ ഹസാരികയെ ക്ഷണിക്കുന്നു. പാലി ഹില്ലിൽ കല്പനയുടെ അമ്മാവനായിരുന്ന ഗുരുദത്തിന്റെ ബംഗ്ളാവിൽ താമസിച്ചുകൊണ്ടായിരുന്നു ഭുപേൻ പാട്ടിന്റെ ജോലികൾ തീർത്തുകൊണ്ടിരുന്നത്. ഒരു ദിവസം കല്പന അദ്ദേഹത്തെ കാണാനായി അവിടേക്കു ചെന്നു. വാതിൽ ചാരിയിരുന്ന് ഹാർമോണിയം വായിച്ചുകൊണ്ട് പാട്ടിന് ഈണമിടുകയായിരുന്നു അദ്ദേഹമപ്പോൾ. കല്പന വാതിൽക്കൽ മുട്ടി. " കേറി വരൂ.." അദ്ദേഹം പറഞ്ഞു. അവർ അകത്തേക്ക് ചെന്ന് അദ്ദേഹത്തെ പരിചയപ്പെട്ടു. അന്ന് നടന്ന സംഭാഷണത്തിന് ശേഷം കല്പനയുടെ ആരാധന ഇരട്ടിക്കുകയും അധികം താമസിയാതെ തന്നെ കല്പന തന്റെ അനുരാഗം അദ്ദേഹത്തോട് വെളിപ്പെടുത്തുകയും അവർ ഒന്നിക്കുകയും ചെയ്തു.

Bhupen Hazarika, The man who tuned  Rudali's heartbeats
 
പിൽക്കാലത്ത്  ലാജ്മി സംവിധാനം ചെയ്ത രുദാലി , ഏക് പൽ, ദർമിയാൻ തുടങ്ങിയ പ്രശസ്തമായ പല സിനിമകൾക്കും സംഗീതം സംഗീതം പകർന്നതും അതിലെ പല പാട്ടുകളും പാടിയതും ഭൂപേനായിരുന്നു. ഡിംപിൾ കപാഡിയയും രാജ് ബബ്ബറും അംജദ്ഖാനും ഒക്കെ നടിച്ച 'രുദാലി' അത്രമേൽ ജനപ്രിയമാവാൻ ഒരുകാരണം അതിൽ ഭൂപേൻ ചിട്ടപ്പെടുത്തി ലതാമങ്കേഷ്കറോടൊപ്പം പാടിയ  'ദിൽ ഹൂം ഹൂം കരേ..' എന്ന യുഗ്മഗാനമാണ്.

അസമിയ  ഭാഷയിൽ സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് ഭൂപേൻ.  അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾക്ക് 60, 64, 67വർഷങ്ങളിലെ മികച്ച സിനിമക്കുള്ള ദേശീയ അവാർഡുകൾ കിട്ടിയിട്ടുണ്ട്. 1977; അദ്ദേഹം സംഗീതം കൊടുത്ത 'ചമേലി മേംസാബ്' എന്ന ചിത്രത്തിന് മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡ് കിട്ടി. അക്കൊല്ലം തന്നെ പദ്മശ്രീ. 1992ൽ ദാദാസാഹേബ് ഫാൽക്കെ അവാർഡ്, 2001 ൽ പദ്മ ഭൂഷൺ, 2011ൽ പദ്മവിഭൂഷൺ എന്നീ ബഹുമതികളും ഭൂപേനെ തേടിയെത്തുകയുണ്ടായി. 2001ൽ അദ്ദേഹത്തിന്റെ ചിത്രമുള്ള പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി തപാൽ വകുപ്പ് അദ്ദേഹത്തെ ആദരിച്ചു. 1967, 72 വർഷങ്ങളിൽ സ്വതന്ത്രനായി തെരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം രണ്ടു വട്ടവും നിയമസഭാംഗമായി. അദ്ദേഹത്തിന്റെ മുൻകൈയിലാണ് ഇന്ത്യയിലാദ്യമായി സർക്കാർ നേരിട്ട് ഒരു സിനിമാ നിർമ്മാണ സ്റ്റുഡിയോ ഗുവാഹത്തിയിൽ സ്ഥാപിക്കുന്നത്. 

Bhupen Hazarika, The man who tuned  Rudali's heartbeats

 

2011 ആയപ്പോഴേക്കും ഭൂപേന്റെ ആരോഗ്യം ക്ഷയിച്ചുതുടങ്ങി. കല്പന ഇരുപത്തിനാലുമണിക്കൂറും കൂട്ടിരുന്നു കൊണ്ട്  അദ്ദേഹത്തെ പരിചരിച്ചു. നവംബർ അഞ്ചാം തീയതി, പതിവില്ലാതെ കല്പന  അദ്ദേഹത്തെ  ഐസിയുവിൽ തനിയെ വിട്ട്  ഒരു കപ്പ് കാപ്പി കുടിക്കാൻ ആസ്പത്രിയിലെ കാന്റീൻ വരെ ഒന്ന് പോയി. അപ്പോഴേക്കും ഡോക്ടർമാരുടെ  വിളി വന്നു.  " Come  fast.. We are losing him.." മരണത്തിനു കീഴടങ്ങാൻ ഭൂപേന് മടിയായിരുന്നു. അദ്ദേഹത്തിന്റെ നെറുകയിൽ കൈ വെച്ചുകൊണ്ട് കല്പന അസമിയയിൽ ഉറക്കെപ്പറഞ്ഞു, " ജാ ഭുപ്സു.. ജാ.. "  "പൊയ്ക്കോളൂ.. ധൈര്യമായി.". എന്ന്.. അടുത്തനിമിഷം ഭുപേന്റെ ജീവശ്വാസം നിലച്ചു.  

ഇന്ന്  ബ്രഹ്മപുത്രാ നദിയുടെ തീരത്ത് ഒരു കാലത്ത് താൻ അധ്യാപകനായിരുന്ന  ഗുവാഹത്തി സർവകലാശാല നൽകിയ ആറടിമണ്ണിൽ അന്ത്യവിശ്രമം  കൊള്ളുന്നുണ്ട്, 'ബ്രഹ്മപുത്രയുടെ ഭാവഗായക'നെന്ന് സഹൃദയർ സ്നേഹപൂർവ്വം വിളിച്ചിരുന്ന ഭൂപേൻ...!

 

റഫറൻസ് : ഭുപേൻ ഹസാരികയെപ്പറ്റി അദ്ദേഹത്തിന്റെ പത്നി കല്പനാ ലാജ്‌മി എഴുതിയ 'Bhupen Hazarika - As  I  Knew Him ' എന്ന പുസ്തകം 

Follow Us:
Download App:
  • android
  • ios