Asianet News MalayalamAsianet News Malayalam

ആ 'സാധനം' എന്താണ്; ദിയ സന വിശദീകരിക്കുന്നു

സാബു ചേട്ടന്‍ ശരിക്കും തരികിട സാബു തന്നെയാണ്. എന്നാല്‍ വളരെ ബുദ്ധിശാലിയും കൂര്‍മ്മ ബുദ്ധിയും കൗശലവും ഒക്കെയുള്ള വളരെ മിടുക്കനായ ഒരു മത്സരാര്‍ത്ഥി കൂടിയാണ് സാബു ചേട്ടന്‍. 

Bigg Boss Malayalam Diya Sana interview by Sunitha Devadas
Author
Thiruvananthapuram, First Published Aug 6, 2018, 12:45 PM IST

സാമൂഹ്യപ്രവര്‍ത്തകയും തിരുവനന്തപുരം ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗവുമായ ദിയ സന 41 ദിവസത്തെ ബിഗ് ബോസ് ജീവിതത്തിനു ശേഷം ഇറങ്ങി. ദിയ സംസാരിക്കുന്നു, താന്‍ കണ്ട ബിഗ് ബോസിനെയും മത്സരാര്‍ത്ഥികളെയും കുറിച്ച്. 

എന്താണ് ദിയ സാധനം, സാധനം എന്ന് പറഞ്ഞാല്‍?
ഉത്തരം : ഹ ഹ ... പുറത്തിറങ്ങിയപ്പോള്‍ പലരും ചോദിക്കുന്നു 'ആഹാ സാധനം ഇറങ്ങിയോ' എന്ന്. അപ്പോഴാണ് ഞാന്‍ കാര്യം അറിയുന്നത്. ആദ്യം മുതലേ സംഭവം, സാധനം ഒക്കെ ഞാന്‍ പറയുന്ന വാക്കുകള്‍ തന്നെയാണ്. എന്നാല്‍ ബിഗ് ബോസില്‍ ചെന്നപ്പോ അത് കൂടി എന്ന് തോന്നുന്നു. കാരണം പല കാര്യങ്ങളും പറയുമ്പോ ചിലപ്പോ ആ വ്യക്തിയുടെ പേര് പറയാതിരിക്കാനും ചില സംഭവങ്ങള്‍ പറയുമ്പോ അത് പറയാതിരിക്കാനും പകരമായി സാധനം എന്ന് പറയാന്‍ തുടങ്ങി. അങ്ങനെ പറഞ്ഞു പറഞ്ഞു സാധനം കൈവിട്ടു വൈറലായി എന്ന് തോന്നുന്നു. 

ബിഗ് ബോസ് ഒരു ഫെമിനിസ്റ്റ് വീടാണോ? ദിയ പലപ്പോഴും സ്ത്രീ, സ്ത്രീ എന്ന് പറഞ്ഞു പല വിഷയങ്ങളുടെ പേരിലും സംസാരിച്ചതായി കണ്ടിരുന്നു?
വേണമെന്ന് കരുതി എവിടെയും അങ്ങനെ ചെയ്തിട്ടില്ല. നിങ്ങള്‍ ബിഗ് ബോസില്‍ കണ്ടത് തന്നെയാണ് യഥാര്‍ത്ഥ ഞാന്‍. ഞാന്‍ അവിടെ അഭിനയിച്ചിട്ടില്ല. പുറത്തു ജീവിക്കുന്നത് പോലെ തന്നെ അതിനുള്ളിലെ ജീവിച്ചു. കാലങ്ങളായി പല പൊതു കാര്യങ്ങളിലും സ്ത്രീ വിഷയങ്ങളിലും ഒക്കെ ഇടപെട്ടും സംസാരിച്ചും ജീവിക്കുന്നത് കൊണ്ട് അറിയാതെ തന്നെ കടന്നു വരുന്നതാണ് ഈ സ്ത്രീപക്ഷ ചിന്തകള്‍. രഞ്ജിനിയും സുരേഷേട്ടനും തമ്മില്‍ നടന്ന വിഷയത്തിലൊക്കെ അതുകൊണ്ട് തന്നെ അറിയാതെ ഇടപെട്ടു പോയി. അല്ലാതെ അതിനുള്ളില്‍ ഫെമിനിസം കാണിക്കണമെന്നോ ഒന്നും ബോധപൂര്‍വം കരുതിയിട്ടില്ല. ബിഗ് ബോസ് വീടിനെ ഒരു കുടുംബമായിട്ടു തന്നെയാണ് ഞാന്‍ കണ്ടത്. 

സുരേഷേട്ടന്‍ ആളാകെ മാറിപ്പോയി
ചോദ്യം : മനുഷ്യര്‍ തമ്മില്‍ അടുപ്പമുണ്ടാകുന്നതും ചിലര്‍ തമ്മില്‍ കൂടുതല്‍ അടുപ്പമുണ്ടാകുന്നതുമൊക്കെ സ്വാഭാവികമല്ലേ? പേളിയും അരിസ്‌റ്റോ സുരേഷും തമ്മിലുള്ള ബന്ധം അവിടെ ഇത്ര വലിയ പ്രശ്‌നമായി മാറിയത് എങ്ങനെയാണ്? ദിയയും അതിന്റെ പേരിലും മറ്റു വിഷയങ്ങളുടെ പേരിലുമൊക്കെ സുരേഷിനോട് കുറച്ചു മോശമായി പെരുമാറിയതായി തോന്നുന്നുണ്ടോ?
സുരേഷേട്ടനോട് ഞാന്‍ ചിലപ്പോഴൊക്കെ വഴക്കിട്ടത് വേണ്ടായിരുന്നുവെന്നു ഇപ്പോള്‍ തോന്നുന്നുണ്ട്. ആ വീടിനുള്ളില്‍ ചെയ്ത കാര്യങ്ങളില്‍ എന്തെങ്കിലും തിരുത്താന്‍ എനിക്ക് അവസരം കിട്ടിയാല്‍ ഞാന്‍ സുരേഷേട്ടനോട് വഴക്കിട്ടത് തിരുത്തും. 

സുരേഷേട്ടനെ എനിക്ക് ബിഗ് ബോസ്സില്‍ വരുന്നതിന്  മുന്‍പ് തന്നെ അറിയാം. എന്റെയൊരു സ്വാര്‍ത്ഥത എങ്ങനെയോ അവിടെ പുറത്തു വന്നതായി തോന്നുന്നു. സുരേഷേട്ടന്‍ പേളിയെ സ്‌നേഹിക്കുന്നത് പോലെ എന്നെയും സ്‌നേഹിക്കണം എന്നെനിക്ക് തോന്നിയിരുന്നു. അതില്‍ നിന്നും അസ്വസ്ഥത ഉണ്ടായിട്ടുണ്ട്. 

എന്നാല്‍ അതിലുപരി സുരേഷേട്ടനും പേളിയും തമ്മിലുള്ള ഒരു വല്ലാത്ത ബന്ധം കളിയുടെയും വീടിന്റെയും താളം തന്നെ തെറ്റിച്ചു കളഞ്ഞു എന്നതാണ് സത്യം. പേളിക്ക് സുരേഷേട്ടനോടും ശ്രീനിയോടുമൊക്കെ ഉള്ളത് കളിയുമായി ബന്ധപ്പെട്ട വ്യക്തിബന്ധമാണ്. പല തരത്തില്‍ ഗെയിം കളിക്കുന്ന ആളാണ്. അപ്പൊ അതിന്റെയൊക്കെ ഭാഗമായിട്ടാണ് പേളി സുരേഷേട്ടനുമായിട്ട് അടുപ്പം സ്ഥാപിക്കുന്നത്. എന്നാല്‍ സുരേഷേട്ടന്‍ അത് വളരെ സീരിയസ് ആയിട്ടെടുക്കുകയും അവിടെ വലിയ പ്രശ്‌നക്കാരനായി മാറുകയും ചെയ്തു. പേളിയെ കുറിച്ച് ആരെന്തു പറഞ്ഞാലും അവരോടു പോയി വഴക്കിടും, അതിന്റെ പേരില്‍ ആ വ്യക്തിയെ അടുത്ത എലിമിനേഷന്‍ നോമിനേഷനില്‍ പറയും, എപ്പോഴും പേളി പറയുന്നത് മുഴുവന്‍ തെറ്റോ ശരിയോ എന്ന് നോക്കാതെ പിന്താങ്ങും. അങ്ങനെയൊക്കെ സുരേഷേട്ടന്റെ പെരുമാറ്റം എല്ലാവര്ക്കും ബുദ്ധിമുട്ടായി മാറിയത് കൊണ്ടാണ് ഞാനടക്കമുള്ളവര്‍ അതില്‍ ഇടപെട്ടതും സംസാരിച്ചതുമൊക്കെ. ഒരു കളിയുടെ ഭാഗമായി ഒരേ വീട്ടില്‍ കുറെ പേര്‍ താമസിക്കുമ്പോള്‍ എല്ലാവരും എല്ലാവരെയും ഒരേ പോലെ കാണേണ്ടേ? അല്ലെങ്കില്‍ അത് കളിയുടെ താളം തെറ്റിക്കും. 
സുരേഷേട്ടന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആകെ അസ്വസ്ഥനാണ്. കൃത്യമായ കാരണം അറിയില്ല. എന്നാല്‍ ആ അസ്വസ്ഥത വീടിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്നത് കൊണ്ട് ഞങ്ങള്‍ക്കൊക്കെ ഇടക്ക് പ്രതികരിക്കേണ്ടി വരുന്നു. വളരെ സുതാര്യനായ ഒരു മനുഷ്യനായിരുന്നു സുരേഷേട്ടന്‍. ഇപ്പോള്‍ ആകെ മാറി പോയി. 

സാബു ചേട്ടന്‍ ശരിക്കും
തരികിട സാബു തന്നെയാണ് 

സാബു  പറയുന്ന പല കാര്യങ്ങളും ദിയ ചെയ്തിരുന്നോ? സാബുവിന് ദിയയെ സ്വാധീനിച്ചു ദിയയെ മുന്നില്‍ നിര്‍ത്തി പലതും ചെയ്യിക്കാന്‍ കഴിഞ്ഞോ? സാബു പലപ്പോഴും പല കാര്യങ്ങളും ദിയയോട് പറയുന്നതും ദിയ അതനുസരിച്ചു പെരുമാറുന്നത് പോലെയും തോന്നിയിരുന്നു. ശരിയാണോ?
സാബു ചേട്ടന്‍ ശരിക്കും തരികിട സാബു തന്നെയാണ്. എന്നാല്‍ വളരെ ബുദ്ധിശാലിയും കൂര്‍മ്മ ബുദ്ധിയും കൗശലവും ഒക്കെയുള്ള വളരെ മിടുക്കനായ ഒരു മത്സരാര്‍ത്ഥി കൂടിയാണ് സാബു ചേട്ടന്‍. വളരെ നന്നായിട്ട് ഏതു കാര്യവും സംസാരിക്കാനും പുള്ളി എന്താണുദ്ദേശിക്കുന്നത് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും കഴിവുണ്ട്. സാബു ചേട്ടന്‍ എന്നോട് സംസാരിക്കാറുണ്ട്. അതില്‍ പലതും എനിക്കും ശരിയാണെന്നു തോന്നാറുണ്ട്. സാബു ചേട്ടന്‍ പറയുന്നത് കൊണ്ട് മാത്രമല്ല, എനിക്ക് കൂടി അവ ശരിയാണെന്നു തോന്നുന്നത് കൊണ്ട് കൂടിയാണ് ഞാന്‍ ചില കാര്യങ്ങള്‍ കേള്‍ക്കുന്നത്. 

എന്നെ അന്ന് സാബു ചേട്ടന്‍ പ്രാങ്ക് ചെയ്തതിനു ശേഷം പുള്ളി എന്നോട് വന്നു സംസാരിച്ചു. വളരെ നന്നായി എന്നെ ആ കാര്യം കണ്‍വിന്‍സ് ചെയ്യാന്‍ കഴിഞ്ഞു. ഞാന്‍ ശരിക്കും ഇത് പ്രാങ്ക് ആണെന്ന് അറിയാതെ വെപ്രാളപ്പെട്ട് തന്നെയാണ് ബഹളം കൂട്ടിയതൊക്കെ. എന്നാല്‍ അത് കഴിയുമ്പോഴുള്ള പുള്ളിയുടെ പെരുമാറ്റം നമുക്ക് വളരെ സമാധാനപരമാണ്. ഓരോരുത്തരുമായും വ്യക്തിപരമായ ഒരു ബന്ധം സാബു ചേട്ടന്‍ സൂക്ഷിക്കുന്നുണ്ട്. 

അഞ്ജലിയും ഞാനും തമ്മില്‍
അഞ്ജലിയെ ദിയ മമ്മി എന്ന് വിളിക്കുന്നത് എന്ത് കൊണ്ടാണ്? 

ഞാന്‍ കഴിഞ്ഞ കുറെ കാലങ്ങളായിട്ട് ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. പല കാരണങ്ങളാല്‍ വീട്ടില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമൊക്കെ അകന്നു ജീവിക്കുന്നവരാണ് പലരും. കമ്മ്യൂണിറ്റിയില്‍ ഉള്ളവര്‍ തന്നെയാണ് അതുകൊണ്ട് ബന്ധുക്കളും കുടുംബാംഗങ്ങളും ഒക്കെ. അവര്‍ പിന്തുടരുന്ന ഒരു ഹിജഡ സംസ്‌ക്കാരത്തിന്റെ ഭാഗമായിട്ട്  മക്കളെയൊക്കെ ദത്തെടുക്കും. അങ്ങനെ അമ്മമാരാവും. സൂര്യ ഇഷാനെയൊക്കെ മിക്കവരും അമ്മയെന്നാണ് വിളിക്കുന്നത്. തൃപ്തി 'അമ്മ' എന്നെ അങ്ങനെ മകളായി ദത്തെടുത്തിട്ടുണ്ട്. തൃപ്തി അമ്മയുടെ അനിയത്തിയാണ് അഞ്ജലി. അപ്പോള്‍ എന്റെ കുഞ്ഞമ്മയാണ്. അങ്ങനെയാണ് അഞ്ജലിയെ മമ്മി എന്ന് വിളിക്കുന്നത്. ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ രക്തബന്ധത്തേക്കാള്‍ വലിയ ബന്ധമാണ് ഇതൊക്കെ. 

അഞ്ജലി ബിഗ് ബോസ് വീട്ടിലെത്തിയപ്പോള്‍ എന്ത് തോന്നി?
അഞ്ജലി വന്നപ്പോള്‍ എനിക്ക് സന്തോഷം തോന്നി. ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു ഒരാള്‍ക്ക് ദൃശ്യത കിട്ടുക എന്നതായിരുന്നു ആ സന്തോഷം. കൂടാതെ പരിചയമുള്ള ഒരാള്‍ കൂടി വന്നു എന്ന സന്തോഷം. എനിക്കവിടെ പലപ്പോഴും ഒറ്റപ്പെടല്‍ ഫീല്‍ ചെയ്യാറുണ്ട്. ഞാന്‍ മാത്രമായിരുന്നു വ്യത്യസ്തമായ മേഖലയില്‍ നിന്നുള്ള ഒരാള്‍. ബാക്കിയെല്ലാവരും നടീനടന്മാരും അവതാരകരും ഒക്കെ ആണല്ലോ. രഞ്ജിനിയും ശ്വേതയുമൊന്നും ആദ്യമൊന്നും എന്നോട് സംസാരിക്കാറു പോലുമില്ലായിരുന്നു. പലപ്പോഴും നിറത്തെയും രൂപത്തെയുമൊക്കെ അവര്‍ പരിഹസിക്കുന്നതായും തോന്നിയിട്ടുണ്ട്. ശ്വേതാ എന്നെ കരിഞ്ഞ മമ്മൂട്ടി എന്ന് പറയുമ്പോഴും മറ്റു പലരും എന്നെയും ഹിമയെയും കുളിക്കാറില്ല, വൃത്തിയില്ല എന്നൊക്കെ പറയുമ്പോഴും എനിക്ക് കൃത്യമായിട്ടറിയാം ഇതൊക്കെ വിവേചനമാണെന്ന്. എന്നാല്‍ ഗതികേട് കൊണ്ട് അതൊക്കെ ചിരിച്ചു കൊണ്ട് നേരിടേണ്ടി വന്നിട്ടുണ്ട്. അവിടെ, കളിയില്‍ തുടരണമായിരുന്നെങ്കില്‍ അതെ വഴിയുണ്ടായിരുന്നുള്ളു. ഇവരൊക്കെ പല തരത്തിലും പ്രബലരല്ലേ? വേറെന്ത് വഴി? ഈ സാഹചര്യത്തില്‍ അഞ്ജലി വന്നപ്പോ അത് ആശ്വാസമായിരുന്നു. അര്‍ച്ചന മാത്രമായിരുന്നു ആശ്വാസം. അവളുമായി ശരിക്കും നല്ല കൂട്ടായിരുന്നു. 

എന്നിട്ടെന്തിനാണ് അര്‍ച്ചനയെ ദിയ സൈലന്റ് കില്ലര്‍ എന്ന് പറഞ്ഞത്?
ഉത്തരം : അയ്യോ, അതെനിക്ക് അബദ്ധം പറ്റിയതാണ്. ഞാനതു വിശദീകരിച്ചിരുന്നല്ലോ. അര്‍ച്ചനക്കും മനസ്സിലായി എനിക്ക് മാറി പോയതാണെന്ന്. ഞാനുദ്ദേശിച്ചത് സത്യസന്ധമായി നേരെ വാ നേരെ പോ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്ന ആളെന്നാണ്. അര്‍ച്ചന അങ്ങനെയാണ്. ഫെയര്‍ ഗെയിം മാത്രമേ കളിക്കുകയുള്ളു. ആരെയും പിന്നില്‍ നിന്നും കുത്തില്ല. എന്ത് ചെയ്യുകയാണെങ്കിലും അത് പറഞ്ഞു കൊണ്ട് ചെയ്യും. പറയാനുള്ളത് ആരുടെ മുഖത്ത് നോക്കിയും പറയും. അതാണ് ഞാന്‍ ഉദ്ദേശിച്ചത്. പിന്നീട് രഞ്ജിനിയാണ് പറഞ്ഞത് സൈലന്റ് കില്ലര്‍ എന്ന് വച്ചാല്‍ അതല്ല അര്‍ത്ഥം എന്ന്. ഉടനെ ഞാന്‍ എനിക്ക് തെറ്റു പറ്റിയതാണെന്ന് എല്ലാവരോടും പറഞ്ഞു. 

അഞ്ജലി ട്രാന്‍ജെന്‍ഡറാണ്. കമ്മ്യൂണിറ്റിയുമായി ബന്ധവുമുണ്ട്. ദിയയും ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. എന്നിട്ടും ഒരു സുപ്രധാന വിഷയത്തില്‍ നിങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായത് എങ്ങനെയാണു? ട്രാന്‍സ്‌ജെന്‍ഡര്‍സ് സെക്സ് വര്‍ക്ക് ചെയ്യുന്നതിനെ കുറിച്ച് ദിയ പറയാന്‍ ശ്രമിച്ചത് എന്താണ്? 
നിലയില്‍ എനിക്ക് സ്‌നേഹമാണ്. ബഹുമാനമാണ്. എന്നാല്‍ ഞങ്ങള്‍ തമ്മില്‍ ചിലവിഷയങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ട്. അഞ്ജലി ആ വീട്ടില്‍ വന്നു ആദ്യ ദിനം അഞ്ജലിയുമായി ഒരു തര്‍ക്കം ഉണ്ടാക്കാനോ ഒച്ചയുയര്‍ത്തി സംസാരിക്കാനോ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. 
എന്നാല്‍ ഇപ്പോഴും അഞ്ജലി പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നില്ല. ട്രാന്‍സില്‍ കുറേയധികം സെക്‌സ് വര്‍ക്കേഴ്സ് ഇപ്പോഴുമുണ്ട്. ദാരിദ്ര്യം കൊണ്ട് തന്നെയാണ് അവരില്‍ ഭൂരിഭാഗം പേരും സെക്‌സ് വര്‍ക്ക് ചെയ്യുന്നത്. വേറൊരു തൊഴിലും കിട്ടാഞ്ഞിട്ടും. ഗതികേട് തന്നെയാണ്. ഇപ്പോ സര്‍ക്കാരിന്റെ കുറെ സഹായങ്ങളൊക്കെ കിട്ടി വരുന്നുണ്ട്. പലരും രക്ഷപ്പെട്ടു വരുന്നു. എന്നാല്‍ പൂര്‍ണമായും എല്ലാവരിലേക്കും ഇതൊക്കെ എത്താന്‍ സമയമെടുക്കും. എല്ലാവരുടെയും ജീവിത സാഹചര്യവും ഗതികേടും ദുരിതവും കഅ്ടപ്പാടും അറിയുന്നത് കൊണ്ട് എനിക്ക് അവരെ കുറ്റപ്പെടുത്താനോ ഒറ്റപ്പെടുത്താനോ കഴിയില്ല. 

രണ്ടാമത്തെ കാര്യം ഫേക്ക് ട്രാന്‍സ്ജെന്‍ഡര്‍ എന്ന അഞ്ജലിയുടെ പരാമര്‍ശമാണ്. എനിക്കിപ്പോഴും അറിയില്ല അഞ്ജലി എന്താണുദ്ദേശിച്ചത് എന്ന്. ഒരാള്‍ ഫേക്ക് ആണെന്ന് എങ്ങനെ നമുക്ക് പറയാന്‍ കഴിയും? അവനവനല്ലേ അറിയൂ എന്ത് കൊണ്ട് പകല്‍ ആണാവുന്നുവെന്നും രാത്രി പെണ്ണാവുന്നവനെന്നുമൊക്കെ. അതവരുടെ ജീവിത സാഹചര്യങ്ങള്‍ കൊണ്ടായിരിക്കാം. അതിനെ ഫേക്ക് എന്ന് വിളിക്കാനും എനിക്ക് കഴിയില്ല. 

അഞ്ജലി ഒരു കമ്മ്യൂണിറ്റിയുടെ പ്രതിനിധി എന്ന നിലയിലാണ് ഈ മത്സരത്തില്‍ വരുന്നത്. അപ്പോള്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമായി മനസ്സിലാക്കണമായിരുന്നു. പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനു മുന്‍പ് അഞ്ജലി സ്വന്തം കമ്മ്യുണിറ്റി മെമ്പര്‍മാരെയല്ലേ മുഖവിലക്കെടുക്കേണ്ടതും ബോധ്യപ്പെടുത്തേണ്ടതും?
അഞ്ജലിയുമായി ഒരു യുദ്ധത്തിനും തര്‍ക്കത്തിനും ആദ്യദിനത്തില്‍ താല്പര്യമില്ലാത്തതു കൊണ്ട് ഞാന്‍ ഇതൊന്നും ആവര്‍ത്തിച്ച് വിശദീകരിച്ചില്ല. കാരണം വിയോജിപ്പുകള്‍ക്കിടയിലും ഞങ്ങള്‍ക്കിടയില്‍ വ്യക്തിബന്ധമുണ്ട്. 

ആരായിരിക്കും വിജയിക്കുക? 
മികച്ച മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണ്? അവിടെയുള്ളവരെ എങ്ങനെ വിലയിരുത്തുന്നു? 
ഫെയര്‍ ഗെയിം ആണെങ്കില്‍ അര്‍ച്ചനയാണ് വിജയി ആവുക എന്നാണ് എന്റെ വിലയിരുത്തല്‍. അത്രക്കും നേര്‍ക്കുനേരെ ഗെയിം കളിക്കുന്ന ആളാണ് അര്‍ച്ചന. അതുകൊണ്ടു തന്നെയാണ് അര്‍ച്ചനയോട് ഇഷ്ടവും. എന്നാല്‍ ഗെയിം മികവ് മാത്രമാണ് കാര്യമെങ്കില്‍ ഒരു  മത്സരാര്‍ഥിയുടെ എല്ലാ കഴിവും ബുദ്ധിയും കൗശലവും എല്ലാം ഉള്ളത് സാബു ചേട്ടനാണ്. അത്രക്കും നന്നായി എല്ലാ തരത്തിലും ഗെയിം കളിക്കാന്‍ അറിയാം. 

രഞ്ജിനിയും മികച്ച മത്സരാര്‍ത്ഥി തന്നെയാണ്. രണ്ടാം വരവില്‍ രഞ്ജിനി നന്നായി പ്ലാന്‍ ചെയ്തു തന്നെയാണ് കളിക്കുന്നത്. പേളിയെയും മത്സരാര്‍ത്ഥി എന്ന നിലയില്‍ വിലയിരുത്തുമ്പോള്‍ ഇപ്പോ പേളി കളിയുടെ സ്ട്രീമിലേക്ക് വന്നിട്ടുണ്ട്. എപ്പോഴും മൂഡും ഗെയിം പ്ലാനും ഒക്കെ മാറുകയും മാറ്റുകയും ചെയ്യുന്ന ആളായത് കൊണ്ട് ഒന്നും ഉറപ്പിച്ചു പറയാന്‍ പറ്റില്ല. എങ്കിലും നന്നായി കളിച്ചാല്‍ സാബു, അര്‍ച്ചന, രഞ്ജിനി, പേളി ഫൈനലില്‍ എത്തും. 

സുരേഷേട്ടനെ കുറിച്ച് ഇപ്പോഴത്തെ അവസ്ഥയില്‍ ഒന്നും പറയാന്‍ പറ്റില്ല. ആകെ അസ്വസ്ഥനും ഇരിക്കപ്പൊറുതി ഇല്ലാതെയും ഒക്കെയാണ്. പേളിക്ക് വേണ്ടിയാണു എല്ലാം ചെയ്യുന്നത്. കളിയൊന്നും ഓര്‍മയില്ല. എപ്പോഴും ചിന്ത പുറത്തുള്ളവര്‍ എന്ത് കരുതുമെന്നാണ്. അതുകൊണ്ടു തന്നെ ഒന്നും ചെയ്യാന്‍ ധൈര്യമില്ല. പേളിയെയും പലതില്‍ നിന്നും തടയും. ശ്രീനിഷിനോടൊക്കെ പേളി സംസാരിക്കുന്നതൊക്കെ തടയും. എന്നാല്‍ പേളി ഇതൊക്കെ ഗെയിം പ്ലാന്‍ ആയി ചെയ്യുകയാണെന്ന് തോന്നുന്നു. പേളി നല്ല ക്യൂട്ട് ഒക്കെയാണ്. എന്നാല്‍ ഇമോഷനുകള്‍ കൈകാര്യം ചെയ്യുന്നത് നമ്മളില്‍ അത്ഭുതമുണ്ടാക്കും. ശരിക്കും കരയുകയാണോ അല്ലെ എന്നൊക്കെ. മമ്മിയുടെ ഫോണ്‍ വന്നപ്പോ പറഞ്ഞതൊക്കെ ശരിക്കും വിഷമമായിട്ട് തന്നെയാണ്. എന്നാല്‍ ചിലപ്പോള്‍ കരയുമ്പോള്‍ എന്തിനാണെന്ന് മനസ്സിലാവില്ല. 

അനൂപേട്ടന്‍ നിലപാട് എന്നൊക്കെ പറയുമെങ്കിലും അങ്ങനെ നിലപാടൊന്നും അവിടെ കാണുന്നില്ല. വളരെ ചൈല്‍ഡിഷ് ആയി തോന്നും ഇടക്കൊക്കെ. ബഷീര്‍ ഒരു മെയില്‍ ഷോവനിസ്റ്റ് തന്നെയാണ് ഉള്ളിന്റെ ഉള്ളില്‍. പുറത്തെടുക്കാന്‍ അവസരം കിട്ടിയിട്ടില്ല. അഞ്ജലി ഗെയിമില്‍ പോകുന്നത്ര മുന്നോട്ട് പോകട്ടെ എന്നാഗ്രഹിക്കുന്നു. അതിഥി, ഷിയാസ്, ശ്രീനിഷ് ഒക്കെ അവിടെയുണ്ട്. പ്രത്യേകിച്ചൊന്നും പറയാന്‍ മാത്രമുള്ള വ്യക്തിമുദ്രയൊന്നും പതിപ്പിക്കാത്തതിനാല്‍ എന്ത് പറയാന്‍? 

ബിഗ് ബോസ് വീട് ഒരു പുതിയ അനുഭവമായിരുന്നു. ആദ്യ ഒരാഴ്ച ഒന്നും തോന്നിയില്ല. എന്നാല്‍ ഇപ്പോള്‍ എനിക്ക് തന്നെ തോന്നുന്നുണ്ട് എനിക്ക് കൃത്യമായി സംസാരിക്കാനൊന്നും പറ്റുന്നില്ല എന്ന്. പുറത്തു നിന്നും കാണുന്ന പോലല്ല. ഒരു വീട്ടില്‍ അകപ്പെട്ടു പോകുന്ന പരസ്പര ബന്ധമില്ലാത്ത കുറെ മനുഷ്യരുടെ അതിജീവനമല്ലേ? ഇങ്ങനൊക്കെ പെരുമാറി പോകും. സ്‌ക്രിപ്റ്റഡ് ആണോന്നു പലരും ചോദിക്കുന്നുണ്ട്. ഒരു തരി പോലും അല്ല എന്നാണ് എന്റെ അനുഭവം. സ്വാഭാവികമായി മനുഷ്യന്റെ വികാരവിചാരങ്ങള്‍ പുറത്തു വരുന്നത് തന്നെയാണ് നിങ്ങള്‍ കാണുന്നത്. എഡിറ്റിംഗിലുള്ള തെരെഞ്ഞെടുക്കല്‍ കൊണ്ട് നിങ്ങള്‍ ചിലത് കാണുന്നു. ചിലത് കാണുന്നില്ല എന്ന് മാത്രം. എല്ലാവരോടും സ്‌നേഹമേയുള്ളൂ.

Follow Us:
Download App:
  • android
  • ios