പുറം ലോകവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത വീടിനകത്തു കഴിയുന്ന മത്സരാര്‍ത്ഥികള്‍ക്ക് വോട്ടിംഗ് അടക്കമുള്ള കാര്യങ്ങളില്‍ പരിമിതികളുണ്ട്. 24 മണിക്കൂറും ചെയ്തു കൂട്ടുന്നതില്‍ എന്തൊക്കെ പ്രേക്ഷകര്‍ കാണുന്നുണ്ടെന്നു പോലും ധാരണയില്ല. അവിടെ നടക്കുന്ന കളികളൊക്കെ ഊഹത്തിന്റെ പുറത്താണ്. 

മുംബൈ ഫിലിം സിറ്റിയിലെ ബിഗ് ബോസ് വീടിനടുത്തുനിന്നും സുനിതാ ദേവദാസ് എഴുതുന്നു

മുംബൈയിലെ പ്രശസ്തമായ ഫിലിം സിറ്റിയുടെ പ്രധാന ഗേറ്റ് കടന്നാല്‍ ആദ്യം കാണുന്ന കൂറ്റന്‍ സെറ്റിനുള്ളിലെ ബിഗ് ബോസ് വീട് ശാന്തമാണ്. അതിനുള്ളില്‍ മത്സരാര്‍ത്ഥികള്‍ ഈ കളിയിലെ അവസാന മണിക്കൂറുകള്‍ വലിയ അടിയും ബഹളവുമില്ലാതെ തീര്‍ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, അതിനു പുറത്തുള്ള ലോകം ശാന്തമല്ല. അവിടെ ആ കളിയെ നിര്‍ണയിക്കാവുന്ന വലിയ കളികള്‍ നടക്കുകയാണ്. ഏഷ്യാനെറ്റ് ചാനലിലും ഹോട്ട് സ്റ്റാറിലുമായി ലക്ഷകണക്കിന് കാഴ്ചക്കാര്‍, ആയിരകണക്കിന് അംഗങ്ങളുള്ള ഫേസ്ബുക്ക് സൈന്യങ്ങള്‍, ഷോയെ അനുകൂലിച്ചും പ്രതികൂലിച്ചും സജീവമായ ചര്‍ച്ചകള്‍, തങ്ങളുടെ ഇഷ്ടമത്സരാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ പണം മുടക്കി ഇ മെയില്‍ വിലാസങ്ങള്‍ വാങ്ങുന്ന കട്ട ആരാധകര്‍. 

അഞ്ചു പേരാണ് ഫൈനലില്‍. പേളി മാണി, സാബുമോന്‍, ഷിയാസ് കരീം, അരിസ്‌റ്റോ സുരേഷ്, ശ്രീനിഷ് എന്നിവര്‍. എന്നാല്‍ വോട്ടിങ്ങിന്റെ അവസാന മണിക്കൂറുകളിലേക്ക് എത്തുമ്പോഴേക്കും പോരാട്ടം സാബുവും പേളിയും തമ്മിലാണ്. അക്ഷരാര്‍ത്ഥത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 

ആരായിരിക്കണം ബിഗ് ബോസ് വിജയി, അല്ലെങ്കില്‍ എങ്ങനെയുള്ള വിജയിയെയാണ് ബിഗ് ബോസ് കണ്ടെത്തുന്നത് എന്ന് അവതാരകന്‍ മോഹല്‍ലാല്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. മനസ്സിന്റെ കരുത്ത്, ക്ഷമ, സഹനം, ഓര്‍മശക്തി, കുശാഗ്ര ബുദ്ധി, കണക്കിലെ മിടുക്ക്, സര്‍ഗാത്മകത, കലാപരമായിട്ടുള്ള കഴിവുകള്‍, മനസ്സാസ്സിധ്യം, പക്വത, കാര്യങ്ങള്‍ മനസിലാക്കാനുള്ള സന്നദ്ധത, ഒരു വിഷയത്തെ മറ്റുള്ളവര്‍ക്ക് മനസിലാവുന്ന രീതിയില്‍ അവതരിപ്പിക്കുവാനുള്ള കഴിവ്, കായിക ശേഷി, മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം, പ്രതിസന്ധികളില്‍ തീരുമാനങ്ങള്‍ എടുക്കുവാനുള്ള കഴിവ്, തടസ്സങ്ങള്‍ നേരിടാനുള്ള സന്നദ്ധത, നിശ്ചയദാര്‍ഢ്യം, ഒരു കൂട്ടം ആളുകളെ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവ്, വിമര്‍ശനങ്ങളെ നേരിടാനുള്ള ചങ്കൂറ്റം, നായകത്വത്തിലേക്കുള്ള മികവ്. ഇവയൊക്കെയാണ് വിജയിയെ നിര്‍ണയിക്കാനുള്ള മാനദണ്ഡങ്ങള്‍. 

പുറം ലോകവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത വീടിനകത്തു കഴിയുന്ന മത്സരാര്‍ത്ഥികള്‍ക്ക് വോട്ടിംഗ് അടക്കമുള്ള കാര്യങ്ങളില്‍ പരിമിതികളുണ്ട്. 24 മണിക്കൂറും ചെയ്തു കൂട്ടുന്നതില്‍ എന്തൊക്കെ പ്രേക്ഷകര്‍ കാണുന്നുണ്ടെന്നു പോലും ധാരണയില്ല. അവിടെ നടക്കുന്ന കളികളൊക്കെ ഊഹത്തിന്റെ പുറത്താണ്. 

വലിയ കളികളൊക്കെ പുറത്താണ്. പ്രേക്ഷകര്‍ ഷോ കാണുന്നു. അതിനെ തലനാരിഴ കീറി പരിശോധിക്കുന്നു. ഫാന്‍ ഗ്രൂപ്പുകള്‍ ഉണ്ടാവുന്നു. ഇഷ്ടപ്പെട്ട മത്സരാര്‍ഥിയുടെ വിജയത്തിനായി പരിശ്രമിക്കുന്നു. 

മോഹന്‍ലാല്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ വെച്ച് പോര്‍നിരയുടെ മുന്നണിയില്‍ നില്‍ക്കുന്ന പേളിയെയും സാബുവിനെയും ഒന്നു വിലയിരുത്തി നോക്കാം. 

പേളി മാണി

1. സ്ത്രീ ശക്തി
ഫിനാലെയില്‍ എത്തിയ ഏക വനിത. തുടക്കം മുതല്‍ കളിയില്‍ ആധിപത്യം പുലര്‍ത്തി. 

2. ശക്തമായ ഫാന്‍ ബേസ്
തുടക്കം മുതലേ പേളിക്കു വേണ്ടി ശക്തമായ ഫാന്‍ ബേസ് രംഗത്തുണ്ടായിരുന്നു. ആ ഫാന്‍ബേസിനെ അവസാനം വരെ കൂടെ നിര്‍ത്താന്‍ പേളിക്കായി. തുടക്കത്തില്‍ ദുര്‍ബല എന്നു തോന്നിപ്പിച്ചുവെങ്കിലും ശക്തമായി തിരിച്ചുവന്നു. 

3. ഗ്രൂപ്പുകളിയിലെ മികവ്
സമാന മനസ്‌ക്കരുമായി ചേര്‍ന്ന് അവസാനം വരെ കളിയെ മുന്നോട്ട് കൊണ്ട് പോയി. പേളിയുടെ കംഫര്‍ട്ട് സോണില്‍ ഉള്ള എല്ലാവരും ഫിനാലെയില്‍ എത്തി. 

4. പ്രചോദിപ്പിക്കാനുള്ള പ്രാഗത്ഭ്യം
എല്ലാ മനുഷ്യരുടെയും ചില പ്രത്യേകതകള്‍ കണ്ടെത്തി അത് ഏറ്റവും മനോഹരമായി അവരോട് നേരിട്ട് പറഞ്ഞു പ്രചോദിപ്പിക്കുവാന്‍ ഉള്ള കഴിവ്. ഈ ഗുണം മത്സരാര്‍ത്ഥികളില്‍ പേളിക്ക് മാത്രമേയുള്ളു. 

5. പെര്‍ഫോമന്‍സ് മികവ്
അവസരം കിട്ടിയ സമയത്തെല്ലാം പേളിയുടെ അസാധ്യ എനര്‍ജിയും പോസിറ്റിവിറ്റിയും ശുഭാപ്തി വിശ്വാസവും പ്രേക്ഷകര്‍ കണ്ടു. ഉദാഹരണം മത്സരാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കിയപ്പോള്‍ പേളി ആംഗര്‍ ആയത്, വിവിധ പാചക മത്സര സമയത്തുള്ള പേളിയുടെ കമന്ററി. 

നിരന്തര സംഘര്‍ഷങ്ങളിലൂടെ പ്രതിയോഗികളെ പുറത്തെത്തിച്ചു

6. സമവായ ശേഷി
സംഘര്‍ഷങ്ങള്‍ എത്രയും പെട്ടന്ന് പരിഹരിച്ചു ആ വ്യക്തിയുമായി സമരസപ്പെടാനുള്ള സന്നദ്ധത.

7. ബുദ്ധിപരമായഗെയിം പ്ലാന്‍
തുടക്കത്തിലേ ശക്തരായ മത്സരാര്‍ത്ഥികളുമായി സംഘര്‍ഷത്തിന്റെ പാത തെരഞ്ഞെടുത്തു. നിരന്തര സംഘര്‍ഷങ്ങളിലൂടെ പ്രതിയോഗികളെ പുറത്തെത്തിച്ചു.

8. മികവുറ്റ യുദ്ധതന്ത്രം
ആളുകളെ കൃത്യമായി വിലയിരുത്തുക, ശക്തിയും ദൗര്‍ബല്യങ്ങളും മനസ്സിലാക്കി അവരെ മാനസികമായി കീഴ്‌പ്പെടുത്തുക. പേളിക്ക് ഇതെളുപ്പമായിരുന്നു. 

9. ഓള്‍ റൗണ്ടര്‍ ശേഷി
100 ദിവസത്തെ കളിയുടെ എല്ലാ സാധ്യതകളും ഉപയോഗിക്കാന്‍ കഴിഞ്ഞു. ഉദാഹരണം പ്രണയം, വിരഹം, സംഘര്‍ഷം, സൗഹൃദം, ഗ്രൂപ്പ് ഉണ്ടാക്കല്‍, പിളര്‍ക്കല്‍, കലാ സപര്യ, ശത്രു, മിത്രം തുടങ്ങി എല്ലാ റോളിലും സ്വയം കടന്നു പോയി. 

10. നയതന്ത്രജ്ഞത
ആളുകളെ മാനേജ് ചെയ്ത് കൂടെ നിര്‍ത്താനുള്ള ശേഷി. അകത്തുതന്നെ പേളി ആര്‍മി ഉണ്ടാക്കി. സുരേഷ്, ശ്രീനിഷ്, ഷിയാസ് എന്നിവര്‍ അകത്ത് പേളിയുടെ സംരക്ഷകരും ആരാധകരും സുഹൃത്തുക്കളുമായി അവസാനം വരെ നിലകൊണ്ടു. 

സാബുമോന്‍

1. ശക്തമായ ഫാന്‍ ബേസ്
തുടക്കത്തില്‍ ശക്തമല്ലാതിരുന്ന ഫാന്‍ബേസ് പതിയെപ്പതിയെ കരുത്താര്‍ജ്ജിച്ചു. സാബുവിന്റെ കളി പൊടുന്നനെ ആരാധകരെ സൃഷ്ടിച്ചു. 

2. ഗംഭീരമായ മേക്കോവര്‍
ഏറ്റവും നെഗറ്റീവ് ഇമേജുമായി എത്തിയതാണ് സാബു. എന്നാല്‍, നൂറു ദിവസങ്ങളിലെ കളി കൊണ്ട് സാബു ഇമേജ് ആകെ മാറ്റി. തരികിട സാബു ഇമേജില്‍നിന്നും ഗൂഗിള്‍ സാബുവായി മാറി. അത്തരത്തിലുള്ള ഇമേജ് മേക്ക് ഓവര്‍ മറ്റാര്‍ക്കും ഉണ്ടായിട്ടില്ല. മറ്റ് മത്സരാര്‍ത്ഥികളുടെ ഇമേജ് അതേപടി നിലനില്‍ക്കുകയോ മോശമാവുകയോ ചെയ്തു. 

ആരെയും കൂസാത്ത അധികാര സ്വഭാവവമുള്ള ശരീരഭാഷയാണ് സാബുവിന്

3. വികാരങ്ങളുടെ നിയന്ത്രണം
പ്രകോപിതനാവാതെ നിന്നു. വേണ്ടനേരത്ത് പ്രകോപിതനാവുകയും കൃത്യസമയത്തു അവസാനിപ്പിക്കുകയും ചെയ്യും. ഉയര്‍ന്ന മാനസിക വികാര സ്‌ഥൈര്യമാണ് ഇതിലൂടെ കണ്ടത്. 

4. യുദ്ധതന്ത്രങ്ങള്‍
പ്രകോപനത്തിന്റെ കളിയിലെ ഈ വൈദഗ്ദ്യം ശത്രുക്കളെ നിലം പരിശാക്കാന്‍ സാബുവിനെ സഹായിച്ചു. വീടിനു പുറത്തു അനേകം ഫാന്‍സിനെ ഉണ്ടാക്കിയതും ഇക്കാരണത്താലാണ്. ആരെയും കൂസാത്ത അധികാര സ്വഭാവവമുള്ള ശരീരഭാഷ. വെട്ടൊന്ന് മുറി രണ്ടു എന്ന സംഭാഷണ ശൈലി. അമിതമായ ആത്മവിശ്വാസം. ഇവയെല്ലാം സാബുവിന് സഹായകമായി. 

5. പ്രതിസന്ധി തരണം ചെയ്യാനുള്ള വൈഭവം
അതിദി സാബുവിനെ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവന്‍ എന്ന് വിശേഷിപ്പിച്ച സമയത്ത് അതിനെ കൈകാര്യം ചെയ്തത്. കൈവിട്ടുപോയേക്കാവുന്ന ഒരു സന്ദര്‍ഭത്തെ തനിക്ക് അനുകൂലമായി മാറ്റുകയായിരുന്നു സാബു. 

6. ഗൂഗിള്‍ ഇമേജ്
എല്ലാ കാര്യങ്ങളെ കുറിച്ചും സാബുവിന് ചിലതൊക്കെ അറിയാം, ചില കാര്യങ്ങള്‍ നന്നായുമറിയാം. ഇത് സാബു നന്നായുപയോഗിച്ചു. അറിയുന്ന കാര്യങ്ങളില്‍ വാചാലനായി. അറിയാത്ത കാര്യങ്ങളില്‍ മൗനം പാലിച്ചു. എതിരാളികള്‍ക്ക് പോലും സാബുവിന്റെ ഈ കഴിവ് അംഗീകരിക്കേണ്ടി വന്നു.

7. മാനുഷിക ഗുണങ്ങള്‍
ആര്‍ദ്രത, കരുണ, മനുഷ്യത്വം, മറ്റുള്ളവരെ സഹായിക്കാനുള്ള സന്നദ്ധത, മറ്റുള്ളവരുടെ വേദനയില്‍ താദാത്മ്യം പ്രാപിക്കാനുള്ള കഴിവ് തുടങ്ങിയവ എതിരാളികള്‍ പോലും എടുത്തുപറഞ്ഞവയാണ്. 

8. തന്ത്രജ്ഞത
മറ്റു മത്സരാര്‍ത്ഥികള്‍ എത്ര ശ്രമിച്ചാലും തനിക്ക് താല്‍പ്പര്യമില്ലാത്ത കാര്യങ്ങളിലേക്ക് വീഴില്ല. സാബുവിനെക്കൊണ്ട് തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള കാര്യം ചെയ്യിക്കാനോ പറയിക്കാനോ എളുപ്പമല്ല. 

ഇമേജിന്റെ ഭാരവും ബാധ്യതയുമില്ലാതെ വന്ന വ്യക്തിയാണ് സാബു

9. തികഞ്ഞ മത്സാരാര്‍ത്ഥി
വ്യക്തിപരമായ വിഷയങ്ങളും വിവാദങ്ങളുമൊന്നും അറിയാതെ പോലും സാബു ബിഗ് ബോസ് വീടിനകത്തേക്ക് കൊണ്ട് വന്നില്ല. ആദ്യ ദിനം തന്നെ രഞ്ജിനി സാബുവിനോട് മാപ്പു പറയണമെന്ന് ആവശ്യപ്പെടുമ്പോള്‍ സാബു പറയുന്നത് 'അത് വേറെ സാബു, അവനോട് ഞാന്‍ പറയാം' എന്നാണ്. 

10 സമ്മര്‍ദ്ദങ്ങളുടെ അഭാവം
ഇമേജിന്റെ ഭാരവും ബാധ്യതയുമില്ലാതെ വന്ന വ്യക്തിയാണ് സാബു. അതിനാല്‍ കളിയിലും സമ്മര്‍ദ്ദമുണ്ടായിരുന്നില്ല. നഷ്ടപ്പെടാന്‍ ഒന്നുമില്ല, കിട്ടുന്നതെല്ലാം ബോണസ് എന്ന അനായാസത. കളി പരമാവധി രസകരമാക്കാന്‍ ശ്രമിച്ചു. അതിനാല്‍ ബിഗ് ബോസ് വീടിന്റെ അവിഭാജ്യ ഘടകമായി.