ബിഗ് ബോസ്: മിനി സ്‌ക്രീനില്‍ കാണാത്തത് സുരേഷ് നെല്ലിക്കോട് എഴുതുന്നു
ഇതൊരു ഒറ്റപ്പെടലാണ് (Castaway). ഒറ്റയ്ക്കു കിട്ടിക്കൊണ്ടിരിക്കുന്ന സൗകര്യങ്ങളില് നിന്നും സുഭിക്ഷതകളില് നിന്നുമുള്ള പറിച്ചെറിയല്. അതെല്ലാവര്ക്കും ഒരേപോലെയാവില്ല താങ്ങാനാവുന്നത്. അതിന്റെ ഉദാഹരണങ്ങളിലൊന്നാണ്, ചിലരുടെയെങ്കിലും ക്യാമറയ്ക്കു മുമ്പില് വന്നു നിന്ന് 'മടങ്ങണ'മെന്നുള്ള ആഗ്രഹപ്രകടനങ്ങള്. ഓരോരുത്തര്ക്കും പരസ്പരം തോന്നുന്ന ഇഷ്ടാനിഷ്ടങ്ങളുടെ ഏറ്റക്കുറച്ചിലുകള് അതാണു കാണിച്ചുതരുന്നത്.

'ബിഗ് ബോസ്' കാണാനിരിക്കുമ്പോള് ഇതേപേരില് മുമ്പ് നടന്ന ഒരു ഇംഗ്ലീഷ് പരിപാടിയുടേയും മറ്റൊരു ചാനലിന്റെ 'മലയാളി ഹൗസി'ന്റെയും ചില ശ്ലഥചിത്രങ്ങള് മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു. കുറച്ച് ശ്രദ്ധിച്ചിരിക്കുന്നപക്ഷം ഇതിന്റെ മുഖക്കാഴ്ചകള്ക്കപ്പുറം മറ്റു ചിലതുകൂടിയുണ്ടെന്നു നമുക്കു മനസ്സിലാക്കാന് കഴിയും. വായനയിലെ 'വരികള്ക്കിടയില്' എന്നതുപോലെ കാഴ്ചയ്ക്കുള്ളിലേയ്ക്കു പോകുന്ന ചില കണ്ടെത്തലുകള്. ആ ഒരു മനസ്സോടെ ഇരുന്നാല് ഇത് ആസ്വാദ്യകരമാക്കാം എന്നാണെനിക്കു തോന്നുന്നത്. ഒരു കളി നടക്കുമ്പോള് കാണി എന്ന നിലയില് നാം അതിലേയ്ക്കു പ്രവേശിക്കുന്ന അതേ ആസ്വാദ്യത ഇതിനുമുണ്ടാകുന്നുണ്ട്.
കൂട്ടംകൂടലിന്റെ കളിയാണിത്. കളി നയിക്കാനും ഉത്തരവാദിത്തത്തോടെ ഒരു കളി വിജയിപ്പിക്കാനും അംഗങ്ങള്ക്ക് അവസരം കിട്ടുന്നുണ്ട്. ഏല്പിക്കപ്പെടുന്ന ഓരോ ദൗത്യവും ഒരു നായകന്/നായിക എന്ന നിലയില് ഓരോരുത്തരം എങ്ങനെയൊക്കെ കൈകാര്യം ചെയ്തു വിജയിപ്പിക്കുന്നു, അല്ലെങ്കില് പരാജയപ്പെടുന്നു എന്നു കണ്ടിരിക്കുക രസകരമാണ്. ഒരു കളിയോ കാര്യമോ പോലെ ആസൂത്രണത്തില് തുടങ്ങി അതിന്റെ കൊയ്ത്തിലവസാനിക്കുന്ന പല രംഗങ്ങളുണ്ട്, ബിഗ് ബോസില്.
ചുരുങ്ങിയ മാര്ഗ്ഗങ്ങളിലൂടെ (means) ഒരു സാമൂഹ്യജീവിതം എങ്ങനെ വിജയിപ്പിച്ചെടുക്കാം എന്നുള്ള പുതിയ വിസ്മയങ്ങള് നേടിക്കൊണ്ടാവും ഇതിലെ പലരും പുറത്തുവരാന് പോകുന്നത്. ഈ കൂട്ടുകുടുംബത്തിലുണ്ടാകുന്ന വെല്ലുവിളികള് അതിലെ അംഗങ്ങള് ക്രിയാത്മകമായാണോ വ്യക്തിഗതമായാണോ സ്വീകരിക്കുന്നത് എന്നത് രസകരമായ ഒരു കാഴ്ചയാണ്. പത്രം, പുസ്തകം, ദൂരദര്ശിനി, ദൂരഭാഷിണി, എഴുത്തുസാമഗ്രികള്, ബാഹ്യലോകവിവരങ്ങള്.... ഒന്നുമില്ലാത്ത ഒരു ജീവിതം ഇന്ന് എങ്ങനെ കൊണ്ടുപോകാം എന്നുള്ള കാഴ്ചയാണിത്.
ഇതൊരു ഒറ്റപ്പെടലാണ് (Castaway). ഒറ്റയ്ക്കു കിട്ടിക്കൊണ്ടിരിക്കുന്ന സൗകര്യങ്ങളില് നിന്നും സുഭിക്ഷതകളില് നിന്നുമുള്ള പറിച്ചെറിയല്. അതെല്ലാവര്ക്കും ഒരേപോലെയാവില്ല താങ്ങാനാവുന്നത്. അതിന്റെ ഉദാഹരണങ്ങളിലൊന്നാണ്, ചിലരുടെയെങ്കിലും ക്യാമറയ്ക്കു മുമ്പില് വന്നു നിന്ന് 'മടങ്ങണ'മെന്നുള്ള ആഗ്രഹപ്രകടനങ്ങള്. ഓരോരുത്തര്ക്കും പരസ്പരം തോന്നുന്ന ഇഷ്ടാനിഷ്ടങ്ങളുടെ ഏറ്റക്കുറച്ചിലുകള് അതാണു കാണിച്ചുതരുന്നത്.
എത്തിനോട്ടങ്ങള്ക്കും കാപട്യങ്ങള്ക്കും അംഗങ്ങള് എത്രമാത്രം വശംവദരാകുന്നു എന്നു അവര് പോലുമറിയാതെ നാം കാണുകയാണ്. ഓരോ ജോലികളും കൃത്യമായി വിഭജിച്ചുകൊടുത്ത്, പദ്ധതിയില് വിജയിയായ ഒരു നായിക, സമതുല്യതയോടെ പെരുമാറേണ്ട മറ്റൊരു ഘട്ടത്തില് എല്ലാം മറന്ന് നിലവിട്ടു താഴേയ്ക്ക് പതിക്കുന്നതു കണ്ടു. നിലവിട്ടു മുങ്ങിത്താഴുന്നവര് കിട്ടിയ കച്ചിത്തുരുമ്പുകളിലൊക്കെ പിടികൂടി കൈയും കാലുമിട്ടടിക്കുന്നതു കണ്ടു. കൃത്യമായി അഭിനയിച്ചുപോകുന്നെന്ന് നാം സംശയിക്കുന്ന ചിലര് പൊട്ടിത്തകര്ന്ന് കഷണങ്ങളായിപ്പോകുന്നതും കണ്ടു.
പലവിധത്തിലും രൂപത്തിലുമുള്ള അളവുകോലുകളാല് ഓരോ കുടുംബാംഗവും അളക്കപ്പെടുകയാണ്. അവിടെ പ്രാപ്തികളും അപ്രാപ്തികളും അളക്കപ്പെടുന്നുണ്ട്. യന്ത്രസാമഗ്രികളുടെ സ്വാധീനമൊഴിച്ചാല്, മനുഷ്യന് മാത്രമെന്ന രീതിയില് നാം ജീവിതത്തിനു എന്തു സംഭാവനയാണു കൊടുക്കുന്നതെന്നുള്ള ഒരു കളിയാണു ബിഗ് ബോസ്. മാനസികാപഗ്രഥനങ്ങളുടെ അനന്തമായ സാധ്യതകള് ഉണ്ടിതില്. നമുക്കു വേണ്ടതുമാത്രമുള്ള സ്വകാര്യ-സൗകര്യജീവിതത്തില് നിന്നു നമുക്കു വേണ്ടാത്തതിന്റെ സ്വാധീനങ്ങള് ഒഴിവാക്കാനും അതിനെ തിരസ്കരിക്കാനും പഠിപ്പിക്കുന്ന ഈ തുറന്ന കളിയില് ചാനലിനു വലിയ സ്വാധീനങ്ങളൊന്നുമില്ലെന്നും കൃത്യമായ തിരക്കഥയില്ലെന്നും മനസ്സിലാക്കാനും വലിയ ബുദ്ധിമുട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്.
