Asianet News MalayalamAsianet News Malayalam

'കാനഡ മരത്തില്‍ ഡോളര്‍ പറിക്കാന്‍' പോയവരും ഗള്‍ഫില്‍  'ആട് ജീവിതം' നയിച്ചവരും തമ്മില്‍ ചിലതുണ്ട്

Book review paambum Koniyum
Author
Ottawa, First Published Apr 21, 2016, 9:48 AM IST

പ്രവാസജീവിതത്തിന്റെ നേര്‍ക്കാഴ്ചയില്‍, അത് ഗള്‍ഫിലായാലും അമേരിക്കയിലായാലും, മറ്റു ജീവിതങ്ങളില്‍ എന്നപോലെതന്നെ ഉള്‍പ്പിരിവുകളും കാണാക്കയങ്ങളും തന്നെയാണുള്ളതെന്ന് നിര്‍മ്മലയുടെ പുതിയ നോവല്‍ 'പാമ്പും കോണിയും' നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 'കാനഡ മരത്തില്‍ ഡോളര്‍ പറിക്കാന്‍' പോയ നേഴ്‌സുമാരുടെ കഥകളും ഗള്‍ഫുരാജ്യങ്ങളില്‍ 'ആട് ജീവിതം' നയിച്ചവരുടെ കഥകളും തമ്മില്‍ പലവിധത്തിലുമുള്ള സമാനതകളും ഉണ്ട്. രണ്ടുകൂട്ടരും അതിജീവനത്തിന്റെ സാദ്ധ്യതകള്‍ മുന്നില്‍ കണ്ട്, ഒന്നുകില്‍ പ്രത്യാശയോടെ അല്ലെങ്കില്‍ ഒരവസാനശ്രമം എന്ന നിലയില്‍ ജനിച്ച നാട് വിട്ട് പോയെങ്കിലും ആ 'പൊക്കിള്‍ക്കൊടി' ബന്ധം മുറിയാതെ കാത്തു സൂക്ഷിക്കുന്നവര്‍ തന്നെയാണ്. നാട്ടിലാണെങ്കില്‍ 'നോവിന്റെ കൂരമ്പ് പോലുമൊരിത്തിരി സ്‌നേഹത്തിന്‍ ചേറു നനഞ്ഞതല്ലോ' എന്ന ചിന്തയുള്ളവരാണ്. എത്ര സായ്പ്പ് ചമഞ്ഞാലും പറഞ്ഞു വരുമ്പോള്‍ 'നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണ്' വേണമെന്ന് ശഠിക്കുന്നവരുമാണ്. 

Book review paambum Koniyum

പാമ്പും കോണിയും കവര്‍ ചിത്രം. നിര്‍മ്മല

എന്നാല്‍ പാടിപ്പതിഞ്ഞ ഈ താളത്തിനു മാറ്റമുണ്ടാവുന്നത്, അവ തെറ്റിപ്പോവുന്നത്, പുതിയ തലമുറയില്‍പ്പെട്ടവരില്‍ ഇപ്പറഞ്ഞ 'പ്രവാസി നൊസ്റ്റാള്‍ജിയ' അടിച്ചേല്‍പ്പിക്കുന്ന സമയത്താണ്. നിര്‍മ്മല നോവലിലൂടെ സമാന്തരമായി വരച്ചുകാട്ടുന്ന ഏതാനും ജീവിതങ്ങള്‍ നിറയെ സാധാരണ പ്രവാസിയുടെ കൂടെപ്പിറപ്പായ അങ്കലാപ്പാണ് കാണുന്നത്. അത് ആദ്യമായി വിമാനത്തില്‍ കയറുമ്പോഴാകാം, കാനഡയുടെ ദേശീയഗാനമായ 'ഓ കാനഡ', 'ഓം കാനഡയായി' പാടി സ്വന്തം കുട്ടികളുടെ മുന്നില്‍ പരിഹാസപാത്രമാകുമ്പോഴുമാകാം. 

ഒരു സാധാരണ നോവലിന്റെ ക്രമാനുഗതമായ ഭൂമികയല്ല ഈ കൃതിയില്‍ നമുക്ക് കാണാനാവുന്നത്; മറിച്ച് ഒരു ചടുലമായ ബ്ലോഗിലെന്നപോലെ ദിനം തോറും വികസ്വരമാവുന്ന സംഭവവികാസങ്ങളെ മുന്നോട്ടും പിന്നോട്ടും കോര്‍ത്തു കോര്‍ത്തു  പോവുകയാണ് നോവലിസ്റ്റ്. നാട്ടിലെ ജനത്തിനുമുഴുവന്‍ വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തി അലഞ്ഞു നടന്ന കുഞ്ഞൂഞ്ഞുപദേശിയെന്ന പിതാവിന്റെ ഓര്‍മ്മത്തെറ്റുപോലെയാണ് സാലിയെന്ന കഥാനായിക ഒരു കനേഡിയന്‍ പ്രവാസിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നേഴ്‌സിംഗ് പഠിച്ചു രക്ഷപ്പെടുന്നത്. അവളെ വിവാഹം ചെയ്ത ജോയിക്കാണെങ്കില്‍'അമേരിക്കന്‍ നേഴ്‌സിനെ കെട്ടി രക്ഷപ്പെടണം' എന്നൊരു വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൃത്യമായ കണക്കുകൂട്ടലുകളിലൂടെ കഠിനമായി അദ്ധ്വാനിച്ച്, നാട്ടില്‍ നല്ലൊരു വീട് പണിത്, അമ്മയെ കൂട്ടിക്കൊണ്ടുവന്ന്, തന്റെ അനുജനെയും കൂടി 'അക്കരെ' കടത്തി 'രക്ഷപ്പെടുത്തി'ക്കഴിഞ്ഞപ്പോള്‍ തന്റെ അവതാരോദ്ദേശം ജോയി പൂര്‍ത്തിയാക്കി. കേരളത്തില്‍ എഴുപത് എണ്‍പതുകളിലെ തൊഴിലില്ലായ്മയും പൊതുവേ ചെറുപ്പക്കാര്‍ക്കിറടയിലുണ്ടായിരുന്ന  ലക്ഷ്യബോധമില്ലായ്മയും അമേരിക്കയിലേയ്ക്കുള്ള വണ്‍വേ ട്രാഫിക്കിന് ആക്കം കൂട്ടിയിരിക്കണം. ജോയിയും അനുജന്‍ ജിമ്മിയും നിര്‍മ്മലയുടെ മറ്റു കഥകളിലും നാം കണ്ടിട്ടുണ്ട്. (ശ്യാമപ്രസാദിന്റെ 'ഇംഗ്ലീഷ'്  സിനിമയില്‍ ഇവരുണ്ട്.)  

പാടിപ്പതിഞ്ഞ ഈ താളത്തിനു മാറ്റമുണ്ടാവുന്നത്, അവ തെറ്റിപ്പോവുന്നത്, പുതിയ തലമുറയില്‍പ്പെട്ടവരില്‍ ഇപ്പറഞ്ഞ 'പ്രവാസി നൊസ്റ്റാള്‍ജിയ' അടിച്ചേല്‍പ്പിക്കുന്ന സമയത്താണ്. നിര്‍മ്മല നോവലിലൂടെ സമാന്തരമായി വരച്ചുകാട്ടുന്ന ഏതാനും ജീവിതങ്ങള്‍ നിറയെ സാധാരണ പ്രവാസിയുടെ കൂടെപ്പിറപ്പായ അങ്കലാപ്പാണ് കാണുന്നത്. അത് ആദ്യമായി വിമാനത്തില്‍ കയറുമ്പോഴാകാം, കാനഡയുടെ ദേശീയഗാനമായ 'ഓ കാനഡ', 'ഓം കാനഡയായി' പാടി സ്വന്തം കുട്ടികളുടെ മുന്നില്‍ പരിഹാസപാത്രമാകുമ്പോഴുമാകാം. 

അതുപോലെതന്നെ നല്ലരീതിയില്‍ എന്‍ജിനിയറിംഗ് പാസ്സായെങ്കിലും അപ്പന്റെ നിര്‍ബന്ധത്തിനു വഴങ്ങി ('അമേരിക്കയില്‍ ഒരു നേഴ്‌സ് എന്‍ജിനീയറുണ്ടാക്കുന്നേന്റെ ഇരട്ടിയുണ്ടാക്കും!') നഴ്‌സായ തെയ്യമ്മയെ കെട്ടിയ ഈപ്പനും കരയില്‍ പിടിച്ചിട്ട മീനാണ്. കനേഡിയന്‍ ലൈസന്‍സ് ഇല്ലാത്തതിനാല്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ ഏര്‍പ്പെടേണ്ടിവന്ന ഈപ്പന്‍, തന്റെ ബിസിനസ്സില്‍ മുന്നേറുന്നുണ്ടെങ്കിലുംനാട്ടില്‍ വരുമ്പോള്‍ കൂടെ പഠിച്ചവര്‍ നല്ല നിലയില്‍ എഞ്ചിനീയറായി പണി ചെയ്യുന്നത് കണ്ടു നെടുവീര്‍പ്പിടുകയാണ്. സാലി -ജോയിമാര്‍ക്ക്  പ്രവാസത്തിലെ സഹയാത്രികരായുള്ളത് വിജയന്‍-ലളിത, ജിമ്മി-ഉഷ, ഈപ്പന്‍-തെയ്യമ്മ, തമ്പി-ഡാര്‍ളി എന്നീ ദമ്പതികളാണ്. തെയ്യാമ്മയുടെ ജീവിതം മനസ്സില്‍ത്തട്ടും വിധം ദുരന്തമായി. മക്കര്‍ക്കും ഭര്‍ത്താവിനും വേണ്ടാത്ത തന്റെ ജീവിതത്തെ സ്വയം ഉപേക്ഷിക്കുകയാണ് തെയ്യാമ്മ.

രാജ്യത്തിനുള്ളിലാണെങ്കിലും പുറത്താണെങ്കിലും പറിച്ചു നടപ്പെടുന്ന ജീവിതങ്ങള്‍ സംഘര്‍ഷം നിറഞ്ഞതാണല്ലോ. അത്തരം ജീവിതങ്ങളുടെ സുഖവും ദുഖവും നര്‍മ്മരസമായിത്തന്നെ നിര്‍മ്മല വരച്ചു കാട്ടുന്നുണ്ട്. 'മദേഴ്‌സ് ഡേ' ആഘോഷങ്ങളില്‍ വിശ്വാസമില്ലാത്ത ഭര്‍ത്താവും കുട്ടികളും തനിക്കായി സമ്മാനമൊന്നും വാങ്ങാന്‍ പോകുന്നില്ല എന്ന തിരിച്ചറിവില്‍ ഉഷ സ്വയം പോയി ഒരു സ്വറ്ററും ബാഗും വാങ്ങി വരികയാണ്. പിറ്റേന്ന് ജോലി സ്ഥലത്തെ ചര്‍ച്ച യില്‍ തനിക്ക് കിട്ടിയ മദേഴ്‌സ് ഡേ് സമ്മാനം കാണിക്കാന്‍! സൌത്ത് ഇന്ത്യന്‍ കൂട്ടായ്മയില്‍ ചെന്ന് ശങ്കരാഭരണം സിനിമ കണ്ട് മനസ്സിലുടക്കിയ 'ഓംകാരനാദാനു' എന്ന ഗാനത്തോട് കാനഡയുടെ ദേശീയഗാനമായ 'ഓ കാനഡ' യും ചേര്‍ത്ത്  'ഓം കാനഡ' പാടുന്ന പ്രവാസിയായ മലയാളിക്കുട്ടി നല്‍കുന്നത് രസകരമായ മറ്റൊരു ചിത്രമാണ്.   

Book review paambum Koniyum

ഡോ. സുകുമാര്‍ കാനഡ
 
വടക്കേ അമേരിക്കന്‍ പ്രവാസത്തിലെ എല്ലാ ജീവിതങ്ങളും പിന്നാമ്പുറങ്ങളില്‍ 'അഭയാര്‍ത്ഥിച്ചിരി' ചിരിച്ചു വിസ്മരിക്കപ്പെട്ടു പോവുന്നവയാണ് എന്നൊരു ധ്വനി ഈ നോവല്‍ നല്‍കുന്നുണ്ടോ എന്നൊരു സംശയമുണ്ട്. വിശ്വപൗരന്മാരായി എവിടെയും മത്സരബുദ്ധിയോടെ ജീവിച്ചു വിജയിക്കുന്ന ആധുനികപ്രവാസി മലയാളികളെ നോവലിസ്റ്റ് വിസ്മരിച്ചതുപോലെ തോന്നുന്നു. കുടിയേറ്റക്കാരിലെ രണ്ടാം തലമുറ 'ബെസ്റ്റ് ഓഫ് ബോത്ത് വേള്‍ഡ്‌സ് ' എടുത്ത് വിജയിച്ചു മുന്നേറുന്നതിന്റെ കാഴ്ചകള്‍ കൂടി (നോവലിലെ രണ്ടാംതലമുറക്കാരി ഷാരനെപ്പോലെ) നോവലില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് നാം ആഗ്രഹിച്ചുപോവും.എന്നാല്‍ സുന്ദര വാഗ്ദാനങ്ങളില്‍ മയങ്ങി കാനഡ മരത്തില്‍ 'ഡോളര്‍ പറിക്കാന്‍' വന്നു കഷ്ടപ്പെടുന്ന വെള്ളയുടുപ്പിട്ട മാലാഖമാര്‍ക്ക്  ഇപ്പോഴും കുറവില്ല. സര്‍ദാര്‍ജിമാരുടെ കൃഷിയിടങ്ങളിലും റസ്റ്റോറണ്ടുകളിലും ജോലിയെടുത്താണ് അങ്ങിനെ വന്നുചേരുന്ന പലരും ചിലവിനുള്ള പണം കണ്ടെത്തുന്നത്.

പ്രവാസികളും അല്ലാത്തവരുമായ മലയാളികള്‍ക്ക്  സ്വജീവിതത്തിലേയ്ക്കുള്ള ഒരു തിരിഞ്ഞു നോട്ടമാണീ നോവല്‍. രണ്ടായിരാമാണ്ട് മുതലുണ്ടായ ഐ.ടി. പ്രവാസങ്ങള്‍ക്ക് മുമ്പുള്ള രണ്ടു പതിറ്റാണ്ട് കാലമാണ് ഈ നോവലിന്റ വിഷയം. ഒരു ഐ.ടി. പ്രഫഷണലായ നിര്‍മ്മല രണ്ടായിരത്തിനു ശേഷമുള്ള പ്രവാസിചരിതം മറ്റൊരു നോവലാക്കും എന്ന് പ്രത്യാശിക്കുക. മലയാള പുസ്തകങ്ങളില്‍ കണ്ടുവരാറുള്ള എഡിറ്റിംഗിന്റെ അഭാവം ഈ പുസ്തകത്തെയും ബാധിച്ചു എന്ന് തോന്നുന്നു. (വാന്‍കൂവര്‍ കാനഡയുടെ പടിഞ്ഞാറെ കരയാണ്, പസഫിക് സമുദ്രതീരം അറ്റ്‌ലാന്റ്‌റിക്ക് തീരമല്ല.). 

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 'പാമ്പും കോണിയും' ഓണ്‍ലൈനായി വാങ്ങാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

Follow Us:
Download App:
  • android
  • ios