ആന, മലയാളികളുടെ അഭിമാനവും ആവേശവുമാണ്. തലയെടുപ്പുള്ള ആന എഴുന്നള്ളി വരുമ്പോൾ ആരായാലും നോക്കിനിന്നുപോകും. എന്നാൽ, അതിൻ്റെ പേരിൽ പീഡനങ്ങളും അവ അനുഭവിക്കേണ്ടി വരുന്നു എന്നതൊരു സത്യമാണ്. പക്ഷേ, അതിനെതിരെ ശബ്‌ദമുയർത്താൻ മൃഗസ്നേഹികളും, പ്രവർത്തകരും, എന്തിനേറെ നമ്മുടെ സർക്കാരടക്കം ഉണർന്നു പ്രവർത്തിക്കാറുണ്ട് മിക്കവാറും. എന്നാൽ, ബോട്സ്വാനയിൽ അതല്ല അവസ്ഥ. സർക്കാർ തന്നെ അവയെ കൊന്നുതള്ളാൻ അനുമതി നൽകിയിരിക്കുകയാണ്. ആനകളോട് ഒട്ടും സഹിഷ്‍ണുതയില്ലാത്ത രാജ്യമായി മാറുകയാണ് ബോട്‍സ്വാന. 

വേട്ടയാടൽ പലയിടത്തും നിരോധിച്ചുവരുന്ന ഈ കാലത്ത് ആനകളുടെ എണ്ണം കൂടുതലാണ് എന്ന് കാരണം പറഞ്ഞു അവയെ വേട്ടയാടാൻ അനുമതി നല്‍കിയിരിക്കുകയാണ് അവിടുത്തെ ഭരണകൂടം. മനുഷ്യ-വന്യജീവി സന്തുലത തകരാതിരിക്കാനായി രാജ്യം മൊത്തം 70 ആനകളെ വേട്ടയാടാനുള്ള ലൈസൻസുകൾ ലേലം ചെയ്യാൻ പോവുകയാണ്. പ്രസിഡന്റ് മോക്‌വീറ്റ്സി മാസിസി കഴിഞ്ഞ വർഷം അഞ്ചുവർഷത്തെ വേട്ട നിരോധനം പിൻവലിച്ചതിനെ തുടർന്ന് നടക്കുന്ന ആദ്യവേട്ടയാണിത്.

ആഫ്രിക്കയിലെ ആനകളുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും, സിംബാബ്‌വെ, ബോട്സ്വാന തുടങ്ങിയ രാജ്യങ്ങളിൽ അവയുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ടാണ് അവയെ കൊന്നുതള്ളുന്നത് നിയമവിധേയമാക്കിയത്. 

മൃഗങ്ങളും, മനുഷ്യരും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ വേട്ടയാടൽ ആവശ്യമാണെന്നാണ് ബോട്സ്വാനൻ ഉദ്യോഗസ്ഥർ പറയുന്നത്. ആനകൾ തീറ്റ തേടി വിളകളും, വീടുകളും നശിപ്പിക്കുന്നതിനാൽ കർഷകർ വളരെയേറെ കഷ്ടപ്പെടുന്നു. നിയന്ത്രിത വേട്ടയാടൽ പ്രദേശങ്ങൾക്കാണ് ലൈസൻസുള്ളതെന്നും ബോട്സ്വാനയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികൾ മാത്രമാണ് ലേലത്തിൽ പങ്കെടുക്കുക എന്നുമാണ് വന്യജീവി വകുപ്പിൻ്റെ വക്താവ് പറയുന്നത്. പക്ഷേ, എന്തൊക്കെ പറഞ്ഞാലും അവയെ വേട്ടയാടുന്നത് എങ്ങനെ ന്യായീകരിക്കാനാവും എന്നാണ് ലോകത്തെമ്പാടുമുള്ള മൃഗസ്നേഹികൾ പറയുന്നത്. 

ആനകളെ വേട്ടയാടാൻ ആകർഷകമായ പാക്കേജുകളും ലഭ്യമാണ്. ഒരു ടൂർ പാക്കേജ് പോലെ ആനകൾക്കും വേട്ട പാക്കേജുകൾ. ആളുകൾക്ക് ശല്യമുണ്ടാക്കുന്ന ഏഴ് മേഖലകളിലായി 10 ആനകളെ വീതം വേട്ടയാടാവുന്ന പാക്കേജുകളാണ് നിലവിലുള്ളത്. "ആനകൾ ആളുകളെ കൊല്ലുകയും, വിളകൾ നശിപ്പിക്കുകയും ചെയ്യുന്നു. അവരുടെ എണ്ണം കുറയ്ക്കാൻ സർക്കാർ എടുത്ത തീരുമാനം വളരെ ശരിയാണ്," ഗാബോറോൺ നിവാസിയായ ടിറോ സെഗോസെബെ പറയുന്നു. ആനകളുടെ ഉപദ്രവം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നാണ് അദ്ദേഹത്തിൻ്റെ മൗൻ ഗ്രാമം. 

മൃഗങ്ങളെ വേട്ടയാടുന്നത് നിയമവിധേയമാക്കാനുള്ള ബോട്സ്വാനയുടെ തീരുമാനത്തിനെതിരെ ഇന്റർനെറ്റിൽ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. സിംബാബ്‌വെയിലും ആനകളുടെ എണ്ണം വളരെ കൂടുതലാണ്. പക്ഷേ, അവർ ഒരിക്കലും ക്രൂരതയുടെ മാർഗ്ഗം പിന്തുടരുന്നില്ല.  അവർ തങ്ങളുടെ മൃഗങ്ങളെ ചൈന, ദുബായ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വിൽക്കുന്നു. അവയെ കൊണ്ടുപോകാൻ ആവശ്യമായി വരുന്ന ഗതാഗതച്ചെലവ് വഹിക്കാൻ തയ്യാറായ ഏത് രാജ്യത്തിനും വിൽക്കാൻ അവർ തയ്യാറാണ്.

മൃഗങ്ങൾ എണ്ണത്തിൽ കൂടുതലായാൽ തീർച്ചയായും അത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. പക്ഷേ, അതിൽ ഉയർന്നു വരുന്ന ചോദ്യം അവയുടെ എണ്ണം നിയന്ത്രിക്കാൻ ഇത് മാത്രമേ ഒരു മാർഗ്ഗമുള്ളൂ എന്നതാണ്. കൂടുതൽ സുരക്ഷിതമായ മാർഗ്ഗങ്ങൾ കണ്ടെത്താൻ ശ്രമിക്കാതെ, ഇത്തരം ക്രൂരമായ മാർഗ്ഗങ്ങളിലൂടെ അവയുടെ എണ്ണത്തെ നിയന്ത്രിക്കുന്നത് ഒട്ടും ഉചിതമായ കാര്യമല്ല. മനുഷ്യരെ പോലെ അവയ്ക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ടെന്ന് നമ്മൾ മനുഷ്യർ പലപ്പോഴും മറന്നുപോകുന്നു. 

(ചിത്രം: പ്രതീകാത്മകം)