സുഡാനിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും സുഡാനീസ് സായുധ സേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുന്നു. ഇത് ദാർഫൂറിൽ കടുത്ത ഭക്ഷ്യക്ഷാമത്തിനും ആരോഗ്യ സംവിധാനങ്ങളുടെ തകർച്ചയ്ക്കും കാരണമായി. ചില അറബ് രാജ്യങ്ങളാണ് സ്ഥിതി വഷളാക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. 

സുഡാനിൽ ആർഎസ്എഫ് (Rapid Support Forces) - എസ്എഎഫ് (Sudanese Armed Forces) പോര് തുടരുകയാണ്. ദാ‍ർഫൂറിൽ കനത്ത ഭക്ഷ്യക്ഷാമമെന്നാണ് റിപ്പോർട്ട്. ആരോഗ്യ സംവിധാനങ്ങൾ തകർന്നിരിക്കുന്നു. 14 ശതമാനം സ്ത്രീകൾക്കേ ചികിത്സ കിട്ടുന്നുള്ളൂ. 70 ശതമാനം പേർക്ക് മരുന്നുകൾ പോലും കിട്ടുന്നില്ല. ആർഎസ്എഫ് പിടിച്ചടക്കിയ ഖോർദോഫാനിലെ ബബുസയിൽ 100 ഓളം കുടുംബങ്ങളെ അവർ തടവിലാക്കിയിരിക്കയാണ്. മർദ്ദനമുറകൾ പലതെന്നാണ് ഡോക്ടർമാരുടെ സംഘടന പറയുന്നത്.

വംശീയ കലാപം

സുഡാനിലെ ഇപ്പോഴത്തെ സംഘർഷത്തിന് മൂന്ന് വർഷത്തെ പഴക്കമേയുള്ളൂ. ദാർഫൂർ കലാപം വർഷങ്ങളാണ് നീണ്ടത്. അധികാരത്തിന് വേണ്ടിയാണ് ഇപ്പോഴത്തെ പോര്. പക്ഷേ, അത് പുറമേക്ക് മാത്രമാണ്. അടിസ്ഥാന കാരണം പലതാണ്. അവഗണിക്കപ്പെട്ടവരുടെ രോഷം ഒന്ന്. വംശവെറി മറ്റൊന്ന്. പിന്നെ ചില നിഴൽയുദ്ധങ്ങളും. ഒമർ ബഷീറിന്‍റെ ഭരണകാലത്ത് അറബുകളല്ലാത്തവരെ കൂട്ടക്കൊല ചെയ്യാൻ രൂപീകരിച്ച സംഘമാണ് ഇന്നത്തെ ആർഎസ്എഫ്. ബഷീറിനെ പുറത്താക്കാൻ സൈന്യത്തിനൊപ്പം നിന്നതും ഇതേ ആർഎസ്എഫ്. പിന്നെ തമ്മിലായി തല്ല്. അറബുകളല്ലാത്തവരെ കൊന്നൊടുക്കുകയാണ് ഇപ്പോഴും ആർഎസ്എഫ്. അവരുടെ ചോര വീണ് ചുവക്കുന്നു സുഡാന്‍റെ മണ്ണ്. അധികാരത്തിന് വേണ്ടിയാണ് എസ്എഎഫുമായുള്ള പോര്. ഇന്ന് സുഡാൻ തന്നെ ഏതാണ്ട് രണ്ടായി പകുത്തെടുത്തിരിക്കുന്നു ഇവർ.

വിദേശ ശക്തികളുടെ നിഴൽയുദ്ധം

ഇതുപോരാതെയാണ് വിദേശ ശക്തികളുടെ നിഴൽയുദ്ധം. ആർഎസ്എഫിന് പണവും ആയുധവും നൽകുന്നത് യുഎഇ ആണെന്നാണ് ആരോപണം. സുഡാനിലെ സ്വർണവും മറ്റ് പ്രകൃതിസ്രോതസുകളുമാണ് യുഎഇയുടെ ലക്ഷ്യം. ഈജിപ്തും സൗദിയും പിന്തുണക്കുന്നത് എസ്എഎഫിനെയാണെന്നും ആരോപിക്കപ്പെടുന്നു. കൊല്ലപ്പെടുന്നത് സാധാരണക്കാരാണ് അധികവും. സ്ത്രീകളെയും കുഞ്ഞുപെൺകുട്ടികളെയും പിച്ചിച്ചീന്തുന്നു സായുധസംഘങ്ങൾ. പറഞ്ഞറിയിക്കാനാവാത്തത്രയാണ് ദുരന്തത്തിന്‍റെ ആഴവും പരപ്പും.

പക്ഷേ, ഗാസയിലെ കൂട്ടക്കുരുതിയെച്ചൊല്ലി നിലവിളിച്ചവരാരും സുഡാനിലെ കൂട്ടക്കുരുതിയോ പ്രകടമായ വംശഹത്യയോ സ്ത്രീകളും പെൺകുഞ്ഞുങ്ങളും നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമമോ കണ്ടെന്ന് ഭാവിക്കുന്നില്ല. യുഎന്നിന് ഫണ്ടില്ല. നൽകിയിരുന്ന സഹായം അമേരിക്ക വെട്ടിക്കുറച്ചു. ദാരിദ്ര്യവും ജനത്തിന്‍റെ ജീവനെടുക്കുന്നു. സാംസ്കാരിക പൈതൃകത്തിനും ചരിത്രപ്രാധാന്യത്തിനും പേരുകേട്ട നാട്. സ്വർണ, ധാതു, എണ്ണ ഖനികളുടെ നാട്, പക്ഷേ, ഇന്ന് ആഫ്രിക്കയിലെ ഏറ്റവും ദരിദ്രമായ രാജ്യമെന്നാണ് പേര്. കൊളോണിയൽ ഭരണമാണ് രാജ്യത്തെ മത, വംശീയ ഭിന്നതകൾക്കും ശത്രുതയ്ക്കും തുടക്കമിട്ടതെന്ന് ചരിത്രകാരൻമാർ പറയുന്നു.

അമേരിക്കയുടെ സൗദി താത്പര്യം

പരിഹാരം കാണാൻ പിന്നെയെത്തിയ സ്വതന്ത്ര സർക്കാരുകൾക്കുമായില്ല. അങ്ങനെ സംഘർഷങ്ങളായി, അധികാര വടംവലിയായി. യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിൽ വിദഗ്ധനെന്ന് സ്വയം പറയുന്ന അമേരിക്കൻ പ്രസിഡന്‍റിനും സുഡാനിലെ സംഘർഷം അവസാനിപ്പിക്കാനായിട്ടില്ല. ഇപ്പോൾ ആർഎസ്എഫിനും എസ്എഎഫിനും മേൽ ഉപരോധങ്ങൾ ആലോചിക്കുകയാണ് അമേരിക്ക. മുസ്ലിം ബ്രദർഹുഡുമായി സഖ്യമുണ്ട് ആർ എസ്എഫിന്. പക്ഷേ, ഇത്രനാളും സൗദി പിന്തുണക്കുന്ന ആർഎസ്എഫിനെ അമേരിക്ക തൊട്ടിട്ടില്ല. യുഎഇ പിന്തുണയ്ക്കുന്ന എസ്എഎഫിന് മേലായിരുന്നു ഉപരോധങ്ങൾ.

സൗദി, അമേരിക്ക, ഈജിപ്ത് എന്ന ക്വാഡ് സംഘം മുന്നോട്ടുവച്ച സമാധാന ധാരണ അംഗീകരിക്കുന്നതായി ആർഎസ്എഫ് അറിയിച്ചെങ്കിലും അത് പ്രവർത്തിയിൽ പ്രതിഫലിച്ചില്ല. മുസ്ലിം ബ്രദർഹുഡിനെ തുടച്ചെറിയണമെന്നാണ് യുഎഇയുടെ ആവശ്യം. ഒരു തുറമുഖം റഷ്യക്ക് കൈമാറാൻ എസ്ആർഎഫ് ആലോചിക്കുന്നുവെന്ന റിപ്പോർട്ടും അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്.

തന്‍റെ അഭ്യർത്ഥനയനുസരിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സമാധാന ശ്രമം നടത്തുന്നുവെന്നാണ് കഴിഞ്ഞ ആഴ്ച അമേരിക്കൻ പ്രസിഡന്‍റ് അറിയിച്ചത്. അതും പരാജയപ്പെട്ടുവെന്ന് വേണം കരുതാൻ. ട്രംപിന്‍റെ മകളുടെ ഭർത്താവിന്‍റെ അച്ഛനും ശ്രമിക്കുന്നുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഫലം കണ്ടില്ല. അടിയന്തരസഹായമെന്ന് മുറവിളിക്കുകയാണ് സന്നദ്ധ സംഘടനകൾ.