തായിസ്: എല്ലും തോലും മാത്രമായി യെമനിലെ ആശുപത്രിയില്‍ കിടക്കുന്ന  ബാലന്‍റെ ചിത്രം കരളലിയിപ്പിക്കുന്നു. പത്തുവയസുകാരനായ ഘാസി സലേയാണ് യെമനിലെ തായ്സിലെ ആശുപത്രിയില്‍ കിടക്കുന്നത്. വെറും എട്ട് കിലോ മാത്രമാണ് ഈ പത്തുവയസുകാരന്‍റെ തൂക്കം. പട്ടിണിയും വിശപ്പും കാരണം കരയാനോ, കണ്ണു തുറക്കാനോ പോലും കഴിയാതെ കിടക്കുകയാണ് ഘാസി. 

യുദ്ധം കാരണം നാല് വര്‍ഷമായി യെമനിലെ ജനങ്ങളില്‍ 14 മില്ല്യണ്‍ ആളുകളെങ്കിലും പട്ടിണിയിലാണ്. പോഷകാഹാരക്കുറവ് മൂലം നവജാതശിശുക്കളടക്കം നിരവധി കുഞ്ഞുങ്ങളെയാണ് ആശുപത്രിയില്‍ കിടത്തിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ കട്ടിലില്‍ നിന്ന് കട്ടിലുകളിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. 

വളരെ മോശമായ അവസ്ഥയിലാണ് ഘാസി. പട്ടിണി അവനെ വളരെ മോശം അവസ്ഥയിലെത്തിച്ചിരിക്കുകയാണെന്നും ആശുപത്രിയിലെ നഴ്സായ ഇമാന്‍ അലി പറയുന്നു. എത്രയോ കാലമായി അവന്‍ ഭക്ഷണം ശരിക്കും കഴിച്ചിരുന്നില്ലെന്നും അതാണ് അവന്‍റെ അവസ്ഥ ഇത്രയും മോശമാക്കിയതെന്നും കൂടി ഇമ്രാന്‍ പറയുന്നു. 

 യുദ്ധം കാരണം നാല് വര്‍ഷമായി യെമനിലെ ജനങ്ങളില്‍ 14 മില്ല്യണ്‍ ആളുകളെങ്കിലും പട്ടിണിയിലാണ്. യുനിസെഫിന്‍റെ കണക്കനുസരിച്ച് ഇതില്‍ പകുതിയിലധികവും കുഞ്ഞുങ്ങളാണ്. 

ഫാത്തിമ സല്‍മാന്‍റെ നവജാത ശിശുവിനും പോഷകാഹാരക്കുറവാണ്.  പട്ടിണി മാറുമെന്നുള്ള തന്‍റെ പ്രതീക്ഷകളത്രയും നശിച്ചുവെന്നാണ് അവര്‍ പറയുന്നത്. യുദ്ധത്തിന് മുമ്പ് തന്‍റെ ഭര്‍ത്താവിന് ഒരു ജോലി ഉണ്ടായിരുന്നു. പക്ഷെ യുദ്ധം തുടങ്ങിയതോടെ അതുമില്ലാതായി. ഈ യുദ്ധം അവസാനിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം പക്ഷെ, ദിവസം കഴിയുന്തോറും അവസ്ഥ കൂടുതല്‍ കൂടുതല്‍ മോശമാകുന്നു എന്നും അവര്‍ പറയുന്നു. 

കുട്ടികളേയാണ് യുദ്ധം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. 40 ശതമാനത്തിലധികം പെണ്‍കുട്ടികളെ 15 വയസിലും, കാല്‍ ഭാഗം പെണ്‍കുട്ടികള്‍ 18 വയസിനു താഴെയും വിവാഹം കഴിപ്പിച്ചയക്കുകയാണ്. ആണ്‍കുട്ടികളെ നേരിട്ട് കുട്ടി സൈന്യമായി യുദ്ധത്തിന്‍റെ ഭാഗമാക്കുകയാണ്. 

യുനിസെഫിന്‍റെ കണക്കനുസരിച്ച് 4.5 മില്ല്യണ്‍ കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാഭ്യാസം കിട്ടുന്നില്ല. കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്തതാണ് കാരണം. രണ്ട് വര്‍ഷത്തോളമായി അധ്യാപകര്‍ക്ക് ശമ്പളം കിട്ടാത്തതിനാല്‍ അവര്‍ പഠിപ്പിക്കാനെത്തുന്നില്ല. 2500 ലധികം സ്കൂളുകള്‍ക്ക് തകരാര്‍ സംഭവിക്കുകയോ, തകര്‍ന്ന് വീഴുകയോ ചെയ്തിട്ടുണ്ട്. ബാക്കിയുള്ള സ്കൂളുകള്‍ അഭയാര്‍ത്ഥികള്‍ക്ക് തങ്ങാനുള്ള ഇടമായി മാറി. 

2015 മുതലുള്ള കണക്കനുസരിച്ച് യുദ്ധത്തിന്‍റെ ഭാഗമായി  10,000 പേര്‍ മരിച്ചു. മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്, കണക്കിലും അഞ്ചിരട്ടി മരണമെങ്കിലും യുദ്ധത്തിന്‍റെ ഭാഗമായി ഉണ്ടായിട്ടുണ്ടാകും എന്നാണ്. മാനവികത നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും രൂക്ഷമായ പ്രതിസന്ധി ആണ് ഇതെന്ന് യു.എന്‍ പറയുന്നു.