Asianet News MalayalamAsianet News Malayalam

ഉത്തരധ്രുവത്തില്‍ ഇങ്ങനെയാണ് ജീവിതം!

Bucker Aboo column on north pole
Author
Thiruvananthapuram, First Published Feb 20, 2018, 7:07 PM IST

ഗ്രീന്‍ ലാന്‍ഡ് സീയിലൂടെയുള്ള തുടര്‍യാത്ര ആര്‍ട്ടിക് സമുദ്രത്തിലേക്കാണ് ചെന്നവസാനിക്കുന്നത്. ഉത്തരധ്രുവത്തിലേക്കുള്ള വഴിയില്‍ വേനലോ ശൈത്യമോ എന്നൊന്നില്ല, കടലിന് കരിമ്പിന്‍ കാട് കുത്തി തമര്‍ത്തുന്ന ആനയുടെ തിമിര്‍പ്പാണ്. അരയാല്‍ അതിന്റെ അതിഭീമന്‍ രൂപത്തിന്റെ നിഴലിനു മുന്‍പില്‍ നിശ്ശബ്ദമായി നാളെണ്ണിക്കഴിക്കും. കടല്‍ അങ്ങിനെയല്ല. കടലിന് ഭൂമിയെ ബലപ്പെടുത്തുന്ന സ്വന്തം ശക്തിയെ തിരിച്ചറിയുന്നൊരു കണ്ണുണ്ട്. യാത്രയിലുടനീളം കല്‍പന അനുസരിക്കാത്ത ശൈത്യക്കാറ്റുമായി കടല്‍ അലറിഅടുക്കുകയായിരുന്നു.

Bucker Aboo column on north pole

ഉത്തരധ്രുവം എന്ന് കേള്‍ക്കുമ്പോള്‍ ഋതുഭേദങ്ങളില്‍ മാസങ്ങളോളം സൂര്യന്‍ അസ്തമിക്കാത്ത, അല്ലെങ്കില്‍ മാസങ്ങളോളം സൂര്യന്‍ ഉദിക്കാത്ത, അതിശൈത്യത്താല്‍ മഞ്ഞുമൂടിയ, ഹിമക്കരടികളുടെ വിഹാര ഭൂമിയാണ് നമ്മുടെ മനസ്സില്‍ ഉടലെടുക്കുക. ബള്‍ക്ക് കാരിയര്‍ കപ്പലുകളില്‍ ജോലി ചെയ്യുമ്പോഴായിരുന്നു അങ്ങോട്ടുള്ള ഒരു യാത്രക്ക് അവസരം കിട്ടിയത്. 

വലിയ കപ്പലുകള്‍ക്ക് സ്വാല്‍ബാര്‍ഡിലേക്ക് പോവാന്‍ കഴിയുമോ, ഉത്തരധ്രുവത്തില്‍ ഒരു ചരക്ക് കപ്പല്‍ എന്തിന് പോകണം എന്നിങ്ങനെ പല ചിന്തകളും യാത്രയുടെ തുടക്കത്തില്‍ എന്റെ മനസ്സിലൂടെ കടന്നുപോയിരുന്നു. കത്തിപ്പാറുന്ന വേനലില്‍ വരണ്ട് ശൂന്യമായി കിടക്കുന്ന വയല്‍ വരമ്പിലൂടെ നടന്നു പോവുന്നത് പോലെയല്ല കാറ്റും കോളും നിറഞ്ഞ ഒരു കടല്‍ യാത്രയിലേക്ക് ചെന്നെത്തുന്നത്. കടലിന്റെ ഗന്ധവും കാഴ്ചയും, ഉപ്പുതണ്ണിയുടെ സ്പര്‍ശവും രുചിയും, ഉടയോരില്‍ നിന്ന് അകന്നുപോവുന്ന ജീവിതത്തിന്റെ ദുരയും,കാരുണ്യമില്ലാത്ത കൊടുങ്കാറ്റുകളും അങ്ങിനെയങ്ങിനെ, ഒന്നിനൊന്നിനും നിശ്ചതയില്ലാത്ത അലകളിലൂടെയുള്ള അലച്ചിലിലേക്കാണ് കടല്‍ അതിന്റെ കൈവെള്ള തുറന്നു വെച്ചിരിക്കുന്നത്.

 ലോകത്തിന്റെ ഏറ്റവും വടക്കുള്ള ജനവാസ മേഖല
സ്വാല്‍ബാര്‍ഡിന്റെ പ്രത്യേകത എന്തെന്നറിയാന്‍ ഒരു ചെറിയ മുഖവുര ഇവിടെ ആവശ്യമായി വരുന്നുണ്ട്. ധ്രുവപ്രദേശത്തിലെ റിസേര്‍ച്ച് സെന്റര്‍ ഒഴിച്ച് നിറുത്തിയാല്‍ സ്വാല്‍ബാര്‍ഡ് ലോകത്തിന്റെ ഏറ്റവും വടക്കുള്ള ജനവാസ മേഖലയാണ്. ഏകദേശം രണ്ടായിരത്തി അറുന്നൂറ് പേര്‍ ഇവിടെ ജീവിക്കുന്നു. കല്‍ക്കരി മൈനുകളില്‍ ജോലി ചെയ്യുന്നവരും വേനല്‍ക്കാലസമയം വരുന്ന കപ്പലുകളില്‍ കല്‍ക്കരി ലോഡ്‌ചെയ്യുന്നവരുമാണ് ഇവരില്‍ അധികപേരും.

ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ പാതിരാസൂര്യനും നവംബര്‍ മുതല്‍ ഫെബ്രുവരിവരെ സൂര്യനെക്കാണാത്ത അതിശൈത്യദിനങ്ങളുമാണ് സ്വാല്‍ബാര്‍ഡില്‍. ശരിക്കും പറഞ്ഞാല്‍ സെപ്റ്റംബര്‍ മുതല്‍ മെയ് വരെ അറുപതിമൂന്നായിരം സ്‌ക്വയര്‍ കിലോമീറ്റര്‍ മഞ്ഞുകൊണ്ട് മൂടപ്പെട്ടിരിക്കുന്ന ഒരു ദ്വീപ്. ഇവിടെത്തന്നെയാണ് 560 മീറ്റര്‍ കനവും 200 കിലോമീറ്റര്‍ ചുറ്റളവും സമുദ്ര നിരപ്പില്‍ നിന്ന് 783 മീറ്റര്‍ ഉയരവുമുള്ള ഒസ്റ്റ് ഫോന എന്ന അനന്യസുന്ദരമായ ഹിമപ്പരപ്പ് (glacier) സ്ഥിതിചെയ്യുന്നത്. മാസങ്ങളോളം പാതിരാസൂര്യന്‍ കത്തിജ്ജ്വലിക്കുമ്പോള്‍ ചന്ദ്രന്റെ ഉദയാസ്തമയങ്ങള്‍ ദൃഷ്ടിഗോചരമല്ലാത്ത ഹിമഭൂമിയാണ് സ്വാല്‍ബാര്‍ഡ്.

വേനല്‍ക്കാലത്ത് +6 ഉം ശൈത്യകാലത്ത് മൈനസ്16 മുതല്‍ മൈനസ് 20 വരെയാണ് ഇവിടുത്തെ താപനില. തണുത്ത കാറ്റോടുകൂടിയ ദിനങ്ങളില്‍ അത് മൈനസ് മുപ്പതുവരെ പോകും. 1986ല്‍ മൈനസ് 46 വരെ രേഖപ്പെടുത്തിയതാണ് അറിയപ്പെടുന്നതില്‍ ഏറ്റവും താഴ്ന്ന നില.

വേനലോ ശൈത്യമോ ഇല്ലാതെ
ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍നിന്നും അറ്റ്‌ലാന്റിക് സമുദ്രത്തിലിറങ്ങി അവിടുന്ന് വടക്കോട്ട് യാത്രചെയ്ത് ഐസ് ലാന്‍ഡും കടന്നു നോര്‍വീജിയന്‍ കടലിലേക്കായിരുന്നു യാത്രയുടെ ഒന്നാം ഘട്ടം. ഗ്രീന്‍ലാന്റിന്റെ കിഴക്കും നോര്‍വേയുടെ വടക്കും കൂടിചേരുന്നിടത്ത് ബാരന്റ് സീയുടെയും ഗ്രീന്‍ലാന്‍ഡ് സീയുടെയും പ്രക്ഷുബ്ധ മുഖം അനുഭവിച്ചറിഞ്ഞു കൊണ്ട് യാത്രയുടെ രണ്ടാം ഘട്ടം അവസാനിക്കുന്നു. ഗ്രീന്‍ ലാന്‍ഡ് സീയിലൂടെയുള്ള തുടര്‍യാത്ര ആര്‍ട്ടിക് സമുദ്രത്തിലേക്കാണ് ചെന്നവസാനിക്കുന്നത്. ഉത്തരധ്രുവത്തിലേക്കുള്ള വഴിയില്‍ വേനലോ ശൈത്യമോ എന്നൊന്നില്ല, കടലിന് കരിമ്പിന്‍ കാട് കുത്തി തമര്‍ത്തുന്ന ആനയുടെ തിമിര്‍പ്പാണ്. അരയാല്‍ അതിന്റെ അതിഭീമന്‍ രൂപത്തിന്റെ നിഴലിനു മുന്‍പില്‍ നിശ്ശബ്ദമായി നാളെണ്ണിക്കഴിക്കും. കടല്‍ അങ്ങിനെയല്ല. കടലിന് ഭൂമിയെ ബലപ്പെടുത്തുന്ന സ്വന്തം ശക്തിയെ തിരിച്ചറിയുന്നൊരു കണ്ണുണ്ട്. യാത്രയിലുടനീളം കല്‍പന അനുസരിക്കാത്ത ശൈത്യക്കാറ്റുമായി കടല്‍ അലറിഅടുക്കുകയായിരുന്നു.

സ്വാല്‍ബാര്‍ഡിലേക്കുള്ള യാത്രയുടെ സാഹസവും അത് തന്നെയായിരുന്നു. കടലും കാലാവസ്ഥയും കപ്പലിനെയും അതില്‍ ജീവിക്കുന്നവരെയും തിരയിലുയര്‍ത്തി മുള്‍മുനയില്‍ നിര്‍ത്തുന്ന ചിലദിനങ്ങളില്‍ ഭക്ഷണം പോലും പാകം ചെയ്യാന്‍ പറ്റാത്തതായിരുന്നു. യുറോപ്പിന്റെ വടക്കന്‍ ഭാഗം തണുപ്പും മഞ്ഞും കൊണ്ട് സ്വീകരിക്കുമ്പോള്‍ കപ്പല്‍ കടല്‍ വിതാനത്തില്‍ ഒറ്റപ്പെട്ടു ഇരുട്ടില്‍ ഒഴുകുന്ന പോലെയാണ് അനുഭവപ്പെടുക. പലപ്പോഴും സ്വന്തം കപ്പലിന്റെ മുന്‍ഭാഗം പോലും വീല്‍ഹൌസില്‍ നിന്ന് കാണാന്‍ കഴിയില്ല. റഡാറില്‍ സൂക്ഷ്മമായ നിരീക്ഷണത്തില്‍ തെളിയുന്ന ട്രാഫിക് മാത്രം ആശ്രയിച്ചു നാവിഗേറ്റ് ചെയ്ത് പോകണം. 

ശൈത്യകാലത്തില്‍ സ്വാല്‍ബാര്‍ഡ് 
പകല്‍ ആയാല്‍ പോലും കനത്ത മൂടല്‍ മഞ്ഞില്‍ റഡാറുകളാണ് കപ്പലിന്റെ കണ്ണുകള്‍. ഒരു പായക്കപ്പലോ മത്സ്യബോട്ടോ ഏറ്റവും അടുത്ത് എത്തിയാല്‍ മാത്രം ദൃശ്യമാവുന്ന സമയം കൂട്ടിയിടി ഒഴിവാക്കി കപ്പലിനൊരു സുരക്ഷാട്രാക്ക് ഉണ്ടാക്കുക എന്നത് ഏറെ വൈഷമ്യം പിടിച്ചതായിരുന്നു.. ഇലക്‌ട്രോണിക് നാവിഗേഷന്‍ സിസ്റ്റം ഒരു സാങ്കേതിക സഹായി മാത്രമാണ്. കപ്പല്‍ നിയന്ത്രിക്കുന്നതാരോ അയാളുടെ തലച്ചോറില്‍ ഒരു നിമിഷത്തില്‍ മിന്നിമറയുന്ന തീരുമാനമാണ് കടലിന്റെ കോടതിയിലെ അവസാനതീര്‍പ്പിന്നാധാരം.

സ്വാല്‍ബാര്‍ഡല്‍ കല്‍ക്കരി ലോഡ്‌ചെയ്യുകയായിരുന്നു ഞങ്ങളുടെ ഉദ്ദേശം.

പതിനെഴ്, പതിനെട്ടാം നൂറ്റാണ്ടില്‍ തിമിംഗല വേട്ടയ്ക്ക് ഉപയോഗിച്ച് ഉപേക്ഷിച്ച ഈ ദ്വീപ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ക്കാണ് കല്‍ക്കരി ഖനനത്തിനുപയോഗിച്ചു തുടങ്ങിയത്. ചെറിയ ജനവാസം തുടങ്ങിയത് മുതല്‍ ടൂറിസ്റ്റുകളും ഇവിടെയെത്താന്‍ തുടങ്ങി.

കല്‍ക്കരി നിറക്കുന്ന ലോഡിംഗ് പോയിന്റ് ഒരൊറ്റപ്പെട്ട ഹിമപ്രദേശമാണ്. ശൈത്യകാലത്തില്‍ സ്വാല്‍ബാര്‍ഡ് ഒരു തണുത്തുറഞ്ഞ ഗ്രഹം പോലെയായിരിക്കും. ഒരു തുറമുഖത്തിനുള്ള സൗകര്യങ്ങള്‍ ഒന്നും ഇവിടെ ലഭ്യമല്ല. 

ജോലിചെയ്യാന്‍ എത്രപേര്‍ ഉണ്ടെന്നുള്ളതല്ല, ആവശ്യമായ എല്ലാ ജോലികളും ചെയ്ത് തീര്‍ക്കാന്‍ പരിശീലിക്കപ്പെട്ട നോര്‍വീജിയന്‍ ജനത അവരുടെ സംസ്‌കാരം കൊണ്ടും അധ്വാനം കൊണ്ടും മറ്റേതൊരു രാജ്യക്കാരെക്കാളും മുന്‍പന്തിയിലാണ്. നോര്‍വ്വെയിലെ ഹാവിക്കില്‍ ഏഴുപേര്‍ മാത്രം ഒരു കുന്നിന്‍ ചെരുവിലെ കടലിടുക്കില്‍ തുറമുഖത്തെ എല്ലാ ജോലികളും ചെയ്തത് ഇവിടെ ഓര്‍മ്മിക്കാതെ തരമില്ല.

റോഡില്ല, വാഹനവും
കടുത്ത കാലാവസ്ഥാ വ്യതിയാനം കാരണം മൂന്നോ നാലോ വര്‍ഷങ്ങളില്‍ കൂടുതല്‍ ആരും തന്നെ ഇവിടെ തങ്ങാറില്ല, ഹിമക്കരടികളുടെ ആക്രമണവും ഇതിനു മറ്റൊരു കാരണമാണ്. 

സ്പിറ്റ്്‌സ്‌ബെര്‍്ഗില്‍ പുറത്തിറങ്ങുന്നവര്‍ സ്വയം രക്ഷയ്ക്ക് റൈഫിള്‍ കൊണ്ട് പോവണ്ടതാണ്, ഇക്കാരണത്താല്‍ വളരെ അപൂര്‍വ്വമായി ഇവിടെ വരുന്ന ചരക്ക് കപ്പലുകളില്‍ നിന്ന് സീമാന്മാര്‍ വിദൂര കാഴ്ചകള്‍ കാണാന്‍ കഴിയാതെ മടങ്ങുകയാണ് പതിവ്. സ്‌കൂളിനു പുറത്തുള്ള ഗ്രൗണ്ടില്‍ അദ്ധ്യാപകര്‍ തോക്കുകള്‍ സൂക്ഷിച്ചിട്ടുണ്ട്. കുട്ടികളുടെ രക്ഷയ്ക്കായിട്ടാണ് അവരത് ഉപയോഗിക്കുന്നത്. അക്രമത്തിനു മുതിരുന്ന ഹിമക്കരടി കൊല്ലപ്പെടുമ്പോള്‍ അതിന്റെ മാംസവും രോമവും എങ്ങിനെ ഉപയോഗിക്കണമെന്ന പരിശീലനത്തിന് കുട്ടികള്‍ക്കായി ആ അവസരം അവര്‍ ഉപയോഗപ്പെടുത്തുന്നു.

സ്വാല്‍ബാര്‍ഡില്‍ ജനവാസപ്രദേശങ്ങള്‍ തമ്മില്‍ റോഡു വഴിയുള്ള സമ്പര്‍ക്കമില്ല പകരം ബോട്ട്, സ്‌നോ മൊബീല്‍ എന്നിവയും വിമാനമാര്‍ഗ്ഗവുമാണ് കാര്യങ്ങള്‍ നിറവേറ്റുന്നത്. വളരെ ചെറിയ ദൂരങ്ങളില്‍ വാഹനം ഓടുന്നത് കൊണ്ട് ഞങ്ങള്‍ കുറച്ചു പേര്‍ പുറത്തേക്കിറങ്ങി. യാത്രയിലുടനീളം നോര്‍വീജിയന്‍ ഡ്രൈവര്‍ മോശമല്ലാത്ത ഇംഗ്ലിഷില്‍ വിവരണം തന്നത് കൊണ്ട് ദ്വീപിനെക്കുറിച്ചും ജനങ്ങളെക്കുറിച്ചും കുറച്ചൊക്കെ അറിയാനായി. സ്‌നോമോബീല്‍ യാത്രയില്‍ ആര്‍ട്ടിക് ഫോക്‌സുകളെയും റീന്‍ ഡീറുകളെയും കാണാന്‍ കഴിഞ്ഞു. റഷ്യക്കാര്‍ ഉപയോഗിച്ചു ഉപേക്ഷിച്ചുപോയ കല്‍ക്കരി ഖനന കേന്ദ്രങ്ങളും യാത്രയില്‍ കാണാനിടയായി.

നോര്‍വീജിയന്‍ സംസ്‌കാരം
നൈ അല്‍സാണ്ട് മുമ്പൊരു ഖനന കേന്ദ്രമായിരുന്നെങ്കിലും ഇപ്പോള്‍ റിസര്‍ച്ച്ഗ്രൂപ്പ് മാത്രം ഉപയോഗിക്കുന്നു. കൊടും തണുപ്പ് കാലത്ത് മുപ്പതോളം പേര്‍ കല്‍ക്കരി ലോഡിംഗ് കേന്ദ്രങ്ങളില്‍ ഉണ്ടാകുമെന്ന് നോര്‍വീജിയന്‍ സുഹൃത്ത് പറഞ്ഞു. തണുപ്പ് കാലത്ത് അതിവേഗതയില്‍ തുളച്ചേറുന്ന കാറ്റില്‍ മൈനസ് മുപ്പത് ഡിഗ്രിയിലും മഞ്ഞുപാളികളിലൂടെ യാത്രചെയ്ത് അടുത്ത സമ്മറില്‍ കപ്പലില്‍ ലോഡ്‌ചെയ്യാന്‍ കല്‍ക്കരിഎത്തിക്കുന്ന ജോലി അതി ദുഷ്‌കരമാണ്. ഖനി നിലനില്‍ക്കുന്ന കുന്നിന്റെയുള്ളില്‍ ആറു കിലോമീറ്റര്‍ ഭൂഗര്‍ഭത്തില്‍ നിന്ന് കല്‍ക്കരി മുകളില്‍ എത്തിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ഈസിയായ ജോലിയായിട്ടെ ഇവര്‍ക്കനുഭവപ്പെടുന്നുള്ളൂ.

കുറ്റകൃത്യങ്ങളും നിഷേധാത്മകമായ ചിന്തകളും ഇല്ലാത്ത മനുഷ്യമനസ്സാണ് 'ശക്തിയുടെ പ്രഭവകേന്ദ്ര'മെന്നത് നോര്‍വീജിയക്കാരുടെ ജോലിയോടുള്ള ആത്മാര്‍ത്ഥതയില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും.. ശാസ്ത്രം നല്‍കുന്ന ഏതു സാങ്കേതികവിദ്യ ഉണ്ടായാല്‍പ്പോലും അന്നംതേടുന്ന കൈകള്‍ക്കുണ്ടാകേണ്ട പ്രവൃത്തിപരമായ മനോഭാവം അവര്‍ അവരുടെ സംസ്‌കാരത്തിന്റെ ഒരു ഭാഗമായി വളര്‍ത്തിയെടുത്തിട്ടുണ്ട്..

ഇവിടെ ജോലി ചെയ്യുന്ന റഷ്യക്കാരെകുറിച്ചും നോര്‍വീജിയന്‍ അധിനിവേശത്തെക്കുറിച്ചുമൊക്കെ സംസാരിച്ചുകൊണ്ട് ഞങ്ങളുടെ വാഹനം സ്പിറ്റ്സ്ബെര്‍ജന്‍ലെ തടാകം വഴി കടന്നു പോയി. വേനല്‍കാലങ്ങളില്‍ ഇത് കാണുമ്പോള്‍ മണല്‍ക്കുന്നിന്റെയരികിലുള്ള ഒരു തടാകമായിട്ടേ തോന്നൂ, പക്ഷെ ശൈത്യകാലത്ത് മഞ്ഞിനാല്‍ ചുറ്റപ്പെട്ട നയനമനോഹരമായ ഹിമസരസ്സാണിത്. തുടര്‍യാത്രയില്‍ വണ്ടി ഒരു ടണലിന്റെയരികില്‍ നിറുത്തി അരയില്‍ റൈഫിള്‍ തിരുകി നോര്‍വീജിയന്‍ സുഹൃത്ത് പുറത്തേക്കിറങ്ങി. ധ്രുവക്കരടിയെ ശ്രദ്ധിക്കണമെന്ന് പറഞ്ഞുകൊണ്ട് ഞങ്ങളെയും പുറത്തിറക്കി. ഈ ടണല്‍ വഴിയാണോ ഇനി പോകേണ്ടത് എന്ന് ചോദിച്ചപ്പോള്‍ അങ്ങോട്ടേക്ക് പ്രവേശനമില്ല എന്നായിരുന്നു മറുപടി. ഞങ്ങള്‍ക്കാര്‍ക്കും അറിയാതിരുന്ന ചിലകാര്യങ്ങള്‍ അദ്ദേഹം വിവരിച്ചു.

ആ വിത്തുകള്‍ നമ്മോട് പറയുന്നത് 
ടണല്‍, വഴി തുറക്കുന്നത് സസ്വാല്‍ബാര്‍ഡ് ഗ്ലോബല്‍ സീഡ് വാല്‍ട്ട്' (Svalbard Global Seed Vault) എന്ന വിത്തുപത്തായത്തിലേക്കാണ്.
ഇതുവഴി 130 മീറ്റര്‍, മണല്‍ പര്‍വ്വതത്തിനുള്ളിലേക്ക് യാത്രചെയ്താല്‍ മൈനസ് പതിനെട്ട് ഡിഗ്രിയില്‍ നാല്‍പ്പത്തഞ്ചു ലക്ഷത്തോളം വിത്തുകള്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള സീഡ് വാല്‍ട്ടില്‍ എത്തിച്ചേരും. ഇതെന്തിനാണ് ഇത്രയും വിത്തുകള്‍ ഇവിടെ സൂക്ഷിച്ചു വെച്ചിട്ടുള്ളത്? 

വിത്തുകളുടെ നോഹയുടെ പെട്ടകത്തിന്റെ കഥ അവിടെയാരംഭിച്ചു. മാറിവരുന്ന കാലാവസ്ഥകളോ, ആഗോളതാപനമോ, ആണവവികിരണമോ,
ഗ്രഹങ്ങളുടെ കൂട്ടിയിടിയോ, അന്യഗ്രഹജീവികളുടെ ആക്രമണമോ, തുടങ്ങി ഭൂമി നേരിടേണ്ടിവരുന്ന ഒരു വരുംകാല ദുരന്തത്തിനുശേഷം മനുഷ്യമക്കളെ പോറ്റിവളര്‍ത്താന്‍ ആയിരം വര്‍ഷത്തെയ്ക്കുള്ള സൂക്ഷിപ്പാണ് ഈ വിത്ത് പത്തായം കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. ലോകം നേരിടുന്ന കടുത്ത -ഭീഷണികളെക്കുറിച്ച് നോര്‍വേ സര്‍ക്കാറിനുള്ള ആശങ്ക. ഭൂമി ഏതു ദുരന്തം നേരിട്ടാലും അത് കഴിഞ്ഞു കൃഷിയാരംഭിക്കാം. യാത്രാക്കാഴ്ചകള്‍ക്കായി വന്ന എനിക്ക് ജീവിതത്തിന്റെ ദൂരക്കാഴ്ച സമ്മാനിച്ചപ്പോള്‍ ആ നോര്‍വീജിയന്‍ സുഹൃത്തിന്റെ മുന്നില്‍ വ്യക്തിപരമായി ഞാന്‍ വളരെ ചുരുങ്ങിപ്പോയി. കാരണം എന്റെ തലമുറ ഇപ്പോഴും സംസാരിക്കുന്നത് ഇറക്കം കുറഞ്ഞ പാവാട ധരിക്കുന്ന പെണ്‍കുട്ടികളെക്കുറിച്ചാണ്.

.അതിവിശാലമായതും ഒഴുകുന്നതുമായ ഐസ് ബെര്‍ഗുകളും, സമാനതയില്ലാത്ത ഹിമപ്പരപ്പിന്റെ ഭൂദ്രശ്യങ്ങളും, വൃക്ഷശൂന്യമായ മഞ്ഞു തൊപ്പിയണിഞ്ഞ കുന്നിന്‍പുറങ്ങളും, ആര്‍ട്ടിക് വന്യതയിലെ മൃഗങ്ങളും പക്ഷികേന്ദ്രങ്ങളും കൊണ്ട് കാഴ്ചയുടെ പറുദീസയൊരുക്കുകയാണ് പാതിരാസൂര്യനെര്‍ പ്രഭയില്‍ വെളുത്തുമിന്നുന്ന അതിസുന്ദരമായ ഈ ഹിമഭൂമി.
 

Follow Us:
Download App:
  • android
  • ios