ഒരു പിയാനിസ്റ്റാകാനായിരുന്നു കൗമാരനാളുകളില്‍ റീവ ഗിർസ്റ്റീൻ ആഗ്രഹിച്ചിരുന്നത്. അതിനായി അവർ മണിക്കൂറുകളോളം പരിശീലിച്ചിരുന്നു. ഒരു ദിവസം അവർ സഹോദരന്മാരിലൊരാൾ നിർമ്മിച്ച ഒരു റേഡിയോയിൽ പ്രക്ഷേപണം കേൾക്കാൻ ഇടയായി. ജർമ്മൻ ഭാഷ അറിയാവുന്ന അവർ ജർമ്മൻ നേതാവ് അഡോൾഫ് ഹിറ്റ്ലറുടെ വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങൾ കേട്ടത് അന്നാണ്. അത് റീവയെ വളരെയധികം ചിന്തിപ്പിച്ചു. ആളുകൾക്ക് ഉപകാരപ്രദമായി എന്തെങ്കിലും ചെയ്യണമെന്ന് റീവ തീരുമാനിക്കുന്നത് അങ്ങനെയാണ്. ആ തീരുമാനം അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു. സ്ത്രീകൾ വീട്ടിൽ ഒതുങ്ങിക്കൂടാൻ മാത്രം ആഗ്രഹിച്ചിരുന്ന ഒരു കാലത്ത്, റീവ മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടുകയായിരുന്നു.

ടൊറന്‍റോയിൽ ഡേവിൻ്റെയും ഡയാന ആപ്പിൾ‌ബിയുടെയും മൂന്ന് മക്കളിൽ മൂത്തവളായി 1917 മാർച്ച് 27 -നാണ് റീവ ജനിച്ചത്. കുടുംബവും, സുഹൃത്തുക്കളും റീവയെ 'മിമി' എന്നാണ് വിളിച്ചിരുന്നത്. അവരുടെ അച്ഛന് ഇറക്കുമതി ബിസിനസ്സിലായിരുന്നു. അമ്മ ഒരു വീട്ടമ്മയായിരുന്നു. ആ മാതാപിതാക്കൾ മക്കളുടെ ആഗ്രഹങ്ങളെ പിന്തുണയ്ക്കുന്നവരായിരുന്നു. അന്നത്തെ കാലത്ത് പെൺകുട്ടികൾ വിവാഹം കഴിച്ച്, ഭർത്താവും, കുട്ടികളുമായി ഒരു ഒതുങ്ങിയ ജീവിതമാണ് നയിച്ചിരുന്നത്. എന്നാൽ, റീവയുടെ പിതാവ് തൻ്റെ മകളെ അവളുടെ സ്വപ്നങ്ങൾ പിന്തുടരാൻ പ്രോത്സാഹിപ്പിച്ചു. മരണമടഞ്ഞ പിതാവിനെ കുറിച്ച് അവർ പിന്നീട് പറഞ്ഞതിങ്ങനെയാണ്, “അദ്ദേഹം എന്നെ തുല്യയായി കണക്കാക്കി. ഒരു സ്ത്രീയെന്ന നിലയിൽ ഒന്നിൽനിന്നും ഒരിക്കലും എന്നെ അദ്ദേഹം മാറ്റിനിർത്തിയില്ല."  

പിയാനോ ഇപ്പോൾ തൻ്റെ അഭിനിവേശമല്ലെന്നും, ആളുകളെ സഹായിക്കാൻ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും റീവ മാതാപിതാക്കളോട് പറഞ്ഞപ്പോൾ, മാതാപിതാക്കൾ എതിർത്തില്ല. തങ്ങളുടെ മകൾ എന്ത് ചെയ്താലും അതിൽ മികവ് പുലർത്തുമെന്ന് അവർക്ക് വിശ്വാസമുണ്ടായിരുന്നു. റീവ 1938 -ൽ ടൊറന്റോ സർവകലാശാലയിൽ നിന്ന് ബിരുദവും രണ്ടാം ലോക മഹായുദ്ധത്തിൻ്റെ തുടക്കത്തിൽ കലയിൽ ബിരുദാനന്തര ബിരുദവും നേടി. 1945 -ൽ അവർ പിഎച്ച്ഡി പൂർത്തിയാക്കി.

ഒരു സ്ത്രീയുടെ ജീവിതം വീടിൻ്റെ നാലുചുവരുകൾക്കകത്താണ് എന്ന് വിശ്വസിച്ചിരുന്ന ഒരു സമയത്താണ് റീവ മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയത്. ജീവിതത്തിൻ്റെ ഭൂരിഭാഗവും പാർശ്വവത്കരിക്കപ്പെട്ടവരുടെയും, ദരിദ്രരുടെയും ഇടയിലാണ് റീവ ചിലവിട്ടത്. ഭവനരഹിതരോടും അടിമകളോടും സ്കീസോഫ്രീനിയ പോലുള്ള ഗുരുതരമായ മാനസിക-ആരോഗ്യ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവരോടും വളരെ കരുണയുള്ളവളായിരുന്നു റീവ. സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും ഒരുപാട് തടസ്സങ്ങളെ അതിജീവിക്കേണ്ടി വന്ന ആ സമയത്തും എല്ലാം പഠിച്ചിട്ടും ഭക്ഷണം പാകം ചെയ്യേണ്ടതെങ്ങനെ എന്ന് പഠിക്കാത്ത സ്ത്രീ എന്നും റീവയെ പറ്റി പറയാറുണ്ട്.

അതീവ സുന്ദരിയായിരുന്നു അവള്‍. മികച്ച വസ്ത്രങ്ങൾ ധരിച്ചിരുന്ന അവരെ ആദ്യമൊന്നും മറ്റ് പ്രവർത്തകർ വേണ്ടരീതിയിൽ അംഗീകരിച്ചിരുന്നില്ല. ഒരു പാവപ്പെട്ടവൻ്റെ ബുദ്ധിമുട്ടുകൾ അവർക്ക് മനസ്സിലാകില്ലെന്നുതന്നെയാണ് എല്ലാവരും വിചാരിച്ചത്. രോഗികളോട് അനുകമ്പയോടും ബഹുമാനത്തോടും മാന്യതയോടും കൂടെ പെരുമാറണമെന്ന് അഭിപ്രായപ്പെട്ട് വർഷങ്ങളായി പ്രക്ഷോഭം നടത്തിയ വ്യക്തിയായിരുന്നു പാറ്റ് കപ്പോണി. 1983 -ലാണ് അദ്ദേഹം ആദ്യമായി റീവയെ കണ്ടുമുട്ടിയത്. നഗരത്തിലെ ഡിസ്ചാർജ് ചെയ്ത മാനസികരോഗികൾക്കായുള്ള ഒരു സംഘടനയുടെ അധ്യക്ഷയായിരുന്നു റീവ അപ്പോൾ.  

“ഞാൻ അവരെ ആദ്യം കണ്ടപ്പോൾ തെറ്റിദ്ധരിച്ചു. ഈ വ്യക്തിയ്ക്ക് സാധാരണക്കാരുടെയും മാനസികമായി പ്രശ്‍നങ്ങളനുഭവിക്കുന്നവരുടെയും വേദനകള്‍ മനസ്സിലാക്കാൻ സാധിക്കുമോ എന്ന് ഞാൻ വിചാരിച്ചു? എന്നാൽ അവർ വളരെ ദയാലുവായിരുന്നു. ഞങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാൻ അവർക്ക് കഴിഞ്ഞു. രോഗികളുടെ മനസ്സ് കാണാൻ അവർക്കായി. അവർ കാരണം എനിക്ക് മനുഷ്യരിൽ വീണ്ടും വിശ്വാസമുണ്ടായി" കപ്പോണി പറഞ്ഞു.

1939 -ൽ ബെർ‌ട്രാൻഡ് ജെർ‌സ്റ്റൈനെ വിവാഹം കഴിച്ചു റീവ. അവർക്ക് രണ്ട് ആൺമക്കളായിരുന്നു. “മനുഷ്യരെ കെട്ടിടങ്ങളുടെ ഉയരത്തിലോ വലിപ്പത്തിലോ അല്ല ഒരിക്കലും ആരും ഓര്‍മ്മിക്കുക. പകരം. ഏറ്റവും ദുർബലരായ, പിന്നോക്കം നിൽക്കുന്നവരോട് നമ്മൾ എങ്ങനെ പെരുമാറുന്നുവെന്നതാണ് ഓർമിക്കപ്പെടുക എന്നതാണ് എന്‍റെ മുത്തശ്ശി നല്‍കാന്‍ ശ്രമിച്ച സന്ദേശം” റീവയുടെ ചെറുമകൻ ഫ്രാങ്ക് ഗെർസ്റ്റൈൻ പറയുന്നു.

അവരുടെ ഔദ്യോഗിക ജീവിതത്തിൽ ഒരുപാട് ഉയരങ്ങൾ അവർ കീഴടക്കിയിരുന്നു. ഒന്റാറിയോയിലെ പബ്ലിക് സ്കൂൾ സിസ്റ്റത്തിലെ ആദ്യത്തെ ശിശു മനഃശാസ്ത്രജ്ഞ, പ്രവിശ്യയിലെ യൂണിവേഴ്സിറ്റി അഫയേഴ്സ് കമ്മിറ്റിയിലെ ആദ്യത്തെ വനിതാ അംഗം, വിവിധ കമ്പനികളുടെ ഡയറക്ടറായ ആദ്യ വനിത, വെസ്റ്റേൺ ഒന്റാറിയോ സർവകലാശാലയുടെ ആദ്യത്തെ വനിതാ ചാൻസലർ തുടങ്ങിയ ഒരുപാട് സ്ഥാനങ്ങൾ അവർ അലങ്കരിച്ചു. 1950 -ല്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ജൂയിഷ് വിമന്‍ പ്രസിഡണ്ടായും കനേഡിയന്‍ കൗണ്‍സില്‍ ഓഫ് ചില്‍ഡ്രന്‍ ആന്‍ഡ് യൂത്ത് ആദ്യത്തെ പ്രസിഡണ്ടുമായി.

ഒരു സ്ത്രീയ്ക്ക് എത്തിപ്പെടാൻ കഴിയില്ല എന്ന് വിചാരിക്കുന്ന ഉയരങ്ങൾ കീഴടക്കാൻ അവർക്ക് കഴിഞ്ഞു. അവരുടെ അറിവിനോടുള്ള അടങ്ങാത്ത ആഗ്രഹവും, സ്ഥിരോത്സാഹവും അവരെ അതിന് പ്രാപ്തയാക്കി.