ഞങ്ങളും ക്യാപ്റ്റൻ തോമസ് ഫിലിപ്പോസിന്റെ പാതയിലൂടെ നടക്കും

captain thomas philipose passed away
Highlights

  • ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് അന്തരിച്ചു
  • മഹാവീര ചക്ര നേടിയ ആദ്യത്തെ മലയാളി സൈനികൻ
  • ഇന്തോ-പാക് യുദ്ധത്തിലെ മുന്നണിപ്പോരാളി

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ക്യാപ്റ്റൻ തോമസ്‍ ഫിലിപ്പോസ് അന്തരിച്ചത്. മഹാവീര ചക്ര നേടിയ ഏക മലയാളി കൂടിയായിരുന്നു ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ്. 1960 ൽ മദ്രാസ് റെജിമെന്റിലാണ് ഇദ്ദേഹം ഹവിൽദാറായി സൈനിക സേവനം ആരംഭിക്കുന്നത്. 1932 ലെ ചൈനാ യുദ്ധം, 1965 ലെ പാക് യുദ്ധം, 67 ലെ നാ​ഗാ ഓപ്പറേഷൻ, 71 ലെ ബം​ഗ്ലാദേശ് യുദ്ധം, 87 ലെ വാ​ഗാ അതിർത്തിയിലെ ഭീകരരുമായുളള ഏറ്റുമുട്ടൽ തുടങ്ങി നിരവധി പോരാട്ടങ്ങളിൽ ഇദ്ദേഹം പങ്കെടുത്തു. ഇന്ത്യൻ ആർമിയിലെ ധൈര്യത്തിന്റെയും നേതൃത്വത്തിന്റെയും മലയാളി മുഖമായിരുന്നു തോമസ് ഫിലിപ്പോസ് എന്ന പത്തനംതിട്ട സ്വദേശി. 

''പപ്പയായിരുന്നു ഞങ്ങളുടെ റോൾ മോഡൽ. സൈനികർ വീട്ടിലും പട്ടാളച്ചിട്ടയാണെന്നൊക്കെ എല്ലാവരും പറയും. പക്ഷേ പപ്പ അങ്ങനെ ചിട്ടയൊന്നും പഠിപ്പിച്ചിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ ജീവിതവും പെരുമാറ്റവും കണ്ടാണ് ഞങ്ങൾ പഠിച്ചത്. രാവിലെ എഴുന്നേറ്റ് ബെഡ് വിരിക്കുന്നത് മുതൽ ഭക്ഷണം കഴിച്ചതിന് ശേഷം കസേര വലിച്ചിടുന്നത് വരെയുള്ള കാര്യങ്ങൾ വരെ കൃത്യമായി ചെയ്തിരുന്ന ആളാണ് പപ്പ. എല്ലാക്കാര്യത്തിലും ആ കൃത്യത ഉണ്ടായിരുന്നു പപ്പയ്ക്ക്. ഞങ്ങളും അത് കണ്ടാണ് പഠിച്ചത്.''  - ബെന്നി തോമസ് പറയുന്നു. 

''ഇന്തോ പാക് യുദ്ധം നടക്കുന്ന സമയത്ത്  ബസന്തറിൽ പാക് സൈന്യത്തോട് പൊരുതിയ മദ്രാസ് റെജിമെന്റിലെ പ്ലാറ്റൂൺ കമാന്ററായിരുന്നു പപ്പ. ലാഹോറിലെ പാകിസ്ഥാൻ സൈനിക പോസ്റ്റ് പിടിച്ചെടുക്കുന്നതിന് വേണ്ടി നടത്തിയ യുദ്ധത്തിൽ മുന്നിൽ നിന്ന് അദ്ദേഹം പോരാടി. മുപ്പത്തിയാറ് സൈനികരുമായിട്ടാണ് പോരാട്ടം ആരംഭിച്ചത്. അതിൽ പതിനഞ്ച് പേർ പാക് സൈന്യത്തിന്റെ തിരിച്ചടിയിൽ കൊല്ലപ്പെട്ടു. എന്നാൽ അവശേഷിച്ച  സൈനികരുമായി അദ്ദേഹം പോരാട്ടം തുടർന്നു. അതിനിടയിൽ പപ്പയുടെ നെഞ്ചിൽ ഇരുവശത്തും വെടിയേറ്റു. നെഞ്ചിൽ വെടിയേറ്റാൽ പിന്നെ ജീവിച്ചിരിക്കുമെന്ന് കരുതാൻ പറ്റില്ലല്ലോ. അവർ അദ്ദേഹത്തെ ശവശരീരങ്ങൾക്കൊപ്പം മോർച്ചറിയിലേക്ക് മാറ്റി. അപ്പോൾ തന്നെ  മരിച്ചെന്ന സന്ദേശം  വീട്ടിലേക്ക്എത്തി. എല്ലാവരും മൃതദേഹത്തിന്റെ വരവും കാത്തിരിക്കുകയാണ്'' - ഒരു നിമിഷം നിർത്തി ബെന്നി തുടർന്നു.

''എന്നാൽ മരണം പോലും തൊടാൻ ശങ്കിച്ച വ്യക്തിയായിരുന്നു പപ്പ എന്ന് വേണം കരുതാൻ. മോർച്ചറിക്ക്  മുന്നിലൂടെ നടന്നുപോയൊരാൾ അകത്ത്  നിന്ന് വെള്ളം ഒഴുകുന്നതായി കണ്ടു. തുറന്ന് നോക്കിയപ്പോൾ മൃതദേഹങ്ങൾക്കൊപ്പമുള്ള ഒരു ശരീരത്തിൽ നിന്നും മൂത്രം വരുന്നു. അടുത്തു ചെന്ന് നോക്കിയപ്പോൾ നേരിയ ശ്വാസമുണ്ട്. രക്തം മുഴുവൻ വാർന്ന് അവശനിലയിലായിരുന്നു പപ്പ. അപ്പോൾത്തന്നെ ആശുപത്രിയിലേക്ക് മാറ്റി. - ബെന്നി പറയുന്നു. ഈ സംഭവം നടക്കുമ്പോൾ ബെന്നിക്ക് പ്രായം ആറ് മാസം. പപ്പയെക്കുറിച്ച് കേട്ടറിഞ്ഞ സംഭവങ്ങളിൽ ബെന്നിക്ക് അഭിമാനം.

സിയാച്ചിനിൽ മണ്ണിടിഞ്ഞ് വീണ് മരിച്ച ധീരസൈനികർക്ക് സ്വന്തം വീട്ടിൽ സ്മാരകമൊരുക്കി ആദരവ് നൽകിയ സൈനികൻ കൂടിയായിരുന്നു ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ്. കൊല്ലം മൺറോതുരുത്ത് സ്വദേശി സുധീഷുൾപ്പെടെ ഇരുപത് പേരുടെ പേരുകൾ സ്മാരകത്തിൽ കൊത്തിവച്ചിട്ടുണ്ട്. സുധീഷിനോട് കേരള സർക്കാർ കാണിച്ച അനാദരവിനോടുള്ള ഒരു സൈനികന്റെ പ്രതിഷേധം കൂടിയായിരുന്നു അത്. ഇവിടെ മാത്രമല്ല, ആറൻമുളയിലും വാർ മെമ്മോറിയൽ നിർമ്മിച്ചിട്ടുണ്ട്. 

പരമവീര ചക്ര കഴിഞ്ഞാൽ ഒരു സൈനികന് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ് മഹാവീര ചക്ര. എന്നിട്ടും കേരളസർക്കാർ ഈ സൈനികന് അർഹിച്ച ആദരവോ പരി​ഗണനയോ നൽകിയിട്ടില്ലെന്ന് വേണം കരുതാൻ. എന്നാൽ ഇന്ത്യൻ‌ ആർമിയുടെ ചരിത്രത്തിൽ ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് എന്ന പേരിന് പത്തരമാറ്റ് തിളക്കമെന്ന് ബെന്നി തോമസ് പറയുന്നു. റെജിമെന്റൽ സോം​ഗിൽ മാത്രമല്ല, റെജിമെന്റ് ഹിസ്റ്ററിയിലും ക്യാപ്റ്റൻ‌ തോമസ് ഫിലിപ്പോസിന്റെ പേര് എഴുതിച്ചേർത്തിട്ടുണ്ടെന്ന് ബെന്നി വെളിപ്പെടുത്തുന്നു. ജമ്മു കാശ്മീരിലെ സാംബയിൽ തോമസ് റോഡുണ്ട്. അതുപോലെ ജമ്മു ശ്രീന​ഗർ നാഷണൽ ഹൈവേയിലെ പാലം അറിയപ്പെടുന്നത് തോമസ് ബ്രിഡ്ജ് എന്നാണ്. മദ്രാസ് സെൻട്രൽ ക്വാർട്ടേഴ്സിനെ  തോമസ് ഫിലിപ്പോസ് എൻ‌ക്ലേവ് എന്നാണ് വിളിക്കുന്നത്. റെജിമെന്റൽ മ്യൂസിയത്തിലെ അർദ്ധകായ വെങ്കല പ്രതിമയും രാജ്യം ഈ സൈനികന് നൽകിയ ആദരവാണ്.

1992 ലാണ് ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് ആർമിയിൽ നിന്നും വിരമിക്കുന്നത്. 1990 ൽ ബെന്നി തോമസ് സൈനികനായി ചേർന്നു. 28 വർഷമായി ഡെൽഹിയിൽ സുബേദാറായി സർവ്വീസിൽ തുടരുന്നു. ''യുദ്ധവും വെള്ളപ്പൊക്കവും കെടുതികളും കേരളത്തിന് അത്ര പരിചിതമല്ല. എന്നാൽ അത്തരം ദുരിത ഭൂമികളിൽ ഓടിയെത്തി സ്വന്തം ജീവൻ വകവയ്ക്കാതെ സേവനം ചെയ്യുന്നവരാണ് പട്ടാളക്കാർ. കാർ​ഗിൽ യുദ്ധത്തിന് ശേഷമാണ് യുദ്ധത്തിന്റെ കെടുതികളെക്കുറിച്ച് കുറച്ചെങ്കിലും കേരളം അറിഞ്ഞത്. കേരളത്തിൽ മാത്രമാണ് സൈനികർക്ക് അവർ അർഹിക്കുന്ന അം​ഗീകാരം കിട്ടാതെ വരുന്നത്.'' -ബെന്നിയുടെ വാക്കുകൾ. 

രണ്ട് മാസമേ ആയിട്ടുള്ള പപ്പ വാർദ്ധക്യസഹജമായി അസുഖം മൂലം ആശുപത്രിയിലായിട്ട്. രാജ്യത്തിന് വേണ്ടി ജീവിച്ച പോരാടിയ ധീരസൈനികനായിരുന്നു ഞങ്ങളുടെ പപ്പ. ബുധനാഴ്ച എല്ലാ വിധ സൈനിക ബഹുമതികളോടും കൂടിയായിരിക്കും സംസ്കാരം. ആറൻമുള മാർത്തോമ്മാ പാരിഷ് ഹാളിൽ പൊതുദർശനം ഉണ്ടാകും.  ഇനിയും ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ നയിക്കുന്നത് പപ്പ നൽകിയ സ്നേഹവും മൂല്യങ്ങളുമായിരിക്കും. - ബെന്നി പറഞ്ഞ് നിർത്തുന്നു. 

  

loader