ഒരു പാവപ്പെട്ട കർഷക കുടുംബത്തിൽ ജനിച്ച ഫെർഡിനാന്റ് ഷെവൽ 13 -ാം വയസ്സിൽ സ്കൂൾ പഠനം ഉപേക്ഷിച്ച് ഒരു ബേക്കറുടെ അപ്രന്റീസായി തൊഴിൽ ജീവിതമാരംഭിച്ചു. വർഷങ്ങളോളം അവിടെ നിന്നതിനുശേഷം, അദ്ദേഹം ഒരു പോസ്റ്റ്മാനായിത്തീർന്നു. അദ്ദേഹത്തിന്റെ ആദ്യ നിയമനം ഫ്രാൻസിലെ ഹോട്ടറൈവ്സിലായിരുന്നു. അവിടെ വച്ച് അദ്ദേഹം ആരെയും അതിശയിപ്പിക്കുന്ന ഒരു കലാസൃഷ്ടിയ്ക്ക് ജീവൻ നൽകി. യാതൊരു ഔപചാരിക പരിശീലനവുമില്ലാതെയാണ് അദ്ദേഹം അതിമനോഹരമായ ആ നിർമ്മിതിക്ക് രൂപം നൽകിയത്. ഇത് ഫെർഡിനാന്റ് ഷെവലിന്റെ അധ്വാനത്തിന്റെയും, അത്യുത്സാഹത്തിന്റെയും, പ്രതീക്ഷയുടെയും കഥയാണ്.

 

1879 ഏപ്രിലിൽ, തന്റെ 43 -ാം വയസ്സിലാണ് ഷെവൽ ആ മഹത്തായ ലക്ഷ്യത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. കത്തുകൾ കൈമാറാനുള്ള യാത്രക്കിടയിൽ അദ്ദേഹം അറിയാതെ ഒരു കല്ലിൽ തട്ടി താഴെ വീണു. പ്രത്യേക ആകൃതിയിലുള്ള ആ കല്ല് അദ്ദേഹത്തെ ആകർഷിച്ചു. അദ്ദേഹം ആ കല്ല് എടുത്ത് പോക്കറ്റിൽ ഇട്ടു, വീട്ടിലേയ്ക്ക് നടന്നു. പിറ്റേന്നും ഇതുപോലെ വഴിയിൽ രസകരമായ നിരവധി കല്ലുകളിൽ അദ്ദേഹത്തിന്റെ ശ്രദ്ധ ഉടക്കി. എല്ലാ ദിവസവും ഏകദേശം 29 കിലോമീറ്റർ (18 മൈൽ) സഞ്ചരിക്കുന്ന, അദ്ദേഹം വഴിയിൽ കണ്ട അപൂർവ ഇനം കല്ലുകൾ ശേഖരിച്ച് വീട്ടിലേക്ക് കൊണ്ടുപോകാൻ തുടങ്ങി. പതുക്കെ പതുക്കെ ശേഖരിക്കുന്ന കല്ലുകളുടെ എണ്ണം കൂടി വന്നു. ആദ്യം കൈകൾ കൊണ്ടും, ഒടുവിൽ ഒരു ഉന്തുവണ്ടിയിലും അദ്ദേഹം കല്ലുകൾ ശേഖരിക്കാൻ ആരംഭിച്ചു.  

33 വർഷത്തോളം അദ്ദേഹം ഈ ശീലം മുടക്കമില്ലാതെ തുടർന്നു. എണ്ണവിളക്കിന്റെ വെട്ടത്തിൽ രാത്രിയിൽ അദ്ദേഹം ഇങ്ങനെ ശേഖരിക്കുന്ന കല്ലുകൾ ഉപയോഗിച്ച് തന്റെ സ്വപ്ന മാളിക പണിയാൻ ആരംഭിച്ചു. അയൽവാസികൾ അദ്ദേഹത്തിന്റെ ഈ വിചിത്ര വിനോദം കണ്ടു അദ്ദേഹത്തിന് വട്ടാണെന്ന് വിധി എഴുതി. അവർ അദ്ദേഹത്തെ പരിഹസിക്കുകയും, വിമർശിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം ഇതൊന്നും ശ്രദ്ധിക്കാതെ തന്റെ ജോലിയിൽ മുഴുകി.  ആദ്യത്തെ ഇരുപത് വർഷം കൊണ്ട് ചുവരുകളും, കൊത്തുപണികളും പൂർത്തിയാക്കി. ശിലകളെ കുമ്മായവും, സിമന്റും ഉപയോഗിച്ച് പരസ്പരം ബന്ധിപിച്ചു. അതിമനോഹരമായ ആ കെട്ടിടത്തിന് അദ്ദേഹം പാലസ് ഐഡിയൽ എന്ന് പേരുമിട്ടു.

ക്രിസ്തുമതം, ഹിന്ദുമതം തുടങ്ങിയ വിവിധ മതങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അതിന്റെ വാസ്തുവിദ്യ ചെയ്തിരിക്കുന്നത്. മൃഗങ്ങളുടെയും, പൗരാണിക കഥാപാത്രങ്ങളുടെയും ശില്പങ്ങൾ മാളികയുടെ ചുവരുകളെ അലങ്കരിച്ചു. 1896 -ൽ വിരമിച്ചശേഷം ഷെവൽ കൊട്ടാരത്തിനടുത്ത് തന്റെ രണ്ടാമത്തെ കെട്ടിട പദ്ധതി ഒരു ആശാരിയുടെ സഹായത്തോടെ ആരംഭിച്ചു. അദ്ദേഹം ഇതിന് അലീഷ്യസ് വില്ല എന്ന് പേരിട്ടു, 15 -ാമത്തെ വയസ്സിൽ മരണപ്പെട്ട തന്റെ മകൾക്കായി അദ്ദേഹം അത് സമർപ്പിച്ചു.  

   

മരണശേഷം, പാലസ് ഐഡിയലിൽ തന്നെ അടക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ആ ആഗ്രഹം നിഷേധിക്കപ്പെട്ടു. അങ്ങനെ അദ്ദേഹം തനിക്കായി ഒരു ശവകുടീരം കൂടി പണിതു. എട്ടുവർഷക്കാലം കൊണ്ട് പൂർത്തിയായ ആ ശവകുടീരത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി, "The Tomb of Silence and Endless rest." ഒടുവിൽ 1924 ഓഗസ്റ്റ് 19 -ന് 88 -ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തെ അദ്ദേഹം തന്നെ നിർമ്മിച്ച ശവകുടീരത്തിൽ സംസ്കരിക്കുകയും ചെയ്തു.  

ഷെവലിന്റെ പാലസ് ഐഡിയലിനെ 1969 -ൽ സാംസ്കാരിക ലാൻഡ്മാർക്കായി പ്രഖ്യാപിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ശവകുടീരവും അലീഷ്യസ് വില്ലയും ചരിത്ര സ്മാരകങ്ങളായി രേഖപ്പെടുത്തുകയും ചെയ്തു. ഇന്നും ഒരുപാട് പേർക്ക് പ്രചോദനമായി അത് കലാലോകത്ത് വേറിട്ട സാന്നിധ്യമായി നിലനിൽക്കുന്നു. ഒരു മനുഷ്യന്റെ ബാലിശമെന്ന് തോന്നുന്ന ഒരാശയം, ഒടുവിൽ എത്ര മഹത്തായ ഒരു ലക്ഷ്യത്തിലേക്കാണ് നയിക്കപ്പെട്ടത് എന്നത് വിസ്മയം ഉളവാക്കുന്ന കാര്യമാണ്. മറ്റുള്ളവരുടെ സ്വപ്നങ്ങളെയും, ലക്ഷ്യങ്ങളെയും ഒരിക്കലും വിലകുറച്ച് കാണരുതെന്ന് ഷെവലിന്റെ പാലസ് ഐഡിയൽ നമ്മെ ഓർമിപ്പിക്കുന്നു.