ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ കർഷകനായ വിജയപാലിനും ഭാര്യ രാജേശ്വരി ദേവിക്കും വിവാഹം കഴിഞ്ഞ് 15 വർഷമായിട്ടും കുട്ടികളില്ല. മക്കളില്ലാതെ ദുഃഖിക്കുന്ന ദമ്പതികൾ ഒടുവിൽ ഒരു കുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചു. എന്നാൽ, അവർ ദത്തെടുത്തത് ഒരു മനുഷ്യനെ അല്ല, മറിച്ച് ഒരു കാളക്കുട്ടിയെയാണ് എന്നതാണ് അതിലെ കൗതുകം നിറഞ്ഞ കാര്യം. അവർ അതിന് 'ലാൽതു ബാബ' എന്ന് പേരുമിട്ടു. 

വിജയപാലിന്റെ പിതാവ് ജീവിതകാലം മുഴുവൻ പരിപാലിച്ച പശുവിന്റെ സന്തതിയാണ് അവൻ. കർഷകന്റെ മാതാപിതാക്കൾ മരിച്ചയുടനെ പശുവും ചത്തു. "ഞാൻ എല്ലായ്പ്പോഴും ലാൽതുവിനെ എന്റെ മകനായിട്ടാണ് കാണുന്നത്. ജനിച്ചതുമുതൽ അവൻ ഞങ്ങൾക്കൊപ്പമാണ്. ലാൽതുവിനോടുള്ള സ്നേഹം അതിരുകളില്ലാത്തതാണ്" വിജയപാൽ പറഞ്ഞു. ലാൽതുവിന്റെ അമ്മയെ തന്റെ അച്ഛൻ വളർത്തിയതാണെന്നും അതിനോട് അച്ഛന് വല്ലാത്ത ഒരടുപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അച്ഛൻ മരിച്ചതോടെ തള്ളപ്പശുവും ചത്തു. അപ്പോൾ അനാഥനായ കാളക്കുട്ടനെ അവർ ദത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു. "പശു ചത്തതിന് ശേഷം കാളക്കുട്ടൻ അനാഥനായി. അതിനാൽ ഞങ്ങൾ അവനെ ഞങ്ങളുടെ മകനായി ദത്തെടുക്കാൻ തീരുമാനിച്ചു. ഒരു പശുവിനെ അമ്മയായി ബഹുമാനിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ഒരു കാളക്കുട്ടിയെ മകനായി സ്നേഹിക്കാൻ കഴിയില്ല?" വിജയപാൽ ചോദിച്ചു.

ആ കർഷക ദമ്പതികൾ കാളക്കുട്ടന്റെ 'മുണ്ഡനം' എന്ന ചടങ്ങും നടത്തി. ഈ സവിശേഷമായ ചടങ്ങിന് ക്ഷണം ലഭിച്ചപ്പോൾ പ്രദേശവാസികൾ ആവേശഭരിതരായി. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് ഗ്രാമവാസികളും ബന്ധുക്കളും ഉൾപ്പെടെ അഞ്ഞൂറോളം അതിഥികൾ ചടങ്ങിൽ പങ്കെടുത്തു. ആളുകൾ കാളക്കുട്ടന് പുതപ്പ്, ഭക്ഷണം നൽകുന്ന പാത്രങ്ങൾ, പണം എന്നിവ സമ്മാനമായി നൽകി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഉത്തർപ്രദേശ് സർക്കാർ 'നിരാശ്രിത് / ബെസഹാര ഗോവൻഷ് സഹാഭിത യോജന' പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി അനുസരിച്ച്, ഒരു പശുവിനെ ദത്തെടുക്കുന്ന ആർക്കും അതിന്റെ പരിപാലനത്തിനായി പ്രതിദിനം 30 രൂപ ലഭിക്കും. യുപിയിലെ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് തെരുവിൽ കഴിയുന്ന നാല് കന്നുകാലികളെ വരെ ഇതിൻപ്രകാരം ദത്തെടുക്കാം.