ഇന്ന് ലോകം വളരെ പ്രയാസമേറിയ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലർക്കും ജോലി നഷ്‍ടമായി, ശമ്പളം കുറഞ്ഞു... ജീവിക്കാൻ പോലും പാടുപെടുകയാണ് ഭൂരിപക്ഷം ജനങ്ങളും. ലോകത്തെ ആകമാനം ബാധിച്ച ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് കമ്പനികൾ. അതുകൊണ്ട് തന്നെ കമ്പനികളിലെ ജീവനക്കാർക്ക് ജോലിഭാരം വളരെ കൂടുതലാണ് ഇപ്പോൾ. വേണ്ടരീതിയിൽ പ്രകടനം കാഴ്‍ചവെക്കാന്‍ സാധികാത്ത ജീവനക്കാർക്ക് കടുത്ത ശിക്ഷയാണ് ചൈനയിൽ ചില കമ്പനികൾ നൽകിവരുന്നത്. ഈ അടുത്തകാലത്തായി മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്ത തൊഴിലാളികളെ കൊണ്ട് ജീവനുള്ള പുഴുക്കളെ തീറ്റിക്കുന്ന കടുത്ത ശിക്ഷാരീതി ചൈനയിലെ ഒരു കമ്പനി നടപ്പിലാക്കുകയുണ്ടായി.  

ഗുയിഷോ പ്രവിശ്യയിലെ ബിജി സിറ്റിയിലെ ഒരു കമ്പനി ചെയ്‍ത നിർദ്ദയമായ ഈ പ്രവൃത്തിയുടെ ഒരു വീഡിയോ 'ദി പേപ്പർ' അടുത്തിടെ പുറത്തുവിട്ടു. കമ്പനിയുടെ ടാർഗറ്റ് കൈവരിക്കാൻ സാധിക്കാത്തിരുന്ന ജീവനക്കാർക്ക് ശിക്ഷയായി ഒന്നുകിൽ 5500 രൂപ പിഴ അടക്കുകയും കമ്പനിയിലെ മുഴുവനാളുകള്‍ക്കും പ്രഭാതഭക്ഷണം വാങ്ങി നല്‍കുകയും ചെയ്യണം. എന്നാൽ, അതിനുള്ള പണം കൈവശം ഇല്ലാത്തവർക്ക് ജീവനുള്ള മണ്ണിരയെയോ മഡ്‍ഫിഷിനെയോ കഴിക്കേണ്ടിവരും. മിക്ക ജോലിക്കാരും രണ്ടാമത്തേതാണ് തെരഞ്ഞെടുത്തത് എന്നും ദി പേപ്പർ റിപ്പോർട്ട് ചെയ്‍തു. മോശം പ്രകടനം കാഴ്‍ചവച്ചതിന് ശിക്ഷയായി ചിലപ്പോൾ കക്കൂസ് വരെ തങ്ങളെകൊണ്ട് വൃത്തിയാക്കിക്കാറുണ്ടെന്നും ജീവനക്കാർ പരാതിപ്പെട്ടു. പുഴുക്കളെയും മറ്റും ഇതുപോലെ ജീവനോടെ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശനങ്ങളാണ് ഉണ്ടാക്കുക. 

ദി പേപ്പർ പുറത്തുവിട്ട വീഡിയോയിൽ, ഒരു ജീവനക്കാരൻ ടിഷ്യു പേപ്പറിൽ പൊതിഞ്ഞ മഡ്‍ഫിഷിനെ കൈയിൽ പിടിച്ചിരിക്കുന്നത് കാണാം. തുടർന്ന്, പലരും ശിക്ഷ നിരസിക്കുന്നതിന്‍റെ ഫൂട്ടേജ് വീഡിയോയിൽ കാണാം. ഈ കടുത്ത ശിക്ഷാരീതി കണ്ട നെറ്റിസൺമാർ കുപിതരായി. ഇത് ജോലിസ്ഥലത്തെ പീഡനമാണെന്നും, ഇതിന് കടുത്ത ശിക്ഷ തന്നെ കമ്പനിക്ക് നൽകണമെന്നും ഒരാൾ പറഞ്ഞു. ഇത്തരം കമ്പനികൾ അടച്ചുപൂട്ടണമെന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ, ഇതിനെപറ്റി ചോദിച്ചപ്പോൾ പിഴകൾ യുക്തിരഹിതമാണെന്ന് ജീവനക്കാരാരും കരുതുന്നില്ലെന്നാണ് കമ്പനി മാനേജറുടെ മറുപടി. ഇതേ തുടർന്ന്, രണ്ട് കമ്പനി ഉദ്യോഗസ്ഥരെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി.  

മികച്ച പ്രകടനം നടത്താത്തതിന്റെ പേരിൽ ഇതുപോലെ കടുത്ത ശിക്ഷാനടപടികൾ കമ്പനികൾ സ്വീകരിക്കുന്നത് അവിടെ ഒരു ഒറ്റപ്പെട്ട സംഭവമല്ല. 2018 നവംബറിൽ ഗ്വിഷോ പ്രവിശ്യയിലെ സുനി സിറ്റിയിലെ ഒരു കമ്പനി അതിന്റെ ജീവനക്കാരെ ടോയ്‌ലറ്റ് വെള്ളം കുടിക്കാനും, പുഴുക്കളെ തിന്നാനും നിർബന്ധിച്ചിരുന്നു. അതുകൂടാതെ, പ്രായപൂർത്തിയാകാത്ത ചില ജോലിക്കാരെ ബെൽറ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്‍തു. കമ്പനിയുടെ ഈ വിവാദ നയത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നപ്പോൾ, കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥരായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. പൊലീസിന്റെ ഇടപെടലുകൾ ഉണ്ടായിട്ടും, ഇപ്പോഴും ഇത്തരം കടുത്ത ശിക്ഷാനടപടികൾ അവിടെ തുടർന്ന് വരുന്നു എന്നതാണ് വാസ്‍തവം.