ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഉണങ്ങാത്ത മുറിവ് സി.കെ.വിശ്വനാഥ് എഴുതുന്നു

അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറച്ച് സീറ്റുകള്‍ നല്‍കിക്കെണ്ട് സി പി ഐ എമ്മിന്റെ നേതൃത്വത്തിലെ പ്രതിപക്ഷത്തെ കേരളീയ സമൂഹം തള്ളിക്കളയുകയായിരുന്നു. അടിയന്തരാവസ്ഥ റഫറണ്ടമായിരുന്ന ആ തെരഞ്ഞെടുപ്പിലെ കേരളീയ പൗരബോധം.ഇന്നും കേരളീയ ജനാധിപത്യത്തിന് തീരാകളങ്കം സമ്മാനിക്കുന്നതാണ്. നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കേരളീയ ജനാധിപത്യമണ്ഡലം എവിടെ നില്‍ക്കുന്നു എന്നുകൂടി കേരളീയര്‍ തിരിച്ചറിയേണ്ടുന്ന സന്ദര്‍ഭം കൂടിയാണിത്. 

സ്വതന്ത്ര ഭാരതം പിന്നിട്ട ഏറ്റവും വലിയ ജനാധിപത്യ പ്രതിസന്ധിയാണ് അടിയന്തിരാവസ്ഥ. നെഹ്‌റൂവിയന്‍ മതേതരത്ത്വത്തിന്റെയും ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും സ്വപ്നങ്ങള്‍തന്നെയായിരുന്നു അടിയന്തരാവസ്ഥ കവര്‍ന്നെടുത്തത്. 70 കളിലെ പൗരാവകാശ ചരിത്രത്തിലെ ഉയര്‍ന്ന ശബ്ദങ്ങളായിരുന്നു രാജന്‍ (കേരള), അര്‍ച്ചനാ ഗുഹ (ബംഗാള്‍) തുടങ്ങിയ കേസുകളിലൂടെ ഉയര്‍ന്നു വന്നത്. ഓരോ ജൂണ്‍ മാസവും ഇന്ത്യാ ചരിത്രത്തിലെ കറുത്ത അടയാളമായി കടന്നു അടിയന്തിരാവസ്ഥ വാര്‍ഷികം കടന്നുവരുന്നു.

ബംഗ്ലാദേശ് യുദ്ധാനന്തരം ഇന്ദിരാ ഗാന്ധിക്ക് ലഭിച്ച തെരഞ്ഞെടുപ്പു വിജയം അതിവേഗം അപ്രത്യക്ഷമാകുന്ന അവസ്ഥയാണ് 1975 ആകുമ്പോഴേക്കും കടന്നു വന്നത്. കാര്‍ഷിക പ്രശ്‌നം രാഷ്ട്രീയ വ്യവസ്ഥയുടെ മുഖ്യപ്രശ്‌നം തന്നെയെന്ന് ഇന്ദിരാ ഗാന്ധി അക്കാലത്ത് തന്നെ തിരിച്ചറിഞ്ഞിരുന്നു. ഈ കാലത്താണ് റെയില്‍വെ തൊഴിലാളി പണിമുടക്ക് ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രശ്‌നങ്ങള്‍ പുറത്തു കൊണ്ടുവരുന്നത്. ദളിത് പാന്തര്‍ പ്രസ്ഥാനം മഹാരാഷ്ട്രയില്‍ സവിശേഷമായ തങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യധാരയില്‍ കൊണ്ടുവുന്നതും ഈ കാലത്ത് തന്നെ.

ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുണ്ടായ സമരങ്ങള്‍ നിലനിന്നിരുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തമായ രാഷ്ട്രീയ വെല്ലുവിളി ഉയര്‍ത്തി. ഇതേ സമയത്തുണ്ടായ അലഹാബാദ് ഹൈക്കോടതി വിധി, ഇന്ദിരാ ഗാന്ധിക്ക് ശക്തമായ വെല്ലുവിളിയായിത്തീരുകയും അത് അടിയന്തരാവസ്ഥയിലേക്ക് നയിക്കുന്ന അവസ്ഥ സംജാതമാകുകയും ചെയ്തു. ഇന്ദിരാഗാന്ധിയ്ക്ക് ഈ സന്ദര്‍ഭത്തില്‍ പ്രധാനമായും ലഭിച്ച രാഷ്ട്രീയ പിന്തുണ സി പി ഐയില്‍ നിന്നായിരുന്നു. ഈ രാഷ്ട്രീയത്തെ പിന്നീട് മെഹിത് സെന്നിനെ പോലുള്ള രാഷ്ട്രീയ സൈദ്ധാന്തികര്‍ ശക്തമായി പിന്തുണച്ചു. 

സി പി ഐ എം അടിയന്തരാവസ്ഥയോട് എടുത്ത സമീപനം പാര്‍ട്ടിക്ക് പിന്നീട് കനത്ത രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കി. മാവോയിസ്റ്റുകളില്‍ പലര്‍ക്കും ലിബറല്‍ ജനാധിപത്യത്തിന്റെ പ്രധാന്യം മനസിലാക്കുവാന്‍ അടിയന്തരാവസ്ഥ സഹായിച്ചു. ദേശീയ വിമോചന സമരങ്ങളുടെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട പല രാജ്യങ്ങളിലും അവരുടെ പുത്തന്‍ വിമോചന പാതയുടെ അടിസ്ഥാന ഘടനകളെ വെല്ലുവിളിച്ചു കൊണ്ട് നിരവധി പ്രതിസന്ധികള്‍ രൂപം കൊണ്ടു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അടിയന്തരാവസ്ഥ അതിന്റെ അടിസ്ഥാന യാഥാര്‍ത്ഥ്യമായിരുന്നു. 

1962 -ലെ ജബല്‍പ്പൂരിലെ വര്‍ഗീയ കലാപം നെഹ്‌റൂവിയന്‍ മതേതരത്ത്വത്തിനേറ്റ കനത്ത പരാജയമായിരുന്നു. നെഹ്‌റൂവിയന്‍ രാഷ്ട്രീയ പാതയുടെ ആണിക്കല്ലുകള്‍ക്ക് സംഭവിച്ചു കൊണ്ടിരുന്ന നിഷേധാത്മകമായ അവസ്ഥയുടെ ഏറ്റവും കനത്ത യാഥാര്‍ത്ഥ്യമായിത്തീരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥയിലെ അക്കാലത്തെ പൗര ജീവിതത്തെ ചരിത്രകാരന്‍ രണജിത്ത് ഗുഹ വളരെ വിശദമായി പഠിക്കുന്നുണ്ട്. ഇന്ത്യന്‍ ജനാധിപത്യ പ്രതിസന്ധിയെ കുറിച്ചാണ് രണജിത്ത് ഗുഹ അടിവരയിടുന്നത്. (Journal of counter porary assist,76). യഥാര്‍ത്ഥത്തില്‍ ഏകാധിപത്യവും ജനാധിപത്യ മൂല്യങ്ങളും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനതയ്ക്ക് നവീന പാഠങ്ങള്‍ സമ്മാനിച്ചു. 

ഇതോടൊപ്പമാണ് ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയം മുഖ്യധാരയിലേക്ക് ശക്തമായി കടന്നുവരുന്നത്. ഇന്ത്യയിലെ സംഘപരിവാര്‍ കാലഘട്ടത്തിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് നിര്‍മ്മാണ പ്രക്രിയയും അതിന്റെ ആധിപത്യവും ഏതാണ്ട് വെല്ലുവിളിക്കപ്പെടുന്നതിന്റെ തുടക്കം കൂടിയായിത്തീര്‍ന്നു അടിയന്തിരാവസ്ഥ. നിയോ ലിബറലിസം പല രാജ്യങ്ങളിലും ആധിപത്യം പുലര്‍ത്താന്‍ ആരംഭിക്കുന്ന ഘട്ടം കൂടിയാണിത്. ചിലി ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്. 

അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള ഇന്ത്യന്‍ ചരിത്രം, സിവില്‍ സമൂഹപ്രസ്ഥാനങ്ങളുടെയും പുത്തന്‍ വലതു പക്ഷപ്രസ്ഥാനങ്ങളുടെയും മുന്നേറ്റങ്ങളുടെത് കൂടിയായിത്തീര്‍ന്നു. ഇതോടൊപ്പം തന്നെയാണ് ദേശീയതയുടെ പുത്തന്‍ പ്രശ്‌നങ്ങളുമായി ഫെഡറലിസത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉടലെടുക്കുന്നത്. ന്യൂനപക്ഷ കീഴാള പ്രശ്‌നങ്ങള്‍ രാഷ്ട്രീയ മണ്ഡലത്തെ ആഴത്തില്‍ സ്വാധീനിച്ചു. പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങളോടൊപ്പം തന്നെ പ്രാദേശീക രാഷ്ട്രീയം പുത്തന്‍ ചോദ്യങ്ങളുയര്‍ത്തി. 

ഇതോടൊപ്പമാണ് ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയം മുഖ്യധാരയിലേക്ക് ശക്തമായി കടന്നുവരുന്നത്.

രാഷ്ട്രീയാധികാരത്തിന് പുറത്ത് നിന്ന് കൊണ്ട് നിരവധി സാമൂഹ്യബദലുകള്‍ക്കായുള്ള അന്വേഷണങ്ങളും ഇക്കാലം പുറത്തുകൊണ്ടുവന്നു. ഭരണകൂട കേന്ദ്രീകൃതമായ രാഷ്ട്രീയത്തിനപ്പുറത്ത് നിന്നുകൊണ്ടുള്ള ഇത്തരം അന്വേഷണങ്ങള്‍ ജനാധിപത്യത്തെ ചലനാത്മകമാക്കുകയായിരുന്നു. ഇതിന്റെ ഒടുവിലത്തെ രൂപമാണ് ദില്ലിയില്‍ രൂപം കൊണ്ട ആം ആദ്മി പാര്‍ട്ടി. പോപ്പുലിസത്തിന് വ്യക്തമായ രീതിയില്‍ ഒരു ഇന്ത്യന്‍ മാതൃകയെന്ന നിലയിലാണ് ഇത് പ്രസക്തമാകുന്നത്. അതിന്റെ പ്രശ്‌നങ്ങളും അത് സൃഷ്ടിച്ചു. 

അടിയന്തരാവസ്ഥാനന്തര കാലത്താണ് സിവില്‍ സമൂഹത്തെക്കുറിച്ചുള്ള പുത്തന്‍ അന്വേഷണങ്ങള്‍ ഇന്ത്യയില്‍ ആരംഭിച്ചിരുന്നത്. ഇന്ത്യന്‍ ഇടതുപക്ഷത്തിനകത്ത് നിന്ന് അജിത് റോയി സിവില്‍ സമൂഹത്തിന്റെ രാഷ്ട്രീയ പ്രാധാന്യത്തെ അടിവരയിടുന്നുണ്ട്. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കാലഘട്ടത്തിന്റെ ഒരു പ്രധാനപ്പെട്ട സവിശേഷത എണ്ണമറ്റ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ആഴത്തില്‍ സ്വാധീനിക്കുന്നതാണ്. ഈ പ്രസ്ഥാനങ്ങളുടെ അജണ്ടകള്‍ വളരെ വ്യത്യസ്ഥവും എന്നാല്‍ ജനാധിപത്യത്തെ സജീവമാക്കുന്നതുമാണ്. 

പാര്‍ട്ടി - ഭരണകൂട രാഷ്ട്രീയത്തിനപ്പുറത്ത് നിന്നുകൊണ്ടുള്ള അന്വേഷണമാണ് ഇത് പ്രധാനമായും ലക്ഷ്യമാക്കുന്നത്. ഈ പ്രസ്ഥാനങ്ങളില്‍ പലതും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പുറത്താണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. രാഷ്ട്രീയാധികാരത്തിന് പുത്തന്‍ നിര്‍വചനങ്ങള്‍ നല്‍കാന്‍ കൂടി ഇത്തരം പ്രസ്ഥാനങ്ങള്‍ ശ്രദ്ധിക്കുന്നു. 

വളരെയധികം കേന്ദ്രീകൃതമായ അധികാര മാതൃകകള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന നേര്‍ജനാധിപത്യ (direct democracy) സാധ്യതകള്‍ ഇവിടെ പ്രധാന്യമര്‍ഹിക്കുന്നു. അടിയന്തരാവസ്ഥ, യാഥാര്‍ത്ഥത്തില്‍ ആധുനിക സമൂഹങ്ങളുടെ അടിസ്ഥാന സ്വഭാവം തന്നെയാണെന്ന് സമൂഹം തിരിച്ചറിയുന്നുണ്ട്. അതിനെതിരെയുള്ള ജാഗ്രത എന്നുള്ളതാണ് അതീവ പ്രാധാന്യമര്‍ഹിക്കുന്നത്. അവിടെ പൗരാവകാശങ്ങള്‍ക്ക് തന്നെ പുതിയ നിര്‍വചനങ്ങള്‍ വേണ്ടിവരുന്നു. ഏകപക്ഷീയമായ വിപണി രാഷ്ട്രീയത്തിനെതിരെയുള്ള പുത്തന്‍ അന്വേഷണങ്ങള്‍ക്ക് ഇവിടെ ഊന്നേണ്ടതുണ്ട്. വിപണി കേന്ദ്രീകൃത രാഷ്ട്രീയം കൈവരിച്ച ആധിപത്യം ഏതാണ്ട് ചോദ്യം ചെയ്യപ്പെടുന്ന ഒരവസ്ഥ കൂടി ഇന്ന് ഉയര്‍ന്നു വന്നിരിക്കുന്നു. 

21 -ാം നൂറ്റാണ്ടിലെ രാഷ്ട്രീയം അത് തിരിച്ചറിയുന്നു. സാങ്കേതികതയുടെ പൂര്‍ണ്ണമായും അടിമയായ വിപണികേന്ദ്രീകതമായ പൗരസങ്കല്പത്തെയല്ല മറിച്ച്, അധികാര കേന്ദ്രീകൃതമായ കൂട്ടായ്മകളിലൂടെ വികസിപ്പിക്കപ്പെടുന്ന ഒരു ജനാധിപത്യ സങ്കല്പത്തെ കുറിച്ചുള്ള അന്വേഷണമാണത്. അവിടെ, അടിയന്തരാവസ്ഥകള്‍ പ്രധാനപ്പെട്ട ധാര്‍മ്മികവും രാഷ്ട്രീയവുമായ ചോദ്യങ്ങളായിത്തീരുകയും ചെയ്യുന്നു. 

അടിയന്തരാവസ്ഥാ പ്രഖ്യാപനം ഇന്നേക്ക് നാല്‍പത് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. എന്നാല്‍ ആധുനിക ഇന്ത്യാ ചരിത്രത്തില്‍ അത് ശക്തമായ ഒരു ഓര്‍മ്മപ്പെടുത്തലാണ്. നീതി നിഷേധത്തിന്റെയും ജനാധിപത്യ ലംഘനങ്ങളുടെയും ഒരടയാളം. ജയ്പൂരിലെ മഹാറാണി ഗായത്രി ദേവി മുതല്‍ അജ്ഞാതരായ അനേകം അപ്രശസ്തരായ അടിയന്തരാവസ്ഥാ തടവുകാരെ ഇത് ശക്തമായി ഓര്‍മ്മപ്പെടുത്തുന്നു. 

അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറച്ച് സീറ്റുകള്‍ നല്‍കിക്കെണ്ട് സി പി ഐ എമ്മിന്റെ നേതൃത്വത്തിലെ പ്രതിപക്ഷത്തെ കേരളീയ സമൂഹം തള്ളിക്കളയുകയായിരുന്നു. അടിയന്തരാവസ്ഥ റഫറണ്ടമായിരുന്ന ആ തെരഞ്ഞെടുപ്പിലെ കേരളീയ പൗരബോധം.ഇന്നും കേരളീയ ജനാധിപത്യത്തിന് തീരാകളങ്കം സമ്മാനിക്കുന്നതാണ്. നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കേരളീയ ജനാധിപത്യമണ്ഡലം എവിടെ നില്‍ക്കുന്നു എന്നുകൂടി കേരളീയര്‍ തിരിച്ചറിയേണ്ടുന്ന സന്ദര്‍ഭം കൂടിയാണിത്.