രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദം, അബനീന്ദ്ര ടാഗോർ വരച്ച ചിത്രവും രാജ്ഭവനിലെ ഭാരതാംബ ചിത്രവും ചരിത്രവസ്തുത തേടി എസ് ബിജു എഴുതുന്നു.

ത്ര അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും 'ഭാരതമാതാ കീ ജയ്' വിളിക്കാനോ നാം ഭാരതാംബയുടെ പുത്രൻമാരെന്നോ പറയാൻ നമ്മൾ മടിക്കേണ്ടതില്ല. അതിനാലാണ് ഭാരതമെന്ന് പേര് കേട്ടാൽ അഭിമാനകണം നമ്മുടെ അന്തരംഗമെന്ന് കവി പാടിയത്. അതേ സമയം കേരളമെന്ന് കേട്ടാൽ നമ്മുടെ ചോര തിളയ്ക്കണമെന്നും കവി വചനം. സംസ്ഥാന ഗവർണ്ണറുടെ ആസ്ഥാനമായ രാജ്ഭവനിലാണ് ഇത്തവണ ജൂൺ 5 -ലെ ലോക പരിസ്ഥിതി ദിനത്തിന്‍റെ സംസ്ഥാനതല പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ, ഭാരതാംബയുടെ ചിത്രത്തെ ചൊല്ലി ആ പരിപാടി അലസിപ്പോയി.

ആരിഫ് മുഹമ്മദ് ഖാൻ

നടുറോഡിലിറങ്ങി എസ്എഫ്ഐക്കാരെ ഒറ്റയ്ക്ക് പരസ്യമായി നേരിട്ട ഒരാളുണ്ടായിരുന്നു അടുത്ത നാൾ വരെ രാജ്ഭവനിൽ. എന്തൊരു കാലമായിരുന്നു അത്. എന്നും നല്ല ഇംഗ്ലീഷിൽ ഉരുളയ്ക്ക് ഉപ്പേരി പോലെ സംസ്ഥാന സർക്കാറിനെ വിമർശിക്കുന്ന ഗവർണ്ണറായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. പഴിയ അലിഗർ മുസ്ലീം യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ ജനറൽ സെക്രട്ടറിയായി (1972-73) പയറ്റി തുടങ്ങിയയാൾ. പിന്നീട് കോൺഗ്രസും, ജനതാദളും, ബിഎസ്പിയും കഴിഞ്ഞാണ് ബിജെപിയിലെത്തിയത്. യുപിയിൽ പയറ്റി തെളിഞ്ഞ ആരിഫ് മുഹമ്മദ് ഖാന് ഇവിടെയൊക്കെ എന്ത് വെല്ലുവിളി. വിസി നിയമനത്തിനിൽ അടക്കം മുഖ്യമന്ത്രി പിണറായി വിജയനെ വരച്ച വരയിൽ നിറുത്തിയതിനാലാകാം ഇവിടുന്ന് ബീഹാറിലേക്ക് സ്ഥലം മാറി പോയപ്പോൾ ഔപചാരിക യാത്രയയപ്പ് പോലും സംസ്ഥാന സർക്കാർ നൽകിയില്ല.

ആരിഫ് മുഹമ്മദ് ഖാന് പിന്നാലെ ഗോവയിൽ നിന്ന് വന്ന രാജേന്ദ്ര വിശ്വനാഥ് അർലേകർ തികഞ്ഞ മാന്യൻ. പിണറായുടെ പിറന്നാളിന് ക്ലിഫ് ഹൗസിൽ ചെന്ന് സമ്മാനം വരെ കൊടുക്കുന്ന ഗവർണ്ണർ. മുഖ്യമന്ത്രിയാകട്ടെ കുടുംബവുമൊത്ത് രാജ്ഭവനിൽ പോകുന്നു. മൊത്തം മാന്യമായതും പരസ്പര ബഹുമാനത്തേടെയുമുള്ള ഇടപെടൽ. ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് വ്യത്യസ്തമായി, സംസ്ഥാനം കൊടുക്കുന്ന പനാലിൽ നിന്ന് വിസിമാരെയൊക്കെ നിയമിക്കുന്നു, രാജേന്ദ്ര അർലേക്കർ. ഇത് പ്രത്യക്ഷ സംഭവങ്ങൾ.

(കന്യാകുമാരിയിലെ ഭാരതാംബയുടെ ശില്പം)

രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

രാജേന്ദ്ര അർലേക്കറുടെ പൂർവ്വ ചരിത്രം നോക്കിയാൽ വന്നത് തികഞ്ഞ ആർഎസ്എസ് വഴിയിൽ. പിന്നീട് ബിജെപിയിൽ ചേർന്ന് മന്ത്രിയായി. മനോഹർ പരീക്കർ ഒഴിഞ്ഞപ്പോൾ ഗോവ മുഖ്യമന്ത്രിയായി പകരം ആവുമെന്ന് കരുതിയ അർലേക്കറിന് പക്ഷേ, അത് നിഷേധിക്കപ്പെട്ടു. ഒന്ന്, രണ്ട് സംസ്ഥാനങ്ങളിൽ ഗവർണ്ണറായ അനുഭവ സമ്പത്തുമായാണ് അർലേക്കർ കേരളത്തിലേക്ക് വന്നത്. പുറമേക്ക് നല്ല ഗവർണ്ണർ, അകമേയ്ക്ക് നല്ല സംഘപ്രവർത്തകൻ. ഇത് ആദ്യമായി ബോധ്യപ്പെട്ടത് രാജ്ഭവനിൽ ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി അടുത്ത നാളിൽ പ്രഭാഷണത്തിന് എത്തിയപ്പോഴാണ്. അതിൽ സംസ്ഥാന സർക്കാർ പ്രതിഷേധമൊക്കെ ഔപചാരികമായി രേഖപ്പെടുത്തി. രാജ്ഭവൻ പക്ഷേ, ഒന്നും പ്രതികരിച്ചില്ല.

രാജ്ഭവൻ പ്രവർത്തിക്കുന്നത് പ്രത്യക്ഷത്തിൽ കേന്ദ്ര സർക്കാറിന്‍റെ നിയന്ത്രണത്തിലാണ്. പ്രവത്തന ചെലവ് വഹിക്കുന്നത് സംസ്ഥാന സർക്കാരും. അവിടുത്തെ ദൈനംദിന ചെലവും ഗവർണ്ണറുടെ ആനുകൂല്യങ്ങളും നമ്മുടെ കാലി ബജറ്റിൽ നിന്നാണ് നൽകുന്നത്. ആരിഫ് മുഹമ്മദ് ഖാന്‍റെ പല്ല് ശരിയാക്കാൻ വരെ സംസ്ഥാനം കനിയണമായിരുന്നു. എന്നിട്ടും ഗുരൂമൂത്തിയെ വച്ച് ഞങ്ങളുടെ ചെലവിൽ പരിപാടി നടത്തിയത് ശരിയോ എന്ന മ‍ൃദു പ്രതിഷേധ സ്വരം മാത്രം സംസ്ഥാന സർക്കാറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉയർത്തി.

ഭാരതാംബ ചിത്ര വിവാദം

രാജ്ഭവന്‍, നല്ല ബന്ധം നിലനിറുത്തിയത് കൊണ്ടാണ് സംസ്ഥാന സർ‍ക്കാറിന്‍റെ പരിസ്ഥിതി ദിനം രാജ്ഭവനിൽ മരം നട്ട് കൊണ്ട് ആഘോഷിക്കാൻ കൃഷി മന്ത്രി പി പ്രസാദ് തീരുമാനിച്ചത്. ഇതിലേക്കുള്ള പ്രോട്ടോകോൾ പരിശോധിക്കാനായാണ് മന്ത്രിയുടെ ഓഫീസിൽ നിന്ന് തലേന്ന് രാജ്ഭവനിൽ ആള് പോയത്. പരിപാടി നടക്കേണ്ട സെൻട്രൽ ഹാളിൽ ചെന്നപ്പോൾ അവിടെ അതാ ഭാരതാംബയുടെ ചിത്രം അലങ്കരിച്ച് വച്ചിരിക്കുന്നു. ഉദ്യോഗസ്ഥ‍ർ മന്ത്രി പ്രസാദിനെ ബന്ധപ്പെട്ടു. അദ്ദേഹം മുഖ്യമന്ത്രിയെയും. ഗവർണ്ണറെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം അതിലെന്ത് പ്രശ്നമെന്നായിരുന്നു ചോദിച്ചത്.

(ആർഎസ്എസ് ഉപയോഗിക്കുന്ന ഭാരതാംബ)

സെൻട്രൽ ഹാളിലെ ഭാരതാംബ കാവി കൊടി പിടിച്ച ആർഎസ്എസ് ചിത്രമാണെന്നും ദേശീയ പതാകയേന്തിയ ഭാരതാംബയാണെങ്കിൽ കുഴപ്പമില്ലെന്നും സംസ്ഥാനം മറുപടി നല്‍കി. അത് പറ്റില്ലെന്ന് രാജ്ഭവൻ പറഞ്ഞത്രേ! ഇതുണ്ടാക്കാവുന്ന വിവാദം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ പരിസ്ഥിതി ദിനാഘേഷ പരിപാടി പെട്ടെന്ന് ദ‍ർബാർ ഹാളിലേക്ക് മാറ്റി. രാജ്ഭവനിലെ പരിപാടി സംസ്ഥാന സർക്കാരിന്‍റെ ചെലവില്‍ ഗവർണ്ണറും നടത്തി. ഭാരതാംബയുടെ ചിത്രം രാജ്യത്തിന്‍റെ പ്രതീകമാണെന്നും അത് രാജ്ഭവനിൽ നിന്ന് മാറ്റുന്ന പ്രശ്നമില്ലെന്നും ഗവർണ്ണർ പിന്നീട് പറഞ്ഞു. മന്ത്രിമാ‍ർക്ക് ഇത് എന്ത് പറ്റിയെന്നായിരുന്നു ഗവർണ്ണറുടെ ചോദ്യം.

ഇത് വാർത്തയായപ്പോൾ ബിജെപി വക്തവ് പ്രതികരിച്ചത് ഭാരതാംബയുടെ ചിത്രം വയ്ക്കുന്നതിൽ എന്ത് തെറ്റെന്നായിരുന്നു. ഭാരതാംബയുടെ ചിത്രം ആദ്യം അവതരിപ്പിച്ചത് അബനീന്ദ്രനാഥ് ടാഗോറാണെന്നും ആർഎസ്എസ് അല്ലെന്നുമായിരുന്നു ബിജെപി വക്താവ് പറഞ്ഞത്. അത് ശരിയാണ്. പക്ഷേ, ഒരു പ്രധാന വ്യത്യാസമുണ്ട്. ആ പൂർവ്വ ചരിത്രം തെരഞ്ഞപ്പോൾ വെളിവായ വസ്തുത ഇതാണ്.

മാതൃമൂർത്തിയിൽ നിന്ന് ഭാരത മാതാവിലേക്ക്

രവീന്ദ്രനാഥ ടാഗോറിന്‍റെ അനന്തിരവനായ അബനീന്ദ്രനാഥ് ടഗോറാണ് ഭാരതമാവിന്‍റെ മൂല ചിത്രം വരച്ചത്. സ്വാതന്ത്ര സമരത്തിന്‍റെ ഭാഗമായി ജനങ്ങളിൽ സ്വദേശി ബോധം ഉണർത്താനാണ് അബനീന്ദ്രനാഥ് ടാഗോർ ഈ ചിത്രം വരച്ചത്. നാല് കൈയുള്ള, കാവി വസ്ത്രധാരിയായ സ്ത്രീ, പുസ്തകവും വെള്ളതുണിയും നെൽക്കതിരും രുദ്രാക്ഷമാലയും പേറി നിൽക്കുന്ന ചിത്രമാണ് അദ്ദേഹം വരച്ചത്. കാൽചുവട്ടിൽ താമര കാണാം. പ്രഭാവലയത്തിന് പിന്നിൽ അമൂർത്തമായ പശ്ചാത്തലം. ഈ ചിത്രവും രാജ്ഭവനിൽ ഉപയോഗിച്ച ചിത്രവും വളരെ വ്യത്യസ്തമാണ്. അവിടെ ഉപയോഗിച്ചത് കാവിധ്വജം പിടിക്കുന്ന, ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രമാണ്.

(അബനീന്ദ്രനാഥ് ടഗോർ വരച്ച മാതൃമൂർത്തി)

ബംഗാളി സ്ത്രീ ശാക്തീകരണത്തെ പ്രതിനിധീകരിക്കുന്ന 'മാതൃമൂർത്തി' എന്ന പേരാണ് അബനീന്ദ്രനാഥ് ടാഗോർ അന്ന് ചിത്രത്തിന് നൽകിയത്. പിന്നീട് ബ്രിട്ടനിൽ നിന്ന് വന്ന്, സ്വാമി വിവേകാനന്ദന്‍റെ ശിഷ്യത്വം സ്വീകരിച്ച സിസ്റ്റർ നിവേദിതയാണ് ചിത്രത്തിന് 'ഭാരതമാതാ'വെന്ന പേരിട്ട് വ്യാപക പ്രചാരണം നൽകിയത്. ഇന്ത്യൻ ദേശീയത പടത്തുയർത്തി ബ്രിട്ടീഷ് ഭരണത്തിനെതിരെ ജനവികാരം പടർത്താനായിരുന്നു അവർ അന്ന് അങ്ങനെ ചെയ്തതെന്ന് ചരിത്രകാരൻമാർ പറയുന്നു. ബംഗ്ലാ കലാ സാംസ്കാരിക പ്രസിദ്ധീകരണമായ പ്രഭാസിയിൽ (Prabasi) ആദ്യം പ്രത്യക്ഷപ്പെട്ട ഈ ചിത്രം 2016 മുതൽ കൊൽക്കത്തയിലെ വിക്ടോറിയ സ്മാരകത്തിലാണ് പ്ര‍ദർശിപ്പിക്കുന്നത്.

ചിത്രം ദേശീയ വികാരമാകുന്നു

1904 -ൽ കർസൺ പ്രഭു ഹിന്ദു - മുസ്ലീം ഭിന്നത ലക്ഷ്യം വച്ച് ബംഗാളിനെ മതാടിസ്ഥാനത്തിൽ രണ്ടായി, കിഴക്കും പടിഞ്ഞാറുമായി വിഭജിച്ചതിലെ പ്രതിഷേധത്തിലാണ് സ്വദേശി പ്രസ്ഥാനം പിറക്കുന്നത്. ഭാരതത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ശക്തി പകരാൻ ഉണ്ടാക്കിയ നിരവധി പ്രതീകങ്ങളിലൊന്നാണ് അബനീന്ദ്രനാഥ് ടാഗോറിന്‍റെ, പിന്നീട് ഭാരത മാതാവായി പരിണമിച്ച മാതൃമൂർത്തി ചിത്രം.

(ലഡാക്കിലെ ഇന്ത്യന്‍ സൈനിക ബേസ് ക്യാമ്പിലുള്ള ഭാരതാംബയുടെ ശില്പം)

വസ്ത്രം, വിദ്യ, ഭക്ഷണം, മോക്ഷം എന്നീ പ്രതീകങ്ങൾ ഹിന്ദുകൾക്കൊപ്പം മുസ്ലീങ്ങൾക്കും സ്വീകാര്യമായ ബിംബങ്ങളാണ്. അമ്മയുടെ മക്കളിലൂടെ രാജ്യത്തിന്‍റെ മോചനം എന്നതാണ് ചിത്രകാരൻ ലക്ഷ്യമിട്ടതെന്ന് കലാനിരൂപകർ പറയുന്നു. പിന്നീട് ഭാരത മാതാവിന്‍റെ ചിത്രത്തിന് പല രൂപങ്ങളുണ്ടായി. കന്യാകുമാരി പ്രതിമയിലെ ഭാരതാംബ, പട്ടണിഞ്ഞ് ദേശീയ പതാക കൈയിലേന്തുന്നു. സാങ്കൽപ്പിക വിശാല ഭാരത ഭൂപടത്തിന്‍റെ പശ്ചാത്തലത്തിൽ കാവികൊടി ഏന്തി നിൽക്കുന്ന ഭാരതമാതയുടെ ചിത്രം ആഎസ്എസ് ശാഖകളിലാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ കേരള രാജ്ഭവനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രവും ഇതിന് സമാനമാണ്. അതാണ് വിവാദവും.