ചുഴലിക്കാറ്റ് തകർത്ത ഇന്തോനേഷ്യയിലെ ആച്ചേയിൽ, പ്രസിഡന്‍റ് പ്രഭോവോ സുബിയന്തോയുടെ സർക്കാർ വിദേശ സഹായം നിഷേധിച്ചു. ഇതോടെ ജനങ്ങൾ  വെള്ളക്കൊടികളുയർത്തി പ്രതിഷേധിച്ചു.  സഹായം ലഭിക്കാതെ ദുരിതത്തിലായ ജനതയ്ക്ക് വേണ്ടി ഗവർണർ കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തി. 

ന്തോനേഷ്യയിലെ ആച്ചേയിൽ വെള്ളക്കൊടികൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുന്നു. സമാധാനത്തിന്‍റെ അടയാളമല്ല അത്, പ്രതിഷേധത്തിന്‍റെയാണ്. തങ്ങൾക്ക് മതിയായി, സഹായം വേണമെന്ന അഭ്യർത്ഥനയാണ്. നവംബറിലെ ചുഴലിക്കാറ്റ് ആച്ചേയെ തകർത്തിരുന്നു. ഇപ്പോഴും പക്ഷേ, ആച്ചേയിൽ സഹായമെത്തിയിട്ടില്ല. വിദേശ സഹായം വേണ്ടെന്നാണ് പ്രസിഡന്‍റ് പ്രഭോവോ സുബിയന്തയുടെ (Prabowo Subianto) നിലപാട്. സഹികെട്ട് ഗവർണർ ക്യാമറകൾക്ക് മുന്നിൽ പൊട്ടിത്തെറിച്ചു.

ഗവർണറുടെ നിലവിളി

കേന്ദ്രസർക്കാരിന് മനസിലാകുന്നുണ്ടോ തങ്ങൾ എന്താണ് അനുഭവിക്കുന്നത് എന്നാണ് ഇസ്മായിൽ അൽ ജലീൽ (Ismail al-Jazari) ചോദിച്ചത്. സുമാത്രയിൽ 1,000 ജീവനുകൾ നഷ്ടപ്പെടുകയും പതിനായിരക്കണക്കിന് പേർ അഭയാർത്ഥികളാവുകയും ചെയ്തു. ഏറ്റവും കൂടുതൽ മരണങ്ങൾ ആച്ചേയിലാണ്. പണ്ട് സുനാമി തകർത്ത ആച്ചേയിൽ. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദുരന്തം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പോലും സുബിയാന്തോയുടെ സർക്കാർ വിസമ്മതിക്കുന്നു. പ്രഖ്യാപിച്ചാൽ, അടിയന്തര ഫണ്ടുകളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാം. പക്ഷേ, അതിന് സർക്കാർ തയ്യാറല്ല. ഇന്തോനേഷ്യക്ക് ഇതൊക്കെ നേരിടാനുള്ള കഴിവുണ്ട്, എല്ലാം നിയന്ത്രണാധീനമാണ് എന്നാണ് നിലപാട്. വിദേശ സഹായം നിഷേധിക്കയും ചെയ്തു.

വാഗ്ദാനം മറന്ന പ്രസിഡന്‍റ്

കഴിഞ്ഞ വർഷം അധികാരത്തിലേറിയ പ്രഭോവോ സുബിയന്തയുടെ ജനപ്രിയ വാഗ്ദാനങ്ങളൊക്കെ കാറ്റിൽ പറന്നു. തുടക്കത്തിലേ പ്രശ്നങ്ങളായിരുന്നു. സ്കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി, കൂട്ട ഭക്ഷ്യവിഷ ബാധയുടെ വിവാദത്തിൽ കുടുങ്ങി. പിന്നെ തൊഴിലില്ലായ്മയുടെ പേരിൽ ജനം തെരുവിലിറങ്ങി. പാർലമെന്‍റ് അംഗങ്ങൾക്ക് അലവൻസ് കൂട്ടാനുള്ള തിരുമാനമായിരുന്നു പ്രകോപനം. രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധക്കൂട്ടായ്മയായിരുന്നു അത്. പൊലീസ് നടപടിയായിരുന്നു പ്രതികരണം. അതിലൊരു 21 -കാരൻ മരിച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. അടിച്ചമർത്തൽ കടുത്തു. പിന്നാലെ 7 പേർ കൊല്ലപ്പെട്ടു. അതിലൊന്നും സർക്കാർ കുലുങ്ങിയില്ല.

(പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന പ്രസിഡന്‍റ് പ്രഭോവോ സുബിയന്ത)

തകർന്നടിഞ്ഞ് ആച്ചേ

ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും ഗ്രാമങ്ങൾ തന്നെ ഒഴുകിപ്പോയി. റോഡുകളും പാലങ്ങളും തകർന്നു. ചെളിവെള്ളമാണ് ഇപ്പോൾ ജനത്തിന് ആകെ കിട്ടുന്ന വെള്ളം. ആച്ചേ ഗവർണർ യുഎന്നിനോട് നേരിട്ട് സഹായത്തിന് അപേക്ഷിച്ചിരിക്കയാണ്. ഇതിന്‍റെയൊക്കെ ബാക്കിയായാണ് വെള്ളക്കൊടികൾ. വെള്ളപ്പൊക്കത്തെത്തുടർന്ന് യുഎഇ ഭക്ഷണവും അടിയന്തര സഹായ വസ്തുക്കളും അയച്ചിരുന്നു. അതെല്ലാം സർക്കാർ തിരിച്ചയച്ചു.

വിദേശ സഹായം സ്വീകരിച്ചാൽ അവരുടെ നിരീക്ഷണമോ, പരിശോധനയോ അംഗീകരിക്കേണ്ടിവരും. പ്രതിഛായ ഇടിയും. ഇതൊക്കെയാവാം സർക്കാരിന്‍റെ കാരണങ്ങൾ എന്നാണ് നിരീക്ഷണം. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഇരയാണ് പണ്ടേ ആച്ചേ. പക്ഷേ ,അത് വകവയ്ക്കാതെ എണ്ണപ്പനത്തോട്ടങ്ങൾ വിപുലീകരിക്കാൻ സർക്കാർ അനുമതി നൽകി. കാടുതെളിക്കുന്നത് വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങൾ ഇരട്ടിയാക്കുമെന്ന മുന്നറിയിപ്പും സുബിയാന്തോ വകവയ്ക്കുന്നില്ല.