ഇനി ഇതിലെല്ലാം പ്രസിഡന്‍റ് ട്രംപിന്‍റെ അന്തിമലക്ഷ്യമെന്താണ് എന്നാണ്. റിയൽ എസ്റ്റേറ്റുകാരന്‍റെ കണക്കുകൂട്ടലല്ലാതെ ഒരു ലക്ഷ്യവുമില്ലെന്ന് പറയുന്നവരുണ്ട്. ചില രാജ്യങ്ങളുമായി ചർച്ചകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതാണ് ലക്ഷ്യമെങ്കിൽ, അമേരിക്കയുടെ വ്യവസായങ്ങൾ ഉണരുമെന്നതാണ് ലക്ഷ്യമാണെങ്കിൽ അത് നടപ്പിലാകാൻ 90 ദിവസമൊന്നും പോര.
ബോണ്ട് മാർക്കറ്റിലെ ഉലച്ചിലാണ് പ്രസിഡന്‍റ് ട്രംപിനെ പേടിപ്പിച്ചതെന്ന് ഒരു നിരീക്ഷണമുണ്ട്. ഓഹരി വിപണിയിൽ വിറ്റഴിക്കൽ കൂടിയപ്പോൾ, നിക്ഷേപകർ ബോണ്ടുകളും വിറ്റഴിച്ചു. അമേരിക്കൻ ട്രഷറി ബോണ്ടുകൾ തുരുതുരാ വിറ്റഴിക്കപ്പെട്ടതോടെ ഡോണൾഡ് ട്രംപ് നന്നായി ഞെട്ടിയെന്നാണ് അനുമാനം.
ജനത്തിന് വിരക്തി ബാധിച്ചെന്നും (People are getting queasy) ബോണ്ട് മാർക്കറ്റ് വളരെ സങ്കീർണ്ണമാണ് (Bond Market is very Tricky) എന്നുമുള്ള പ്രസ്താവനകൾ വന്നു. പ്രതിസന്ധിഘട്ടങ്ങളിൽ നിക്ഷേപകർ എത്തുന്നത് അമേരിക്കൻ ട്രഷറിയിലേക്കാണ്. അതിനുപോലും വിലയില്ലാതെ വന്നതോടെ ട്രംപിന്‍റെ ഉറച്ച തീരുമാനങ്ങൾക്ക് ഇളക്കം തട്ടി എന്ന് വിദഗ്ധരും വ്യാഖ്യാനിച്ചു.
ബോണ്ടില്‍ വീണ പ്രസിഡന്‍റ്
അപകട സൂചനയാണുണ്ടായത്. അപകടത്തിന്‍റെ ഏറ്റവും നല്ല ഉദാഹരണം ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി ലിസ് ട്രസാണ്. ഭരണമേറ്റയുടനെ നികുതി വൻതോതിൽ വെട്ടിക്കുറച്ചു ട്രസ്. നിലവിലുള്ള വ്യവസ്ഥിതി ഉടച്ചുവാർക്കാനുള്ള ശ്രമം തിരിച്ചടിച്ചത് സർക്കാർ ബോണ്ടുകളിലാണ്. ബോണ്ടുകളുടെ വിലയിടിഞ്ഞു. അതോടെ ട്രസിന് രാജിവച്ച് ഒഴിയേണ്ടി വന്നു. ഏറ്റവും കുറച്ച് കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രി എന്ന സ്ഥാനപ്പേരോടെ. പക്ഷേ, അതൊന്നും ട്രംപ് പക്ഷം അംഗീകരിച്ചിട്ടില്ല. അതൊന്നുമല്ല പ്രസിഡന്‍റിന്‍റെ പിൻമാറ്റത്തിന് കാരണമെന്നാണ് വാദം. ബോണ്ട് മാർക്കറ്റ് എല്ലാം ഭംഗിയായി എന്ന ട്രംപിന്‍റെ പ്രതികരണം തന്നെ കാരണത്തിനുള്ള തെളിവാണ്.
പക്ഷേ, പിന്നെയും ഓഹരി ഇടിഞ്ഞു. അമേരിക്കൻ ആസ്തികളുടെ പേര് തന്നെ കളഞ്ഞുകുളിച്ചുവെന്ന് സാമ്പത്തിക വിദഗ്ധർ ഇപ്പോൾ ആരോപിക്കുന്നു. ഡോളറിന്‍റെ മൂല്യം ഇടിഞ്ഞു, ഓഹരി ഇടിഞ്ഞു, ബോണ്ടുകൾ താഴോട്ട്. നല്ല സാമ്പത്തിക നയത്തിന്‍റെ ലക്ഷണമേയല്ലെന്നാണ് വിമർശനം. സാമ്പത്തിക പ്രതിസന്ധി പ്രവചിച്ചിരിക്കയാണ് പലരും. 90 ദിവസത്തിനകം ചർച്ചകൾ നടത്തി, ധാരണകളുണ്ടാക്കാം അതോടെ തീരുവ തീരുമാനം പിൻവലിക്കാമെന്നാവും ട്രംപിന്‍റെയും സംഘത്തിന്‍റെയും കണക്കുകൂട്ടൽ. പക്ഷേ, അപ്പോഴും ചൈന ചോദ്യചിഹ്നമാണ്. ആരാദ്യം അയയും എന്നതാണ് ചോദ്യം.
ട്രംപ് പാടുപെടും
ഇനി ഇതിലെല്ലാം പ്രസിഡന്‍റ് ട്രംപിന്‍റെ അന്തിമലക്ഷ്യമെന്താണ് എന്നാണ്. റിയൽ എസ്റ്റേറ്റുകാരന്‍റെ കണക്കുകൂട്ടലല്ലാതെ ഒരു ലക്ഷ്യവുമില്ലെന്ന് പറയുന്നവരുണ്ട്. ചില രാജ്യങ്ങളുമായി ചർച്ചകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതാണ് ലക്ഷ്യമെങ്കിൽ, അമേരിക്കയുടെ വ്യവസായങ്ങൾ ഉണരുമെന്നതാണ് ലക്ഷ്യമാണെങ്കിൽ അത് നടപ്പിലാകാൻ 90 ദിവസമൊന്നും പോര. ചൈനയെ സ്വന്തം വഴിക്ക് കൊണ്ടുവരാനാണെങ്കിൽ അത് നടക്കുമെന്നും തോന്നുന്നില്ല. തീരുവ വരുമാനമാക്കുമെന്ന പ്രഖ്യാപനം ശരിയായേക്കും. പക്ഷേ, ആഭ്യന്തരോത്പാദനം കൂടുമ്പോൾ അത് നിൽക്കും.
ചുരുക്കത്തിൽ പ്രസിഡന്‍റിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും ഉടൻ യാഥാർത്ഥ്യമാവുന്നതല്ല. ആയാലും അതിനേക്കാൾ വലിയ നഷ്ടങ്ങളാണ് അമേരിക്കയ്ക്ക് ഉണ്ടാവുക. അന്താരാഷ്ട്രതലത്തിൽ പോലും. തിരുത്താൻ ഒരുപാട് പാടുപെടേണ്ടിവരും.
